Bibin Joy

കേരള ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട ആദ്യത്തെ നവോത്ഥാന നായകനും ഒപ്പം നവോത്ഥാന നായകരിലെ ആദ്യത്തെ രക്ത സാക്ഷിയുമായ ആറാട്ടുപുഴ വേലായുധ പണിക്കരുടെയും .ചരിത്രക്കാരന്മാർ ഇതുവരെ വ്യക്തമായ തെളിവുകളോടെ ചരിത്രത്തിൽ രേഖപ്പെടുത്താത്ത നങ്ങേലിയുടെ കഥയും, അതേ സമയം തന്നെ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയുടെ കൂടെ കഥയെ ചേർത്തൊരു സിനിമ അതാണ് പത്തൊൻപതാം നൂറ്റാണ്ട്.

വാമൊഴിയും എഴുതപ്പെട്ട രേഖകളും വച്ചു നോക്കിയാൽ 1810 ൽ രക്തസാക്ഷിയായ നങ്ങോലിയും 1825 ൽ ജനിച്ച ആറാട്ടുപുഴ വേലായുധ പണിക്കരും ഒരിക്കലും കണ്ടുമുട്ടാൻ സാദ്ധ്യത ഇല്ലാതതാണ്‌ .സിനിമയുടെ വാണിജ്യ സാധ്യത കൂടി കണ്ടിട്ടായിരിക്കും ചരിത്രത്തിലെ വ്യത്യസ്ഥ കാലഘട്ടത്തിൽ സംഭവിച്ച സംഭവങ്ങളെ ഒരുമിച്ച് കോർത്തിണക്കിയിരിക്കുന്നത്.ഒരു കാലത്ത് അതുവരെ ഉണ്ടായിരുന്ന നായകസങ്കല്പങ്ങളെ മൊത്തം തകർത്തെറിഞ്ഞ് വിനയൻ സിനിമകൾ തിയറ്ററുകൾ നിറച്ച് വിസ്മയിപ്പിച്ചതാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, ഊമപെണ്ണിന് ഉരിയാട പയ്യൻ, ഇൻഡിപെഡൻസ്, ലിസ എന്ന സിനിമയ്ക്ക് ശേഷം മലയാളത്തിൽ വന്ന മികച്ച ഹോറർ ആകാശഗംഗ, മലയാള സിനിമയിലും ചെറിയ ബഡ്ജറ്റിലും വിസ്മയം തീർക്കാമെന്ന് തെളിയിച്ച അത്ഭുതദ്വീപ്,അതിശയൻ അങ്ങനെ ധാരാളം സിനിമകൾ. പിന്നീട് സിനിമ മേഘലയിലെ വിലക്കുകൾക്കിടയിലും സിനിമകൾ ചെയ്തെങ്കിലും കാര്യമായ വിജയം നേടാൻ സാധിച്ചില്ല അദ്ദേഹത്തിൻ്റെ അവസാനം വന്ന സിനിമകൾ കണ്ട പ്രേക്ഷകർക്ക് വിനയനെന്ന സംവിധായകനിലെ പ്രതീക്ഷകൾ അസ്തമയിച്ചിരുന്നു.

വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിലെ സഹനടനായും കുറച്ച് ചെറിയ സിനിമകളിൽ നായകനുമായ മാർക്കറ്റ് വാല്യൂ തീരെ കുറഞ്ഞ ഷിജുവിൽസൺ എന്ന നടനെ വച്ച് വലിയ ബഡ്ജറ്റിൽ പത്തൊൻപതാം നൂറ്റാണ്ട് ഒരുക്കുന്ന വാർത്ത കേട്ടപ്പോൾ ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല. പിന്നിട് വന്ന അപ്ഡേറ്റുകൾ
ചെറിയ പ്രതീക്ഷകൾ നല്കിയിരുന്നു.മോഹൻലാൽ എന്ന മഹാനടൻ്റെ ശബ്ദത്തോടെ തുടങ്ങിയ സിനിമയിലെ ആദ്യ രംഗങ്ങൾ കണ്ടപ്പോൾ ചെറിയൊരു പേടി മനസ്സിൽ പന്തലിച്ചു എന്നാൽ പിന്നീട് കണ്ട ദ്വന്ദയുദ്ധം രംഗങ്ങളുടെ മികവ് കണ്ട് ചെറിയൊരു പ്രതീക്ഷ പിന്നീട് അതാ വരുന്നു BGM അകമ്പടിഇല്ലാതൊരു നായകൻ്റെ കടന്ന് വരവ്. മാസ് എൻട്രി നഷ്ടമായെങ്കിലും പിന്നീടുള്ള രംഗങ്ങൾ ആ ക്ഷീണം തീർക്കുന്നുണ്ട്. പിന്നീട് വരുന്ന ഷിജുവിൽസനെ കണ്ട് ശരിക്കും ഞെട്ടും സിനിമയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ കഠിന പരിശ്രമങ്ങൾ തന്നെയാണ് അദ്ദേഹത്തിൻ്റെ പ്രകടനത്തിൻ്റെ നട്ടെല്ല്. കുതിരപുറത്ത് ചാടി കയറുന്നതും, കുതിര സവാരിയുയും ,വാൾ പയറ്റും ,സംഘടന രംഗങ്ങളിലൊക്കെ ക്രിത്രിമത്വം തോന്നാത്ത വിധം യോദ്ധാവായി മാറുകയായിരുന്നു.

താരങ്ങളുടെ പ്രകടനത്തിൽ നങ്ങേലിയുടെ വേഷമിട്ട നടി മികച്ചതാക്കി, സുധീപ് നായർ നായകന് കട്ടയ്ക്ക് നില്ക്കുന്ന എതിരാളിയായി മികച്ച പ്രകടനം നടത്തിയത് എടുത്തു പറയേണ്ടി വരും.കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദിൻ്റെ മികച്ച പ്രകടനത്തിലും തൃപ്തി വരാത്ത അവസ്ഥയായിരുന്നു.പിന്നെ പ്രത്യേകം പറയേണ്ടത് വിഷ്ണു വിനയ് എന്ന താരത്തിൻ്റെ അഭിനയമാണ് അദേഹത്തിൻ്റെ ഇതുവരെയുള്ളതിൽ വച്ചുള്ള മികച്ച വേഷമാണ് സ്വന്തം അഛൻ തന്നെ നല്കിയിരിക്കുന്നത്. കുറേയധികം താരങ്ങളുടെ നിര തന്നെ ഉണ്ടെങ്കിലും ഇവരിൽ ചിലരെല്ലാം നിരാശപ്പെടുത്തി. ദൃശ്യഭംഗി ഒപ്പിയെടുത്ത മികച്ചDOP ,പഴയ കാലഘട്ടത്തെ നല്ല രീതിയിൽ പുനരാവിഷ്കരിച്ച കലാസംവിധാനം, വസ്ത്രാലങ്കാരം, സ്റ്റണ്ട് കൊറിയോഗ്രാഫി ഇവയൊക്കെ മികച്ചു നിന്നു.

BGM ,ഗാനങ്ങൾ ആവറേജിൽ ഒതുങ്ങി. തെറ്റുകുറ്റങ്ങൾ നിരത്താൽ കുറച്ചധികം ഉണ്ടെങ്കിലും ഓണ സിനിമകളിൽ പൈസ വസൂൽ സിനിമയെന്ന രീതിയിൽ തന്നെ ധൈര്യമായി ടിക്കറ്റെടുക്കാം. അവസാന ഭാഗത്തിലെ പുഴയിലെ സംഘടന രംഗങ്ങളൊക്കെ അതിഗംഭീരമെന്ന് തന്നെ പറയാം ക്ലൈമാക്സിലെ സംഭവങ്ങളൊക്കെ ചെറുതായി പാളിയിരുന്നെങ്കിൽ സിനിമയുടെ ഗതി തന്നെ മാറുമെന്ന അവസ്ഥയിൽ ആ ആശങ്കകളെ മറികടന്ന് മനോഹരമായി ഒരുക്കിയിട്ടുണ്ട് .മോഹൻലാലിൻ്റെ ശബ്ദത്തിൽ തുടങ്ങിയ സിനിമ അവസാനിക്കുന്നത് മമ്മുട്ടിയെന്ന മഹാനടൻ്റെ ശബ്ദത്തോടെയാണ്.

****************************************

Prasannan Cr

സിനിമ സംവിധായകൻറെ കലയാണെന്ന് വിശ്വസിക്കാനാണ് സിനിമ കാലം കാണുന്ന കാലം തൊട്ടേ ഇഷ്ടം. അതുകൊണ്ടാണ് മഹാനടന്മാരുടെ വിസ്മയ പ്രകടനങ്ങൾ ആസ്വദിക്കുമ്പോൾ അവരെ മാത്രം പുകഴ്ത്താനും അവരുടെ ശരാശരിയിലും താഴ്ന്ന നടിപ്പുകളിൽ അവരെ മാത്രം കുറ്റപ്പെടുത്താനും തോന്നാത്തത്. സംവിധായകന്റെ കയ്യിലെ കുഴച്ച കളിമണ്ണാണ് അഭിനേതാക്കൾ എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അതുകൊണ്ടുതന്നെ, ഒരിക്കൽ സിനിമയിലെ അതികായർക്കെതിരെ ഒരു റോബിൻ ഹുഡ്ഡായി പോരിനിറങ്ങിയ വിനയനെ മനസ്സുകൊണ്ട് ബഹുമാനിച്ചിരുന്നു .മിന്നുന്നതെല്ലാം പൊന്നല്ലല്ലോ. വിനയന്റെ ചിത്രങ്ങളും അല്ല. എന്നാൽ ഒരു മികച്ച ക്രാഫ്റ്റ് മാൻ്റെ സ്പർശം ,ഒരു പക്ഷേ ജോഷിക്ക് ശേഷം മലയാള കൊമേഴ്സ്യൽ സിനിമാരംഗത്ത് കണ്ടിട്ടുള്ളത് വിനയൻ ചിത്രങ്ങളിലാണ്. ലിസയും സർപ്പവും കണ്ടു പേടിച്ചിരുന്ന ബാല്യത്തിൽ നിന്നും ആകാശഗംഗ കണ്ടപ്പോഴും ഏറെയൊന്നും മനസ്സു മാറിയിരുന്നില്ല. എല്ലാവരിലും ഒരു കുട്ടിയുണ്ടെന്നാണല്ലോ പറച്ചിൽ.

ചില മധുര കൊതിയൻ കുട്ടികൾ ,ചില വാശിക്കാരായ കുട്ടികൾ ,ചില പ്രേതപ്പേടിക്കാർ. അതുകൊണ്ട് തന്നെ കൗമാരത്തിൽനൈറ്റ് മെയർ ഓൺ എലം സ്ട്രീറ്റും ,ഒമനും ഒക്കെ കണ്ടു പേടിച്ച് അതേപടിയോടെയാണ് ആകാശഗംഗയും കണ്ടത്.ഈ ജോണറിൽ മാത്രമല്ല, ഊമപെണ്ണ് തൊട്ട് കണ്ട മിക്ക ചിത്രങ്ങളിലും എന്തെങ്കിലും രസിക്കാനുള്ള വക ഉണ്ടായിരുന്നു. എല്ലാ വിനയൻ ചിത്രങ്ങളും ക്ലാസിക്കുകൾ ആണെന്ന് പറഞ്ഞാൽ മഹാ അബദ്ധമായി പോകും. പ്രത്യേകിച്ചും അവസാന സമയത്ത് ചെയ്ത ചില ചിത്രങ്ങൾ .എന്നാൽ ആ കേടുകൾ മുഴുവൻ തീർത്തുകൊണ്ട് ആണ് പത്തൊമ്പതാം നൂറ്റാണ്ട് സംവിധാനം ചെയ്യപ്പെട്ടത്. ഇതൊരു മഹാ ചിത്രമല്ല; മഹാത്ഭുതവും അല്ല.എന്നാൽ ചരിത്രത്തോട് കഴിയുന്നത്ര നീതിപുലർത്താനും എന്തായിരുന്നു നമ്മുടെ നാട് എന്ന് കുറെയൊക്കെ മനസ്സിലാക്കിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. കഥ, ചരിത്രാവലംബിയായി എഴുതിയത് സംവിധായകൻ തന്നെയാണ്.ധാരാളം ടെക്നിക്കൽ ,ഹിസ്റ്റോറിക്കൽ റഫറൻസുകൾ വേണ്ട ചിത്രത്തിൻ്റെ ടൈറ്റിലിൽ അതിൻ്റെ ക്രെഡിറ്റ് കൊടുത്തിട്ടുമുണ്ട്.

മഹാനടന്മാർക്കോ ഇളമുറക്കാർക്കോ വെച്ചു നീട്ടാമായിരുന്ന നായക പദവി സിജു വിൽസണ് നൽകിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം കൊല്ലപ്പെട്ട രംഗത്തോടെ അവസാനിക്കാതെ അൽപനേരം കൊണ്ട് കൂടി നീളുന്ന, സജീവമായ സിനിമയുടെ അവസാനം വ്യക്തമാക്കുന്നുണ്ട്. നടനെന്ന നിലയിൽ ഒരു കുതിപ്പിനുള്ള ഊർജമാവുന്നു സിജുവിന് ഈ ചിത്രത്തിലെ നായക പദവി.നന്നായി, കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കാൻ കഴിഞ്ഞതിൽ അദ്ദേഹത്തിനും അഭിമാനിക്കാം.ഒരുപക്ഷേ ടൈറ്റിൽ നോടൊപ്പം കാണിക്കുന്ന രംഗങ്ങളും, അവസാനം നായകൻ കൊല്ലപ്പെട്ട ശേഷം സിനിമ അവസാനിക്കുന്നത് വരെയുള്ള രംഗങ്ങളും തമ്മിലുള്ള മനോഹരമായ ഒരു ചേർത്തുവയ്പ്പാണ് തിരക്കഥ എന്ന് പറയാം.

അവസാന രംഗങ്ങളിൽ പാളി പോകാമായിരുന്ന ചിത്രീകരണം കൃത്യമായി പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കാൻ മിസ്റ്റർ വിനയന്കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഈ ചിത്രത്തിൻറെ തിരക്കഥാകൃത്ത് സംവിധായകൻ എന്നീ രണ്ടു നിലകളിലും അഭിനന്ദനങ്ങൾ. എന്നാൽ ചില മിസ് കാസ്റ്റിങ്ങുകൾ ചിത്രത്തെ ചെറുതായൊന്നുലയ്ക്കുന്നുണ്ട്, ചിലയിടത്തെങ്കിലും.ഏറ്റവും ചേരാത്തതായി തോന്നിയത് കായംകുളം കൊച്ചുണ്ണിയായ ചെമ്പൻ വിനോദിന്റെ പ്രകടനമാണ്. സത്യത്തിൽ എന്താണ് തൻ്റെ ക്യാരക്ടർ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകാത്ത പോലത്തെ ശരീരഭാഷയും ഡയലോഗ് ഡെലിവറിയും ആണ് ചെമ്പൻ വിനോദ് കാഴ്ചവച്ചത്. മറ്റൊരാളെ പരീക്ഷിക്കാമായിരുന്നു. അതുപോലെ നായികയായി വന്ന കയാഡുലോഹറിൻ്റെ അംഗലാവണ്യത്തിന് സംവിധായകൻ പ്രതിനായകനിലൂടെ ന്യായീകരണം കണ്ടെത്തുന്നുണ്ടെങ്കിലും, ഒരിത്തിരി ഭംഗി കൂടിപ്പോയി എന്നത് പരാതിയായിട്ടല്ലെങ്കിലും പറയാതെ വയ്യ.
എന്നാൽ അഭിനയത്തിൽ അവർ ഒപ്പിച്ചിട്ടുണ്ട്. അതുപോലെ ആറാട്ടുപുഴ വേലായുധ പണിക്കരുടെ മുത്തച്ഛനായി വന്ന നടന്റെ ( നിർമ്മാതാവിൻ്റെ ) ഡയലോഗ് ഡെലിവറി പഴയകാല നാടകങ്ങളെ ഓർമിപ്പിക്കുന്നത് ആയിപ്പോയി.എം. ജയചന്ദ്രൻ ഈണമിട്ട മയിൽപ്പീലിപ്പാട്ട് ചിത്രീകരണത്തിലെ ധാരാളിത്തം മാറ്റി നിർത്തിയാൽ ഹൃദ്യമാണ്.

ആട്ടെ, എല്ലാം തികഞ്ഞൊരു സിനിമയില്ലല്ലോ; ഒരു കലാരൂപവും.അവസാനമായി, ഈ ചിത്രത്തിൻറെ കണ്ടെന്റിന്റെ കാലികപ്രസക്തിയാണ് ഒരു മസ്റ്റ് വാച്ച് മൂവി എന്ന് കമൻറ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. നമ്മൾ ഇപ്പോൾ എന്താണ് എന്നത് മാത്രം പറഞ്ഞാൽ പോരല്ലോ, നമ്മൾ എന്തൊക്കെയായിരുന്നു എന്നുകൂടി അറിയണ്ടേ. അതുകൊണ്ട് ,ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ,പത്തൊമ്പതാംനൂറ്റാണ്ട് ,സിനിമയിലൂടെയെങ്കിലും കാണുന്നത്, അതും ഇന്നത്തെ ഇന്ത്യയിലിരുന്ന് കാണുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്.. കുറവുകൾക്ക് അവഗണനയും പ്രയത്നങ്ങൾക്ക് കയ്യടിയും.അംഗീകരിക്കാം ഈ ചിത്രത്തെ, അതിൻ്റെ ഉദ്ദേശ്യശുദ്ധിയെ, സാഹസികതയെ.എൻറെ വക അഞ്ചിൽ നാല് നക്ഷത്രങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്.

Leave a Reply
You May Also Like

“വിത്തിന്‍ സെക്കന്റ്സ് “വീഡിയോ ഗാനം

“വിത്തിന്‍ സെക്കന്റ്സ് “വീഡിയോ ഗാനം. ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന…

അർജുനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ ടീസർ

വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ…

‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ 2023 ജനുവരി റിലീസ് ചെയുന്നു

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന…

”മൂന്ന് വർഷം മുമ്പ് തകർന്നിരുന്നപ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു” -വിവാഹവാർത്ത പങ്കുവച്ചു മഞ്ജിമ മോഹൻ

മഞ്ജിമ 1990-2000 ത്തിൽ തന്നെ ബാലതാരമായി സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു…