‘പിന്തിരിപ്പൻ ആശയം പറയാനാണെങ്കിൽപ്പോലും നിങ്ങൾ ജീവിച്ചിരിക്കേണ്ടതുണ്ട്’

0
280

Bibith Kozhikkalathil

ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ ഫെലോ ആയി ആദരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ശാസ്ത്രജ്ഞനാണ് രാമാനുജൻ. ഗണിത ശാസ്ത്രത്തിന്റെ അഗ്രഗാമികളുടെ കൂടെ നിൽക്കാൻ യൂറോപ്പിലേക്ക് പോയ ശ്രീനിവാസ രാമാനുജം, ജീവിതക്രമത്തിലെ ബ്രാഹ്മണന്റെ കടുംപിടിത്തങ്ങൾ ഉപേക്ഷിച്ചില്ല. അത് അദ്ദേഹത്തെ കൊന്നു കളഞ്ഞു. കടുത്ത സസ്യാഹാരിയായിരുന്ന രാമാനുജൻ തനിക്കു പരിചിതമല്ലാത്ത തീഷ്ണശൈത്യത്തിൽ വേണ്ടത്ര ഭക്ഷണം കഴിക്കാതെ ജീവിച്ചു. തുടർച്ചയായി മുപ്പതു മണിക്കൂർ വരെ ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും കണക്കു ചെയ്തുകൊണ്ടിരുന്നു അദ്ദേഹം. തന്റെ ജീവിത വാഹനമായ ശരീരമെന്ന ഘടകം ജന്മോദ്ദേശ്യമായ ഗണിതാന്വേഷണത്തിനു അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കാൻ ആ തലച്ചോറിന്‌ കഴിഞ്ഞില്ല. ചെറുപ്പത്തിലേ രാമാനുജൻ മരിച്ചു.

കടൽക്കടന്നുവെന്ന കാരണത്താൽ രാമാനുജന്റെ ബന്ധുക്കൾ ശവസംസ്കാരച്ചടങ്ങിൽ സംബന്ധിച്ചിരുന്നില്ല. കർണാടക സംഗീതംമുതൽ കണക്കുവരേയും ജീവിതവുമായി ബന്ധപ്പെട്ടതെന്തും തടസ്സപ്പെടുത്തുന്ന ഒന്നായി ജാതിയും മതം സംബന്ധിച്ച അന്ധവിശ്വാസങ്ങളും ഇന്നും ഇന്ത്യൻ ജനതയെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. അതിൽ പണ്ഡിതരെന്നോ പാമരനെന്നോ വ്യത്യാസമില്ല.

ജീവിച്ചിരിക്കുക എന്നതാണ് എല്ലാറ്റിൻറെയും മുന്നുപാധി എന്ന് മാർക്സ് പറയുന്നു.
നിങ്ങളുടെ പിന്തിരിപ്പൻ ആശയം പറയാനാണെങ്കിൽപ്പോലും നിങ്ങൾ ജീവിച്ചിരിക്കേണ്ടതുണ്ട്. ആധുനിക ചികിത്സാ രീതികൾക്കെതിരെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന മോഹനൻ എന്ന നാട്ടുവൈദ്യനെ മരണത്തിലേക്ക് നയിച്ചത് അദ്ദേഹത്തിൻറെ വിശ്വാസപ്രമാണങ്ങൾ തന്നെയാണെന്ന് പറയാതെ നിവൃത്തിയില്ല. മരണംവരെ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിന്നു എന്നതും ഒരു പ്രത്യേകതയായി വേണമെങ്കിൽ പറയാം.ആദരാഞ്ജലി.