എസ്എഫ്ഐ 50 കൊല്ലം ആഘോഷിക്കുമ്പോൾ മറക്കരുത്, ജീവിതം മുഴുവൻ എസ് എഫ് ഐ ആയിരുന്നൊരാളെ !

53

Bibith Kozhikkalathil

അമ്പതുവർഷത്തെ എസ്എഫ്ഐയുടെ ചരിത്രത്തിൽകാൽ നൂറ്റാണ്ടിലധികം മടപ്പള്ളിയിലൂടെ കടന്നു പോയ ഓരോ എസ് എഫ് ഐ പ്രവർത്തകരുടെയും ഓർമ്മകളുടെ പടനിലങ്ങളിൽ അതിൻറെ സർഗ്ഗ വിസ്തൃതിയിൽ ആകെ പടർന്നുകയറിയ ഒരു മനുഷ്യൻറെ, ഒറ്റ മനുഷ്യൻറെ പേര് സഖാവ് ടിപി ചന്ദ്രശേഖരൻ എന്നായിരിക്കും.ജീവിതകാലം മുഴുവൻ ചന്ദ്രശേഖരൻ എസ് എഫ് ഐ ആയിരുന്നു.
ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ കാലത്തിലൂടെ കടന്നുപോയ ഓരോ വിദ്യാർത്ഥിയും ആ ഗുൽമോഹർ പൂത്തണലിൽ ഇളവേൽക്കാതിരുന്നിട്ടില്ല .ആർജ്ജവത്തിൻ്റെ ഒറ്റയടിപാതയിലെ നിർഭയനായ ഏകാന്തപഥികൻ.

മറ്റെല്ലാ കോളേജുകളിലും എന്നപോലെ മടപ്പള്ളി കോളേജിലെയും എസ്എഫ്ഐക്കാരുടെ ജീവിതമെന്നത് ക്യാമ്പസിലെ രാത്രികാല ജീവിതം കൂടിയാണ്. വിശേഷിച്ച് തെരഞ്ഞെടുപ്പുകാലത്ത്. വീട്ടിൽ നിന്നും ഇറങ്ങി മാസങ്ങളോളം കോളേജിൽ താമസിക്കുന്നവരുണ്ട്. ബാനർ ഉടുത്തും തലയിൽ കെട്ടിയും പാതിരവരെ കുഴികുത്തിയും ബാനർകെട്ടിയും തോരണങ്ങൾ തൂക്കിയും പോസ്റ്ററുകളും ബോർഡുകളും എഴുതിയും ചർച്ചകൾ നടത്തിയും രാത്രിയെ പകലാക്കുന്ന ഇടവേളകളിൽ കോളേജിൻറെ പടിഞ്ഞാറ് ഭാഗത്തുള്ളഗേറ്റ് ചാടിക്കടന്നു അവൻ എത്തുമായിരുന്നു.

“വിനയാന്വിതമായ പെരുമാറ്റത്തോടൊപ്പം ആർക്കും വിധേയനല്ലെന്ന ഭാവം തുടക്കത്തിലേ ശ്രദ്ധയിൽ പെട്ടു” എന്ന് ഏതോ അനുസ്മരണത്തിൽ ആരോ എഴുതിയിരുന്നു. വിനയം സഖാക്കളോട് മാത്രം….”ഇടവപ്പാതിയിലുരുണ്ടുകൂടി ചിതറിത്തെറിക്കുന്ന മേഘക്കീറുകൾ പോലെ നിൻറെ ഓർമ്മകൾ ഇന്നെന്റെ മനസ്സിൽ..ഒരേ കുന്നിൽ കൊടിമരമുയർത്തിയ കൈകളാണ് നമ്മൾ,
ഒരേ കടലിൽ കപ്പലോടിച്ച ജേതാക്കളാണ് നമ്മൾ ,കുന്നാകെ കടലിലമർന്നാലും നെഞ്ചിടത്തിൽ കൊടിമരമുയർത്തുന്ന നമ്മൾ!”എന്ന് പാടിയതുപോലെ അനുശോചനത്തിൻറെ ആർദ്ര പുരണ്ട ഓർമ്മയുടെ അക്ഷരങ്ങളിൽ ഒടുങ്ങുന്നില്ല ചന്ദ്രശേഖരാ നിൻറെ ജീവിതം .