അവർക്ക് കുറ്റബോധത്തിന്റെ കാര്യമില്ല, മുസ്ലീംങ്ങൾ കൊല്ലപ്പെട്ടാൽ നിങ്ങൾക്കെന്താണെന്നു ചോദിച്ച വ്യക്തിയാണ് ഇന്നു ഇന്ത്യയുടെ ആഭ്യന്തരമന്ത്രി

0
1051
Bibith Kozhikkalathil
ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതും ഒന്നാമത്തെ ശ്രമത്തിൽ വെടിവെക്കാൻ തീരുമാനിക്കപ്പെട്ടതും തെലുങ്കു സ്വദേശിയായ ശങ്കർ കിസ്തയ്യ എന്ന ചെറുപ്പക്കാരനായിരുന്നു. അത് നടക്കാതെ പോവുകയായിരുന്നു.ഗാന്ധിജിയെ വധിക്കാനുള്ള ആയുധമെത്തിച്ച ദിഗംബർ ബാഡ്ഗേ എന്നയാളുടെ ജോലിക്കാരനായിരുന്നു കിസ്തയ്യ. ഇതുസംബന്ധിച്ച് നടത്തപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുക്കവേ ഗാന്ധിജിയെ വധിക്കണമെന്ന് മഹാരാഷ്ട്രയിലെ ചിത്പവൻ ബ്രാഹ്മണരായ സവർക്കറുടെ ആശിർവാദത്തോടെ ചിത്പവൻ ബ്രാഹ്മണർ തന്നെയായ നാഥുറാമും സംഘവും ചർച്ച ചെയ്തപ്പോൾ ശങ്കർ കിസ്തയ്യ എന്ന ചെറുപ്പക്കാരൻ ചോദിച്ചത്രേ “ആരാണ് ഗാന്ധി”എന്ന്.
കഴിഞ്ഞദിവസം ദൽഹിയിലെ സുഹൃത്തിനെ വിളിച്ച് എന്തുകൊണ്ട് മറ്റു രാഷ്ട്രീയപ്പാർട്ടിക്കാർ ഇറങ്ങുന്നില്ല എന്നതുൾപ്പെടെയുള്ള സംസാരിച്ചിരിക്കേ, യെച്ചൂരിയെ പരാമർശിക്കുകയുണ്ടായി. അപ്പോൾ അവൻ പറഞ്ഞത്, യെച്ചൂരിയുടെ പ്രസ്താവന കാണണമെങ്കിൽ മലയാളം പത്രത്തിലോ മലയാളികളുടെ വാളുകളിലോ നോക്കണമെന്ന്. ഡൽഹിക്കാർക്ക് യെച്ചൂരിയെന്നല്ല, മറ്റുപലരേയും അറിയില്ലയെന്ന്.
മുസ്ലീംവിദ്വേഷത്താൽ പുകയുന്ന ഇത്തരം കൂട്ടങ്ങൾക്ക് മുന്നിൽ മഹാത്മാഗാന്ധിവന്നാൽപ്പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.പാക്കിസ്ഥാനിൽനിന്നും മടങ്ങിയെത്തിയ ഹിന്ദുക്കൾ, ഇവിടെ താമസിക്കുന്ന മുസ്ലീംങ്ങളുടെ പള്ളികൾ ആക്രമിക്കുകയും പിടിച്ചെടുക്കുകയും ചെയ്തപ്പോൾ അത് തിരിച്ചുകൊടുക്കണമെന്നും പാക്കിസ്ഥാന് കൊടുക്കാമെന്നേറ്റ പണവും എത്രയുംവേഗം കൊടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മഹാത്മാഗാന്ധിയുടെ അവസാനത്തെ നിരാഹാരം.
ഒരു രാഷ്ട്രപിതാവ് തന്റെ രാഷ്ട്രത്തിനെതിരെ ചെയ്ത സമരം.അതും മറ്റൊരു രാജ്യത്തിനുവേണ്ടി.
ഗോഡ്സേ നടത്തിയ കോടതിപ്രസ്താവനയിൽ, ഗാന്ധിയെ കൊല്ലുന്നതിനും കാരണമാക്കിയത് ഗാന്ധിജിയുടെ ഈ സമീപനമാണെന്ന് പറയുന്നുണ്ട്. 1948ൽ നടന്ന കലാപങ്ങളുടെ മറ്റൊരു പതിപ്പാണിപ്പോൾ ഡൽഹിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഒരു തലമുറയെ കൊന്നുതള്ളാനറപ്പില്ലാത്ത സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും മഹാത്മജിയെ വെടിവെച്ചുകൊല്ലുകയും ചെയ്ത തലമുറയുടെ പിൻമുറക്കാർ ഇതല്ലാതെ മറ്റെന്ത് ചെയ്യാനാണെന്നു ചിലപ്പോൾ ആലോചിച്ചുപോകും.വിദ്യാഭ്യാസമോ സാമൂഹ്യമായ ധാരണകളോ ഇല്ലാത്ത കുട്ടികളെ കണ്ടില്ലേ ദൽഹി തെരുവീഥികളിൽ. ഇവരൊക്കെ ശങ്കർ കിസ്തയ്യമാരാണ്. നരേന്ദ്രമോഡിയും അമിത് ഷായും സവർക്കർമാരും.
ഗാന്ധിവധ ഗൂഢാലോചന കൃത്യമായി അന്വേഷിക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടുവെന്ന കോൺഗ്രസിന്റെ അകത്തളത്തിലെ പിറുപിറുക്കലുകൾ പട്ടേലിനെ മരണംവരെ പിന്തുടർന്നിരുന്നു.
പട്ടേലിന് പ്രതിമ സ്ഥാപിച്ചവരാണ് ഇന്ന് ആഭ്യന്തരമന്ത്രിസ്ഥാനത്തിരിക്കുന്നത്. കുറ്റബോധത്തിന്റെ കാര്യമില്ല. മുസ്ലീംങ്ങൾ കൊല്ലപ്പെട്ടാൽ നിങ്ങൾക്കെന്താണെന്നു ചോദിച്ച വ്യക്തിയാണ് ഇന്നു ഇന്ത്യയുടെ ആഭ്യന്തരമന്ത്രി.