സവർണ്ണ പ്രത്യയശാസ്ത്രത്തെ സ്വന്തം പാളയത്തിനുള്ളിൽനിന്നു കണ്ടെത്തി ശിരച്ഛേദം ചെയ്യാതെ ബാഹ്യശത്രുവിനുനേരെ വാളെടുക്കുന്നതു വെറുതെയാണ്

61

Bibith Kozhikkalathil writes

ഭക്രാനംഗൽ അണക്കെട്ട് നിർമ്മാണം ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കപ്പെട്ട ജവഹർലാൽ നെഹ്റു അത് സ്വിച്ചോൺ ചെയ്യാൻ വിളിച്ചത് ഒരാദിവാസി സ്ത്രീയെയായിരുന്നു.കേന്ദ്രീകരണത്തിനെതിരെ വികേന്ദ്രീകരണ ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടനം ഇടതുപക്ഷം നടത്താൻ തീരുമാനിച്ചപ്പോ അത് ചെയ്തത് കേന്ദ്രീകരണത്തിന്റെ മൂർത്ത രൂപം ആയ പ്രധാനമന്ത്രി ദേവഗൗഡയായിരുന്നു.
അന്നേതോ പംക്തിക്കാരൻ എഴുതിയിരുന്നു, അത് തിരുവനന്തപുരത്തെ സ്വീപ്പർതൊഴിലാളിയായ ഒരു സ്ത്രീ, എപ്പോഴും ചെങ്കൊടിപിടിച്ച് ജാഥയുടെമുന്പിൽനിൽക്കുന്നൊരു സ്ത്രീയാണ് ചെയ്തതെങ്കിൽ എന്തു ഭംഗിയായേനേയെന്ന്.

വിളക്കും കിണ്ടിയും കിണ്ണവും കൈകാര്യംചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരുന്നൊരു വിഭാഗത്തിന്റെ മാത്രം ആചാരങ്ങൾ അപ്പടി ഈ യുഗത്തിലും തുടരണമെന്ന നിർബന്ധമെന്തിനാണെന്നു മനസ്സിലാവുന്നില്ല.വിദ്യാലയങ്ങൾ ക്ലാസ് മുറികൾ ഹൈടെക്കാവുന്പോൾ ‘വിദ്യാരംഭ’വും ഹൈടെക്കാവുന്നതല്ലേ സാറേ നല്ലത്.
“ഞങ്ങളെ കുട്ടികളെ പ്രവേശിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്ത് പണിയെടുക്കില്ലെ”ന്ന ഉഗ്രപ്രഖ്യാപനത്തോടെ അയ്യങ്കാളിയാരംഭിച്ച വിദ്യാഭ്യാസ വിപ്ലവത്തെയാണ് നിലവിളക്കാൽ കരിയിച്ചുകളയുന്നത്.

“ചിഹ്നങ്ങളും വർണ്ണങ്ങളും വളച്ചൊടിക്കപ്പെട്ട സാംസ്കാരികലക്ഷ്യങ്ങളും ഭൂതകാലത്തിന്റെ വിഷംപുരട്ടിയ ശരികളുമായി, കമാൻഡോ സൈനികരെപ്പോലെ നുഴഞ്ഞുകയറുന്ന സവർണ്ണ പ്രത്യയശാസ്ത്രത്തെ സ്വന്തം പാളയത്തിനുള്ളിൽനിന്നു കണ്ടെത്തി ശിരച്ഛേദം ചെയ്യാതെ ബാഹ്യശത്രുവിനുനേരെ വാളെടുക്കുന്നതു വെറുതെയാണ്. ഇന്ത്യൻ കമ്യൂണിസത്തിന്റെ “തെളിച്ചമായി മാറുന്ന ഗ്രാംഷിയൻ ചിന്തയുടെ “വെളിച്ചം” ആദ്യം പിടികൂടുക പുരോഗമനപാളയത്തിൽ ഒളിച്ചുകഴിയുന്ന മേൽക്കോയ്മാ മതത്തിന്റെ -അഥവാ ബ്രാഹ്മണപ്രത്യയശാസ്ത്രത്തിന്റെ—കൂടിലരാഷ്ടീയത്തെയാണ്. സാംസ്കാരിക പ്രവർത്തനവും രാഷ്ട്രീയസമരവും തോളോടു തോളൊട്ടിനിൽക്കാതെ ഈ പത്മവ്യൂഹത്തിൽനിന്ന് ആർക്കും പുറത്തുകടക്കാൻ കഴിയില്ല..”
എന്ന് ഗ്രാംഷിയൻ പഠനത്തിന്റെ അനന്തരക്കുറിപ്പിൽ ഷിജു ഏലിയാസ് എഴുതുന്നത് വെറുതെയല്ല.