ഹലാൽ ലവ് സ്റ്റോറി വിചാരണചെയ്യുന്നതെന്താണ് ?

97

Bibith Kozhikkalathil

ഹലാൽ ലവ് സ്റ്റോറി വിചാരണചെയ്യുന്നതെന്താണ് ?

“സിനിമ നിലനിൽക്കും. എന്തെന്നാൽ എവിടെയാണോ ജീവിതം നമ്മെ നേരിട്ട് സ്പർശിക്കുന്നത്, അവിടെ സിനിമ ഉണ്ടാകും.” സ്റ്റീവൻ സ്പിൽബർഗ് പറഞ്ഞതാണ്.അത്തരമൊരു ജീവിതത്തെയാണ് ‘ഹലാൽ ലവ് സ്റ്റോറി’ എന്ന സിനിമയിലൂടെ സക്കരിയ പറഞ്ഞുപോകുന്നത്.ഒറ്റവാക്കിൽ പറഞ്ഞാൽ അതിമനോഹരമായ സിനിമ.ജീവിതവും സിനിമയും തമ്മിലുള്ള അതിർവരന്പുകൾ പലപ്പോഴും നേർത്തതാണ്. സിനിമയിൽനിന്നും ജീവിതത്തിലേക്കും തിരിച്ചുമുള്ള നടത്തങ്ങളുണ്ടിതിൽ.തൗഫീഖ് ഇത് സിനിമയിലൊരിടത്ത് പറയുന്നുമുണ്ട്.

“കഥാപാത്രത്തിലൂടെ അഭിനേതാവെന്ന വ്യക്തിയുടെ മനസ്സിനെ സ്വാധീനിക്കുക”.അത് വേറൊരു സിനിമയ്ക്കുള്ള സബ്ജക്റ്റാണെന്നുപറയുന്നുണ്ട് സഹസംവിധായകൻ.ആ സിനിമയാണ് സിനിമയ്കകുള്ളിലെ ഹലാലായ ഈ സിനിമ.
സംവിധായകന്റെ ബ്രില്യൻസ് എന്നൊക്കെ പറയുന്നത് ഇത്തരം സിനിമകളെയാണ്.മലയാള സിനിമയുടെ ഭാവിവാഗ്ദാനമാണ് ശക്കരിയ.
ഇതൊരു കടംവീട്ടൽക്കൂടിയാണെന്നുപറയാനാണെനിക്കിഷ്ടം.
ഈ കടമെന്തെന്നറിയാത്തവരാണ് തിരിച്ചും മറിച്ചും ഈ സിനിയർഹിക്കാത്തവിധത്തിലുള്ള മലിനപ്പെടുത്തലുകൾ നടത്തുന്നത്.
“ഞങ്ങൾക്കും കാണണ്ടേസിനിമ¿ ഞങ്ങൾക്കും ചെയ്യേണ്ടേ സിനിമ¿”
എന്ന് തൗഫീഖിന്റെ നിർണായകമായ ചോദ്യം ഉന്നയിക്കപ്പെടുന്നത് ആരോടാണ് ?
സംവിധായകനോടാണോ ?
അല്ല.
മറ്റാരോടുമല്ല അയാളുടെതന്നെ മുൻഗാമികളോടാണ്.
സിനിമയെ ‘ഹറാമാ’ക്കിയ തലമുറയോടാണ്.
ഈ ചോദ്യമുന്നയിക്കുന്പോൾ, ഈ സിനിമയിൽ വേഷമിട്ട നിലന്പൂർ ആയിഷയും ❤ സീനത്തും ❤ മാമുക്കോയയും ❤ ഉള്ളാലെ ചിരിക്കുന്നത് കാണണമെങ്കിൽ സിനിമ ഹറാമായൊരുകാലത്തിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്.
ഹറാമായ സിനിമയുടെപേരിൽ അരനൂറ്റാണ്ടുകൾക്കുമുന്പ് ആക്രമിക്കപ്പെട്ടവരാണവർ.”ചൊരേറങ്ങുന്ന ബസ്സല്ലേ” എന്ന സീനത്തിന്റെ മറുപടിയിലൂടെ ആ പരിഹാസമത്രയും ശക്കരിയ ഒളിച്ചുകടത്തുന്നുണ്ട്.
“കയിലുകള്‍ പിടിക്കണ കൈകളുണ്ടുയരണ്
കൈകളിൽ‍ കിലുങ്ങണ വളകളൊച്ച കൂട്ടണ്…
വാതില് തൊറക്കണ ഒച്ചയുണ്ട് കേക്കണ്
കാതില് തറയ്ക്കണ മാതിരി പരക്കണ്..
കറുപ്പായ കയിലുകള്‍ കൊടികളായ് പുടിക്കണ്
കറുത്തോരടുക്കള വിട്ട് പടയ്ക്കിറങ്ങണ്..
പെണ്ണായി പിറന്നോര് പൊണ്ണത്തികളാണെന്ന്
വണ്ണത്തില്‍ പറഞ്ഞോര് മണ്ടന്മാര്‍ വിറയ്ക്കണ്..”
കെ.ടി.മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’ നാടകത്തിലെ പാട്ടുകളാണിത്. കെ.ടി.മുഹമ്മദു തന്നെ എഴുതി ചിട്ടപ്പെടുത്തിയത്.
ഈ നാടകത്തെ അക്കാലത്തെ മതമൗലികവാദികൾ നേരിട്ടത് സഹിഷ്ണുതയോടെയായിരുന്നില്ല.
നാടകത്തിൽ പെൺവേഷം കെട്ടിയതിന് വിഖ്യാത നടൻ കെ.പി.ഉമ്മറിനെപ്പോലുള്ളവർ നേരിട്ട യാതനകൾ ഉണ്ട്.നാടകത്തിൽ അഭിനയിക്കാൻ പോയ നിലന്പൂർ ആയിഷ നേരിട്ട പീഢനങ്ങൾ ഉണ്ട്.നാടകമവതരിപ്പിച്ച് മുസ്ലീം സമുദായത്തിൽ നവോത്ഥാനത്തിന്റെ വെളിച്ചംവീശാൻ ശ്രമിച്ച കെ.ടി.മുഹമ്മദിന്റെ അനുഭവങ്ങൾ പൊള്ളിക്കുന്നതാണെന്ന്, കൂടെ പ്രവർത്തിക്കുകയും ഈ സിനിമയിൽ അഭിനയിക്കുകയും ചെയ്ത മാമുക്കോയയും മുന്പൊരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത് ഭൂമിയാണെന്ന നാടകത്തിലാണ്
സിനിമ ഹറാമാണെന്നു പറയുന്നത്.
‘അനിശ്ലാമികമായ പാതകം’ സിനിമ കാണൽ തന്നെയാണ്.
“ഓനോളേം കൂട്ടി സിനിമക്ക് പോന്നുണ്ടോലോ……. “
എന്ന നാടകത്തിലെ സംഭാഷണം ഇന്നും ഓർമ്മയുണ്ട്.
അത്തരമൊരു തലമുറയിലെ പിൻമുറക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത് ഞങ്ങൾക്കും സിനിമവേണമെന്നാണ്.
ഇത് ഹറാമല്ല, ഹലാലാണ് എന്നുതന്നെയാണ് പലിശപ്പണം ഈ സിനിമയ്ക്ക് വേണ്ടെന്നു പറയുന്നതിലൂടെ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ ആവർത്തിച്ചുറപ്പിക്കുന്നതും.
പള്ളിപോലെ മദ്രസപോലെ സിനിമ പവിത്രമാവുകയാണിവിടെ.
“പുരോഗമനപ്രസ്ഥാനമായിട്ട് ഒരു പുരോഗതിയൊക്കെവേണ്ടേ”യെന്നു സിനിമയുടെ തുടക്കത്തിൽ റഹീം സാഹിബിനോട് ചോദിക്കുന്നുമുണ്ട് പുതിയ തലമുറ.
സിനിമയെ പോസിറ്റീവായി സമീപിക്കാൻ സംഘടന തീരുമാനിക്കുന്നത്, അമേരിക്കയിലെ ഇരട്ട ടവറിനുനേരെ നടന്ന ആക്രമണത്തിനുശേഷവും ഇറാഖ് അധിനിവേശത്തിനുശേഷവുമാണ്. ലോകത്തെ രണ്ടായിപ്പകുത്തുവെന്നു അമേരിക്കതന്നെ പറഞ്ഞ ചരിത്രസന്ദർഭവുമാണല്ലോ അത്.
പൊളിറ്റിക്കൽ ഇസ്ലാം സാമ്രാജ്യത്വവിരുദ്ധമാകുന്ന ചരിത്രസന്ദർഭംകൂടിയാണത്.
“ഹലാൽ ആയി ചെയ്യുന്നതെല്ലാം ഹറാമായിപ്പോകുന്നല്ലോ… “ എന്ന റഫീഖ് ഭായിയുടെ ആത്മഗതത്തിന് സീനത്തിന്റെ ഭാര്യ പറയുന്നത് ഇങ്ങളൊക്കെ കുറേ നടന്നതല്ലേ, എന്നിട്ട് ശരിയായില്ലല്ലോ. ഇനി ആ ബസ് വരുന്പോ ഇങ്ങളങ്ങോട്ട് കയറിയാൽ മതിയെന്നുമാണല്ലോ. കൃത്യമാണ് ഡയലോഗുകൾ. ചരിത്രസന്ദർഭങ്ങളെ തിരിച്ചുവിളിക്കുകയാണ് സംവിധായകൻ.
തൗഫീക്കിന്റെ ഉമ്മയെ നോക്കൂ. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള തന്റെ മകനുവേണ്ടി ആ ഉമ്മ ആലോചിക്കുന്നത് മതനിഷ്ഠ മാത്രമുള്ള യുവതിയെയല്ല. കലാബോധവും വേണമെന്നുപറയുന്നുണ്ട്.ഇതൊക്കെ ഏതു സമൂഹത്തെയാണ് അഭിസംബോധനചെയ്യുന്നതെന്ന് ആഹ്ലാദക്കമ്മറ്റിക്കാരും ആലോചിക്കുന്നത് നല്ലതാണ്.
സംവിധായകനെ കാണാൻ പോകുന്ന ബാറിന്റെ പേരിൽപ്പോലും പ്രത്യേകതയുണ്ട്.’പാരഡൈസ് ബാർ’സ്വർഗത്തിൽ കള്ള് ഇഷ്ടംപോലെയാണെന്നാണല്ലോ വെപ്പ്.
മുഹമ്മദ് നബിയെക്കുറിച്ച് സിനിമയിൽ ഒരുതവണമാത്രമേ പരാമർശിക്കുന്നുള്ളൂ. അതാകട്ടെ ഈ ബാറിന്റെ പേരിന്റേയും മദ്യത്തിന്റേയും പശ്ചാത്തലത്തിലും.
സാമ്രാജ്യത്വവിരുദ്ധ നിലപാടുകളുടെ ഭാഗമായി കൊക്കോക്കോളാ വിരുദ്ധ സമരവും കവിയരങ്ങും കോലംകത്തിക്കലും തെരുവുനാടകങ്ങളുമൊക്കെ നടത്തിയ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന സിനിമയിൽ തന്നെ കൊക്കോക്കോളാ ഉപയോഗിക്കുന്നുണ്ട്.
ഒരുഭാഗത്ത് നിസ്കാരം നടക്കുന്പോൾ തൊട്ടടുത്ത് കഞ്ചാവും വെള്ളമടിയും നടക്കുന്നുമുണ്ട്. ഇതൊക്കെ മറ്റേതെങ്കിലും മതസമൂഹത്തിന്റെ ഭാഗമായി പറഞ്ഞുപോകാൻ കഴിയുമോ ?
“ആരാധനാലയത്തിനടുത്ത് ഒരു മദ്യഷാപ്പുകൂടി വേണ”മെന്നു മിർസാഗാലിബ് പാടിയത് ഓർത്തുപോവുകയാണ്.
അതിനുള്ള ധൈര്യം ഇന്ന് സമകാലിക മലയാളം സിനിമയിലുണ്ടോ അതുൾക്കൊള്ളാനുള്ള സഹിഷ്ണുത ഈ സമൂഹത്തിനുണ്ടോ എന്ന മൗലികമായ ചോദ്യംകൂടി ഉയർത്തുന്നുണ്ട് സിനിമ.
കൊക്കോകോള കുടിക്കാമോയെന്ന മാമുക്കോയയുടെ പരിഹാസത്തോടെയുള്ള ചോദ്യം “കൊക്കോക്കോള നിന്നെ കടിച്ചോ” എന്ന അറബിക്കഥയിലെ രംഗത്തെ ഓർമ്മിപ്പിക്കുന്നതായി.
സംവിധായകൻ കടന്നുപോകുന്ന വൈയക്തികമായ പ്രതിസന്ധികൾ മറ്റുചില പ്രതിസന്ധികളുടെ പരിഹാരത്തിലേക്കാണ് നയിക്കുന്നത്. ഒരു പ്രശ്നം മറ്റൊരു പ്രശ്നത്തെ എങ്ങനെയാണ് പരിഹരിക്കുന്നതെന്നു കാണിച്ച ആ മിടുക്ക് അപാരംതന്നെയാണ്. സിനിമയും ജീവിതവും രണ്ടല്ലാതാവുകയാണ്. പറയാൻ വന്ന കാര്യങ്ങൾ മറക്കുന്നു എങ്കിലും പ്രശ്നങ്ങൾ മറികടക്കുന്നു. തുടർന്ന് സിനിമയ്ക്കുള്ളിലെ സിനിമയിൽ ഉമ്മയും മകളുംതമ്മിലുള്ള കോന്പിനേഷൻ സീനുകളിൽ സംവിധായകന്റെ മുഖത്ത് കാണുന്ന സംതൃപ്തി സിനിമയിൽ വേറൊരിടത്തും നാം കാണുന്നില്ല.
സൂക്ഷ്മരാഷ്ട്രീയത്തിന്റെ ഒരുപാട് അടരുകൾ അടുക്കിവെച്ചാണ് അതിമനോഹരമായ ഒരു ശില്പംകണക്ക് ഈ സിനിമ സക്കറിയ പടുത്തുയർത്തിയിരിക്കുന്നത്.
‘പൊതു സ്വീകാര്യതയുള്ള സംവിധായകൻ’,സർഗവേദിയുടെ ഓഫീസിലെ ബോർഡിൽ കാണിക്കുന്ന ‘ഇഖ്ബാൽ കവിതയിലെ ദർശനം’ഇരട്ടക്കെട്ടിടത്തകർച്ചയോടെ മാറുന്ന ലോകക്രമം, അമേരിക്കയുടെ പുത്തൻ അധിനിവേശം, സദ്ദാംഹുസൈൻ, മോഡി, ഗുജറാത്ത് എല്ലാം ദൃശ്യവൽക്കരിച്ചുകൊണ്ടാണ് സിനിമ മുന്നേറുന്നത്. അതൊരു ജനതയുടെ വീർപ്പടക്കലാണ്. വീർപ്പുമുട്ടലാണ്. അതിന്നും തുടരുന്നതുമാണ്.
കുടുംബപ്രശ്നത്തെ പശ്ചിമേഷ്യയാക്കി, അമേരിക്കയുടെ ഇടപെടലുമായുള്ള സമീകരണമൊക്കെ നന്നായിത്തന്നെ തോന്നി.
ഹലാലായതിന്റേയും ഹറാമായതിന്റേയും ഇടയിലെ ഗ്രേ നിലങ്ങളെക്കുറിച്ചുതന്നെയാണ് ഉസ്താദും പറയുന്നത്.
“എഴുത്തുകാരൻ എന്നേ മരിച്ചുകഴിഞ്ഞു. അത് മനസ്സിലാക്കണം.”
“അപ്പോ മയ്യത്തിന്റെ മേലാണ് കളിയല്ലേ” എന്നു തൗഫീഖിന്റെ മറുപടിയും”നേതാക്കൻമാരെവിട്. നമ്മൾ ചെയ്യുന്നത് പടച്ചോൻ കാണുന്നുണ്ട് എന്നു പറയുന്പോ
“പടച്ചോന്റെ കാര്യം എനിക്ക് പേടിയില്ല. പടച്ചോന് നമ്മുടെ അവസ്ഥ മനസ്സിലാവും.” എന്നൊക്കെ ചാട്ടൂളിപോലെ പായുന്ന സംഭാഷണങ്ങൾ എവിടേക്കാണെന്നെങ്കിലും ആലോചിച്ചുനോക്കിയാൽ ഉയർത്തിയ ആഘോഷക്കൊടി ചിലപ്പോൾ താഴ്ത്തിക്കെട്ടാൻ ഇടവരുത്തിയേക്കുന്നതുതന്നെയാണ് എന്റെ തോന്നൽ.
മതത്തിലും കുടുംബത്തിനകത്തും സമൂഹത്തിനകത്തും നടക്കേണ്ട ജനാധിപത്യത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമുള്ള ഉറക്കെയുള്ള ചിന്തകൾ കൊരുത്തുവെച്ചിട്ടുണ്ട് സംവിധായകൻ.
സെക്സിനല്ലാത്ത കെട്ടിപ്പിടുത്തങ്ങളുടെ ആവശ്യകതചുംബനസമരമുൾപ്പെടെയുള്ള സമരങ്ങളുയർത്തിയ ചോദ്യങ്ങൾ മുന്നോട്ടുകൊണ്ടുവരുന്നുണ്ട്.
“കെട്ടിപ്പിടിക്കുന്നത് പ്രസ്ഥാനത്തിന് നാണക്കേടാവുമോ” എന്നാണവളുടെ ചോദ്യം.
കോളകുടി സംബന്ധിച്ചും സൗബിൻ വരുന്ന രംഗങ്ങളിലുമൊക്കെ കടന്നുവരുന്ന സ്വാഭാവിക ഹാസ്യം വളരെ നന്നായിത്തോന്നി.
“ഇത് മറ്റവനാണ്” എന്നു പറയുന്നതു അവസാനരംഗത്തിനുതൊട്ടുള്ള രംഗങ്ങൾ കൈലാസത്തെ ഓർമ്മിപ്പിച്ചത് എനിക്കു മാത്രമാണോ ?
സാമ്രാജ്യത്വവിരുദ്ധ കവിയരങ്ങിൽ പ്രിയകവി മുരുകൻ കാട്ടാക്കട 😃 വന്ന് ബാഗ്ദാദ് ചൊല്ലിയത് വളരെയേറെ ഇഷ്ടമായി.
അഭിനേതാക്കളെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞുപോകും.
കാണുന്ന കാഴ്ചകൾക്കും പറഞ്ഞുപോകുന്ന സംഭാഷണങ്ങൾക്കുമപ്പുറം സിനിമ തിയറ്റർവിട്ട് പുറത്തിറങ്ങുന്നു. അത് അവിടെ അവസാനിക്കുന്നില്ല.
അവസാനം നിസ്ക്കാരത്തെക്കുറിച്ചുള്ള വാചകങ്ങൾ, നിസ്ക്കാരത്തിനോടൊപ്പം സമാന്തരമായി മൂകമായി അവരൊരുക്കിയ സിനിമയും ‘ഹലാലാ’യി കടന്നുപോവുകയാണ്.
“സിനിമയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നത് വിഢിത്തമായിരിക്കും. കാരണം സിനിമ അതിന്രെ അന്വേഷണത്തിന്റെ ആരംഭത്തിലാണ്”
— ദെല്യൂസ്