1992 ഡിസംബർ ആറിലെ നിയമവിരുദ്ധ പ്രവർത്തനത്തിന് നിയമവിധേയത്വം നൽകിയെന്നതാണ് പ്രത്യേകത

304

Bibith Kozhikkalathil

1992 ഡിസംബർ ആറിലെ നിയമവിരുദ്ധ പ്രവർത്തനത്തിന് നിയമവിധേയത്വം നൽകിയെന്നതാണ് പ്രത്യേകത.

ആയിരത്താണ്ടുകളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ഹൈന്ദവമെന്നും സൈന്ധവമെന്നും ആർഷഭാരതമെന്നും വിളിക്കപ്പെട്ട ഒരു സംസ്കൃതിയുടെ മേലെ ഗംഗാജല വിതരണവും രാമായണ മെഗാസീരിയലും രാമക്ഷേത്രം പണിയാനുള്ള ഇഷ്ടിക പൂജകളും നടക്കുമ്പോൾ ബിജെപ്പിക്ക് പാർലമെന്റിലെ അംഗസംഖ്യ 2 ആയിരുന്നു.അതേത്തുടർന്ന് രൂപപ്പെട്ട സാമൂഹ്യ അന്തരീക്ഷത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് 27 ആണ്ടുകൾക്ക് മുൻപ് ഒരു ഡിസംബർ ആറിന് ബാബ്റി മസ്ജിദിന്റെ മിനാരങ്ങൾ സംഘപരിവാർ പൊളിച്ച് മാറ്റിയത്.ഭരണ ഘടനപോലും റദ്ദ് ചെയ്യപ്പെട്ട ആ നാളുകളിൽ അന്നത്തെ സിപിഐഎം ജനറൽ സെക്രട്ടറി സുർജിത് പറഞ്ഞത് കല്യാൺ സിംഗ് നേതൃത്വത്തിലുള്ള യുപി മന്ത്രിസഭയെ പിരിച്ചുവിടണം എന്നായിരുന്നു.

അതുവരെ എതിർത്തുപൊന്ന 356 ആം വകുപ്പിനെപ്പറ്റി പത്രക്കാർ ചോദിച്ചപ്പോൾ സുർജിത്ത് പറഞ്ഞത് അങ്ങനെ ഒരു വകുപ്പില്ലെങ്കിൽ അത് എഴുതി ചേർത്തു പുറത്താക്കണം എന്നായിരുന്നു. രാജ്യമില്ലെങ്കിൽ എന്ത് ഭരണ ഘടന എന്നും ഭരണഘടന ഇല്ലെങ്കിൽ പിന്നെന്ത് വകുപ്പെന്നും തുടർന്ന് സഖാവ് വിശദീകരിക്കുകയുണ്ടായി. അത്രമാത്രം സ്ഫോടകത്മകമായിരുന്നു അന്തരീക്ഷം.ആ ഇഷ്ടികയും ഗംഗാജലംവും സവർണ്ണ ഫാസിസത്തിന്റെ അടിത്തറ യൊരുക്കുകയായിരുന്നുവെന്ന് കാലം പിന്നീട് തെളിയിക്കുകയുണ്ടായി.

വിവിധ കാലങ്ങളിൽ വിവിധ കവികളാൽ വികസിക്കപ്പെട്ട രാമൻ എന്ന കഥാപാത്രം യഥാർത്ഥത്തിൽ ജീവിച്ചിരുന്നുവെന്നും വളരെ കൃത്യമായി ഇന്ന സ്ഥലത്ത് തന്നെയായിരുന്നു ജനനം എന്നും അവിടെ നിലനിൽക്കുന്ന പള്ളി അതുകൊണ്ട് തന്നെ പൊളിച്ചുമാറ്റി ഒരു ക്ഷേതം പണിയണമെന്ന് പറയുന്ന ഒരു യുക്തിരാഹിത്യത്തെ ചെറുത്തു തോൽപ്പിക്കാൻ മതേതര ഇന്ത്യക്ക് കഴിയാതെ പോയി.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള തലമുറ അടിയന്തിരാവസ്ഥക്ക് ശേഷമുള്ള തലമുറ. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുള്ള തലമുറ എന്നിങ്ങനെ നാം കാലത്തെ മുറിക്കാറുണ്ട്. ഇതിൽ അവസാനത്തേതിന്റെ സയുക്തിക, തുടർച്ചയാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടം. ഇത് ലക്ഷ്യം വെക്കുന്നത് ഒരു വൈദികാധിപത്യ ഹിന്ദു രാഷ്ട്രമല്ലാതെ മറ്റൊന്നുമല്ല.

“നാം അഥവാ നമ്മുടെ നാട്ടിൽ ദേശീയത നിർവചിക്കപ്പെടുന്നു” എന്ന തന്റെ പുസ്തകത്തിൽ RSS മേധാവി ഇങ്ങനെയാണ് ആഹ്വാനം ചെയ്യുന്നത് :
“ഹിന്ദു രാഷ്ട്രത്തെ അതിന്റെ ഇന്നത്തെ ആലസ്യത്തിൽ നിന്ന് ഉദ്ധരിക്കുവാനും പുനരുജ്ജീവിപ്പിക്കുവാനും പുനർ നിർമ്മിക്കുവാനും ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രസ്ഥാനങ്ങൾ മാത്രമേ ദേശീയ പ്രസ്ഥാനങ്ങൾ ആവുകയുള്ളൂ. ഹിന്ദു വംശത്തെയും ഹിന്ദു രാഷ്ട്രത്തെയും വാഴ്ത്താനുള്ള അഭിലാഷം ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നവരും ആ ലക്ഷ്യത്തിൽ പ്രചോദിതരും അതിന്റെ സാക്ഷാൽക്കാരത്തിന്‌ യത്‌നിക്കുന്നവരും മാത്രമേ ദേശീയ വാദികളും ദേശഭക്തരുമാവുകയുള്ളൂ. മറ്റുള്ളവരെല്ലാം ഒന്നുകിൽ ദേശദ്രോഹികളും ദേശീയ ലക്ഷ്യത്തിന്റെ ശത്രുക്കളുമാണ്. അല്ലെങ്കിൽ മൂഡൻമാരും മരത്തലയൻമാരുമാണ്.”

ഫാസിസത്തെ ജനാധിപത്യത്തിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അത് ജനതയാൽ പ്രവർത്തിക്കപ്പെടുന്നതല്ല, ജനതയുടെ മേൽ പ്രവർത്തിക്കുന്ന താണെന്ന് ആനന്ദ് പറയുന്നത് ഇതുകൊണ്ടാണ്.ബാബറി മസ്ജിദ് തകർത്ത അന്നു അന്നു തന്നെ രാം ചബൂത്ര ക്ഷേത്രവും തകർക്കപ്പെട്ടു എന്നത് തന്നെ ഇവർക്ക് വിശ്വാസമോ ആരാധനയോ അല്ല; സങ്കുചിത ദേശീയതയുടെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്ന ഒരു മത രാഷ്ട്രമല്ലാതെ മറ്റൊന്നുമല്ല ലക്ഷ്യം എന്ന് വെളിവാക്കുന്നുണ്ട്.ഈയൊരു പശ്ചാത്തലത്തിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെ ത്തിക്കുന്നതിൽ കോൺഗ്രസ്സ് പാർട്ടി വഹിച്ച പങ്ക് പ്രത്യേകം വിശകലനം ചെയ്യേണ്ടതാണ്.അതതു അവസരങ്ങളിൽ അവർ കൈക്കൊണ്ട മൃദു ഹിന്ദുത്വ സമീപനങ്ങൾ ആര്.എസ്.എസ്സിനോട് മത്സരിക്കുന്ന തരത്തിൽ ഉള്ളത് തന്നെയായിരുന്നു.

ബബാരി മസ്ജിദ് തകർത്തത് തെറ്റ്, 1949ൽ രാമവിഗ്രഹം സ്ഥാപിച്ചത് തെറ്റ്, എല്ലാം തെറ്റ്
വിധിവന്നപ്പോ എല്ലാം ശരിയായി. വിശ്വാസം വിധിയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇത് നൽകുന്ന വിഷയം എന്താണെന്നുവെച്ചാൽ രാമൻ ജനിച്ച സ്ഥലം കൃത്യമായി സുപ്രീംകോടതി കണ്ടെത്തിയെന്നതാണ്. ഏത് യുഗമാണെന്നു നോക്കണം. ത്രേതായുഗം, അയോധ്യയിലെ ഓരോ ക്ഷേത്രവും അവകാശപ്പെടുന്നത് രാമൻ ജനിച്ച സ്ഥലം അതാണെന്നാണ്. ദ്വാരകയിലെ അയ്യായിരത്തിലേറെ വരുന്ന ക്ഷേത്രങ്ങളും അത് അവകാശപ്പെടുന്നുണ്ട്. അവിടങ്ങളിലൊക്കെ പോയവർക്കറിയാം.