സ്വന്തം വിദ്യാർഥികൾക്കുനേരെപ്പോലും സൈനിക നടപടിയെടുക്കാനും കലാശാലകളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും തയാറായിരിക്കുന്നു ഭരണകൂടം.

235

Bibith Kozhikkalathil

ലോകത്തെന്പാടും നടന്ന ക്രിയാത്മകമായ സമരമുന്നേറ്റങ്ങളിലെല്ലാം വിദ്യാർഥികളുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനകാലത്തും വിദ്യാർഥിസമൂഹം ക്ലാസുകൾവിട്ട് പുറത്തിറങ്ങി, ജീവിതംപോലും ഹോമിച്ചവരാണ്. മഹാത്മാഗാന്ധിയുടെ ആഹ്വാനംകേട്ട് പുറത്തിറങ്ങിയ അനേകായിരങ്ങൾ ജീവിച്ചുമരിച്ചുപോയ ഇടമാണിത്. ജീവൻകൊടുത്തുമാത്രം നേടിയ സ്വാതന്ത്ര്യം വീണ്ടും പുത്തൻ മൂലധനത്തിന് അടിയറവെക്കുന്നത് മഹാത്മാഗാന്ധിയുടെ ഘാതകരുടെ പിൻമുറക്കാരാണ്.

ഡൽഹിയിൽ, ഡൽഹിയിലെ തെരുവുകളിൽ വിദ്യാർഥികൾ പോരാട്ടത്തിലാണ്. അവർക്കുവേണ്ടിമാത്രം നടക്കുന്ന പോരാട്ടങ്ങളല്ല. നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നാം പൊരുതിനേടിയ സ്വാതന്ത്ര്യമല്ല. മറ്റാരൊക്കെയോ അറിയപ്പെടാത്ത അനേകായിരങ്ങൾ നേടിത്തന്നതാണ്. നിസ്സംഗരായിരിക്കാൻ ആർക്കും അവകാശമില്ല. ആ കുട്ടികൾ തങ്ങളുടെ പോരാട്ടത്തോട് ഐക്യപ്പെടാനാണ് ആവശ്യപ്പെടുന്നത്.

ശത്രുക്കളെ നേരിടുന്നതുപോലെയാണ് ഒരു ഭരണകൂടം അതിന്റെ പുതുതലമുറയോട് പെരുമാറുന്നത്.ഭരണകൂടം, മൂതലാളിവർഗ്ഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന കമ്മറ്റി മാത്രമാണെന്ന് മാർക്സ് പറഞ്ഞത് എത്രശരിയാണ്.ഇത് നിരന്തരം ജനങ്ങളെ പഠിപ്പിക്കണമെന്നു പേർത്തും പേർത്തും പറയുന്നുണ്ട് ലെനിൻ. പലപ്പോഴും പൊതു സംജ്ഞകളിൽ ഭരണകൂടം എന്തോ വിശുദ്ധമായ കാര്യമാണെന്ന രീതിയിലാണ് വിവക്ഷിക്കപ്പെടുന്നത്. ഒരുതരം മതപര ഈശ്വരവിശുദ്ധിപോലെ ഒന്ന്. ദേശീയത സംബന്ധിച്ചുള്ള കപചമായ ഒരു വലയം അതിനുചുറ്റും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

‘വിദേശ ശത്രുക്കൾ’ക്കെതിരായ ഒരു സംവിധാനമെന്ന നിലയിലാണ് പട്ടാളത്തെ അണിനിരത്തിയിരിക്കുന്നതെന്നതാണ് വ്യംഗ്യം. പക്ഷേ അത് മൂലധന കടന്നാക്രമണത്തിനെതിരായ പോരാട്ടങ്ങളെ അടിച്ചമർത്താൻ കൂടിയാണെന്ന് മാർക്സ് വിശദീകരിക്കുന്നുണ്ട്. കൂടുതൽ കൂടുതൽ ഇക്കാര്യം ബോധ്യപ്പെടുകയാണ്.സ്വന്തം വിദ്യാർഥികൾക്കുനേരെപ്പോലും സൈനിക നടപടിയെടുക്കാനും കലാശാലകളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും തയാറായിരിക്കുന്നു ഭരണകൂടം. ജെ.എൻ.യു. സമരസഖാക്കൾക്കൊപ്പം നിൽക്കുക.