അറേബ്യൻ ഗൾഫ് നാടുകളിലെ ‘ബിദൂൻ’

79
സിദ്ദീഖ് പടപ്പിൽ
അറേബ്യൻ ഗൾഫ് നാടുകളിലെ ‘ബിദൂൻ’
അഭയാർത്ഥിയാവുക എന്നതും പൗരത്വമില്ലാത്ത അവസ്ഥ (stateless) എന്നതും രണ്ടും രണ്ടാണ്. ലോകത്താകമാനം 12 ദശലക്ഷം ആളുകൾ പൗരത്വമില്ലായ്മ എന്ന അവസ്ഥ നേരിടുന്നുണ്ടുവെന്നാണ് UNHCR റിപ്പോർട്ടിലുള്ളത്. രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് അഭയാർത്ഥിയായി കഴിയുന്നവരുടെ കണക്ക് ഇതിന്റെ നാലിരട്ടിയോളം വരും. ബിദൂൻ എന്ന അറബി വാക്കിന്റെ അർത്ഥം ‘രഹിത’ (without) എന്നാണ്. പാസ്പോർട്ട് ‘രഹിത’ പൗരൻ എന്നർത്ഥത്തിൽ ആയിരിക്കും ഇങ്ങനെയൊരു പേര് വന്ന് ചേർന്നത്.
ഇന്നത്തെ രൂപത്തിലുള്ള പല അറബ് രാജ്യങ്ങൾ രൂപപ്പെടുന്നതും പെട്രോളിയം ശേഖരം കണ്ടെത്തുന്നതെന്നും 1960 കൾക്ക് ശേഷം മാത്രമാണ്. 1820 മുതൽ 1971 വരെ Trucial States എന്ന് വിളിച്ചിരുന്ന 7 സ്വയംഭരണ രാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്നത്തെ അറേബ്യൻ ഐക്യ രാജ്യങ്ങൾ എന്ന യു എ ഇ. അത് പോലെ ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ സ്വതന്ത്ര രാജ്യമായി മാറുന്നതും അതിരുകൾ നിശ്ചയിക്കപ്പെടുന്നതും 1970 കളിൽ മാത്രമാണ്. പെട്രോളിയം കണ്ടെത്തുന്നതിന്ന് മുമ്പ് തന്നെ ദുബായ് തുറമുഖവും കുവൈത്ത് തുറമുഖവും ഏറെ കുറെ ജനനിബിഡമായ പട്ടണങ്ങളായിരുന്നു. ഇന്ത്യയിൽ നിന്ന് വരുന്ന ചരക്കുകളുടെ കൈമാറ്റം നടന്നിരുന്നത് ഇവിടങ്ങളിലെ പോർട്ടുകൾ വഴിയായിരുന്നു. മുത്ത് വ്യാപാരത്തിലും മത്സ്യസമ്പത്തിലും ബഹ്‌റൈൻ പ്രസിദ്ധമായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് അന്നത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന ബലൂചിസ്ഥാനിൽ നിന്ന് അറേബ്യൻ ഗൾഫിലേക്ക് ആളുകൾ കുടിയേറിയിരുന്നു. പതിനേഴും പതിനെട്ടും നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്ന് ധാരാളം ഷിയാ മത വിശ്വാസികൾ കുടിയേറിയതിന് പുറമെയാണ് ബലൂചിസ്ഥാൻ പ്രദേശത്ത് നിന്നുള്ളവരുടെ കുടിയേറ്റം. അന്നത്തെ ബലൂചിസ്ഥാൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നുവെങ്കിലും ഇന്ന് പാക്കിസ്ഥാൻ, ഇറാൻ, അഫ്‌ഗാനിസ്ഥാൻ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാൻ. മറ്റൊരർത്ഥത്തിൽ ബലൂചി അല്ലെങ്കിൽ ബലൂഷി ഭാഷ സംസാരിക്കുന്ന സമൂഹം ഇന്ന് 3 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു എന്ന് പറയാം.
മലകളും മരുഭൂമികളും നിറഞ്ഞ തരിശ് ഭൂമിയാണ് ബലൂചിസ്ഥാൻ. പാക്കിസ്ഥാനിന്റെ ആകെയുള്ള ഭൂപ്രദേശത്തിൽ 44 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാനിൽ പക്ഷേ, ആകെ ജനസംഖ്യയുടെ 3.5% പേർ മാത്രമാണ് വസിക്കുന്നത്. ബലൂഷി ജനതകളിലേറെ പേർ സിന്ധ് പ്രവിശ്യയുടെ ഭാഗമായ കറാച്ചിയിലും സിന്ധ് പ്രവിശ്യയുടെ മറ്റു പ്രദേശങ്ങളിലും വസിക്കുന്നു. പാക്കിസ്ഥാനിന് പുറത്ത് അഫ്‌ഗാനിസ്ഥാനിലും പടിഞ്ഞാറേ ഇറാനിലുമാണ് ബലൂഷി ജനതയുള്ളത്. പാക്കിസ്ഥാനികളെ പോലെ ഉയരമോ നിറമോ ഇല്ലാത്ത കണ്ടാൽ തെന്നിന്ത്യൻ ജനതയെ പോലെ തോന്നിപ്പിക്കുന്ന ശരീര പ്രകൃതിയുള്ളവരാണ് ബലൂഷികൾ. കൃഷിയും മത്സ്യബന്ധനവുമാണ് പ്രധാന തൊഴിൽ. സിന്ധിലേക്ക് കുടിയേറിയത് പോലെ തന്നെ 1921 ന്ന് മുമ്പും പിമ്പുമായി കുറെയധികം ബലൂഷികൾ അറബ് നാടുകളിലും കുടിയേറിയിരുന്നു.
ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്ക് മുമ്പ് ഗൾഫ് രാജ്യങ്ങളിൽ കുടിയേറിയ ഇറാനിലെ ഷിയാ വിഭാഗങ്ങളിൽ നിന്നുള്ളവർ അതാത് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ ആയിത്തീർന്നുവെങ്കിലും ഏതാണ്ട് അടുത്ത കാലങ്ങളിലായി ബലൂചിസ്ഥാനിൽ നിന്ന് കുടിയേറിയ ബലൂഷികളിൽ കുറേ പേർക്ക് ഇവിടങ്ങളിൽ പൗരത്വം ഇന്നും ലഭ്യമായിട്ടില്ല. ഇവരാണ് ഗൾഫ് നാട്ടിലെ പാസ്സ്‌പോർട്ട് ‘രഹിത’ർ അഥവാ ബിദൂനികൾ.
സർക്കാർ ഔദ്യോഗിക കണക്ക് ഒരിക്കലും പുറത്ത് വിട്ടിട്ടില്ലെങ്കിലും എമിറേറ്റ്സിലാകെ ഒരു ലക്ഷം ബിദൂൻ ജനസംഖ്യ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കുവൈത്തിൽ മാത്രം ഒരു ലക്ഷത്തി ഇരുപത്തി അയ്യായ്യിരം ബിദൂനികൾ ഉണ്ടെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. ചെറുതല്ലാത്ത ബിദൂൻ ജനസംഖ്യ ബഹ്‌റൈൻ, ഖത്തർ, ഒമാൻ, സൗദി അറേബ്യ രാജ്യങ്ങളിലും ഉണ്ടെന്നാണ് അറിവ്. എല്ലാ രാജ്യങ്ങളിലും ബിദൂനികൾക്ക് പാസ്പോർട്ട് ഒഴിച്ചു മറ്റു പൗരന്മാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും കുവൈത്തും യു എ ഇ യും ബിദൂനികൾക്ക് കൂടുതൽ പരിഗണന നൽകുന്നുണ്ട്.
യു എ ഇ യിലെ ബിദൂനികളിൽ ഏറെ പേർ താമസിച്ചിരുന്നത് സത്വ ഭാഗത്ത് ആയിരുന്നു. സത്വ യിലെ ഭൂമിക്ക് പൊന്നുംവിലയായപ്പോൾ അൽ ഖൂസ് ഭാഗത്തേക്ക് മാറി താമസിച്ചു. ഖിസൈസ് പ്രദേശവും നേരത്തെ ബിദൂനികളുടെ ഭൂരിപക്ഷ മേഖലയായിരുന്നു. ഇവിടെയുള്ളവർക്കും കുറച്ചു മാറിയുള്ള ഊദ് അൽ മത്തീന ഭാഗത്ത് സർക്കാർ ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള വില്ലകൾ വെച്ചു നൽകി താമസം അങ്ങോട്ട് മാറ്റിപ്പാർപ്പിച്ചു. ദുബൈയെ കൂടാതെ അജ്‌മാൻ, ഉമ്മ് അൽ ഖുവൈൻ, റാസ്‌ അൽ ഖൈമ എമിറേറ്റുകളിലും ബിദൂനികളുടെ നല്ലൊരു ശതമാനം പേർ താമസിച്ചു വരുന്നു.
യു എ യിൽ നേരിട്ട് പരിചയമുള്ള പല ബിദൂനികളുമുണ്ട്. ദുബായ് ഡ്രൈവിംഗ് സെന്ററിൽ എന്റെ ഇൻസ്ട്രക്ടർ ആയിരുന്ന സാലേം ബിദൂൻ ആയിരുന്നു, നല്ലൊരു സുഹൃത്തും. ഉമ്മുൽ ഖുവൈനിലെ ജീവിതകാലത്ത് കുറെയേറെ ബലൂഷി സുഹൃത്തുക്കളും ഉണ്ടായിരുന്നു. ബലൂഷി യാണ് മാതൃഭാഷയെങ്കിലും അറബി സ്‌കൂളിലെ പഠനം വഴി നന്നായി അറബി സംസാരിക്കുന്നവരാണ് ബലൂഷികൾ. ബലൂഷി ഉറുദു സംസാരിക്കുന്നതിലൂടെ ഇന്ത്യക്കാരോടും നല്ല ബന്ധം പുലർത്തുന്നു.
1921 ന്ന് മുമ്പ് രാജ്യത്ത് എത്തിച്ചേർന്നവരും തിരിച്ചൊരിക്കലും മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാത്തവരുമായ ബലൂഷി കുടുംബാംഗങ്ങൾക്ക് യു എ ഇ പൗരത്വം ആദ്യം തന്നെ നൽകിയിട്ടുണ്ട്. 2004 ൽ പിന്നെയും ആയിരത്തിലധികം കുടുംബങ്ങൾക്ക് പൗരത്വം നൽകി. പൗരത്വമോ പാസ്പോർട്ടോ ഇല്ലാത്ത ബിദൂനികൾക്കും സൗജന്യ ആരോഗ്യ പരിരക്ഷ, സൗജന്യ വിദ്യഭ്യാസം, പാർപ്പിടം, സർക്കാർ ജോലി തുടങ്ങി എല്ലാ ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുണ്ട്. ഇമറാത്തി ഐ ഡി യോ പാസ്പോർട്ടോ ഇല്ലാതെ തന്നെ ഡ്രൈവിംഗ് ലൈസൻസ് നേടാനും സാധിക്കും. ലൈസൻസിലെ രാജ്യം എന്ന കോളത്തിൽ ‘bidoon’ എന്നായിരിക്കും ചേർത്തിരിക്കുക.
ഇതിനിടയ്ക്ക് ആഫ്രിക്കൻ രാജ്യമായ കോമോറസുമായി യു എ ഇ, കുവൈത്ത് സർക്കാരുകൾ ഒരു പൗരത്വ കരാർ ഉണ്ടാക്കി. കാശ് കൊടുത്ത് പൗരത്വം വാങ്ങുന്ന ഏർപ്പാടായിരുന്നു അത്. 8 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചു ആഫ്രിക്കൻ ദ്വീപ് രാജ്യമാണ് കോമോറോസ്. രാജ്യത്തിന്റെ അടിസ്ഥാന പുരോഗതിക്ക് പുരോഗതിക്ക് വേണ്ടി മില്ല്യൺ യൂറോസ് യു എ ഇ സർക്കാർ സഹായമായി നൽകി. ഇത് വഴി 40,000 യു എ ഇ നിവാസികളായ ബിദൂനികൾക്ക് കോമോറോസ് പൗരത്വം നൽകാനായി 200 മില്ല്യൺ യൂറോ കൊമോറോസിന് യു എ ഇ നൽകി. അങ്ങനെ പൗരത്വമിലാത്തവരെ സഹായിക്കാൻ പൗരത്വം വില കൊടുത്ത് വാങ്ങി യു എ ഇ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കോമോറോസിൽ ജനിക്കാത്ത, അവിടത്തെ ഭാഷ അറിയാത്ത, അവിടത്തെ ഭക്ഷണം, ജീവിത രീതി, സംസ്കാരം ഒന്നുമറിയാതെ, എന്തിന് ഒരിക്കൽ പോലും കോമോറോസ് രാജ്യം സന്ദർശിക്കാത്ത നാല്പതിനായിരം പേർക്ക് യു എ ഇ യിലെ കോമോറോസ് എംബസിയിൽ നിന്ന് പാസ്പോർട്ട് പതിച്ചു കിട്ടി. ഏത് രാജ്യത്തേക്കും എപ്പോൾ വേണമെങ്കിലും പറക്കാനായി ഒരു ഔദ്യോഗിക പൗരത്വ സർട്ടിഫിക്കറ്റ്.
1971 ന്ന് ശേഷം രാജ്യം വിട്ടു പോകാത്ത, അറബി പരിജ്ഞാനമുള്ള, യാതൊരു വിധ പോലീസ് കേസുകളിലും ഉൾപ്പെടാത്ത കുടുംബത്തെ നോക്കിയാണ് 2004 ൽ പൗരത്വം നൽകിയത് എന്ന ആശ്വാസത്തിൽ വിദൂരമല്ലാത്ത ഭാവിയിൽ പൗരത്വം സ്വപ്നം കണ്ടു ഇമറാത്തി പൗരന്മാരിലൊരാളായി ‘പൗരത്വമില്ലാത്ത പൗരന്മാരും’ ഇവിടങ്ങളിൽ ജീവിച്ചു വരുന്നു.
– സിദ്ദീഖ് പടപ്പിൽ
ചിത്രത്തിന് കടപ്പാട് – എമറാത്തി ദേശിയ ദിനം ആഘോഷിക്കുന്ന ബിദൂൻ കുട്ടികൾ
Advertisements