മികവുറ്റ കാഴ്ചകളായി മാറേണ്ട പല ഘടകങ്ങളെയും ഒരു ടിപ്പിക്കൽ വിജയ് സിനിമയ്ക്കുള്ളിൽ മുക്കിക്കളഞ്ഞു നശിപ്പിച്ചു

0
321

ബിഗിൽ : ഫുട്ബോൾ മെരിച്ചു, അണ്ണൻ കൊന്നു…!

ഏസ്ത്തെറ്റിക്സ് ഇല്ലാത്ത വിജയ് സിനിമകൾ ഒഴിവാക്കി ഏസ്ത്തെറ്റിക്സ് കരകവിഞ്ഞൊഴുകുന്ന വിജയ്സിനിമ കേരളത്തിൽ വിതരണത്തിന് എടുത്ത പൃഥ്വിരാജിനും ഫ്ലെക്സ് ഒഴിവാക്കി പരിസ്ഥിതിയെ രക്ഷിക്കാൻ ശ്രമിച്ച വിജയ് ഫാൻസിനെ ഫ്ലെക്സ് അടിച്ചു അഭിനന്ദിച്ച പ്രമുഖ പാരലൽ വേൾഡ് ഫാൻസിനും വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാൻ അഭ്യർത്ഥിക്കുന്നു.

ഒരു ശരാശരി സ്പോർട്സ് സിനിമയുടെ സകലമാന ക്ളീഷേകളും ഉൾക്കൊള്ളുന്നു എന്നതുമാത്രമല്ല ബിഗിലിന്റെ പോരായ്മ. ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ മികവുറ്റ കാഴ്ചകളായി മാറേണ്ട പല ഘടകങ്ങളെയും ഒരു ടിപ്പിക്കൽ വിജയ് സിനിമയ്ക്കുള്ളിൽ മുക്കിക്കളഞ്ഞു നശിപ്പിച്ചു എന്നതു കൂടിയാണ്…!

“വിജയ് എന്ന താരത്തെ ഇങ്ങനെയൊക്കെ കാണിച്ചു വെച്ചാലേ പ്രേക്ഷകന് ഇഷ്ടപ്പെടൂ” എന്ന ചിന്തമൂലം പ്രേക്ഷകനെ ഒരിക്കൽകൂടി അണ്ടർഎസ്റ്റിമേറ്റ് ചെയ്യുന്ന സംവിധായകനെ ബിഗിലിലും കാണാം.

കത്തിയിലും തുപ്പാക്കിയിലും വിജയ് എന്ന താരത്തെയും നടനെയും മുരുകദോസ് എന്ന സംവിധായകൻ എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കണ്ടു മനസ്സിലാക്കാൻ അറ്റ്‌ലി ശ്രമിക്കുന്നത് നന്നായിരിക്കും.

ഇന്ത്യക്കാർക്ക് കോച്ചിംഗ് കൊടുത്ത് ഷാരൂഖ്ഖാനും അമീർ ഖാനും പണ്ടേ കപ്പ് വാങ്ങിയതുകൊണ്ടും ഇന്ത്യയ്ക്ക് കപ്പ് നേടി കൊടുക്കുന്നതിലും നല്ലത് തമിഴ്നാടിന് കപ്പ് നേടിക്കൊടുക്കുന്നതാണ് എന്നതുകൊണ്ടും വിജയ് അണ്ണന്റെ കളി ഇന്റർനാഷണൽ ലെവലിലേക്ക് പോയില്ല എന്നതോർത്ത് ആശ്വസിക്കാം.

തെറിയിലൂടെ മലയാളഭാഷയെയും മെർസലിലൂടെ മാജിക് എന്ന കലയെയും കൊല്ലാക്കൊല ചെയ്ത അറ്റ്ലിയും വിജയ് അണ്ണനും ഇത്തവണ കൊന്നു കൊലവിളിക്കുന്നത് ഫുട്ബോൾ എന്ന ലോകംകണ്ട ഏറ്റവും വലിയ കായികഇനത്തെയാണ്.

ഹൈസ്കൂൾ പഠനകാലത്തോട് കൂടി വംശനാശം സംഭവിക്കുന്ന സ്പൂണിൽ നാരങ്ങാ പിടുത്തം, ചാക്കിൽ കയറി ചാട്ടം, പുളിങ്കുരു കളി, അക്ക് കളി, ഈർക്കിൽ കളി തുടങ്ങിയ കായിക ഇനങ്ങളിൽ പലരും പരീക്ഷിച്ചു വിജയിച്ച പലവിധം ടെക്നിക്കുകൾ തന്നെയാണ് സ്റ്റേറ്റ് ലെവൽ ഫുട്ബോൾ ടീം കോച്ച് എന്ന നിലയിൽ വിജയ് അണ്ണനും പയറ്റുന്നത് എന്നത് അഭിനന്ദനാർഹമാണ്.

ഒരൊറ്റ സീസണിൽ 28 ഗോൾ തുരുതുരെ അടിച്ച പഴയ പ്ലെയർ കൂടിയായ അണ്ണൻ കോച്ചിങ് കൊടുക്കുന്ന ടീം കളിക്കുമ്പോൾ ഗ്രൗണ്ടിൽ മരിച്ചു വീഴുന്നത് ഫുട്ബോൾ നിയമങ്ങൾ മാത്രമല്ല, അടിസ്ഥാന ഗുരുത്വാകർഷണ-ചലന നിയമങ്ങൾ കൂടിയാണ്.

പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അണ്ണനെ പ്രേമിക്കുന്ന നായിക, ലോജിക്കില്ലായ്മ, തലയിൽ ചേരാത്ത വിഗ്, ഓവർ ആക്ടിങ്, തല ചരിച്ച് ചാട്ടം, കോക്രി വിടൽ, ഹസ്തമുദ്ര, നിതംബത്തിൽ പിടിക്കൽ, അണ്ണൻ പാസം, അപ്പൻ പാസം, തങ്കച്ചി പാസം, അനിയൻ പാസം, തമിഴ്നാട് പാസം തുടങ്ങിയ പഴയ വ്യത്യസ്തതകൾക്കൊപ്പം സ്ത്രീ ശാക്തീകരണം, ഇയാം വെയ്റ്റിംഗ് ഒഴിവാക്കൽ, വ്യവസായികളെ അവഗണിക്കൽ എന്ന പുതുപുത്തൻ വ്യത്യസ്തതയും അണ്ണൻ ഇത്തവണ പയറ്റുന്നുണ്ട്.

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ ഗുണ്ടാത്തലവൻ വില്ലൻ മുതൽ തുരുമ്പുപിടിച്ച കത്തിയുമായി ലക്ഷ്വറി കാറിൽ വന്നിറങ്ങുന്ന ലോക്കൽ വില്ലൻ വരെ ലോഡ് കണക്കിന് വില്ലൻമാർക്കും സിനിമയിൽ പഞ്ഞമില്ല.

അസുരനിലെ ധനുഷിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നിച്ചില്ലെങ്കിലും രായപ്പൻ എന്ന അച്ഛൻ കഥാപാത്രമായുള്ള വിജയുടെ മേക്കോവർ നന്നായി തന്നെ അനുഭവപ്പെട്ടു.

യോഗ്യതയ്ക്കും കഴിവിനും മുഖത്തിന്റെ ആവശ്യമില്ല എന്ന ബോധവും പ്രതികാരം എന്നത് തലമുറകളിലൂടെ പകരേണ്ട രോഗമല്ല എന്ന ആശയവും സിനിമയിൽ തരക്കേടില്ലാതെ തന്നെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

സമീപകാലത്തായി ബോംബുകൾ മാത്രം തിരഞ്ഞുപിടിച്ച് തല വെയ്ക്കുന്ന നയൻതാര ഒരിക്കൽ കൂടി പതിവ് ആവർത്തിച്ചു. ഓവറാക്റ്റിംഗിൽ പലയിടങ്ങളിലും നായകനൊപ്പം നിൽക്കാനും സാധിച്ചിട്ടുണ്ട്.

യോഗിബാബു, കതിർ, വിവേക്, ജാക്കി ഷ്റോഫ് എന്നിവർക്കൊപ്പം ടീമിലെ ഭൂരിഭാഗം പെൺകുട്ടികളും തങ്ങൾക്ക് കിട്ടിയ വേഷം നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

റഹ്മാന്റെ സംഗീതത്തെയും പശ്ചാത്തലസംഗീതത്തെയും അതിഗംഭീരം എന്നു തന്നെ വിശേഷിപ്പിക്കാം. സിങ്കപ്പെണ്ണേ, മാതരെ തുടങ്ങിയ ഗാനരംഗങ്ങളിൽ മാത്രമാണ് സിനിമയുടെ ഗ്രാഫ് പറയത്തക്കവണ്ണം ഉയരുന്നത് എന്ന് പറയേണ്ടിവരും.

തെറിയിലും മെർസലിലും വരെ ഫലപ്രദമായി vfx ഉപയോഗിച്ച അറ്റ്ലി ഇത്തവണ പാവങ്ങളുടെ ജസ്റ്റിസ് ലീഗ് പിടിക്കാനാണോ 180 കോടി രൂപ ചിലവഴിച്ചത് എന്ന ന്യായമായ സംശയം ആർക്കും ഉണ്ടാവാം. സ്റ്റേഡിയത്തിലെ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളുടെ അതിപ്രസരണം മൂലം പ്രേക്ഷകന്റെ കണ്ണിലെ കോർണിയ കത്തിപ്പോയാലും അത്ഭുതപ്പെടാനില്ല.

ഒരു സ്പോർട്സ് സിനിമ എന്ന നിലയിൽ ചക്ക് ദേ ഇന്ത്യയോ ലഗാനോ പ്രതീക്ഷിച്ചല്ല അറ്റ്ലിയുടെ ബിഗിലിന് ടിക്കറ്റ് എടുത്തത് എന്നും ഒരു സ്പോർട്സ് സിനിമ എന്ന നിലയിൽ നട്പേ തുണയോ കനായോ തന്ന സംതൃപ്തി പോലും ബിഗിലിനു തരാൻ കഴിഞ്ഞില്ല എന്നും പറഞ്ഞുകൊണ്ട് നിർത്തുന്നു.

ആകെത്തുകയിൽ ബിഗിൽ നൽകുന്നത് ശരാശരിയിൽ താഴെ നിൽക്കുന്ന തീയറ്റർ അനുഭവം മാത്രമാണ്.

റേറ്റിംഗ് : 2/5

വാല് : ബിഗിൽ കാണുന്നതിനും മുൻപേ തന്നെ കൈതി കണ്ടിരുന്നു.

കാത്തിരിക്കുന്നത് തളപതി 64ന് വേണ്ടിയല്ല, ലോകേഷ് കനകരാജ് എന്ന സംവിധായകനെ മൂന്നാമത്തെ സിനിമയ്ക്ക് വേണ്ടിയാണ്…!

അറ്റ്ലീക്ക് സംഭവിച്ചത് ലോകേഷിന് സംഭവിക്കാതിരിക്കട്ടെ..!

വാലിന്റെ അറ്റം : തകർന്നിരിക്കുന്ന ഷാരൂഖ് ഖാനെ എന്നെന്നേക്കുമായി ഫീൽഡ്ഔട്ട്‌ ആക്കാൻ അറ്റ്ലീയെ അനുവദിക്കരുത്.

നന്ദി.

 

(കടപ്പാട്)