ഇന്ത്യന്‍ സൈന്യത്തിലെ ബിഹാര്‍ റെജിമെന്റ്, ഘാതക് പ്ലറ്റൂണ്‍ സേനകൾ എന്താണ്?⭐

അറിവ് തേടുന്ന പാവം പ്രവാസി

✨ബിഹാര്‍ റെജിമെന്റ്:

പട്‌നയിലെ ധാനപുര്‍ കന്റോണ്‍മെന്റിലാണ് ബിഹാര്‍ റെജിമെന്റല്‍ സെന്റര്‍ (ബിആര്‍സി). രാജ്യത്തെ ഏറ്റവും പഴക്കമുള്ള കന്റോണ്‍മെന്റ് ആണിത്. ഇന്ത്യന്‍ നാവികസേനയുടെ ഏക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ ബിഹാര്‍ റെജിമെന്റിന്റെ ഭാഗമാണ്. ഈ റെജിമെന്റിന്റെ ചരിത്രം ബ്രിട്ടിഷ് ഇന്ത്യന്‍ ആര്‍മിയിലാണ് ആരംഭിക്കുന്നത്. 1757 ല്‍ ലോര്‍ഡ് ക്ലൈവ് ബിഹാറിലെ ഭോജ്പുര്‍ ജില്ലയില്‍നിന്നുള്ള യോദ്ധാക്കളെ ഉള്‍പ്പെടുത്തി 34 സിപോയ് ബറ്റാലിയന്‍ പട്‌നയില്‍ രൂപീകരിച്ചു.

പിന്നീടു മറ്റു ജില്ലകളില്‍നിന്നുള്ളവരെ കൂടി ഇതില്‍ ഉള്‍പ്പെടുത്തി. ഇവരുടെ പോരാട്ടവീര്യം 1760-63 കാലയളവില്‍ ബംഗാള്‍ നവാബായിരുന്ന മിര്‍ കാസിമിനെ ആകര്‍ഷിച്ചു. പാശ്ചാത്യ യുദ്ധതന്ത്രങ്ങള്‍ അറിയുന്നവരെ ഉള്‍പ്പെടുത്തി അദ്ദേഹം ഒരു യൂണിറ്റ് സജ്ജമാക്കി.ചിലയവസരങ്ങളില്‍ ബ്രിട്ടിഷുകാരെ പരാജയപ്പെടുത്താന്‍ മിർ കാസിമിനു കഴിഞ്ഞു. തുടര്‍ന്ന് ബംഗാള്‍ ഇന്‍ഫെന്ററിയുടെ നെടുംതൂണായി ബിഹാറി, പര്‍ബിയ പോരാളികള്‍ മാറി. മികച്ച പോരാളികള്‍ എന്നതിനപ്പുറം യുദ്ധതന്ത്രങ്ങള്‍ വേഗത്തില്‍ പഠിച്ചെടുത്തു നടപ്പാക്കുന്നതിലും ഇവര്‍ മുന്നിലായിരുന്നു.

പശുവിന്റെയും, പന്നിയുടെയും കൊഴുപ്പു പുരട്ടിയ വെടിയുണ്ടകള്‍ അവതരിപ്പിച്ചതിനെ എതിര്‍ത്ത് 1857 സൈനികര്‍ നടത്തിയ വിപ്ലവത്തെ മുന്നില്‍നിന്നു നയിച്ചത് ബിഹാറി ട്രൂപ്പുകളായിരുന്നു. ഇതോടെ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഇവരെ സൈന്യത്തിലെടുക്കാന്‍ ബ്രിട്ടിഷുകാര്‍ വിമുഖത കാട്ടി.1941-ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് പതിനൊന്നാം ബറ്റാലിയന്‍, 19 ഹൈദരാബാദ് ബറ്റാലിയന്‍ എന്നിവ പുനഃക്രമീകരിച്ചാണ് ബിഹാര്‍ റെജിമെന്റ് ഒന്നാം ബറ്റാലിയന്‍ രൂപീകരിച്ചത്. തൊട്ടടുത്ത വര്‍ഷം രണ്ടാം ബറ്റാലിയനും രൂപീകരിച്ചു.

ബര്‍മയിലായിരുന്നു റെജിമെന്റിന്റെ ആദ്യ ദൗത്യം. തുടര്‍ന്ന് 1947-ലെ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്തു. 1965-ല്‍ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ ബെദൗരി, ഹാജി പിര്‍ പാസ് എന്നിവ പിടിച്ചത് ബിഹാര്‍ റെജിമെന്റാണ്. 1971-ല്‍ ഇന്ത്യയും, പാക്കിസ്ഥാനും തമ്മില്‍ വീണ്ടും യുദ്ധമുണ്ടായപ്പോള്‍ റെജിമെന്റില്‍ 11 ബറ്റാലിയനുകളായി. പാക്ക് സൈനികര്‍ ബര്‍മയിലേക്കു രക്ഷപ്പെടാതിരിക്കാന്‍ കടലിലൂടെ ആക്രമണം നടത്തിയത് ബിഹാര്‍ റെജിമെന്റ് സൈനികരാണ്. 1999-ല്‍ കാര്‍ഗിലില്‍ നിയന്ത്രണരേഖ കടന്ന് പാക്ക് സൈനികര്‍ ഇന്ത്യന്‍ മണ്ണിലെത്തിയപ്പോള്‍ ബിഹാര്‍ റെജിമെന്റിലെ പതിനായിരം സൈനികരെയാണ് കാര്‍ഗിലില്‍ വിന്യസിച്ചത്.

ജൂലൈ 6,7 തീയതികളില്‍ ബറ്റാലിക് മേഖലയില്‍ കടുത്ത പോരാട്ടത്തില്‍ പാക്ക് സൈന്യത്തെ തുരത്തി പോയിന്റ് 4268, ജുബൈര്‍ റിഡ്ജ് തുടങ്ങിയ മേഖലകള്‍ പിടിച്ചെടുത്തു. സൊമാലിയ, കോംഗോ എന്നിവിടങ്ങളില്‍ യുഎന്‍ സമാധാന സേനയുടെ ഭാഗമായും റെജിമെന്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സേനാ ബഹുമതികളും റെജിമെന്റിനെ തേടിയെത്തിയിട്ടുണ്ട്.

✨ഘാതക് പ്ലറ്റൂണ്‍:

ഇന്ത്യന്‍ സൈന്യത്തിലെ ഓരോ ഇന്‍ഫെന്ററി ബറ്റാലിയനിലും പ്രത്യേകമായി സജ്ജമാക്കുന്നതാണ് ഘാതക് പ്ലറ്റൂണ്‍. ജനറല്‍ ബിപിന്‍ ചന്ദ്ര ജോഷിയാണ് ഈ പേര് നല്‍കിയത്. ശത്രുക്കള്‍ക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിടാന്‍ പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ആണിവര്‍. യുഎസ് മറീൻ കോറിലെ സ്‌കൗട്ട് സ്നൈപർ പ്ലറ്റൂണ്‍, എസ്ടിഎ പ്ലറ്റൂണ്‍ എന്നിവയ്ക്കു സമാനമാണിത്. ശക്തരായ 20 കമാന്‍ഡോമാര്‍, ഒരു കമാന്‍ഡിങ് ക്യാപ്റ്റന്‍, രണ്ട് നോണ്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍, സ്നൈപർ ടീമുകള്‍, ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍, റേഡിയോ ഓപ്പറേറ്റര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഒരു ഘാതക് പ്ലറ്റൂണ്‍. മികച്ച കായികക്ഷമതയും, കരുത്തുമുള്ളവരെ പ്രത്യേകം തിരഞ്ഞെടുത്തു കഠിനമായ പരിശീലനത്തിലൂടെയാണ് പ്ലറ്റൂണ്‍ രൂപീകരിക്കുന്നത്.

കർണാടകത്തിലെ ബെലഗാവിയിൽ ആറാഴ്ച പ്രത്യേക പരിശീലനം നേടിയവരാണ് ‘ഘാതക്’ കമാൻഡോകൾ. കൊലയാളികളെന്നും, മരണകാരികളെന്നും അറിയപ്പെടുന്ന ഇവർക്ക് 35 കിലോഗ്രാം വരെ ഭാരം ചുമന്ന് 40 കിലോമീറ്റർ ദൂരം നിർത്താതെ ഓടാനുൾപ്പെടെയുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. ബിഹാർ, ഡോഗ്ര റജിമെന്റുകളിൽ നിന്നുള്ളവർ ഘാതക് കമാൻഡോകളിലുണ്ട്.ആയുധങ്ങളുപയോഗിച്ചുള്ള യുദ്ധമുറകൾക്കൊപ്പം ഇവർക്ക് കായികപോരാട്ടത്തിലും പരിശീലനം നൽകും. ഹെലികോപ്റ്റർ ആക്രമണം, മലനിരകളിലെ യുദ്ധം, പാറക്കെട്ടുകളിലൂടെയുള്ള കയറ്റം, അടുത്തുനിന്നുള്ള വെടിവെപ്പ് എന്നിവയിൽ വിദഗ്ധരാണ്.ഒരു ഘാതക് പ്ലാറ്റൂണിലെ 20 പോരാളികളിൽ ക്യാപ്റ്റൻ, രണ്ട് നോൺ കമ്മിഷൻഡ് ഓഫീസർമാർ, ഗണ്ണേഴ്സ് എന്നിവരും ആക്രമണ സൈനികരുമടങ്ങുന്നതാണിവർ. പുറത്തു തൂക്കുന്ന ബാഗിൽ കയറും, പാറക്കെട്ടുകൾ കയറാനും, രാത്രി കാഴ്ചയ്ക്കുമുള്ള ഉപകരണങ്ങളും, റോക്കറ്റ് ലോഞ്ചറുകളും, ഗ്രനേഡും അടക്കമുള്ളവയുമായാണ് സഞ്ചാരം.ഉറി ഭീകരാക്രമണത്തിനുശേഷം പാകിസ്താനിൽ നടത്തിയ മിന്നലാക്രമണത്തിലും, കാർഗിൽ യുദ്ധ കാലത്തുമുൾപ്പെടെ ഇവരുടെ സേവനം ഉപയോഗിച്ചിട്ടുണ്ട്.

Leave a Reply
You May Also Like

പരുന്തു സഞ്ചരിച്ച വഴികൾ !

Baijuraj Sasthralokam പരുന്തു സഞ്ചരിച്ച വഴികൾ ! . 2019 ഇൽ സൗദി അറേബ്യയിലെ ജിസാൻ…

കണ്ണില്‍ കൂടി ആർത്തവ രക്തം വരുമോ ?

കണ്ണില്‍ കൂടി ആർത്തവ രക്തം വരുമോ ? അറിവ് തേടുന്ന പാവം പ്രവാസി കണ്ണില്‍ കൂടി…

എന്തുകൊണ്ടാണ് വ്യത്യസ്ത വാഹനങ്ങൾ ഓടിക്കുന്ന വ്യക്തികളെ ഡ്രൈവര്‍, പൈലറ്റ്, ക്യാപ്റ്റന്‍ എന്നിങ്ങനെ വ്യത്യസ്തമായ പേരുകള്‍ വിളിക്കുന്നത് ?

എന്തുകൊണ്ടാണ് വ്യത്യസ്ത വാഹനങ്ങൾ ഓടിക്കുന്ന വ്യക്തികളെ ഡ്രൈവര്‍, പൈലറ്റ്, ക്യാപ്റ്റന്‍ എന്നിങ്ങനെ വ്യത്യസ്തമായ പേരുകള്‍ വിളിക്കുന്നത്…

ആണിനാണോ പെണ്ണിനാണോ സൗന്ദര്യം കൂടുതൽ ?

മിക്കവാറും ജന്തുജാലങ്ങളിലെ ആണിനെ കൂടുതൽ മനോഹരമായി കാണുന്നതിന് കാരണം, ചുരുക്കി ഒറ്റവാക്കിൽ…., തൻ്റെ ഇണയാൽ തിരഞ്ഞെടുക്കപ്പെടാൻ വേണ്ടിയുള്ള കടുത്ത മത്സരം അവർക്കിടയിൽ നടക്കുന്നത് കൊണ്ടാണ്! എന്ന് പറയാം