ബംഗ്ലാദേശിലെ ബീഹാറികളും ജനീവാ ക്യാമ്പും

0
74
സിദ്ദീഖ് പടപ്പിൽ
ബംഗ്ലാദേശിലെ ബീഹാറികളും ജനീവാ ക്യാമ്പും
“എനിക്ക് 32 വയസ്സായി, ഞാൻ ജനിച്ചതും വളർന്നതും ഇന്നും ജീവിക്കുന്നതും ഈ ഇടുങ്ങിയ വീട്ടിൽ തന്നെ. വളരെയധികം അസൗകര്യങ്ങൾക്കും ശുചിത്വമില്ലായ്മയിലും ജീവിക്കുന്ന ഞങ്ങളുടെ അവസ്ഥ അറിയാനോ മനസ്സിലാക്കാനോ ഒരു സർക്കാർ ഉദ്യോഗസ്ഥനോ ആരോഗ്യ മേഖലയിൽ നിന്ന് ഒരാളെങ്കിലും ഇന്ന് വരെ ഞങ്ങളുടെ ഈ ക്യാമ്പിൽ എത്തിയിട്ടില്ല. ഞങ്ങൾ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നത് അവർക്കൊരു വിഷയമേയല്ല” ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ജനീവ ക്യാമ്പിൽ നിന്ന് ഫാത്തിമ ഖാത്തും ഇത് പറയുമ്പോൾ വിതുമ്പുകയായിരുന്നു.
ഇത് ഒരു ഫാത്തിമയുടെയോ റുക്‌സാനയുടയോ മാത്രം കഥയല്ല. ധാക്കയിലെ ജനീവ അഭയാർത്ഥി ക്യാംപിൽ മാത്രം നാല്പത്തിയയ്യായിരം ആളുകൾ ഇതേ അവസ്ഥയിൽ കഴിയുന്നുണ്ട്. ധാക്കയെ കൂടാതെ രാജ്യത്തിന്റെ പല പ്രദേശങ്ങളിലായി ഇത് പോലെ പതിനാറോളം അഭയാർത്ഥി ക്യാമ്പുകളിലായി അഞ്ച് ലക്ഷത്തോളം രണ്ടാം പൗരന്മാർ അഥവാ ‘കുടുങ്ങിപ്പോയ പാക്കിസ്ഥാനികൾ’ ബംഗ്ലാദേശ് രാജ്യത്ത് താമസിക്കുന്നുണ്ടുവത്രെ. മതിയായ ശുദ്ധജലത്തിന്റെ കുറവ്, ഗ്യാസ് കണക്ഷൻ ഇല്ലാത്ത പ്രശ്നങ്ങൾ, നല്ല വിദ്യാഭ്യാസം കിട്ടാത്തത് തുടങ്ങി നിരവധി സാമൂഹ്യ പ്രശ്നങ്ങൾ ഇവർ നേരിടുന്നുണ്ട്.
ബംഗ്ളാദേശിലെങ്ങിനെയാണ് പാക്കിസ്ഥാനികൾ അഭയാർത്ഥി ആയത് എന്നറിയണമെങ്കിൽ കുറച്ചു വർഷങ്ങൾ പിറകിലോട്ട് സഞ്ചരിക്കേണ്ടി വരും. ഇന്ത്യയ്ക്ക് സ്വാന്തത്ര്യം കിട്ടുകയും പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ട 1947 ലെ ആഗസ്റ്റ് മാസത്തിലേക്ക്. മതാടിസ്ഥാനത്തിൽ പാക്കിസ്ഥാൻ രൂപം കൊണ്ടപ്പോൾ ഇരുഭാഗത്തേയ്ക്കും ആളുകളുടെ ഒഴുക്ക് തന്നെയുണ്ടായി. പാക്കിസ്ഥാൻ എന്ന രാജ്യത്തിനായി ലഭിച്ച രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലേക്ക് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുസ്‌ലിം മത വിശ്വാസികൾ ചേക്കേറിയപ്പോൾ പാക്കിസ്ഥാൻ ഭൂമിയിൽ നിന്ന് അതിനേക്കാൾ അധികം ഹിന്ദു വിശ്വാസികളും ഇന്ത്യയിലേക്ക് ചേക്കേറി. ഇന്ത്യ മതനിരപേക്ഷ രാജ്യമായി നിലനിൽക്കുമെന്ന് പ്രഖ്യാപിച്ചത് കാരണം പാക്കിസ്ഥാൻ ഭൂമിയിലേക്ക് കുടിയേറി പോയതിന്റെ അത്രയും മുസ്ലിം ജനങ്ങൾ ഇന്ത്യയിൽ തുടർന്നു. ഏത് മത വിശ്വാസികൾക്കും അവരവർ അന്ന് ജീവിക്കുന്ന ഭൂമിയിൽ തുടരാനുള്ള നിയമനിർമ്മാണമാണ് നിലവിൽ ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ മുസ്ളീം മത വിശ്വാസത്തിന് മുൻഗണന നൽകിയ പാക്കിസ്ഥാൻ എന്ന രാജ്യത്ത് തന്നെ തുടരാൻ നിരവധി ഹിന്ദു വിശ്വാസികൾ തയ്യാറായി.
ഇന്ത്യയുടെ പശ്ചിമ ഭാഗത്ത് രൂപം കൊണ്ട വെസ്റ്റ് പാക്കിസ്ഥാനും കിഴക്ക് ബംഗാളിൽ വിഭജിച്ചു രൂപം കൊണ്ട ഈസ്റ്റ് പാക്കിസ്ഥാനുമായി ഐക്യ പാക്കിസ്ഥാൻ രൂപം കൊണ്ടപ്പോൾ യൂണിയൻ പ്രൊവിൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ നിന്നും പാറ്റ്നയിൽ നിന്നും മറ്റും ഒരുപാട് മുസ്ലിങ്ങൾ ഈസ്റ്റ് പാക്കിസ്ഥാനായി മാറിയ ഇന്നത്തെ ബംഗ്ളാദേശിലേക്ക് കുടിയേറി. അന്നത്തെ ഇന്ത്യയിൽ ജീവിച്ചിരുന്ന ചുറ്റുപാടിൽ നിന്ന് മികച്ചൊരു ജീവിതം ലക്ഷ്യമാക്കി കുടിയേറിവരണാധികവും. ഉറുദുവായിരുന്നു അവരുടെ മാതൃഭാഷയെങ്കിലും ബീഹാറിന്റെ ചുറ്റുവട്ടങ്ങളിൽ നിന്ന് വന്നവരായത് കൊണ്ട് ബംഗ്ലാദേശിൽ അവർ ബീഹാറികൾ എന്ന് വിളിക്കപ്പെട്ടു. ഇന്ത്യയിൽ കൃഷിയും മറ്റു ചെറുകിട തൊഴിൽ മേഖലയിലും ജോലി ചെയ്തിരുന്ന ബീഹാറികൾക്ക് ബംഗ്ളദേശിൽ മികച്ച ജീവിത സാഹചര്യം ലഭിച്ചു. ഇവരിൽ കൂടുതൽ പേർക്കും റെയിൽവേ വകുപ്പിലാണ് ജോലി ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റെയിൽവേ സ്റ്റേഷനുകളിലും മറ്റുമായി ഇവർ രാജ്യത്താകമാനം വ്യാപിച്ചു കിടന്നു. ബാക്കിയുള്ളവരിൽ കുറേ പേര് ധാക്ക നഗരത്തിലെ വ്യാപാര മേഖലകളിലും സർക്കാർ ഉദ്യോഗങ്ങളിലും നിയമിതരായി. രണ്ട് പാക്കിസ്ഥാനിന്റെയും തലസ്ഥാനം അങ്ങ് കറാച്ചിയിലായിരുന്നുവല്ലോ. അത് കൊണ്ട് തന്നെ ഭരണ ഭാഷ ഉറുദുവും. ഇത് ബംഗാളി ഭാഷ സംസാരിക്കുന്നവരുടെ അവസരങ്ങൾ ബീഹാറികൾക്ക് ലഭിക്കാനുണ്ടായ കാരണങ്ങളിൽ ഒന്നാവാം. ഏതായാലും 1948 മുതൽ 1971 ലെ ബംഗ്ലാദേശ് വിമോചന സമരം ആരംഭിക്കുന്നത് വരെ യാതൊരു പ്രശ്നങ്ങളുമില്ലാതെ ബംഗാളി ഭൂരിപക്ഷ പ്രദേശത്ത് അവരിലൊരാളായി ബീഹാറികൾ എന്ന് വിളിക്കുന്ന ഉറുദു ഭാഷക്കാരും ജീവിച്ചു പോന്നു. എല്ലാം തകിടം മറിഞ്ഞത് 1971 ലെ ഇലക്ഷനിൽ മുജീബു റഹ്‌മാന്റെ പാർട്ടി ഇലക്ഷനിൽ വൻ ഭൂരിപക്ഷം നേടിയതോടെയാണ്.
ഇലക്ഷനിൽ ഭൂരിപക്ഷം മുജീബുറഹ്‌മാന്റെ പാർട്ടിക്ക് ലഭിച്ചുവെങ്കിലും പാക്കിസ്ഥാൻ സർക്കാർ അത് അംഗീകരിക്കാൻ തയ്യാറായില്ല. പിന്നീട് സാക്ഷ്യം വഹിച്ചത് രക്തച്ചൊരിച്ചിലിന്റെ നാളുകളായിരുന്നു. പാക്കിസ്ഥാനിൽ നിന്ന് വേർപെട്ട പ്രത്യേകരാജ്യത്തിനായി മുജീബു റഹ്‌മാന്റെ അവാമി പാർട്ടിയും അണികളും തെരുവിലിറങ്ങി. ഇവരെ നേരിടാൻ പാക്കിസ്ഥാൻ സേനയും റസാക്കർ എന്ന് പേരുള്ള ഒളിപ്പോരാളികളും രംഗത്തിറങ്ങിയതോടെ ബംഗ്ളാദേശ് വിമോചന സമരം ഈസ്റ്റ് ബംഗ്ലാദേശിലെങ്ങും വ്യാപിച്ചു. നിരവധി അവാമി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതോടെ ഇന്ദിരാഗാന്ധി ഇടപെടുകയും സൈന്യത്തെ അയച്ചു പാക്കിസ്ഥാൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുകയും ചെയിതു. ഇന്ത്യൻ സേനയ്‌ക്കെതിരെ പിടിച്ചു നിൽക്കാൻ വയ്യാതെ ബംഗാളികളുടെ ആവശ്യം പരിഗണിച്ചു സതന്ത്ര രാഷ്ട്രമാക്കാമെന്ന കരാറിൽ പാക്കിസ്ഥാൻ പ്രസിഡന്റ് യഹ്‌യ ഖാൻ ഒപ്പ് വെച്ചു.
മുജീബു റഹ്മാൻ പ്രസിഡണ്ടായി പുതിയ ബംഗ്ലാദേശ് രാജ്യം അധികാരത്തിലേറിയതോടെ 1947 ൽ ഇന്ത്യയിലെ ഉറുദു മേഖലയിൽ നിന്ന് കുടിയേറിയ ‘ബീഹാറി’കളുടെ അവസ്ഥ ഏറെ ദുരിതത്തിലായി. പാക്കിസ്ഥാൻ സർക്കാരിനെ പിന്തുണച്ചിരുന്ന ഇവരിൽ ഭൂരിഭാഗം പേരും വെസ്റ്റ് പാകിസ്ഥാനിലെ കറാച്ചിയിലേക്കും സിന്ധിലെ മറ്റു നഗരങ്ങളിലേക്കും കുടിയേറി. പാക്കിസ്ഥാൻ അവരെയൊക്കെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ ഇത്തരം പറിച്ചു നടൽ സാധ്യമാവാത്ത പലരും ബംഗ്ലാദേശിൽ തന്നെ കഴിയാൻ നിര്ബന്ധത്തിത്തരായി. കുടുംബത്തിലെ ചില അംഗങ്ങൾ പാക്കിസ്ഥാനിലും ചിലർ ധാക്കയിലുമായി ബാക്കിയായ നിരവധി കുടുംബങ്ങൾ ഇവിടെയുണ്ട്. ആദ്യം ഒരു സംഘം പോയ ശേഷം പിന്നാലെ പോകാമെന്ന് കരുതിയ ആളുകളും പ്രായമായ അമ്മയെ വിട്ട് ഞാനില്ല നിങ്ങൾ പൊയ്ക്കോളൂ എന്ന് പറഞ്ഞു നിന്ന യുവാക്കളും പാക്കിസ്ഥാൻ എന്ന വിദൂര സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാൻ ആവശ്യമായ പണമില്ലാതെ ബാക്കിയാവരും ഒക്കെയാണ് ബംഗ്ളാദേശിൽ ബാക്കിയായത്. ബംഗ്ലാദേശ് രൂപീകരണത്തിന്റെ ആദ്യ മൂന്ന് വർഷങ്ങൾ പാക്കിസ്ഥാൻ ഇവരെ സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് ഇവർക്കായുള്ള വാതിൽ കൊട്ടിയടച്ചത് ബീഹാറികൾക്ക് തിരിച്ചടിയായി.
പാക്കിസ്ഥാനിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് ബീഹാറികൾക്ക് ശേഷം രാജ്യത്ത് ബാക്കിയായത് എഴുപത്തിയയ്യായിരം ബീഹാറികളായിരുന്നു. ഉറുദു സംസാരിക്കുന്ന ഈ വിഭാഗത്തെ ബംഗ്ളാദേശ് സർക്കാർ രണ്ടാം പൗരന്മാരായി കരുതി. വീടുകളും കിടപ്പാടങ്ങളും നഷ്ടപ്പെട്ട ബീഹാറികളെ താമസിപ്പിക്കാനായി രാജ്യത്തെങ്ങും ക്യാംപുകൾ നിർമ്മിക്കപ്പെട്ടു. വിമോചന സമരത്തിൽ പാക്കിസ്ഥാനിലെ ഭരണകൂടത്തെ പിന്താങ്ങിയവരോ സമരത്തിൽ പങ്കടുക്കാത്തവരോ ആയ ബീഹാറികളോടുള്ള ബംഗാളികളുടെ സമീപനം വളരെ മോശമായിരുന്നു. പാക്കിസ്ഥാനിലേക്ക് കുടിയേറാനാവാതെ ‘കുടുങ്ങിപ്പോയ പാക്കിസ്ഥാനികൾ’ എന്നർത്ഥത്തിൽ ‘അടക്കേ പോഡ പാക്കിസ്ഥാനി’ അല്ലെങ്കിൽ Stranded Pakistanis എന്ന് വിളിക്കുന്നത്.
1947 ൽ ഇന്ത്യയിൽ നിന്ന് കുടിയേറി പാക്കിസ്ഥാന്റെ പൗരന്മാരായി മാറി 24 വർഷങ്ങൾക്ക് ശേഷം ഒരു രാജ്യത്തിന്റെയും ഭാഗാമാവാൻ സാധിക്കാതെ ഒറ്റപ്പെട്ടു പോയ ജനവിഭാഗമാണ് ബംഗ്ളാദേശിലെ ബീഹാറികൾ. ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും ഒരു പൗരന്ന് ലഭിക്കേണ്ട അവകാശങ്ങൾ നേടിയെടുക്കാനും വേണ്ടി ഇന്ത്യയും ഐക്യരാഷ്ട്ര സംഘടനയും നിരവധി പ്രയത്നങ്ങൾ നടത്തിയെങ്കിലും ബംഗ്ലാദേശ് സർക്കാർ ഇവർക്കെതിരെ മുഖം തിരിച്ചു തന്നെ നിന്നു. ചെറുകിട കച്ചവടങ്ങളും കൂലിത്തൊഴിലുകളും നടത്തി കൊച്ചു കുടിലുകളിൽ ജീവിതം തള്ളി നീക്കുന്ന ഇവരുടെ സങ്കടം കേൾക്കാൻ പിൽക്കാലത്ത് പാക്കിസ്ഥാനിൽ അധികാരത്തിലേറിയ ഒരു നേതാക്കളും തയ്യാറായില്ല. എങ്കിലും 2002 ലെ ബംഗ്ളാദേശ് സന്ദർശന വേളയിൽ പ്രസിഡന്റ് പർവേസ് മുഷാറഫ്, ബീഹാറികളുടെ സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ഇവരുടെ അവസ്ഥ കണ്ടു പൊട്ടിക്കരയുകയും ഉണ്ടായി. ബീഹാറികളോട് സൗഹൃദപരമായി ഇടപെട്ട ഏക ഭരണാധികാരിയും മുഷാറഫ് മാത്രമായിരുന്നു. മുഷറഫിന്റെ ഇടപെടലോടെ 2003 ൽ ബീഹാറികൾക്ക് പൗരത്വം നൽകാൻ സർക്കാർ തയ്യാറായെങ്കിലും തിങ്ങി നിറഞ്ഞ കൊച്ചു കുടിലുകൾ നിറഞ്ഞ ക്യാമ്പിലെ ദുരിത ജീവിതത്തിൽ നിന്നും മറ്റു അവഗണയിൽ നിന്നും ‘ബംഗ്ളാദേശിലെ ബീഹാറികൾ’ ഇന്നും മോചിതരായിട്ടില്ല.

Advertisements