പെഗസസ് എന്ന പേര് വളരെ കുപ്രസിദ്ധമായിക്കൊണ്ടിരിക്കുകയാണല്ലോ, ഈ പേര് എവിടെനിന്നു വന്നു ?

0
271

Biji George

രാജ്യാന്തര തലത്തിൽ ഉന്നതരെ നിരീക്ഷിക്കാനായി ഫോണുകളിൽ ചാര സോഫ്റ്റ്​വെയറുകൾ സ്ഥാപിച്ച വിവാദത്തിൽ പെഗസസ് എന്ന പേര് വളരെ കുപ്രസിദ്ധമായിക്കൊണ്ടിരിക്കുകയാണല്ലോ. ഇസ്രയേലിലെ എൻ.എസ്.ഒ. എന്ന സോഫ്റ്റ്​വെയർ കമ്പനി വികസിപ്പിച്ച ചാര സോഫ്റ്റ്​വെയറാണു പെഗസസ്.
എന്നാൽ ഈ പേര് എവിടെ നിന്നു വന്നു?

ഗ്രീക്ക് ഐതിഹ്യങ്ങളിലെ ഒരു പറക്കും കുതിരയുടെ പേരാണ് പെഗസസ്.
ഗ്രീക്ക് ഐതിഹ്യപ്രകാരം സമുദ്രദേവനായ പൊസീഡണിന്റെയും മെഡൂസയുടെയും പുത്രനായാണ് പെഗസസിന്റെ ജനനം. സീയൂസ് ദേവന്റെ പുത്രിയായ അഥീനയുടെ ക്ഷേത്രത്തിലെ പുരോഹിതയായിരുന്നു മെഡൂസ. പൊസീഡൺ മെഡൂസയെ കാണുകയും ഇഷ്ടത്തിലാകുകയും ചെയ്തു. തുടർന്ന് മെഡൂസ ഗർഭവതിയായി.

എന്നാൽ വിവരമറിഞ്ഞ അഥീന ദേവി കോപിഷ്ഠയായി. പ്രമുഖ ദേവനായ പൊസീഡണിനെ ശിക്ഷിക്കാൻ അഥീനയ്ക്കു പരിമിതികളുണ്ടായിരുന്നു. അതിനാൽ ശിക്ഷ മുഴുവൻ മെഡൂസയ്ക്കു ലഭിച്ചു. പാമ്പുകൾ ഇഴകളായുള്ള മുടിയും വികൃതരൂപവുമുള്ള ഒരു സത്വമാകാൻ മെഡൂസയെ അഥീന ശപിച്ചു. ശാപം നടപ്പായി. സത്വമായി മാറിയ മെഡൂസയ്ക്ക് തന്റെ നോട്ടം കൊണ്ട് ആരെയും ശിലയാക്കി മാറ്റാൻ കഴിയുമായിരുന്നു.
ഇതിനിടയ്ക്ക് പെർസ്യൂസ് എന്ന ഗ്രീക്ക് വീരനായകൻ മെഡൂസയെ കൊലപ്പെടുത്താനായി പുറപ്പെട്ടു. അദ്ദേഹത്തിന്റെ കൈയിൽ പ്രത്യേകമൊരു പരിചയുണ്ടായിരുന്നു. മെഡൂസയുടെ കല്ലാക്കുന്ന നോട്ടത്തിൽ നിന്ന് ഇത് പെർസ്യൂസിനെ രക്ഷിച്ചു. താമസിയാതെ യുദ്ധത്തിൽ മെഡൂസയെ പെർസ്യൂസ് പരാജയപ്പെടുത്തി. മെഡൂസയുടെ തലയ്ക്കു നേരേ പെർസ്യൂസ് വാളോങ്ങി. അവളുടെ തല ഉടലിൽ നിന്നു വേർപ്പെട്ടു.
മെഡൂസയുടെ ഗർഭസ്ഥശിശുക്കൾ അവളുടെ മുറിഞ്ഞ കഴുത്തിലൂടെ ജന്മമെടുത്തെന്നാണ് ഐതിഹ്യം. ചിറകുകളുള്ള കുതിരയായ പെഗസസും, ചിറകുകളുള്ള കാട്ടുപന്നിയായ ക്രൈസോറുമായിരുന്നു ആ മക്കൾ. പെഗസസിനെ കടിഞ്ഞാണിട്ട പെർസ്യൂസ് സെരിഫോസിലെ തന്റെ ജന്മസ്ഥലത്തേക്ക് അവന്റെ പുറത്തേറി പോയി. പോകുന്ന വഴിക്ക് ആൻഡ്രൊമിഡ എന്ന ഗ്രീക്ക് നായികയെയും അദ്ദേഹം ഒരു സത്വത്തിൽ നിന്നു രക്ഷിച്ചു എന്നാണു കഥ.

കാലങ്ങൾക്കു ശേഷം പെഗസസ് ദേവലോകത്തിന്റെ ഭാഗമായി. അഥീനാദേവി കുതിരയെ മെരുക്കിയെടുത്ത് ഒളിംപസ് പർവതത്തിലെ ലായത്തിൽ തളച്ചു. ഹീലിയോസ്, പൊസീഡൺ, സീയൂസ് എന്നീ പ്രമുഖ ദേവൻമാർ പെഗസസിനെ പൂട്ടിയ രഥത്തിൽ യാത്ര ചെയ്തു. യുദ്ധസമയങ്ങളിൽ സീയൂസ് ദേവൻ പലപ്പോഴും യാത്ര ചെയ്യാനും ആയുധങ്ങൾ വഹിക്കാനും പെഗസസിനെ ഉപയോഗിച്ചിരുന്നു.
ബല്ലേറോഫോൺ എന്ന ഗ്രീക്ക് വീരനായകനുമായി ബന്ധപ്പെട്ടാണ് പെഗസസിന്റെ ഏറ്റവും പ്രശസ്തമായ കഥ. അക്കാലത്ത് ഭൂമിയിൽ കൈമെറ എന്ന ഒരു ഭീകരസത്വത്തിന്റെ ആക്രമണമുണ്ടായത്രേ. സിംഹത്തിന്റെയും ആടിന്റെയും ഉടലുകൾ കൂടിച്ചേർന്ന സത്വമായ കൈമെറ ഡ്രാഗണുകളെ പോലെ തീയൂതിയിരുന്നു. ഇതിനെ ഇല്ലാതാക്കാനുള്ള കടമ, ബെല്ലേറോഫോണിനു വന്നുചേർന്നു. നേർക്കു നേരെയുള്ള യുദ്ധത്തിൽ ഈ സത്വത്തെ വധിക്കുന്നത് നടക്കാത്ത കാര്യമാണെന്നു മനസ്സിലാക്കിയ ബെല്ലേറോഫോൺ, പെഗസസിനെ കിട്ടിയാൽ അവന്റെ പുറത്തേറി ആകാശയുദ്ധത്തിലൂടെ കൈമെറയെ ഇല്ലാതാക്കാമെന്നു കരുതി.

ഇതിനായി അദ്ദേഹം അഥീനാദേവിയെ പ്രാർഥിച്ചു. പ്രാർഥനയിൽ സംപ്രീതയായ അഥീന ബെല്ലേറോഫോണിനു മുന്നിൽ പ്രത്യക്ഷപ്പെട്ടശേഷം ഒരു സ്വർണക്കടിഞ്ഞാൺ നൽകി. പെഗസസിനെ മെരുക്കുന്നതിനുള്ള ഉപായങ്ങളും ദേവി അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു. പെഗസസ് നദിയിൽ വെള്ളം കുടിച്ചുകൊണ്ട് നിൽക്കവേ ബെല്ലേറോഫോൺ പിന്നിലൂടെയെത്തി അവനെ കടിഞ്ഞാണിട്ടു.
ഇതിനു ശേഷം പെഗസസിനു പുറത്തേറി ബെല്ലേറോഫോൺ കൈമറയെ നേരിടുകയും യുദ്ധം ജയിച്ച് സത്വത്തെ കൊലപ്പെടുത്തുകയും ചെയ്തു. ആ വിജയത്തോടെ ബെല്ലെറോഫോൺ അഹങ്കാരിയായി മാറി. ദേവലോകം സ്ഥിതി ചെയ്യുന്ന മൗണ്ട് ഒളിംപസിലേക്ക് സമ്മതമില്ലാതെ അവൻ പെഗസസിന്റെ പുറത്തേറി പറന്നു ചെന്നു. ഇത് സീയൂസ് അടക്കമുള്ള ദേവൻമാരെ ചൊടിപ്പിക്കുകയും ഒരു വലിയ ഈച്ചയെ അവർ പെഗസസിനു നേർക്ക് അയയ്ക്കുകയും ചെയ്തു. ഈച്ച പെഗസസിനെ കുത്തി. വേദനയിൽ അവൻ പുറത്തിരുന്ന ബെല്ലെറോഫോണിനെ കുടഞ്ഞു താഴെയിട്ടു. താഴെ വീണ അദ്ദേഹത്തിനു പരുക്കു പറ്റുകയും ഒരു പാഠം പഠിക്കുകയും ചെയ്തു. ഇതിനു ശേഷം പെഗസസ് മൗണ്ട് ഒളിംപസിലെ തന്റെ ലായത്തിലേക്കു തിരികെപ്പോയി .ഇതാണ് പെഗസസ് എന്ന ചാര സോഫ്റ്റ്​വെയറിന്റെ പേരിനു പിന്നിലെ കഥ.