Biji Jalal

മംഗലശ്ശേരി നീലന്റെ ജന്മദിനത്തിൽ രഞ്ജിത്തിനൊരു തുറന്ന കത്ത്

ശ്രീ രഞ്ജിത്ത്‌ ,

താങ്കൾ അംഗമായ ഫെഫ്ക , മാക്ട തുടങ്ങിയ സിനിമാ സംഘടനകളിൽ ഇത്തരമൊരു പരാതി എങ്ങനെ എത്തിക്കണമെന്നോ അവതരിപ്പിക്കണമെന്നോ അറിയാത്തത്‌ കൊണ്ടാണു ഇങ്ങനെയൊരു കത്ത്‌. എന്റെ പേരു ശേഖരൻ. ഏഴിലക്കര മുണ്ടയ്ക്കൽ വീട്ടിൽ ശേഖരൻ . ഏത്‌ ശേഖരനെന്നു ലോകത്താരു ചോദിച്ചാലും താങ്കൾ ചോദിക്കില്ലെന്ന് എനിക്കുറപ്പുണ്ട്‌ . കാരണം നായകനായി ജീവിക്കേണ്ട എന്റെ ജീവിതത്തെ ഒരു വില്ലന്റെ ജീവിതമായി മാറ്റി മറിച്ചത്‌ മറ്റാരുമല്ലല്ലോ . ഇത്രകാലം കഴിഞ്ഞിട്ടു ഈ ഓടിടി കാലത്ത്‌ ഇങ്ങനെയൊരു പരാതി ഉന്നയിക്കുന്നതിനു പിന്നിൽ എന്ത്‌ കാര്യമാണെന്നു വഴിയെ പറയാം.
കാര്യത്തിലേക്ക്‌ വരാം . താങ്കൾക്കറിയാവുന്നത്‌ പോലെ ഏഴിലക്കരയിലെ രണ്ട്‌ പ്രധാന വീടുകളായിരുന്നു ഞങ്ങളുടെ മുണ്ടയ്ക്കലും ആ നീലകണ്ടന്റെ മംഗലശ്ശേരിയും. അമ്മ മരിച്ചതിനു ശേഷം മറ്റൊരു കല്യാണം കഴിച്ച്‌ അച്ചൻ വേറേ ജീവിതം ആരംഭിച്ചതോടെ അമ്മാവൻ കുഞ്ഞികൃഷ്ണൻ നമ്പ്യാരായിരുന്നു എന്റെ എല്ലാം . മക്കളില്ലാത്ത അമ്മാവനും ഞാൻ തന്നെയായിരുന്നു ലോകം.

 

മഹാനായ അച്ചന്റെ പ്രതാപം തന്തോന്നിത്തരത്തിനുള്ള ലൈസൻസായി കൊണ്ടു നടന്ന നീലകണ്ടനു ,മംഗലശ്ശേരിലെ, ഞാനെവിടെയുണ്ടോ അവിടെയൊക്കെ എന്നെ കളിയാക്കാനും കൊച്ചാക്കാനും കുട്ടിക്കാലം മുതലേ വലിയ ഉത്സാഹമായിരുന്നു .അച്ചന്റെ രണ്ടാം കെട്ടിനെ കൂട്ടുചേർത്ത് നീലൻ എന്തൊക്കെ ആഭാസത്തരങ്ങൾ എന്നെ പറഞ്ഞിട്ടുണ്ടെന്ന് താങ്കൾക്കും അറിവുള്ളതാണല്ലോ . ഇന്നത്തെ പോലെ അന്നും നീലന്റെ ഒപ്പമായിരുന്നല്ലോ താങ്കൾ . ഓർമ്മവെച്ച നാൾ മുതൽ ഞാനനുഭവിക്കുന്ന നാണക്കേട്‌ ,അമ്പലക്കുളത്തിൽ മുങ്ങാം കുഴിയിടുമ്പോൾ ,കളിപ്പന്തുകളിക്കുന്ന മൈതാനത്ത്‌ എന്നെ തോൽപ്പിക്കാനായി എന്നും അവനുണ്ടായിരുന്നു . ഇത്‌ ഞാനൊരിക്കൽ ശ്രീ രഞ്ജിത്ത്‌ ഞാൻ താങ്കളൊട്‌ പറഞ്ഞിട്ടുമുണ്ട്‌ . താങ്കൾ അന്നത്‌ കേട്ട്‌ ചിരിയോടെ നിന്നത്‌ എനിക്കിന്നും ഓർമ്മയുണ്ട്‌ . ഓ താങ്കളുടെ മാനസപുത്രനായിരുന്നല്ലോ അവൻ ആ നീലൻ .

നീലന്റെ അപവാദപ്പറച്ചിലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നും രക്ഷപ്പെടാനാണു അമ്മാവൻ എന്നെ വയനാട്ടിലെ തോട്ടത്തിലേക്കയച്ചത്‌ . അപ്പോഴും നീലന്റെ അഴിഞ്ഞാട്ടം ഏഴിലക്കരയിൽ നിർബാധം നടക്കുന്നുണ്ടെന്ന് വയനാട്ടിലിരുന്നും ഞാൻ അറിയുന്നുണ്ടായിരുന്നു .ആ പാവം ചന്ദ്രാലയത്തിലെ സുഭദ്രയെ വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച്‌ വഴിപിഴപ്പിച്ചതൊന്നും ഏഴിലക്കാർ ഒരിക്കലും മറക്കില്ല . കൂട്ടത്തിൽ പറയട്ടെ സുഭദ്ര എന്റെയുമൊരു മോഹമായിരുന്നു . ആ മോഹവുമായി ഒരു രാത്രി ചന്ദ്രാലയത്തിൽ ചെന്ന എന്നെ അവൾ പട്ടിയെ ആട്ടുന്ന പോലെ ആട്ടിയതും നീലന്റെ പേരും പറഞ്ഞായിരുന്നു . പാവം സുഭദ്ര ആ രീതിയിലല്ലേ അവൻ അവളെ വഞ്ചിച്ചത്‌ സോറി ഇന്നത്തെ ഭാഷയിൽ തേച്ചത്‌.

മുണ്ടയ്ക്കൽ ക്ഷേത്രത്തിൽ കൊട്ടാൻ വന്ന പൊതുവാളിനെ മംഗലശ്ശേരി പൂമുഖത്ത്‌ കൊട്ടിച്ചതും ക്ഷേത്രമുറ്റത്ത്‌ വ്യാജ ബോംബ്‌ ഭീഷണി മുഴക്കി ഉത്സവം മുടക്കിയതുമൊക്കെ താങ്കൾക്ക്‌ മറക്കാം, എനിക്കാകില്ല . അത്‌ ചോദിക്കാൻ ചെന്നതിനാണു കൂലിത്തല്ലുകാരൻ കല്ലൻ ചാക്കോയെ ഇറക്കി എന്റെ അമ്മാവനെ കൊന്നുകളഞ്ഞതും . അന്ന് തീർത്തേനെ ഞാനവനെ . എന്റെ കൂട്ടുകാരൻ ബീരാനും രാജേന്ദ്രനും തടഞ്ഞില്ലായിരുന്നെങ്കിൽ മംഗലശ്ശേരിയുടെ തെക്കേക്കണ്ടത്തിൽ എരിഞ്ഞു തീർന്നെനെ നീലൻ . എന്നിട്ടും അങ്ങനെയുള്ള നന്മയുള്ള എന്റെ കൂട്ടുകാരെ നിങ്ങൾ കണ്ടില്ല . നിങ്ങൾ കണ്ടത്‌ നീലകണ്ടന്റെ പട്ടാളമായ ഹൈദ്രുവിനെയും ഭരതനെയും കുഞ്ഞനനന്തനെയും കുറുപ്പിനെയുമൊക്കെ. ദേവന്മാരെയല്ലല്ലൊ അസുരകൂട്ടങ്ങളെ കാണാനും കാണിക്കാനുമാണല്ലൊ നിങ്ങൾ സിനിമാകാർക്ക്‌ മിടുക്ക്‌ .

എന്നിട്ടും ഞാൻ ക്ഷമിച്ചു സഹിച്ചു . ആ പാവം മാമ്പറ്റയിലെ അപ്പുമാഷ്ടെ മകൾ ഭാനുമതിയോട്‌ നീലൻ കാട്ടിയതെന്താ ? ശുദ്ധ പോക്രിത്തരം.ഭീഷണിപ്പെടുത്തുക, നൃത്തം ചെയ്യിക്കുക,ചിലങ്ക അഴിപ്പിക്കുക. ഹോ ,അപ്പുമാഷായിപ്പോയി അല്ലെങ്കിൽ ആ രാത്രി ഇരുട്ടി വെളുപ്പിക്കില്ലായിരുന്നു നീലൻ . ആ പെണ്ണു പിന്നെ നീലനുമായി പ്രേമവുമായി കല്യാണവും കഴിച്ചു . ഏതൊ ദുർമ്മന്ത്രവാദിയെക്കൊണ്ട്‌ നീലൻ കൂടോത്രം ചെയ്ത്‌ ആ കൊച്ചിന്റെ മനസ്സുമാറ്റിയതാണെന്ന് മരിക്കുന്നത്‌ വരെയും അപ്പുമാഷ്‌ പറയുമായിരുന്നു . ശ്രീ രഞ്ജിത്ത്‌ ഇതൊന്നും താങ്കൾക്കറിയാത്തതല്ലല്ലൊ അല്ലേ .അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം .

അന്നൊരു രാത്രി ഞങ്ങൾ കൂട്ടുകാരുമൊത്ത്‌ തെക്കേമുക്കിലെ പറമ്പിലിരുന്ന് കശുമാവ്‌ വാറ്റിയത്‌ സേവിക്കുമ്പോഴാണു ഒരു പാറക്കല്ല് പറന്ന് വന്ന് രാജേന്ദ്രന്റെ മൂക്കിന്റെ പാലം തെറിപ്പിക്കുന്നത്‌ . നോക്കുമ്പോൾ നീലനും ആ കിഴവൻ വാര്യരും കൂടി രാത്രി സഞ്ചാരത്തിനു ആ ഒടങ്കൊല്ലി ജീപ്പിൽ ഇറങ്ങിയതാ.കുഴിയിൽ വീണ ജീപ്പിന്റെ ടയറിൽ തട്ടിത്തെറിച്ച്‌ വന്ന കല്ലാ രജേന്ദ്രന്റെ മൂക്കിന്റെ പാലാരിവട്ടം പാലം തകർത്തത്‌ . ദേഷ്യം വരാതിരിക്കോ ? വന്നു . അന്നു കലി തീരും വരെ കൊടുത്തു . നോട്ട്‌ ദ്‌ പോയിന്റ്‌ ആരെയും വധിച്ചില്ല കയ്യോകാലോ വെട്ടിയതുമില്ല .

 

അവൻ ബെഡ്‌ റെസ്റ്റിലായ സമയത്ത്‌ എന്തൊരു

സ്വസ്ഥതയായിരുന്നെന്നോ ഏഴിലക്കരയിൽ . സാധാരണ രീതിയിൽ ശത്രുക്കൾ കിടപ്പിലായാൽ കാണാൻ പോകുന്ന പതിവൊന്നുമില്ലല്ലോ നമ്മുടെ നാട്ടിൽ. എന്നിട്ടും ഞാൻ പോയി ഒന്നു രണ്ടു തവണ . ഒരു തവണ ചെല്ലുമ്പോൾ അവിടെ പത്മ്നാഭൻ വൈദ്യർ തേപ്പും കിഴിയുമൊക്കെയായി ഉണ്ട്‌. നീലൻ ചികിത്സയുമായി സഹകരിക്കുന്നില്ലാ എന്ന വിഷമത്തിലായിരുന്നു വൈദ്യർ . ആ മഹാമനുഷ്യൻ പറഞ്ഞത്‌ പ്രകാരം ഞാൻ അന്ന് മനസ്സോടെയല്ലെങ്കികും നീലന്റെ നെഞ്ച്‌ ചവിട്ടിത്തിരുമ്മിക്കൊടുത്തു . എന്നിട്ട്‌ താങ്കൾ ലോകത്തിനോടെന്താ പറഞ്ഞത്‌ ഞാൻ ചികിത്സ തടസ്സപ്പെടുത്തിയെന്ന് . ആ നുണ കൊണ്ട്‌ രഞ്ജിത്ത്‌ താങ്കൾ എന്ത്‌ നേടി .

അമ്മാവന്റെ ഓർമ്മയ്ക്കായി ഞാൻ പൊന്നുപോലെ കൊണ്ട്‌ നടന്നതാണു അദ്ദേഹം ഉപയോഗിച്ചിരുന്ന ആ വെള്ള അംബാസിഡർ കാർ . അതും കത്തിച്ചു കളഞ്ഞു നീലന്റെ പട്ടാളം .ഞാനവന്റെ ഒരു തരിമണ്ണു പോലും തൊട്ടില്ല പകരമായി .അവൻ എഴുന്നേറ്റ്‌ നടന്നു തുടങ്ങിയപ്പോഴാണു മുണ്ടയ്ക്കലെ ഉത്സവം കൊടികേറുന്നത്‌ . കഴിഞ്ഞ തവണ ഉത്സവം മുടക്കിയ നീലനെ ആ അമ്പലപ്പറമ്പിൽ കൊണ്ടുവന്ന് ഞാൻ ഉത്സവം നടത്തുന്നത്‌ കാണിക്കണമെന്ന് നിർബന്ധം തോന്നിയതാണു എനിക്ക്‌ പറ്റിയ അബദ്ധം. ഞാൻ ക്ഷണിച്ചാൽ വരില്ലെന്നറിയാവുന്നത്‌ കൊണ്ട്‌ ഭാനുമതിയെ ഞാൻ ഉത്സവപ്പറമ്പിൽ കൊണ്ട്‌ വന്നു . ആൾക്കുട്ടത്തിൽ പെട്ട്‌ പോകരുതെന്ന് കരുതി ഭാനുമതിയെ സുരക്ഷിതമായി വെടിപ്പുരയിൽ നിർത്തിയിരിക്കയായിരുന്നു . അപ്പോഴല്ലെ അവന്റെ വരവ്‌ . ആൾക്കാരുടെ മുമ്പിലിട്ട്‌ എന്നെ തല്ലിച്ചതച്ചത്‌ പോട്ടെന്ന് വെയ്ക്കാം എല്ലാം കഴിഞ്ഞപ്പോ നിങ്ങൾ കൂടി പറഞ്ഞിട്ടല്ലേ എന്റെ കയ്യ്‌ അവൻ വെട്ടിയെടുത്തത്‌.

 

എന്നിട്ടതെല്ലാം അവന്റെ ഹ്‌Iറൊയ്സമായി നിങ്ങൾ ലോകത്തിനു മുമ്പിൽ വിളമ്പി അവനെ അമാനുഷനാക്കിയപ്പോൾ രഞ്ജിത്ത്‌ നിങ്ങൾ മറന്നുപോയത്‌ വലം കയ്‌ നഷ്ടപ്പെട്ട്‌ സ്വന്തം ജനങ്ങളുടെ മുമ്പിൽ പരിഹാസ്യനായി ലോകമേ തകർന്നു ജീവിതം നഷ്ടപ്പെട്ട എന്നെയാണു .ഈ രണ്ടു ലോക്ഡൗൺ കാലത്തും ടിവിയിൽ താങ്കൾ അവനെ നായകനായി അവതരിപ്പിച്ച ആ സിനിമയുണ്ടല്ലോ അതിങ്ങനെ ആഴ്ചയിലൊന്നു വീതം കണ്ടുകൊണ്ടിരിക്കുമ്പോൾ എന്റെ മകൾ ജാനകിയുടെ മകൻ ,എന്റെ പേരക്കുട്ടി വിശ്വം ഒരു ചോദ്യം ” അപ്പോ ലോസ്‌ മൊത്തം മുത്തച്ചനാണല്ലോ “.അന്നാണു രഞ്ജിത്ത്‌ ഞാൻ ഉള്ളുപൊള്ളി കരഞ്ഞുപോയത്‌ .

ജാനകിയെ നീലന്റെ മകൻ കാർത്തികേയനെക്കൊണ്ട്‌ കെട്ടിക്കാനും താങ്കളായിരുന്നല്ലോ കാർമ്മികൻ .
ശ്രീ രഞ്ജിത്ത്‌ ഒന്നു ചോദിക്കട്ടെ, മുണ്ടയ്ക്കലെ ഉത്സവം മുടക്കി എന്റെ അമ്മാവനെ കൂലിക്കാളിനെയിറക്കി കൊന്ന് സുഭദ്രയെ വഴിപിഴപ്പിച്ച്‌ ഭാനുമതിയെ വീട്ടിൽ തളച്ചിട്ട്‌ എന്റെ കൈ വെട്ടിയെടുത്ത മംഗലശ്ശേരി നീലകണ്ടനാണൊ എല്ലാം നഷ്ടപ്പെട്ട്‌ ഒറ്റക്കയ്യനായ ഈ മുണ്ടയ്ക്കൽ ശേഖരനാണൊ ശരിക്കും വില്ലൻ . എന്റെ ജീവിതത്തോട്‌ ഇനിയെങ്കിലും താങ്കൾ നീതിപാലിക്കണമെന്ന് അപേക്ഷിക്കുന്നു

എന്നു

ശേഖരൻ

മുണ്ടയ്ക്കൽ

ഏഴിലക്കര

Leave a Reply
You May Also Like

ആരാണ് മോൺസ്റ്റർ?” ഈ ചോദ്യവുമായാണ് പ്രിയ ജാപ്പനീസ് സംവിധായകനായ കൊറേദ ഹിരോകാസു അര പതിറ്റാണ്ടിനുശേഷം തന്റെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്

Maneesh Anandh “ആരാണ് മോൺസ്റ്റർ?” ഈ ചോദ്യവുമായാണ് പ്രിയ ജാപ്പനീസ് സംവിധായകനായ കൊറേദ ഹിരോകാസു അര…

ഇരയും വേട്ടക്കാരനും ഒന്നാകൂന്ന സിനിമ, ഏൻ ഓൾഡ് ഹണ്ടേൾസ് ടെയിൽ, കണ്ടിരിക്കേണ്ട ചിത്രം

The Tiger; An old huntr’s Tale (2015) 1925 കാലഘട്ടം. ജപ്പാൻ സൈന്യം കൊറിയയിൽ…

“2010 ലോകകപ്പിനുള്ള ടിക്കറ്റ് എടുക്കാൻ ഒരാൾ മുതലകൾ നിറഞ്ഞ നദിയിലേക്ക് ചാടി”

“2010 ലോകകപ്പിനുള്ള ടിക്കറ്റ് എടുക്കാൻ ഒരാൾ മുതലകൾ നിറഞ്ഞ നദിയിലേക്ക് ചാടി” “ഒരു ഉറുഗ്വേ കളിക്കാരൻ…

വ്യഭിചാരിയും റൗഡിയുമായിരുന്ന മംഗലശ്ശേരി നീലകണ്ഠന് ഭാനുമതിയെപ്പോലെ ‘പതിവ്രത’, എന്നാൽ ഒരു വ്യഭിചാരിണിക്ക് പത്‌നീവ്രതനായ പുരുഷനെ കിട്ടുമോ ?

ഗീതാ തോട്ടം ഫേസ്ബുക്കിൽ 9 ആഗസ്ത് 2017 എഴുതിയത്. പാതിവ്രത്യവും പള്ളീലച്ചനും വ്യഭിചാരിയും റൗഡിയുമായിരുന്ന മംഗലശ്ശേരി…