ഫിറോസിന്റെ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഫിറോസ് തന്നെയാണ്

23689

Bijin Joseph എഴുതുന്നു 

നൻമ മരം ഒടിഞ്ഞു വീണ ശബ്ദം കേട്ടാണ് രാവിലെ എഴുന്നേറ്റത്.ചാരിറ്റി പ്രവർത്തനം ഒരു ഗ്ലാമർ പ്രൊഫഷനും വരുമാന മാർഗ്ഗവുമാക്കി മാറ്റാമെന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ച ഉള്ളു പൊള്ളയായ ഫിറോസ് കുന്നുംപറമ്പിലെന്ന മരത്തിന്റെ പ്രധാന ശിഖിരമാണ് ഒടിഞ്ഞു വീണത്.. നന്മ മരത്തിൽ കയറി കൂടിയ ഇത്തിൾ കണ്ണികൾ മരത്തെ ദ്രവിപ്പിച്ച് കളഞ്ഞതാണോയെന്നും സംശയമുണ്ട്.. മരത്തിന്റെ അഹങ്കാരത്തിന്റെ ചില്ലകൾക്ക് കനം വെച്ച് വരുന്നത് പലരും പറഞ്ഞ് കേട്ടപ്പോൾ ഇത്രയുമായത് അധികമാരും ശ്രദ്ധിച്ചില്ല.. മാന്യമായ രീതിയിൽ രാഷ്ട്രീയ വിമർശനം നടത്തിയ പെൺകുട്ടിയെ വേശ്യയെന്ന് വിളിക്കുന്ന നിലവാരത്തിലേക്ക് അദ്ദേഹം ദ്രവിച്ചു പോയി.. താൻ പുലർത്തി വരുന്ന സ്ത്രീസങ്കൽപങ്ങളിൽ ഒതുങ്ങി നിൽക്കാത്ത വരും സ്വന്തം അഭിപ്രായം പറയുന്നവരുമായ സ്ത്രീകളെല്ലാം വേശ്യകളാണെന്ന് പറയാൻ ആരാണയാൾക്ക് അധികാരം കൊടുത്തത്?

ഫിറോസിനെ കൊണ്ട് ആർക്കും ഉപകാരമുണ്ടായില്ലെന്ന അഭിപ്രായമൊന്നുമില്ല.. പക്ഷെ ഫിറോസ് മാത്രമാണ് ഈ നാട്ടിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നതെന്ന മട്ടിലുള്ള സംസാരവും ഭാവവും കാണുമ്പോൾ പുച്ഛം തന്നെയാണ് തോന്നുന്നത്…ഫിറോസിന്റെ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഫിറോസ് തന്നെയാണ്. അന്യൻ വിയർക്കുന്ന കാശു കൊണ്ടാണ് അദ്ദേഹം ഇന്നോവയിൽ ഫാൻസി നമ്പറും വെച്ച് സ്വീകരണങ്ങളേറ്റ് വാങ്ങി നടക്കുന്നതും മണിമാളിക കെട്ടിപ്പൊക്കുന്നതും..

പതിനായിരക്കണക്കിന് ദരിദ്രരും നിരാലംബരുമായ രോഗികളെ കണ്ടാണ് കോട്ടക്കൽ ആയുർവേദ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പഠിച്ചത്… ഇവരുടെയാരുടെയും ചികിത്സ നടന്നത് ഫിറോസ് പണം പിരിച്ചിട്ടല്ല. പട്ടിണി കിടന്നും കൂലിപ്പണിയെടുത്തും ഉണ്ടാക്കുന്ന പണം യാതൊരു മുൻപരിചയവും ഇല്ലാത്ത ആരോരുമില്ലാത്ത രോഗികൾക്ക് കൊടുത്തിട്ടുള്ള നൂറുകണക്കിനാളുകളെ ഞാൻ കണ്ടിട്ടുണ്ട്.. സ്വന്തം മേലനങ്ങി അധ്വാനിച്ചും ഉറക്കമിളച്ചുമുണ്ടാക്കുന്ന പണം മറ്റുള്ളവർക്കു വേണ്ടി ചിലവിടുന്നവരിൽ ഡോക്ടർമാർ, നേഴ്സുമാർ, ക്ലീനിംഗ് തൊഴിലാളികൾ,ഓട്ടോ ഡ്രൈവർമാർ, കച്ചവടക്കാർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറയിലുള്ളവരുണ്ട്.ഇവരാരും ഫേസ് ബുക്കിൽ കയറി ആളാകുകയും രോഗികളുടെ ദൈന്യത വിറ്റ് മുതലാക്കുകയും ചെയ്യുന്നില്ലെന്ന് മാത്രം.. മറ്റ് മാർഗ്ഗമില്ലാതെ വേശ്യാവൃത്തിക്കിറങ്ങുന്ന സ്ത്രീകൾക്കുമുണ്ട് അവരുടെ അന്തസ്സ്..

പ്രത്യേകിച്ച് കഷ്ടപ്പാടൊന്നുമില്ലാതെ ലക്ഷക്കണക്കിന് വിവരദോഷികളായ ആരാധകരെയാണ് ഫിറോസിന് കിട്ടിയത്.. ഫിറോസിന്റെ പ്രവർത്തനങ്ങളിൽ സംശയം പ്രകടിപ്പിക്കുന്ന എല്ലാവരെയും തെറി പറഞ്ഞ് ഒതുക്കുന്നത് ഇവരാണ്..അഞ്ച് ലക്ഷം പോലും ചിലവില്ലാത്ത സർജറിക്ക് അതിന്റെ പത്തിരട്ടിയിലേറെ ചിലവുണ്ടെന്ന് പറഞ്ഞ് ചികിത്സാ സഹായം അഭ്യർത്ഥിച്ചതിനെയും വ്യാജവൈദ്യന്റെയടുത്തേക്ക് രോഗികളെ പറഞ്ഞു വിടുന്നതിനേയുമെല്ലാം ചിലർ ചോദ്യം ചെയ്തു.തികച്ചും ധാർഷ്ട്യം നിറഞ്ഞതായിരുന്നു ഫിറോസിന്റെ പ്രതികരണം .. ന്യായമായ വിമർശനങ്ങളെപ്പോലും തന്റെ ആരാധകരായ ഓൺലൈൻ വെട്ടുകിളികളെ ഇറക്കി തെറി വിളിച്ച് ഒതുക്കാനാണ് അദ്ദേഹം ശ്രമിച്ചത്.. ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായപ്പോഴും ഇതേ തന്ത്രമാണ് പയറ്റിയത്.. സോഷ്യൽ മീഡിയ വഴി പിരിക്കുന്ന പണത്തിന് ആരും കണക്കു ചോദിക്കരുതെന്ന് പറയുന്നതിൽ ന്യായമില്ല..കൂടുതൽ സുതാര്യത വരുത്താൻ അദ്ദേഹവും സഹോദനും മാത്രമുള്ള ചാരിറ്റബിൾ ട്രസ്റ്റും ഉണ്ടാക്കിയിട്ടുണ്ടുപോലും.
തനിക്കെതിരെ വരുന്ന വിമർശനങ്ങളെയാകെ തന്റെ മതത്തിനെതിരെയുള്ള വെല്ലുവിളിയായി തന്ത്രപൂർവ്വം തിരിച്ച് വിടാനും ഫിറോസ് ശ്രമിക്കുന്നുവെന്നത് അപകടകരമായ പ്രവണതയാണ്. തനിക്കെതിരെ പറഞ്ഞവൾ പ്രവാചകനെതിരെയും പറഞ്ഞിട്ടുണ്ടെന്ന കൊളുത്ത് വെക്കുന്ന ഫിറോസിലെ കൗശലക്കാരനെ കാണാതിരിക്കരുത്.

പുരമേൽ ചായുന്ന നന്മമരങ്ങൾ ചുവ ടോടെ വെട്ടി കളയണമെന്നൊന്നും പറയുന്നില്ല. അഹങ്കാരം കൊണ്ട് ഒടിഞ്ഞ് വീഴാറായ ചില്ലകളെങ്കിലും വെട്ടിയൊതുക്കണം .

NB:- നീയൊക്കെ ഇതുവരെ ആർക്കെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടോന്ന് ചോദിച്ച് ഓരോരുത്തർ വരുമെന്നറിയാം..അതിനുള്ള ഉത്തരം കൂടി പറഞ്ഞു വെക്കാം.. ഡോക്ടറെന്ന നിലയിൽ രോഗികൾക്ക് ചെയ്തു കൊടുക്കാൻ സാധിക്കുന്ന ചികിത്സയും സാമ്പത്തിക സഹായവുമൊക്കെ ചെയ്ത് കൊടുക്കാറുണ്ട്..സ്വയം അധ്വാനിച്ചുണ്ടാക്കുന്ന ചെറിയ തുകയാണെന്ന് മാത്രം.. അതെല്ലാം ഫേസ്ബുക്കിൽ ഇടുന്ന നിലവാരത്തിലേക്ക് എന്നിലെ അൽപത്തരം വളർന്നിട്ടില്ല.ആരാധകർ പരിപോഷിപ്പിച്ചാൽ ഞാനും ആ നിലവാരത്തിലേക്ക് വളർന്നു പോകും..