ആത്മവിശ്വാസവും അടിവസ്ത്രവും
ബിജു ജി നാഥ്
പൊതുവില്‍ മലയാളികള്‍ വളരെ മാന്യന്മാരായി ഭാവിക്കുന്നവരും രണ്ടു നേരം കുളിക്കുന്നവരും ആരോഗ്യം വൃത്തി എന്നിവയില്‍ വളരെ ശ്രദ്ധാലുക്കളുമായ ആള്ക്കാര് ആണെന്നാണ് വയ്പ്. പക്ഷേ ഇതെത്രത്തോളം ശരിയാണെന്നറിയണമെങ്കില് അല്പം ബുദ്ധിമുട്ടുണ്ട് . എങ്കിലും പതിയെ അവരുടെ സ്വകാര്യതയിലേക്ക് ഒന്നെത്തിനോക്കുകയാണെങ്കില് അത് മനസ്സിലാക്കാന്‍ എളുപ്പവുമാണ്. ആരോഗ്യമുള്ള മനസ്സും ശരീരവും ഉണ്ടാകാന്‍ ഭക്ഷണവും താമസവും മാത്രം പോര വസ്ത്രധാരണവും അതിനെ സ്വാധീനിക്കുന്നുണ്ട് . എന്നാല്‍ ഉപരിപ്ലവമായ വസ്ത്ര സ്വാതന്ത്ര്യത്തിനപ്പുറം നമുക്ക് മറ്റൊരു കാര്യവും പ്രശ്നമാകുന്നില്ല . പറഞ്ഞു വരുന്നത് അടിവസ്ത്രത്തെക്കുറിച്ചാണ് . ഒരാളുടെ സൗകര്യം , ശ്രദ്ധ എന്നിവ പ്രധാനമായും കേന്ദ്രീകരിക്കുന്നത് അയാള്‍ ധരിക്കുന്ന അടിവസ്ത്രത്തിൽ ആണ് എന്നു പറഞ്ഞാല്‍ അതിനോടു എത്രപേര്‍ക്ക് യോജിക്കാന്‍ കഴിയും? ചില ഉദാഹരണങ്ങള്‍ പറയാം . നാം പലപ്പോഴും കാണുന്ന ചില സന്ദര്‍ഭങ്ങള്‍ , കാഴ്ചകള്‍ എന്നിവയിലേക്ക് ശ്രദ്ധ കൊണ്ട് വരാം . തിരക്കേറിയ ഒരു ബസ്റ്റാന്റ് ഒന്നു ശ്രദ്ധിയ്ക്കുക . നില്ക്കുന്ന നില്പ്പില് ചിലര്‍ ഞെരിപിരി കൊള്ളുകയും പുരുഷന്മാര് ആണെങ്കില്‍ പോക്കറ്റില്‍ കൈ കയറ്റി ആണെങ്കിലും തുടയിടുക്കില്‍ ചൊറിയുകയോ , അടിവസ്ത്രം പിടിച്ച് നേരെ ഇടാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് കാണാം .
സ്ത്രീകള്‍ നാലു വശവും നോക്കി കാലുകള്‍ അകത്തിയും പിണച്ചും അടിവസ്ത്രത്തിന്റെ സ്ഥാനം ശരിയാക്കാന്‍ ശ്രമിക്കുന്നത് കാണാം . ചിലര്‍ ഒട്ടും രക്ഷയില്ലാതെ കൈ കൊണ്ട് തന്നെ അത് ചെയ്യുന്നതും കാണാം . ജോലിക്കിടയില്‍ , യാത്രയ്ക്കിടയില്‍ , പൊതു സദസ്സില്‍ ഒക്കെ ഇങ്ങനെ ചിലര്‍ അസ്വസ്തതയോടെ തങ്ങളുടെ അടിവസ്ത്രത്തെ പ്രാകുന്നത് സാധാരണ സംഭവമാണ് . എന്താണ് കാരണം ? നമ്മുടെ കാലാവസ്ഥയുടെ പ്രശ്നം കൊണ്ട് , നമ്മുടെ ശരീര പ്രകൃതം കൊണ്ട് എളുപ്പം വിയര്‍പ്പ് ഊറുന്ന ഇടങ്ങള്‍ ആയ കക്ഷങ്ങളും തുടയിടുക്കുകളും ഈറനാകും . മഴക്കാലത്ത് , തണുപ്പ് കാലത്ത് കൂടുതലും ഫംഗല്‍ ഇന്ഫക്ഷന് ഉണ്ടാകുക നനഞ്ഞ അടിവസ്ത്രം മൂലമാകും . ഇങ്ങനെ ഈര്പ്പമാകുന്ന ഈ ഇടങ്ങള്‍ പുഴുക്കടി എന്നും ഫംഗല്‍ ഇന്ഫെക്ഷന് എന്നും പറയുന്ന ചര്‍മ്മ രോഗം ബാധിക്കുകയും അത് മൂലം നമ്മെ വല്ലാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതിനാലാണ് ഈ മേല്‍പ്പറഞ്ഞ കാഴ്ചകള്‍ സംഭവിക്കുന്നത് . ഇതെങ്ങനെ ഒഴിവാക്കാം എന്നു നോക്കിയാല്‍ അവിടെയാണ് അടിവസ്ത്രത്തിന്റെ വിഷയം ഉയര്‍ന്നു വരുന്നത് . നിങ്ങള്‍ നിങ്ങളുടെ അടിവസ്ത്രത്തെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? നിങ്ങളുടെ മേല്‍ വസ്ത്രങ്ങള്‍ക്ക് മേൽ ഉപയോഗിയ്ക്കുന്ന , ശ്രദ്ധിക്കുന്ന അതേ ശ്രദ്ധയും സുരക്ഷയും സംരക്ഷണവും നിങ്ങളുടെ അടിവസ്ത്രത്തിന് നല്കുന്നുണ്ടോ ? ഇല്ല ഒന്നോ രണ്ടോ ദിവസം ഒക്കെ അത് ചിലപ്പോള്‍ ഉപയോഗിക്കും . ചിലപ്പോള്‍ എണ്ണം കുറവായതിനാല്‍ അതിനെ തുടര്‍ച്ചയായി ഉപയോഗിക്കുന്നതാകാം. പുറം വസ്ത്രങ്ങള്‍ ആവശ്യം പോലെ ഉണ്ടാകാം പക്ഷേ അടിവസ്ത്രങ്ങള്‍ കുറവ് മതി ആര് കാണാൻ , അറിയാൻ എന്നൊരു ചിന്തയാണ് അതിനു കാരണം . മിക്കവരും വീട്ടില്‍ എത്തിയാല്‍ ഉടന്‍ അതഴിച്ച് ദൂരെയെറിയും. പിറ്റേന്ന് പുറത്തു പോകും വരെ അതെവിടെയെങ്കിലും അശ്രദ്ധയോടെ കിടപ്പുണ്ടാകും. എന്നും കഴുകി ഉപയോഗിയ്ക്കുന്ന ആള്‍ക്കാരും ഉണ്ട് .
പക്ഷേ കോട്ടണ്‍ തുണി ഉപയോഗിക്കുന്നതിന് പകരം നൈലോണ്‍ , പോളിസ്റ്റര്‍ തുണികള്‍ ഉപയോഗിച്ചുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു അമിതമായ ചൂട് മൂലം എത്ര വൃത്തിയായി സൂക്ഷിച്ചാലും ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും . ചിലരുടെ അടിവസ്ത്രം കണ്ടാല്‍ ചായക്ക് അരിപ്പയായി ഉപയോഗിക്കാം എന്നു തോന്നും . കാരണം മറ്റൊന്നുമല്ല . വിയര്‍പ്പോടെ അഴിച്ചു എവിടെയെങ്കിലും ഇടുന്ന വസ്ത്രം കഴുകാന്‍ എടുക്കുക ആഴ്ചയില്‍ ഒരിക്കലോ മറ്റോ ആകും . ഇതിനിടയില്‍ ഉറുമ്പും പാറ്റയും ഈ വസ്ത്രത്തിലെ ഉപ്പിന്റെയും ലൈംഗിക സ്രവങ്ങളുടെയും രുചി നോക്കിക്കഴിഞ്ഞിരിക്കും . ഇതുമൂലമാണ് ഇവ അരിപ്പ പോലെ ആകുന്നതെങ്കിലും വര്‍ഷത്തില്‍ ഇത്ര അടിവ്സ്ത്രമെന്ന ബജറ്റ് ജീവികള്‍ അതിനെ അങ്ങനെ തന്നെ ഉപയോഗിക്കുകയും അതിന്റെ അസ്വസ്ഥകള്‍ ഒരു ഹരം പോലെ ആസ്വദിക്കുകയും ചെയ്യുന്നു . പുരുഷന്മാരുടെ അടിവസ്ത്രത്തിന്റെ മറ്റൊരു പ്രശ്നമാണ് തിരഞ്ഞെടുപ്പിലെ തെറ്റുകള്‍ .
ഇറുകിയതോ , പാകമാകാത്തതോ ആയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക എന്നത് . ഇതിന്റെ പ്രശ്നം എന്താണ് എന്നു ചോദിച്ചാല്‍ വൃഷണ സഞ്ചിയെ വലിച്ചു മുറുക്കി വയ്ക്കുന്നത് അതിന്റെ ഉഷ്ണത്തിനെ വര്‍ദ്ധിപ്പിക്കാന്‍ കാരണം ആകും എന്നുള്ളതാണ് . ശരീര താപത്തെക്കാള്‍ കുറവായി ഇരിക്കാന്‍ വേണ്ടിയാണ് വൃഷണ സഞ്ചികള്‍ ശ്രമിക്കുക . ചൂടുകാലത്ത് അയഞ്ഞും തണുപ്പ് കാലത്ത് ചുരുണ്ടും ഇരിക്കുന്ന വൃഷണസഞ്ചി സ്വയം തന്റെ താപനിലയെ ക്രമീകരിക്കുകയാണ് ചെയ്യുക. അതേസമയം ഇറുകിയ അടിവസ്ത്രങ്ങള്‍ മൂലം ഇത് ശരീരത്തോട് തന്നെ ചേര്‍ന്ന് കിടക്കുന്നതു ബീജങ്ങളുടെ കൌണ്ടിലും ആയുസ്സിലും പ്രശ്നങ്ങള്‍ ഉണ്ടാക്കും .
ചൂട്സ്ഥലങ്ങളില് ജോലി ചെയ്യുന്നതും , ബൈക്ക് കൂടുതല്‍ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്നതും വാഹനഡ്രൈവര്‍മാര്‍ക്കും ഒക്കെ ഉള്ള ബീജ സംഖ്യ കുറവും ആരോഗ്യമുള്ള ബീജങ്ങളുടെ എണ്ണം കുറവും ഒക്കെ ഇറുകിയ അടിവസ്ത്രക്കാര്ക്കും ബാധകമാണ് . കൂട്ടുകാരുടെ അടിവസ്ത്രങ്ങള്‍ മാറി ഉപയോഗിക്കുക ചെറുപ്പക്കാര്‍ക്കിടയില്‍ സര്‍വസാധാരണം ആണ് . ഇത് ഫംഗല്‍ ഇന്‍ഫെക്ഷന്‍സ് അതുപോലെ ലൈംഗിക രോഗങ്ങള്‍ എന്നിവയുടെ വ്യാപനത്തിന് കാരണം ആകും . സ്ത്രീകള്‍ ആര്‍ത്തവ സമയത്തും മറ്റും അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഇന്ന് നാപ്കിന് കൂടി ഉപയോഗിച്ചുകൊണ്ടാണല്ലോ . പണ്ട് തുണി മുറുക്കിക്കെട്ടി ആയിരുന്നു യാതനകള്‍ എങ്കില്‍ ഇന്ന് നാപ്ക്കിന്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ആണ് ഉള്ളത് . ഇതിന്റെ ഈര്‍പ്പവും ഇറിറ്റേഷനും തുടയിടുക്കുകളില്‍ ഫംഗല്‍ ഇന്ഫെക്ഷന് ഉണ്ടാക്കും . മാത്രമല്ല യൂറിനറി ഇന്‍ഫെക്ഷനും നല്‍കും. മെന്സ്ടുറല് കപ്പ് ഉപയോഗിക്കുന്നത് വളരെ നല്ലതാകും എന്നൊരു ഉപദേശം നല്കുന്നു . കുറയേറെ പ്രശ്നങ്ങളില്‍ നിന്നും ഇത് വിടുതല്‍ നല്‍കും.
അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വില അല്ല നോക്കേണ്ടത് അതിന്റെ ഗുണനിലവാരം ആണ് . തീര്‍ച്ചയായും നിങ്ങളുടെ ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും അത് ഉയര്‍ത്തുകയും നിങ്ങളില്‍ പ്രസരിപ്പ് നല്‍കുകയും ചെയ്യും . അതുപോലെ ശരിയായ അളവിലുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക . ഇത് നിങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കും . കഴിവതും ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക . അതുപോലെ ഗുണനിലവരമില്ലാത്ത അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക , പഴകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയത് വഴി തുടയിടുക്കുകള്‍ ഉരഞ്ഞു ഇരുണ്ട നിറം സംഭവിക്കും. പലപ്പോഴും ഇത് നിങ്ങളിലെ സൗന്ദര്യ ബോധത്തിന് ജാള്യത നല്‍കുകയും നിങ്ങളുടെ ലൈംഗിക ജീവിതത്തില്‍ വെളിച്ചത്തെ ഒഴിവാക്കുകയും ചെയ്യേണ്ടി വരുന്നത് കാരണമായി കണ്ടിട്ടുണ്ട് . സ്തനങ്ങള്‍ പൊതിഞ്ഞു വയ്ക്കാന്‍ സ്ത്രീകള്‍ പലപ്പോഴും ശരിക്കും ശ്രദ്ധാലുക്കള്‍ അല്ല എന്നതാണു വാസ്തവം . കടയില്‍ പോയി (സ്ത്രീകള്‍ മാത്രമുള്ളത് തിരഞ്ഞുപിടിച്ചാകും ) മിക്കവാറും സ്ത്രീകള്‍ ബ്രാ വാങ്ങുക . ഒന്നുകില്‍ അവര്‍ ഒരു അളവ് പറയും അല്ലെങ്കില്‍ വാങ്ങാന്‍ പോകുന്നവര്‍ ഒരു സ്ഥിരം ഉപയോഗ അളവ് പറയും ഇതാണ് പതിവ് . ഇതുമൂലം നിങ്ങളുടെ സ്തനങ്ങളുടെ ശരിയായ അളവിലും പ്രകൃതത്തിലും ഉള്ള ബ്രാ നിങ്ങള്‍ക്ക് ലഭിക്കുന്നില്ല .
പലപ്പോഴും കടകളില്‍ ചെന്നു ബ്രാ വാങ്ങുമ്പോൾ കപ്പ് സൈസ് പറയുക ആണെങ്കില്‍ മറുപടി അങ്ങനെയൊന്നുമില്ല , ഇത് പാകമാകും എന്നുള്ള മറുപടിയാകും . കപ്പ് സൈസ് ചോദിച്ചു വാങ്ങുന്നവര്‍ തന്നെ കുറവാണ് എന്നാണ് കാണുന്നത് . അടുത്തിടെ ഒരു വനിതാ സുഹൃത്തിന്റെ അടുത്ത് സംസാരിക്കുമ്പോള്‍ വിഷയം സ്തന സംരക്ഷണത്തില്‍ എത്തി . അപ്പോഴാണ് അവര്‍ക്ക് താന്‍ ഉപയോഗിയ്ക്കുന്ന ബ്രാ ശരിക്കുള്ള അളവില്‍ ഉള്ളതാണോ എന്ന സംശയം ഉണ്ടായത് . ഞാന്‍ ഓക്കെ ആണ് കപ്പ് സൈസ് ഒന്നും ഞാന്‍ ശ്രദ്ധിക്കാറില്ല എന്നായിരുന്നു മറുപടി . അവരുടെ അടുത്ത് ഒരു ടേപ്പ് എടുക്കാനും സ്തനങ്ങളുടെ അടിയിലെ അളവും മുലക്കണ്ണിന് മുകളിലൂടെയുള്ള അളവും എടുത്തു തരാന്‍ ആവശ്യപ്പെട്ടതിന് പ്രകാരം അവരുടെ ബ്രായുടെ അളവും കപ്പ് സൈസും കണക്കാക്കി പറഞ്ഞു കൊടുത്തു . ആ അളവിലുള്ള കപ്പ് സൈസിലുള്ള പാഡ് ബ്രാ ഓണ്‍ ലൈന്‍ വാങ്ങി ധരിച്ച അവരുടെ സന്തോഷം കാണേണ്ടത് തന്നെയാണ് . ഇപ്പോള്‍ എനിക്കെന്തു സുഖപ്രദമാണ് ബ്രാ . അത് ധരിച്ചു എന്നു പറയുകയില്ല മാത്രവുമല്ല അതിനു നല്ല ഷേപ്പും (അവരാഗ്രഹിച്ചത് പോലെ ഉള്ളത്) കിട്ടുന്നു എന്നവര്‍ പറയുകയുണ്ടായി .
അഴിച്ചു വയ്ക്കാൻ തോന്നുന്നില്ല എന്നായിരുന്നു അവരുടെ അഭിപ്രായം. ഇത്രകാലവും (40 കൾ കഴിഞ്ഞു) ഞാൻ എനിക്കെന്താണ് കംഫർട്ടബിൾ എന്നത് തിരിച്ചറിഞ്ഞില്ല എന്നതും വില അധികമായതിനാല്‍ ഉള്ള സങ്കടവും മാത്രമാണു അവര്‍ക്കുള്ള ഒരേ ഒരു പ്രശ്നമിപ്പോൾ.. അതേ , നമ്മുടെ ശരീരത്തിന്റെ അളവുകള്‍ അറിയുകയും അത് അനുസരിച്ചു ഉള്ള അടിവസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നത് മൂലം നമുക്കുണ്ടാകുന്ന സന്തോഷം അത് ഒരു വലിയ കാര്യമാണ് . വീ ടൈപ് ജെട്ടി ധരിക്കുമ്പോള്‍ ഉണ്ടാകുന്ന സുഖമില്ലായ്മ ബോക്സര്‍ ധരിക്കുമ്പോള്‍ മാറുന്നത് അനുഭവിച്ചറിയുക പുരുഷന്മാര് . തന്റെ കാമുകനെ കാണിക്കാന്‍ വേണ്ടി മാത്രം നല്ല വില കൂടിയതെങ്കിലും ഗുണമൂല്യമുള്ള പാന്റി വാങ്ങി ധരിക്കുകയും അത് നല്ലതെന്നു കണ്ട് ഇപ്പോള്‍ നല്ല അടിവസ്ത്രങ്ങള്‍ മാത്രം വില നോക്കാതെ ഗുണം, നിലവാരം നോക്കി വാങ്ങി ധരിക്കുകയും ചെയ്യുന്ന സുഹൃത്തിന്റെ അഭിപ്രായം കേട്ടിരുന്നു .സുഹൃത്തുക്കളേ അടിവസ്ത്രം ചെറിയ , ഒഴിവാക്കപ്പെടേണ്ട വസ്തുവല്ല . അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് . നിങ്ങള്‍ ഒന്നു ശ്രമിച്ചു നോക്കൂ . അനുഭവിച്ചറിയൂ . തീര്‍ച്ചയായും നിങ്ങള്‍ സ്വയമേ മാറും ഉറപ്പ് .