വലിയ വലിയ സിക്സറുകൾ അടിച്ചിട്ടും കിട്ടാത്ത കയ്യടികൾ ഇപ്പോൾ ഈ സിംഗിൾ റണ്ണിന് കിട്ടുന്നതെന്താണ്?
എഴുതിയത് Biju Kombanalil
ക്രിക്കറ്റിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിന് കൊടിപിടിച്ച കപിൽദേവ് എന്ന ക്യാപ്റ്റനോട് ക്രീസിൽ കൂട്ടാളിയായി നിൽക്കുന്ന വിക്കറ്റ് കീപ്പർ ആയ കിർമാണി ചോദിക്കുന്ന ചോദ്യമാണ് മുകളിലേത്. തുടർച്ചയായ മൂന്നാമത്തെ ലോകകപ്പ് നേടാൻ കച്ചകെട്ടി എത്തിയ വെസ്റ്റിൻഡീസ് ടീമിനോട് ഏറ്റുമുട്ടി തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റ് കളിയുടെ മനോഹരമായ ഒരു ചരിത്ര കഥയാണ് “83” . ഒരുപാട് പറഞ്ഞുകേട്ടിട്ടുള്ള ഒരു മത്സരമാണ് 1983 ലോകകപ്പിൽ ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ളത്. 17/5 എന്ന ഏറെ അപകടകരമായ നിലയിൽ നിന്ന് മത്സരത്തെ ഏറെക്കുറെ ഒറ്റയ്ക്ക് തന്നെ മികച്ച ഒരു ടോട്ടലിലേക്ക് കൊണ്ടുവന്ന കപിലിന്റെ മികച്ച 175*!!.
ആ മികച്ച കുതിപ്പിലൂടെ 17/5 എന്ന നിലയിൽ നിന്ന് 266/8 എന്ന മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ച ആ കളി പക്ഷെ റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ള വാർത്ത വളരെ തീരാനഷ്ടമായിരുന്നു ഒരു ക്രിക്കറ്റ് പ്രേമിയെ സംബന്ധിച്ച്..1983 ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ ആയിരുന്ന ബിബിസി അന്ന് പണിമുടക്കിയത് കൊണ്ടാണ് അന്ന് ആ കളി റെക്കോർഡ് ചെയ്യപ്പെടാതിരുന്നത്. മികച്ച പ്രകടനത്തിലൂടെ, വാലറ്റക്കാരായ ടീമംഗങ്ങളെ കൂട്ടുപിടിച്ച് തന്റെ ടീമിനെ വിജയത്തിലേക്ക് ഉയർത്തിയ തങ്ങളുടെ ക്യാപ്റ്റന്റെ അത്ഭുതകരമായ പരിശ്രമങ്ങൾ അന്ന് ആ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ജെനങ്ങൾ ഒഴികെ ഇന്ത്യൻ ക്രിക്കറ്റ് ലോകം മാത്രമല്ല,ലോകത്തെ മറ്റു ക്രിക്കറ്റ് പ്രേമികൾക്കും കാണാനാകാതെ പോയി.
അന്ന് അവിടെ എന്ത് സംഭവിച്ചു…. എന്നുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് നമുക്കറിയില്ലാത്ത കഥകളിലൂടെയുള്ള മനോഹരമായ ഒരു യാത്രയിലൂടെ 83 പറഞ്ഞ് വയ്ക്കുന്നത്.ക്രിക്കറ്റ് കളി കാണാൻ തുടങ്ങിയ കാലം മുതൽ എന്റെ മനസ്സിലെ ഒരു ക്രിക്കറ്റ് വിഗ്രഹമായിരുന്നു കപിൽ ദേവ്. കഴുത്തിൽ തൂങ്ങിയാടുന്ന സ്വർണമാലയും ഇട്ട് ഓടിവന്ന്, നീണ്ട ബൗളിംഗ് സ്പെല്ലുകൾ എറിഞ്ഞു തീർത്ത ശേഷം അദ്ദേഹം ബാറ്റിംഗ് തുടങ്ങുമ്പോൾ അവസാനഭാഗത്ത് ബാറ്റുമായി ഇറങ്ങുന്നത് കാണാൻ കൊതിച്ചിരിക്കുമായിരുന്നു ചെറുപ്പത്തിൽ.ഇന്ന് ലോകത്ത് അറിയപ്പെടുന്ന ഒരു ക്രിക്കറ്റ് ടീം ആയി ഇന്ത്യ മാറിയെങ്കിൽ അതിന്റെ പുറകിൽ പ്രവർത്തിച്ച കപിലിന്റെ കറുത്ത ചെകുത്താന്മാരുടെ കുതിര കുളമ്പടികൾ ഒരുപാട് പ്രചോദനവും പ്രകമ്പനവും ഈ നാട്ടിൽ സൃഷ്ടിച്ചിട്ടുണ്ട്, വാരിവിതറി യിട്ടുണ്ട്
സിനിമ പുറത്തിറങ്ങിയിട്ട് ഇത്രയും നാളായിട്ടും കാണാതിരുന്നത് എത്ര നഷ്ടം ആയിരുന്നു എന്ന് ആ ചിത്രം കണ്ടപ്പോഴാണ് മനസ്സിലായത്…
ക്രിക്കറ്റ് കളി ആണോ.. ബിചേട്ടൻ കണ്ടാൽമതി ഞാൻ വേറെ ഏതെങ്കിലും സിനിമ കണ്ടോളാം എന്നു പറഞ്ഞ ധന്യയെ ചുമ്മാ ഒന്ന് കാണാൻ ക്ഷണിച്ചതാണ്.. അങ്ങനെ ഒരാൾ കയ്യടിച്ചും കണ്ണീര് ഒലിപ്പിച്ചും ആകാംക്ഷയോടെ കാത്തിരിക്കുന്നതും ഒക്കെ കൗതുകത്തോടെയും സന്തോഷത്തോടെയും തൊട്ടടുത്തുതന്നെ ഇരുന്ന് കണ്ട ആസ്വദിച്ചു. ക്രിക്കറ്റ് പ്രേമികൾക്ക് മാത്രമല്ല… ആർക്കും നഷ്ടമാണ് ഈ സിനിമ കാണാതിരിക്കുന്നത്…സങ്കടം കൊണ്ട് മാത്രമല്ല, സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും കരയാൻ കഴിയുന്ന ഒരു ജീവിവർഗ്ഗം ആണ് ഹോമോസാപിയൻസ് എന്ന് ഈ ചിത്രം അടയാളപ്പെടുത്തുന്നു
ൻബി
ഈ ചിത്രം കണ്ടതിനുശേഷം 1983 ലോകകപ്പ്ന്റെ അവസാന മത്സരത്തിന്റെ വീഡിയോ കാണാൻ യൂട്യൂബിൽ സന്ദർശിച്ചപ്പോൾ കണ്ട ഒരു കമന്റ് താഴെ കൊടുത്തിട്ടുണ്ട്. ക്രിക്കറ്റ് എങ്ങനെ അതിർത്തികൾക്കപ്പുറത്തേക്ക്, വിഭാഗീയതക്കപ്പുറത്തേക്ക് , മനുഷ്യ മനസ്സിന്റെ അകത്തളങ്ങളിലേക്ക് കയറി അവരെക്കൊണ്ടൊക്കെ എങ്ങനെ സംസാരിപ്പിക്കുമെന്ന് സിനിമ പറയുന്ന പോലെ തന്നെ, ആ കമന്റ് വിളിച്ചോതുന്നു.
*****