ബിജു കൊമ്പനാലിൽ
കളി അവസാനിച്ചു എന്ന് കരുതിയവരാണ് കൂടുതൽ..പക്ഷേ മനസ്സിൽ എവിടെയൊക്കെയോ ഭയമായിരുന്നു .ആയിരത്തോളം പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിലാണ് ഇന്നലെ കളി കണ്ടത്.അർജന്റീന ഫാൻസ് ഒരു കൂട്ടമായി നിന്നപ്പോൾ, ഇതുവരെ കപ്പ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നവരെല്ലാം വലിയ ഒരു കൂട്ടമായി അപ്പുറത്ത് ഉണ്ടായിരുന്നു.ആദ്യ പകുതിയിൽ ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ആയില്ല ഫ്രാൻസിന്..അപ്പോഴും ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള കളി കണ്ട ആ ഓർമയിൽ ഭയം എവിടെയൊക്കെയോ തങ്ങിനിന്നു..
മൂന്നാമത് ഒരു ഗോൾ കൂടി വീഴുന്നില്ലല്ലോ എന്ന് തൊട്ടടുത്തിരുന്ന സുഹൃത്ത് എൽദോയോട് ചെവിയിൽ പറഞ്ഞു 75 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ കളി പതുക്കെ കയ്യിൽ നിന്ന് പോകുന്നത് തിരിച്ചറിഞ്ഞു..ഇതിനിടയിൽ എയ്ഞ്ചൽ ഡി മരിയയുടെ മടക്കം… അത് വേണ്ടിയിരുന്നില്ല എന്ന് മനസ്സു പറഞ്ഞു… ഇടതുവിങ്ങിൽ മനോഹരമായ കളി കളിച്ച് ടീമിനെ ഒന്നാകെ ഉയർത്തിപ്പിടിച്ച ഡി മരിയയുടെ മടക്കം. പിന്നെ കാണുന്നത് രണ്ടു മിനിറ്റിനിടയിൽ രണ്ടു ഗോൾ ആണ്.ആദ്യം വീണ് കിട്ടിയ പെനാൽറ്റി അർജന്റീന ഗോളി മാർട്ടിനെസ്സിന്റെ കൈകളിൽ തട്ടി കടന്നുപോകുമ്പോൾ ഹൃദയം പിടഞ്ഞു.രണ്ടും ഗോളുകളും ഫ്രാൻസിന്റെ ഒറ്റയാൾ സൈന്യം എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കളം ആകെ നിറഞ്ഞാടിയ എംബാപ്പയുടെ വക.എന്തുകൊണ്ടോ സുഖകരമായി തോന്നിയില്ല പിന്നെ അടി തിരിച്ചടി…എക്സ്ട്രാ ടൈം…
മൂന്നാമത്തെ ഗോൾ മെസ്സിയുടെ കാലിലൂടെ ഗോൾവലയിലേക്ക് എത്തുമ്പോൾ അവിടെ അവസാനിച്ചു എന്ന് കരുതി.. പിന്നെയും ഒരു പെനാൽറ്റിവീണ്ടും എംബാപ്പ അവിടെയും സമനില…അവസാനം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്…
അർജന്റീനയുടെ കുറിച്ച് പണ്ടും എഴുതിയിട്ടുള്ളതാണ്….പ്രതീക്ഷ ഉണ്ടായിരുന്നു…പ്രതീക്ഷകൾ തെറ്റിയില്ല..പ്രതീക്ഷകൾ മുഴുവൻ തെറ്റിച്ചത് കിലിയൻ എംബാപ്പയാണ്.കളി നടക്കുന്ന സമയത്ത് അയാളുടെ കാലുകളിലേക്ക് പന്തത്തുന്ന ഓരോ നിമിഷവും ചങ്കിടിപ്പ് വർദ്ധിപ്പിച്ചു..അയാൾ പന്തുമായി അർജന്റീനയുടെ ഗോൾമുഖത്തേക്ക് എത്തുമ്പോഴെല്ലാം പലരും തല കുമ്പിട്ട് ഇരിക്കുന്നത് കണ്ടു.ആ സമയത്ത് അർജന്റീനയുടെ കട്ട ആരാധകൻ എന്ന നിലയിൽ ഒരുപാട് വല്ലായ്മ തോന്നി..പിന്നീട് ആലോചിക്കുമ്പോൾ ഖത്തർ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന് ഇത്രമാത്രം ഭംഗി നൽകിയത്, ഇത്രമാത്രം ഓർമ്മകളുടെ ചിറകുകൾ വിരിയിച്ചത്, ആളുകളെ പോരാട്ട വീര്യം എന്തെന്ന് കാണിച്ചുകൊടുത്തത് ഈ കളിക്കാരനാണ്.
അയാളെ മാറ്റി നിർത്തിയാൽ ഫ്രാൻസിന്റെ ടീമിൽ പിന്നെ ആരാണ് ഉണ്ടായിരുന്നത് എന്ന് പെട്ടെന്ന് അതിശയിച്ച് പോകുന്ന തരത്തിൽ മികച്ച പ്രകടനം..പ്രിയപ്പെട്ട എംബാപ്പെ…നിങ്ങൾ ഇന്നലെ കാഴ്ചവച്ച പോരാട്ട വീര്യത്തിന് മുൻപിൽ ഒരായിരം കൂപ്പുകൈ… ഇന്നലത്തെ മത്സരം ഇത്രമാത്രം ആവേശജ്ജ്വലമാക്കിയതിൽ നിങ്ങൾക്കുള്ള പങ്കിനോളം വലുതല്ല മറ്റാരുടെയും പങ്ക്..മികച്ച ഫുട്ബോൾ താങ്കളുടെ കാലുകളിൽ നിന്ന് ഇനിയും ഒഴുകട്ടെ..സ്നേഹം ❤️
****
Shibu Gopalakrishnan ന്റെ കുറിപ്പ്
ആദ്യ പകുതിയിൽ മൈതാനത്തു നിന്നും കാണാതെ പോയ കളിക്കാരനാണ് എംബാപ്പെ. അർജന്റീന ഏകപക്ഷീയമായൊരു വിജയത്തിലേക്കു നീങ്ങുന്നുവെന്നു ഉറപ്പിച്ച സമയം. രണ്ടാം പകുതി ആരംഭിക്കുമ്പോൾ കാണുന്നത് അയാൾ ഒറ്റക്ക് ഫ്രാൻസിനെ മത്സരത്തിലേക്കു കെട്ടിവലിക്കുന്നതാണ്.
തോറ്റു എന്നുറപ്പിച്ചിടത്തു നിന്നും ഒരു ടീമിനെ ഉയിർത്തെഴുന്നേൽപ്പിച്ച എംബാപ്പെ!
എമി മാർട്ടിനസ് എന്ന ഈ ലോകകപ്പിലെ ഏറ്റവും വിശ്വസ്തനായ ഗോളിക്കു മുന്നിൽ ആദ്യത്തെ പെനാൽറ്റി എടുക്കാൻ നിൽക്കുമ്പോൾ പോലും അയാൾ പതറിയില്ല. മെസ്സിയുടെ വഴിയേ അയാൾ ഫ്രാൻസിനെ പോരാട്ടത്തിലേക്കു നയിച്ചു. രണ്ടാമത്തെ ഗോൾ ഒരു ശസ്ത്രക്രിയ പോലെ സൂക്ഷ്മവും കൃത്യവും ആയിരുന്നു. അപ്പോൾ അർജന്റീനയുടെ ഗ്യാലറികളിൽ രക്തം വാർന്നു.
തുറന്നു പറയട്ടെ, മൂന്നാമത്തെ ഗോൾ കൂടി നേടിക്കഴിഞ്ഞപ്പോൾ നിങ്ങളെ ശരിക്കും വെറുത്തു. അർജന്റീനയെ ഒരിക്കൽ കൂടി കണ്ണീരിൽ മുക്കിക്കൊല്ലാൻ നോക്കുന്ന ഒരു കളിക്കാരനോട് തോന്നുന്ന സകല കലിപ്പും നിങ്ങളോടായി, നിങ്ങളോടു മാത്രമായി.
അഭിനന്ദനങ്ങൾ എംബാപ്പെ, നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഫുട്ബോൾ ഇത്രയും മനോഹരമായൊരു കളി ആകുമായിരുന്നില്ല. നിങ്ങളുടെ ഗോളുകളോടുള്ള ഈ അഭിനിവേശം ഇല്ലായിരുന്നെങ്കിൽ ഈ ഫൈനൽ ഇത്രയും ത്രസിപ്പിക്കുന്ന ഒരു അനുഭവം ആകുമായിരുന്നില്ല. തോൽക്കാൻ വിടാതെ നിങ്ങൾ അടിമുടി പൊരുതിനിന്നതിന്റെ പൊരുളാണ് കാല്പന്തിന്റെ സത്യവും മഹത്വവും
***
Suresh Varieth ന്റെ കുറിപ്പ്
സെർജിയോ ബാറ്റിസ്റ്റയും നെരി പുംപിഡോയും ചേർന്ന് വേദിയിലേക്ക് കൊണ്ടുവന്ന, ലോകത്തിന് പരിചയപ്പെടുത്തിയ ട്രോഫിയിൽ അയാൾ മുത്തമിടുമ്പോൾ കാലത്തിൻ്റെ കാവ്യനീതി കൂടി പൂർത്തിയാവുകയായിരുന്നു. പെലെക്കു ശേഷം ഒരു പക്ഷേ ലോകം കണ്ട ഏറ്റവും മികച്ച ഫൂട്ബോളർ എട്ടു വർഷം മുമ്പ് അകന്നു പോയ ട്രോഫിയിൽ അയാളുടെ സ്നേഹചുംബനങ്ങൾ പതിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന് ഉചിതമായ ക്ലൈമാക്സ് ആയി.
എന്തൊരു ലോക കപ്പാണിത്, എന്തൊരു ഫൈനലാണിത്!!! പതിവു സമവാക്യങ്ങളെ തകർത്തെറിഞ്ഞ് ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങൾ ചരിത്രങ്ങൾ സൃഷ്ടിച്ച ഒരു മാസം, അർജൻ്റീനയുൾപ്പെടെ വമ്പൻമാർക്കെല്ലാം പരാജയത്തിൻ്റെ ഷോക്കും പലർക്കും പുറത്തേക്കുള്ള വഴിയും കാണിച്ചു കൊടുത്ത കുഞ്ഞൻമാർ, ആഫ്രിക്കൻ കരുത്തുമായി മൊറോക്കോയുടെ സർപ്രൈസ് സെമിഫൈനൽ എൻട്രി….. ഒടുവിൽ ഇതുവരെക്കണ്ട ഏറ്റവും മികച്ച ഫൈനലും.
ഫൈനലിൻ്റെ ആദ്യ പകുതി യഥാർത്ഥ ഫുട്ബോൾ ആരാധകർക്ക് ഒരു പക്ഷേ നിരാശയാവും സമ്മാനിച്ചിരിക്കുക. ഏകപക്ഷീയമായിപ്പോകുന്ന മത്സരത്തിൻ്റെ എല്ലാ ലാഞ്ചനകളും രണ്ടു ഗോളിന് അർജൻ്റീന മുന്നേറിയ പകുതി കാണിച്ചിരുന്നു. എംബാപേ, 96 സെക്കൻ്റുകൾക്കിടയിൽ താങ്കൾ നേടിയ രണ്ടു ഗോളുകൾ ജീവശ്വാസം പകർന്നത് ഫ്രാൻസിനു മാത്രമല്ല, ഫുട്ബോൾ ലോകത്തിനു കൂടിയാണ്. ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ടൈബ്രേക്കറിൽ നിശ്ചയിക്കപ്പെട്ട ഫൈനലാണിത്.
കിലീയൻ എംബാപേ – അയാളല്ലാതെ ആരാണിനി ലോകഫുട്ബോളിലെ ഭാവി താരം? വെറും 23 വയസ്സിൽ രണ്ടു ലോകകപ്പു ഫൈനലുകൾ, ഗോൾഡൻ ബൂട്, ഇതുവരെ 12 ഗോളുകൾ. പരിക്കും ഫോമും തടയിട്ടില്ലെങ്കിൽ ഇനിയും ചുരുങ്ങിയത് മൂന്ന് ലോകകപ്പുകൾ കൂടി ഇവൻ കളിച്ചു കഴിഞ്ഞാൽ ഉള്ള നേട്ടങ്ങൾ അപ്രവചനീയമാണ്. നിലവിൽ 16 ഗോൾ നേടിയ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് മിക്കവാറും അടുത്ത ലോകകപ്പിൽ തകർക്കും, ഫൈനൽസ് ചരിത്രത്തിലെ ഈ രണ്ടാമത്തെ മാത്രം ഹാട്രിക്കിനുടമ…