ലയങ്ങളിലെ ‘ലയ’മില്ലാത്ത ജീവിതങ്ങൾ

126

കേരളത്തിലെ കവികൾക്കും കലാകാരൻമാർക്കും ബോധവും കോമൺസെൻസും ഇല്ല.അവർ പ്രകൃതി കാൽപ്പനിക കവിത എഴുതാനും ശിൽപ്പം നിർമ്മിച്ചു അനുശോചിക്കാനുള്ള അവസരത്തിനു വേണ്ടി ദുരന്തങ്ങൾ വരാൻ കാത്തിരിക്കുകയാണെന്നു തോന്നുന്നു. ജീവൻ പോയി മണ്ണിനടിയിൽ പുതഞ്ഞു കിടക്കുന്ന മൃതദേഹം ദാരുണമായ കാഴ്ചയാണ് അതിൻറ്റെ ഫോട്ടോ എടുത്ത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു പോലും അന്തസാർന്ന പ്രവർത്തിയല്ല എത്തിക്സ് ഉള്ള മാധ്യമങ്ങളൊന്നും ഇതുപോലുള്ള ക്ലോസപ്പ് ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നു തോന്നുന്നില്ല. ദാരുണമായി മരിച്ചുകിടക്കുന്ന മനുഷ്യനും അന്തസ് ഉണ്ട് അത് പൊതുസമൂഹം പ്രകടിപ്പിക്കേണ്ടത് ഇത്തരം ഫോട്ടൊ പ്രചരിപ്പിക്കാതിരിക്കുന്നതിലൂടെയും അവരുടെ ദാരുണാവസ്ഥ പ്രൊജക്ട് ചെയ്ത് കാണിക്കാതിരിക്കുന്നതിലൂടെയാണ്. മണ്ണിൽപുതഞ്ഞു മരിച്ചു കിടക്കുന്ന മനുഷ്യരുടെ ചിത്രം പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങൾ അത് കാണിച്ചില്ല. ഇതാ ഇവിടെ ബോധം ഇല്ലാത്ത ഒരു ശിൽപ്പിയും അതു തന്നെയാണ് ചെയ്യുന്നത്.ദുരന്തത്തിൽ മരിച്ചവരോട് ഒരു റെസ്പെക്ടും ഈ ശിൽപ്പി കാണിക്കുന്നില്ല ജീവൻ പോയെങ്കിലും അവർക്ക് അന്തസ് ഉണ്ടെന്ന് ഇയാൾക്ക് അറിയില്ല.ദാരുണമായി മരിച്ചുകിടക്കുന്നവരെ അതു പോലെ ശിൽപ്പമായോ ചിത്രമായോ റിക്രിയേറ്റ് ചെയ്താണോ ലോകത്തെവിടെയെങ്കിലും ആദരാഞ്ജലികൾ അർപ്പിക്കുക?വിദേശത്തൊക്കെ ഭീകരാക്രമണത്തിൽ ചിന്നിച്ചിതറി മരിച്ചവരുടെ ദൃശ്യം റീക്രിയേറ്റ് ചെയത് മനുഷ്യസമൂഹത്തെ വീണ്ടും ഡിസ്റ്റർബ് ചെയ്തും മരിച്ചവരെ അപമാനിച്ചുമാണോ ആദരാജ്ഞലികൾ അർപ്പിക്കുക?സംസ്കാരമുള്ളവർ പ്രതീകാത്മകമായി റോസാപ്പൂ വച്ചോ മെഴുകുതിരി കത്തിച്ചോ പ്രാർതഥന നടത്തിയോ ആദരാഞ്ജലികൾ അർപ്പിക്കുന്നതാണ് കാണുക മരിച്ചവരെ ബഹുമാനിക്കൽ അങ്ങനെയൊക്കെയാണ്.ഇവിടെ കലാകാരൻമാരാണെന്നും പറഞ്ഞു നടക്കുന്ന ചിലർ മരിച്ചവരുടെ അന്തസിനു വിലകൽപ്പിക്കാതെ ഡിസ്റ്റർബ് ചെയ്യുന്ന കാഴ്ചകൾ വീണ്ടും പുന സൃഷ്ടിക്കും കാൽപ്പനിക കവിതയെഴുതും സംസ്കാരത്തെ പറയിപ്പിക്കുന്ന ഈ വിലകുറഞ്ഞ പണിയാണെത്രേ കലാസാഹിത്യ പ്രവർത്തനവും സാമൂഹിക ഉതതരവാദിത്തവും.

ലയങ്ങളിലെ ജീവിതത്തെ കുറിച്ച്  Biju Kombanalil എഴുതുന്നു 

മൂന്നാറിലെ പെരിയകനാൽ, ചിന്നക്കനാൽ, രാജകുമാരി, പൂപ്പാറ ആ പ്രദേശങ്ങളിൽ ഒക്കെ ആയി ഒന്നര വർഷത്തോളം… വിറക് വെട്ട് തൊഴിലാളികളും, സെക്യൂരിറ്റി ജീവനക്കാരും,ചായക്കടക്കാരും, ഓട്ടോറിക്ഷക്കാരും, തേയില തോട്ടം തൊഴിലാളികളും, ഏല തോട്ട തൊഴിലാളികളും പിന്നെ ഞങ്ങളുടെ കമ്പനിയിലെ തൊഴിലാളികളും ഒക്കെ ആയി വലിയ ഒരു സൗഹൃദവലയം അന്ന് ആ നാട്ടിൽ ഉണ്ടായിരുന്നു. അവിടുത്തെ തോട്ടം തൊഴിലാളികളുടെയും മറ്റിതര ആളുകളുടെയും ഒക്കെ ജീവിതം അടുത്ത് കണ്ടിട്ടുണ്ട്.

തോട്ടം തൊഴിലാളികൾ ഒക്കെ വളരെ പാവങ്ങൾ… ഇവരിൽ പലരും താമസിക്കുന്നത് ചെറിയ പാർപ്പിടങ്ങളിൽ ആണ്… ഒരു ചേരി പോലെ ലയം എന്നാണ് അവയെ പറയുക. ഒട്ടും സൗകര്യങ്ങൾ ഇല്ലാത്ത മെറ്റൽ ഷീറ്റുകൊണ്ടോ, ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ടോ മേഞ്ഞ ചെറിയ വീടുകളുടെ ഒരു കൂട്ടം. തണുപ്പ് കാലത്ത് വീടിനുള്ളിലേക്ക് തണുപ്പ് അരിച്ചരിച്ച് ഇറങ്ങും…വലിയ ശബ്ദം ഉണ്ടാക്കി മെറ്റൽ ഷീറ്റിനുമുകളിൽ വീഴുന്ന വെള്ളം വീടിന് മുന്നിൽ വീണ് പലപ്പോഴും തെറിച്ച് മുറിക്കകത്ത് വീഴും . അന്ന് തേയില നുള്ളാൻ പോകുന്നവര്ക്ക് വളരെ ചെറിയ കൂലിമാത്രമേ ഉള്ളൂ.

അവരുടെ സൂപ്പർവൈസർമാർക്ക് ആണെങ്കിൽ അതിനേക്കാൾ 20-30 കൂടുതൽ ഉണ്ടാകും. കൂലി എന്നാൽ 80-110 രൂപ. അത്രയേ ഉള്ളൂ.ആ പൈസ കൊണ്ടാണ് പാവങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നത്. പൈസ എല്ലാത്തിനും തികയാത്തത് കൊണ്ടൊക്കെ ആയിരിക്കണം അവരിൽ പലരുടെയും മക്കൾക്ക് വലിയ വിദ്യാഭാസം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവരെ അത്തരത്തിൽ ഒന്നും പ്രചോദിപ്പിക്കുന്ന തരത്തിൽ ഒന്നും തന്നെ അവരുടെ ചുറ്റുപാടുകളിൽ ഇല്ലായിരുന്നു എന്ന് വേണം മനസിലാക്കാൻ.അന്ന് അവിടെ പരിചയപെട്ട സിജിയുടെ വലിയ ആഗ്രഹം ഒരു സൂപ്പർവൈസർ ആവുക എന്നതായിരുന്നു. എന്നിട്ട് വേണമത്രേ പണിക്കാരെ ഒക്കെ രണ്ട് തെറി വിളിക്കാൻ !എത്ര വലിയ ആഗ്രഹം ആയിരുന്നു എന്ന് നോക്കണം. അവന് അന്ന് കൂടിവന്നാൽ 23 വയസ്സ് പ്രായം വരും. അവിടെ തേയില കമ്പനിയിലെ സെക്യൂരിറ്റിയ്ക്ക് ചോദിക്കാൻ ഉണ്ടായിരുന്നത് അവിടെ തേയില നുള്ളാൻ വരുന്ന പെൺപിള്ളേരെ വേണമോ എന്നാണ് 😪

ജോലി കഴിഞ്ഞാൽ ഈ ലയത്തിന്റെ തൊട്ടടുത്തു തന്നെ ഉള്ള ചെറിയ ഒരു ക്ലബിൽ ആയിരുന്നു ഇവരൊക്കെ കൂടുക. അവിടെ ഒരു ക്യാരംസ് ബോർഡും TV യും ഉണ്ടാകും. ആണുങ്ങൾക്ക് നേരം കളയാൻ കുറേ ഒക്കെ അത് മതിയാകും. സ്ത്രീകൾക്ക് ആണെങ്കിൽ ആ ഇടം വിട്ട് അധികം ഒന്നും പോകാനുണ്ടാവുക ഇല്ല. വൈകിട്ട് ചെറുതടിക്കുന്നവർക്ക് അതും സുലഭം.ഓർമ്മയിൽ വൈകിട്ട് ഈ വാറ്റ് ചാരായം അടിച്ചിട്ട് തലപൊങ്ങാതെ ഇരുന്ന ഒരു സുഹൃത്തിനെ ആണ്. എന്തൊക്കെയോ ഇട്ട വാറ്റിയെടുക്കുന്ന ചാരായം.സ്ത്രീകളോട് തൊഴിൽ ഇടങ്ങളിലും അല്ലാതെയും കാണിക്കുന്ന വിവേചനവും, മറ്റിതര ചൂഷണവും ഒക്കെ അന്ന് സർവ്വസാധാരണമാണ്. കറന്റ് ഒരാഴ്ച പോയാൽ പോലും ആരും ചോദിക്കാൻ ഉണ്ടാകില്ല. അതൊക്കെ അവരുടെ ഇനിയും മാറാത്ത ജീവിത സാഹചര്യങ്ങൾ ആണ്. നേരം ഒന്ന് മങ്ങി രാത്രി ആകുമ്പോളേക്ക് ഭക്ഷണം കഴിച്ചവർ കനമുള്ള കരിമ്പടം പുതച്ച് മൂടി ഉറക്കത്തിലേക്ക് വഴുതി വീണിട്ടുണ്ടാകും.അങ്ങനെ ഉറങ്ങാൻ കിടന്നവരിൽ ചിലർ ആണ് കഴിഞ്ഞ ദിവസം മണ്ണിൽ പുതഞ്ഞു പോയത്.ദിവസം ഇത്ര കഴിഞ്ഞിട്ടും ഇനിയും വീണ്ടുകിട്ടാത്ത ശരീരങ്ങൾ തേടി അവരുടെ സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ തിരയുമ്പോളും അവരുടെ ശരീരങ്ങൾ മണ്ണിനോട് ചേർന്നു നിൽക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടാകും.പാവപ്പെട്ടവർ ആണ് അത് കൊണ്ട് അവരുടെ നഷ്ട്ടങ്ങൾക്ക് നേരെ കണ്ണടയ്ക്കുക എന്നത് ഒരു ജനാതിപത്യ സമൂഹത്തിൽ ശെരിയായ കാര്യമല്ല.

നഷ്ടപ്പെട്ടവരെ നമുക്ക് നഷ്ട്ടപെട്ടു കഴിഞ്ഞു.നഷ്ടപ്പെട്ടവരുടെ നിറവും തൊഴിലും പ്രദേശവും ഒന്നും അവർക്ക് ചെയ്തു കൊടുക്കേണ്ട സഹായങ്ങൾക്ക് പരിധികൾ നിശ്ചയിച്ചു കൂടാ. ഒരുപാട് തരത്തിൽ ഉള്ള ചൂഷണങ്ങൾ നടക്കുന്ന ഒരു സ്ഥലമാണ് മൂന്നാർ മേഖല എന്നാണ് തോന്നിയിട്ടുള്ളത്. ഒരുപക്ഷെ ഏറ്റവും കുറഞ്ഞ കൂലിക്ക് പണിയെടുക്കേണ്ടി വരുന്നത് ഇവർക്കായിരിക്കണം. അപകടം എപ്പോൾ വേണമെങ്കിലും ഏത് തരത്തിലും വരാവുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട് എന്നാണ് കഴിഞ്ഞ കുറച്ചു വർഷങ്ങൾ ബോധ്യപ്പെടുത്തുന്നത്.അവർക്ക് മെച്ചപ്പെട്ട താമസ സൗകര്യങ്ങളും, സുരക്ഷയും, തൊഴിൽ സൗകര്യങ്ങളും,താമസ സൗകര്യങ്ങളും, സുരക്ഷാപദ്ധതികളും ഒക്കെ ആവശ്യമായി വരും..ആവശ്യമുണ്ട് അവ ഒരുക്കേണ്ടതുണ്ട് .എന്താണ് ചെയ്യുക, എന്താണ് ചെയ്യേണ്ടത്.. നമുക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നൊക്കെ ചർച്ച ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുകൊണ്ടേ ഇരിക്കുന്നു.