Festival
ഓണസ്മൃതികൾ
ഒരു നാട് മുഴുവൻ മുറ്റത്ത് വന്ന് പൂക്കളായി നിരന്നിരിക്കുന്ന ഒരു ആഘോഷമായിരുന്നു ഒരുകാലത്ത് ഞങ്ങളുടെ ഓണപ്പൂക്കളം…ഓരോ വീടിന്റെയും
297 total views, 3 views today

Biju Kombanalil
ഒരു നാട് മുഴുവൻ മുറ്റത്ത് വന്ന് പൂക്കളായി നിരന്നിരിക്കുന്ന ഒരു ആഘോഷമായിരുന്നു ഒരുകാലത്ത് ഞങ്ങളുടെ ഓണപ്പൂക്കളം…ഓരോ വീടിന്റെയും മുൻപിൽ മനോഹരമായ പൂക്കളങ്ങൾ..ഒരു പൂക്കളം എന്നാൽ അന്ന് അത് ഒരു വീട്ടിലെ എല്ലാ അംഗങ്ങളുടെയും കൂട്ടായ്മയിലൂടെ ഒരുക്കിയെടുക്കുന്ന ഒന്നാണ് പണ്ട് ഓണത്തിന് മുൻപ് എവിടെയെങ്കിലും നിന്ന് ഒരു ചിതൽപ്പുറ്റ് കണ്ടെത്തും. ആ ചിതൽപ്പുറ്റ് മണ്ണാണ് മിക്കവാറും പൂക്കളം ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള തറ കെട്ടുന്ന വേണ്ടി ഉപയോഗിച്ചു കൊണ്ടിരുന്നത്.. ചിതൽപ്പുറ്റ് കിട്ടിയില്ലെങ്കിൽ നല്ല മണ്ണ് അരിച്ചെടുത്ത് അത് ഉപയോഗിക്കും..ചിലർ മുറ്റത്ത് വെറുതെ ചാണകം മെഴുകി പൂക്കൾ ഇടുകയാണെങ്കിൽ…മറ്റുചിലർ അതിനെ കുറേക്കൂടി മനോഹരമായ തലങ്ങളിലേക്ക് കൊണ്ടുപോകും..ആ തലങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിനുവേണ്ടിയാണ് മേൽപ്പറഞ്ഞ മണ്ണ് ഉപയോഗിക്കുന്നത്..ഹൈടെക്ക് ഹൈടെക് 😊.രണ്ടും മൂന്നും തട്ടുകൾ ഒക്കെയായി മനോഹരമായ പൂക്കള തറകൾ. അത് ഉണ്ടാകുന്നതിന് വേണ്ടിയുള്ള ആരോഗ്യകരമായ മത്സരങ്ങൾ..തട്ടുകൾ ഒക്കെ റെഡി ആയി കഴിഞ്ഞാൽ പിന്നെ ആവശ്യം അത് മെഴുകി എടുക്കാനുള്ള ചാണകമാണ്. ഒന്നുകിൽ ചാണകം സ്വന്തം വീട്ടിൽനിന്ന് എടുക്കും. അല്ലെങ്കിൽ തൊട്ടടുത്ത വീട്ടിൽ എവിടെയെങ്കിലും പോയി ചാണകം കുറച്ചു സംഘടിപ്പിച്ചു കൊണ്ടുവന്നു വയ്ക്കും…
വീട്ടിൽ ഇവിടെ അമ്മൂമ്മയ്ക്ക് ഫ്രഷ് ചാണകം നിർബന്ധമായിരുന്നു.. ഫ്രഷ് ഫ്രഷേയ്
ഇവിടെ ഞങ്ങൾക്ക് നല്ല അനുസരണയുള്ള അമ്മിണി പശു ഉണ്ടായിരുന്നു കൊണ്ട് ചാണകത്തിന് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല.. എന്നും രാവിലെ അവളുടെ വകയായിരുന്നു തറ മെഴുകാനുള്ള ചാണകം.ഇന്നാണെങ്കിൽ ദിസ് പാർട്ട് ഓഫ് ദ പ്രോഗ്രാം ഈസ് സ്പോൺസേർഡ് ബൈ അമ്മിണി പശു എന്ന ബോർഡ് വെക്കേണ്ടി വന്നേനെ 😊. അന്ന് നമ്മുടെ നാട്ടിൽ പശുവിന് ഇത്രമാത്രം വില ഒന്നും ഉണ്ടായിരുന്നില്ല… ഇപ്പോൾ പശു വലിയ നിലയും വിലയും ഉള്ള ഒരു മൃഗമായി മാറി.ചാണകം ഒക്കെ റെഡി ആയി കഴിഞ്ഞാൽ പിന്നെ കളത്തിൽ ഇടാൻ ആവശ്യമായ പൂക്കൾ സംഘടിപ്പിക്കുക എന്നുള്ളതാണ് അടുത്ത കടമ്പ…
നാട്ടിലെ മലയും കാടും കളിസ്ഥലങ്ങളും മുഴുവൻ കേറി നടന്നിരുന്ന എന്നെപ്പോലുള്ള ചെല്ലുവിളി ഇല്ലാത്ത, പറഞ്ഞത് അതുപോലെ തന്നെ കേൾക്കാൻ അല്പം ബുദ്ധിമുട്ടുള്ള, എന്നാൽ ഇത്തിരി വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ധിക്കാരികളായ കുട്ടി കൂട്ടങ്ങൾക്ക് ഇതൊന്നും വലിയ പ്രശ്നം ഉള്ള കാര്യമായിരുന്നില്ല… ഈ സന്ദർഭത്തിൽ ഞാൻ എന്നെത്തന്നെ തോളിൽ തട്ടി അഭിനന്ദനം അറിയിക്കുന്നു… അന്നൊക്കെ കാരണവന്മാരുടെ അടുത്തുനിന്ന് ഒരു അഭിനന്ദനം ഒക്കെ കിട്ടുക എന്ന് പറഞ്ഞാൽ വലിയ പാടാണ്…
എന്റെ വീടിന് ചുറ്റുമുള്ള ഏകദേശം രണ്ട് മൂന്ന് കിലോമീറ്ററോളം പ്രദേശങ്ങളിൽ നിന്നായിരുന്നു ഞങ്ങളുടെ പൂക്കൾ ശേഖരണം… അതിനുവേണ്ടി ഞങ്ങൾ സുഹൃത്തുക്കളോടൊപ്പം ഇന്ന് വീഗാലാൻഡ് സ്ഥിതിചെയ്യുന്ന മനക്കകടവ്, കിഴക്കമ്പലം, കരിമുകൾ, പഴന്തോട്ടം എന്നിവിടങ്ങളിലുള്ള മലകളിലും തോടിന്റെ വക്കത്തുo ഒക്കെ സൈക്കിൾ ചവിട്ടിയും അല്ലാതെയും ഇഷ്ടം പോലെ നടന്ന് പൂക്കൾ ശേഖരിച്ചിട്ടുണ്ട്..ഇതു കൂടാതെ ഞങ്ങളുടെ വീടിനു തൊട്ടടുത്തുള്ള തകരകന്റെ മല ആയിരുന്നു മറ്റൊരു ആകർഷണകേന്ദ്രം… അവിടെനിന്നാണ് വലിയ കലംബട്ട ചെടികളുടെ പൂക്കൾ, വിടരാറായ മൊട്ടുകൾ എന്നിവ ഞങ്ങൾ ശേഖരിച്ചു കൊണ്ടുവന്നിരുന്നത്… എന്ന ആ മലയൊക്കെ ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു…
ഈ മലകളിലും, തോട്ടിന്റെ വക്കിലും, കണ്ണിൽ കണ്ട പറമ്പിലും ഒക്കെ കറങ്ങി നടന്നാണ് ( കറങ്ങി നടന്നു എന്നുള്ളത് എന്റെ ഭാഷയാണ്, പ്രായമുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ തെണ്ടി നടന്ന് ) ചെറു കലംബട്ടയും വലിയ കലംബട്ടയും, ചെറുകദളിയും,വലിയ കഥളിയും, അരിപ്പൂവും, പല നിറത്തിൽ ഉള്ള കൊങ്ങിണിയും, തൊട്ടാവാടി, മുക്കൂറ്റി, കാക്കപ്പൂവ്, തുമ്പപ്പൂവ്, കാട്ടുചെത്തി മഞ്ഞയും ചുവപ്പും വെള്ളയും, കോളാമ്പി ചെടി, ശംഖുപുഷ്പം, അമ്പലവാസിയെ ഒക്കെ കണ്ടു പിടിച്ചു കൊണ്ടു വന്നു കൊണ്ടിരുന്നത്…
ഇവയൊക്കെ എവിടെ വളരുന്നു എന്നും,ഏതു സാഹചര്യത്തിൽ വളരുമെന്നും ഒക്കെ നല്ല നിശ്ചയമായിരുന്നു… ഓരോ ചെടിയെയും അവയുടെ പൂക്കളെ പറ്റിയും ഒക്കെ കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കുവാൻ ഈ യാത്രകൾ സഹായിച്ചു..
അത് മാത്രമല്ല ഈ പ്രദേശത്തെയും ഈ പ്രദേശത്ത് വഴികളെ പറ്റിയും കുളങ്ങളെ പറ്റിയും അവിടുത്തെ തോടുകളെ പറ്റിയും അവ ഏതു വഴിയാണ് പുഴയിലും തൊട്ടിലും, ഒക്കെ ചെന്ന് ചാടുന്നത് എന്നൊക്കെയും ഞങ്ങൾക്ക് കൂട്ടുകാർക്ക് എല്ലാം കൃത്യമായ ധാരണയുണ്ടായിരുന്നു.പിന്നെ ചില ധാരണകൾ ഒക്കെ നമ്മളിങ്ങനെ നടന്നുനടന്ന് ഉണ്ടാക്കുന്നത് ആണല്ലോ… കൊളാമ്പി ചെടിയുടെ ഉള്ളിലേക്ക് കയറിപ്പോയ തേനീച്ചയെ പൂവിന്റെ ഇങ്ങേയറ്റം അടച്ചു പിടിച്ചു കൊണ്ട് വീട്ടിൽ കൊണ്ടുവരാൻ ശ്രമിച്ചതും അതിന്റെ കുത്ത് കൊണ്ട് രണ്ടുമൂന്നുദിവസം കണ്ണും വീർത്തു വീട്ടിലിരുന്നതെല്ലാം ഇത്തരം ഉപരി പഠനങ്ങളുടെ ഭാഗമായി കിട്ടിയ സ്കോളർഷിപ്പുകൾ ആണ് 😄.
ചെടികളിൽ ചെറുകദളിയും,വലിയ കദളിയും, മിക്കവാറും കൂടുതൽ ആയി കാണപ്പെടുന്നത് ചെറിയ തോടുകൾക്ക് സമീപമുള്ള അന്നത്തെ ഈടുകളിലും ഓരങ്ങളിലുമായിരുന്നു.ഈടുകൾ എന്നുവെച്ചാൽ ഇന്ന് നമ്മൾ കാണുന്ന മതിലുകളുടെ പൂർവികരാണവർ…. ജൈവവൈവിധ്യത്തിന്റെ കലവറയായിരുന്നു സത്യത്തിൽ ഓരോ ഈടുകളും… ഈടുകൾ നിർമ്മിച്ചിരുന്നത് മിക്കവാറും കട്ട കല്ലും, മണ്ണും കരിങ്കല്ലും ഒക്കെ ഉപയോഗിച്ച് ആയതുകൊണ്ട് അതിന്റെ ചെറിയ ഈടുകളിൽനിന്ന് പോലും ഇഷ്ടംപോലെ സസ്യലതാദികൾ പുറത്തേക്ക് തല നീട്ടി നിൽക്കും..അത്തരത്തിൽ ഉള്ള ഈട് മതിലുകളിൽ മുക്കുറ്റി ചെടികളൊക്കെ ഇഷ്ടംപോലെ തല പുറത്തേക്കിട്ടു രാവിലെ നമ്മളെ നോക്കി നിൽക്കും . തൊട്ടാവാടി ചെടിയുടെ പൂക്കളും മുക്കുറ്റിയും തുമ്പപൂവും ഒക്കെ കാലത്തെ ആണ് പറിച്ചെടുക്കുക… .അല്ലെങ്കിൽ അവയെല്ലാം വാടിപ്പോകും…ചിലപ്പോഴൊക്കെ തുമ്പക്കുടം വീട്ടിൽ കൊണ്ടുവന്നു സൂക്ഷിക്കാറുണ്ടായിരുന്നു.
കാലത്തെ പെയ്യുന്ന നേർത്ത മഴയത്ത് മുക്കുറ്റി ചെടികളെ പറിക്കാൻ ചെല്ലുമ്പോൾ അവ നമ്മുടെ കൈകളിൽ ഒട്ടിച്ചേർന്നു നിൽക്കും..ഇലയിൽ ചൂലിന്റെ ഈർക്കിൽ കുത്തി ഉണ്ടാകുന്ന ചെറിയ ചെറിയ കൂടകൾ ആണ് അന്നത്തെ പാത്രങ്ങൾ… ഇതുകൂടാതെ കൈത ചെടിയുടെ തണങ്ങുകൾ ഉപയോഗിച്ച് മനോഹരമായ പൂക്കൾ നിർമ്മിച്ചു കൊടുക്കുന്നവരും ഈ പരിസരത്തൊക്കെ ഇഷ്ടംപോലെ ഉണ്ടായിരുന്നു… അതൊന്നും വാങ്ങാൻ കാശ് ഇല്ലാത്തതുകൊണ്ട് ഞങ്ങളുടെ പൂക്കുടകൾ ഇലകൾ തന്നെയായിരുന്നു… നനവു പറ്റിയ കൈകളിൽനിന്ന് പാത്രങ്ങളിലേക്ക് വീഴാൻ മുക്കുറ്റിയും തുമ്പയും ഒക്കെ ഒന്ന് മടിക്കും. തുമ്പപ്പൂ പറക്കുന്നതിന്റെ കൂടെ ഞങ്ങൾ കാക്കപൂ കൂടി പറയ്ക്കും.തുമ്പപ്പൂവിന്റെ പുറകിൽ ഒരു കാക്കപ്പൂ എടുത്തു വച്ച് കൊണ്ട് താറാവിനെ ഉണ്ടാക്കി തൊട്ടടുത്തുള്ള വെള്ളത്തിലൂടെ വായ കൊണ്ട് ഊതി ഒരു മത്സരം കാഴ്ചവയ്ക്കാൻ ഒക്കെ ഞങ്ങളുടെ സുഹൃത്തുക്കളുമായി ഒത്തുചേർന്ന് സമയം കണ്ടെത്തിയിരുന്നു…അതുപോലെതന്നെ വീടുകളിൽ പടർന്നുകിടക്കുന്ന ചെടികളുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ എടുത്തു ഞങ്ങൾ കണ്ണിൽ എഴുതുമായിരുന്നു… സുഖകരമായ തണുപ്പുള്ള ഒരു അനുഭവമാണ് അത് നൽകുക.. കുളത്തിന്റെ വക്കിൽ ഒക്കെ വന്നാൽ അവിടെയുള്ള കാട്ട് ചേമ്പിന്റെ ഇല പറിച്ച് അതിൽ കുറേ വെള്ളം കോരിയൊഴിച്ച് അതിനെ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു കളിക്കുന്നത് ഒക്കെ എന്ത് രസമായിരുന്നു…
ഇതുകൂടാതെ ആഴമുള്ള കുളo കണ്ടാൽ ചേമ്പിന്റെ ഇലയുടെ ഉള്ളിലൊരു കല്ലുവെച്ച് അതിനെ നേരെ കുളത്തിലേക്ക് ഇടും… താഴേക്ക് പോകുന്ന ഇല്ല കല്ലിനെ കുളത്തിലെ താഴെ തട്ടിലേക്ക് ഉപേക്ഷിച്ചു പൊങ്ങി വരുന്നതിനായി കാത്തിരിക്കും…. 😊 ഇതുകൂടാതെ നമ്മുടെ തൊട്ടാവാടി ചെടിയുടെ ഇല പറിച്ച് ആ ഇലയുടെ തണ്ടിൽ നിന്ന് ഒഴുകിവരുന്ന ഒരു വെളുത്ത സ്രവം എടുത്ത് മറ്റൊരു ചെടിയുടെ തണ്ടിലേക്ക് പകർന്ന് ഊതിയാൽ മനോഹരമായ ഒരു കുമിള രൂപപ്പെടും എന്ന് കണ്ടുപിടിച്ചത് ആരാണാവോ?എന്തായാലും ഏറ്റവും വലിയ കുമിള ഉണ്ടാക്കുക എന്നുള്ളത് ആണ് സുഹൃത്തുക്കൾ തമ്മിലുള്ള മറ്റൊരു മത്സരം 😊. അങ്ങനെ കോമഡി ഉണ്ടാക്കുക മാത്രമല്ല അതിനെ ഊതി ഏറ്റവും ഉയരത്തിൽ പറപ്പിക്കുക എന്നുള്ളതും ഒരു മത്സരമാണ്.
പൂപറിക്കാൻ പോകുന്നതിന്റെ മറ്റൊരാകർഷണം ഈ പറമ്പിലൊക്കെ മിക്കവാറും പലതരത്തിലുള്ള തിന്നാൻ കഴിയുന്ന ഫലങ്ങൾ ഉണ്ടാകും എന്നുള്ളതാണ്.. തൊണ്ടിപ്പഴം, ഞാറപ്പഴം പൂച്ചപ്പഴം, തൊടലി പഴം, ചെത്തി പഴം, ഞൊട്ടാഞൊടിയൻ പഴം, മുള്ളൻ പഴം, കാരപ്പഴം, ഞാവൽ പഴം എന്നിങ്ങനെ വ്യത്യസ്ത രുചികൾ ഉള്ള നാടൻ പഴങ്ങൾ, കാട്ടുപഴങ്ങൾ…. ഈ പൂച്ചപ്പഴവും ഒക്കെയായി ബന്ധപ്പെട്ട് തന്നെ എത്രയോ മനോഹരമായ ഓർമ്മകൾ ആണുള്ളത്… അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും ചിരിവരും.പൂക്കൾ ശേഖരിച്ചു കൊണ്ടുവന്നു കഴിഞ്ഞാൽ പിന്നെ അതിനെ തുറന്ന സ്ഥലത്ത് വാഴ ഇല, വട്ട ഇല, തേക്കിന്റെ ഇല ഇങ്ങനെയുള്ള ഇലകളിൽ വെച്ചിട്ട് വെള്ളമൊക്കെ തളിച്ചു വയ്ക്കും….
പൂവിടാൻ വേണ്ടി കാലത്തുതന്നെ എഴുന്നേൽക്കണം… അതിനു തൊട്ടു മുമ്പത്തെ ദിവസം വിട്ട് പൂക്കൾ എല്ലാം വാരി മാറ്റി ചാണകം കൊണ്ട് വൃത്തിയായി മെഴുകിയതിനു ശേഷമാണ് പൂവിടൽ..അന്ന് ചാണകം കൊണ്ട് കഴുകിയാൽ വൃത്തിയാകും എന്നുള്ളതാണ് പൊതുവായ ധാരണ 😊. അതിനു മുകളിലാണ് പൂക്കളം ഇടുക. പൂക്കളം ഇടുന്നതിനു മുൻപ് ഒരു ഈർക്കിലി ഒടിച്ചു കൊണ്ടുവന്ന് ചെറിയൊരു ചാക്ക് നൂൽ ചരട് കെട്ടി അതിൽ വൃത്തങ്ങളും, കളങ്ങളും ഒക്കെ തീർക്കും. ഓരോ ഓരോ കളത്തിലും ഇടേണ്ട പൂക്കൾ അവയുടെ ലഭ്യതക്കനുസരിച്ച് തീരുമാനിച്ചുറപ്പിക്കും..കണക്ക് തെറ്റിയാൽ ചാണകത്തിൽ തൊട്ട പൂക്കളെല്ലാം വീണ്ടും കളത്തിൽ നിന്ന് എടുക്കേണ്ടിവരും….അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടുകൂടിയിട്ടാണ് ഓരോ പൂക്കളും കളത്തിലേക്ക് ഇടുക….
അതൊക്കെ ഒരു കാലത്തിന്റെ ഓർമ്മകൾ….ഇന്ന് ലോകം വളർന്നു…ഇന്നത്തെ പൂക്കളങ്ങളിൽ നമ്മുടെ ചെറിയ ഒരു നാട് മാത്രമല്ല….
മറ്റു സംസ്ഥാനങ്ങൾ കൂടി കൂടുന്നതാണ് ഇന്നത്തെ പൂക്കളങ്ങൾ…. പൂക്കളങ്ങളിലേക്കുള്ള പൂക്കളങ്ങളുടെ വരവു കൊണ്ട് പൂക്കളങ്ങൾ സ്വയം വികാസം പ്രാപിച്ചപ്പോൾ അതിനനുസരിച്ച് നമ്മുടെ ചിന്തകളും മനോഭാവങ്ങളും പങ്കുവെക്കലുകളും വിവേചനബുദ്ധിയും സാഹോദര്യവും സമത്വവും സ്നേഹവും ഒക്കെ വളർന്നുവോ എന്ന് ചിന്തിക്കുന്നിടതാണ് ഈ ആഘോഷത്തിന് മാറ്റു കൂടുന്നത്..കുറെ അന്ധവിശ്വാസങ്ങൾ മാറ്റിനിർത്തിയാൽ,ഈ കാലഘട്ടത്തിൽ ഒരുമയുടെ ചിന്തകൾക്ക് പ്രചോദനമേകാൻ കഴിയുന്ന ആശയബലം ഓണം എന്ന കൊയ്ത്തുത്സവത്തിന് ഉണ്ട്..പണ്ട് പൂവിട്ട് അവസാനിപ്പിക്കുന്നതിനു മുൻപ് അമ്മൂമ്മ പറയുമായിരുന്നു… പൂക്കളം വൃത്താകൃതിയിൽ ആണ് വേണ്ടത്.. അതെന്തുകൊണ്ടാണ് എന്ന് ചിലപ്പോൾ അമ്മൂമ്മയ്ക്ക് അറിയില്ലായിരുന്നിരിക്കാം രാജാവ് നടുക്ക്…നടുക്ക് നിൽക്കുന്ന രാജാവിൽ നിന്ന് പ്രജകൾക്ക് സമ അകലം തീർക്കുന്ന വൃത്തമാണ് പൂക്കളത്തിന് ഉണ്ടായിരിക്കേണ്ടതത്രേ….
നന്ദി
സ്നേഹപൂർവ്വം❤️
ബിജു കൊമ്പനാലിൽ, ധനു, പാറു, ആമി
298 total views, 4 views today