കേരളത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളി റിപ്പർ ജയാനന്ദൻ

465

ബിജുകുമാർ ആലക്കോട്  (കേസ് ഡയറി)

2013 ജൂൺ 11. തിങ്കളാഴ്ച രാവിലെ നേരം. തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിൽ ഉണർന്നു തുടങ്ങുന്നതേയുള്ളു. ഞായറിന്റെ ആലസ്യം വിട്ടൊഴിയാത്തവണ്ണം നിറംകെട്ട പ്രഭാതം. തലേന്ന് രാത്രിയിലെ മഴയുടെ ഈർപ്പം കെട്ടിനിൽക്കുന്നു എല്ലായിടത്തും. സെണ്ട്രൽ ടവർ കെട്ടിടത്തിലെ നരച്ച മുറിയിലിട്ട പഴഞ്ചൻ തടിക്കസേരയിലേയ്ക്കു ചാഞ്ഞിരുന്നുകൊണ്ട്, വിരസത മാറ്റാനായി ഹെഡ് വാർഡൻ ഒരു സിഗരറ്റ് കത്തിച്ചു. അതിന്റെ പുക ഒരാവർത്തി വലിച്ചതേയുള്ളു, താൽക്കാലിക ജീവനക്കാരായ രണ്ടു ഗാർഡുകൾ പരിഭ്രാന്തിയൊടെ അങ്ങോട്ട് ഓടി വന്നു.

“അവൻ ചാടി സാർ..” അവർ കിതച്ചുകൊണ്ട് വിളിച്ചുകൂവി.

ഹെഡ് വാർഡൻ സിഗററ്റ് തുപ്പിക്കൊണ്ട് ചാടിയെഴുനേറ്റു. “ആര്..?”

“റിപ്പർ..”

ഹെഡ് വാർഡൻ ഞെട്ടി, പിന്നെ തളർന്ന പോലെ കസേരയിലേയ്ക്കു വീണു. ചാടിയതു ചില്ലറക്കാരനല്ല, വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ടു കണ്ടംഡ് സെല്ലിൽ കിടക്കുന്ന റിപ്പർ ജയാനന്ദൻ..! കൂടെ, ഊപ്പ പ്രകാശ് എന്നൊരു മോഷണക്കേസ് പ്രതിയുമുണ്ട്..

Related imageവെളുപ്പിനെ സെല്ലുകൾ പരിശോധിയ്ക്കാൻ വാർഡന്മാർ വരുമ്പോഴും റിപ്പറിന്റെ സെല്ലിൽ അസാധാരണമായൊന്നും കണ്ടിരുന്നില്ല. രണ്ടുപേരും പുതപ്പുകൊണ്ട് തലമൂടിപ്പുതച്ചു കിടക്കുന്നുണ്ടായിരുന്നു. (വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ടവരെ കണ്ടംഡ് സെല്ലിൽ ഒറ്റയ്ക്കാണു പാർപ്പിയ്ക്കുക. അതേ സെല്ലിൽ മറ്റൊരാളെക്കൂടി എന്തുകൊണ്ടു പാർപ്പിച്ചു എന്നത് ജയിൽ അധികാരികൾക്കു മാത്രമേ അറിയൂ).

രാവിലെ ജോലികൾക്കായി പോയ ചില തടവുകാരാണത് കണ്ടത്, ജയിൽ വളപ്പിന്റെ പിൻഭാഗത്തെ മതിലിൽ ചാരിവെച്ച ഒരു മുളയേണിയിരിയ്ക്കുന്നു! ഏണി എന്നുപറഞ്ഞാൽ, കുറച്ചു മുളംകമ്പുകൾ ചേർത്തുകെട്ടിയതാണ്. കയറായി ഉപയോഗിച്ചിരിയ്ക്കുന്നത്, തടവുകാരുടെ പഴയ മുണ്ടുകളും മറ്റുമാണ്. അതു കീറി കൂട്ടിപ്പിരിച്ചാണ് മുളംകമ്പുകൾ കെട്ടിയിരിയ്ക്കുന്നത്.

ഇതുകണ്ട തടവുകാർ ഉടൻ തന്നെ വാർഡന്മാരെ അറിയിച്ചു. പരിഭ്രാന്തരായ അവർ വേഗം കണ്ടംഡ് സെല്ലുകൾ പരിശോധിച്ചു. സാദാ തടവുകാരെ ബ്ലോക്കിൽ നിന്നിറക്കുമ്പോൾ തന്നെ പരിശോധന നടത്തി എണ്ണമെടുക്കാറുണ്ട്. എന്നാൽ കണ്ടംഡ് സെല്ലിൽനിന്നും തടവുകാരനെ അങ്ങനെ പുറത്തിറക്കാറില്ല. അതുകൊണ്ട് തന്നെ രാവിലത്തെ പരിശോധന കൃത്യമായി നടക്കാറുമില്ല. എന്നിരുന്നാലും അന്നു രാവിലെയും റിപ്പർ സെല്ലിൽ കിടപ്പുണ്ടായിരുന്നല്ലോ.
സെല്ലു തുറന്നു പരിശോധിച്ചപ്പോഴാണ് മനസ്സിലായത് പുതപ്പിനടിയിൽ ഉണ്ടായിരുന്നത് തലയിണകളും കുറച്ചു പഴന്തുണികളുമാണ്. സെല്ലിന്റെ പൂട്ട് ഹാക്സോ ബ്ലേഡ് കൊണ്ടു മുറിച്ചിരുന്നു.

Image result for ripper jayanandanസന്ദേശങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു. ഉന്നത ജയിലുദ്യോഗസ്ഥർ പാഞ്ഞെത്തി. വിശാലമായ ജയിൽ വളപ്പിന്റെ പിൻഭാഗത്താണ് റിപ്പറും കൂട്ടാളിയും ചാടിപ്പോയ മതിൽ. 25 അടിയോളം ഉയരമുണ്ടതിന്. അതിന്റെ പുറത്ത് ഒരു ചെറിയ റോഡാണ്. അതു ചെന്നു ചേരുന്നത് ജില്ലാജയിലിലേയ്ക്കാണ്. അതുകൊണ്ടുതന്നെ അതിലെ പൊതുജന സഞ്ചാരം തീരെക്കുറവ്.

ജയിൽ വളപ്പിൽ വളർത്തുന്ന വാഴകൾക്ക് താങ്ങുകൊടുക്കാൻ ഉപയോഗിച്ചിരുന്ന മുളകളാണ് ഏണിയുണ്ടാക്കാൻ ഉപയോഗിച്ചത്. ജയിൽ ആശുപത്രിയുടെ പരിസരത്ത് തടവുകാരുടെ കുറേ മുണ്ടുകൾ ഉണങ്ങാനിട്ടിരുന്നു. അവകൊണ്ടാണ് ജയിൽ ചാടാനുള്ള കയർ ഉണ്ടാക്കിയത്..
ഉടൻ തന്നെ സിറ്റി പൊലീസ് എത്തി. ജയിലിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തി. യാതൊരു ഫലവുമുണ്ടായില്ല. രാത്രിയിലെപ്പോഴോ ആണു എല്ലാവരുടെയും കണ്ണുവെട്ടിച്ച് റിപ്പറും കൂട്ടാളിയും ജയിൽ ചാടിയത്.

(രണ്ട്)

കേരള ചരിത്രത്തിലെ തന്നെ അതിക്രൂരനായ ക്രിമിനൽ എന്നു വിശേഷിപ്പിയ്ക്കാം ജയാനന്ദനെ. ഏട്ടു കൊലപാതകങ്ങളും മുപ്പത്തഞ്ചു മോഷണങ്ങളുമാണ് ഇയാളുടെ പേരിൽ ഉള്ളത്. മോഷണം ഒരു ഹരമാണ് ഇയാൾക്ക്. അതിനിടയിൽ വന്നുപെടുന്നവരെ ക്രൂരമായി കൊലപ്പെടുത്തും. എന്നിട്ട് യാതൊരു ഭാവഭേദവുമില്ലാതെ അവിടെ നിന്നും വിലപിടിപ്പുള്ളതെല്ലാം എടുത്തു സ്ഥലം വിടും.രണ്ടു സംഭവങ്ങളിലായി, മൂന്നു കൊലപാതകങ്ങളുടെ പേരിൽ രണ്ടു വധശിക്ഷകളാണ് അപ്പോൾ അയാൾക്ക് വിധിയ്ക്കപ്പെട്ടിരുന്നത്.

2003 സെപ്തംബറിൽ മാള പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പഞ്ഞിക്കാരൻ ജോസ് (45) എന്നയാൾ കൊല്ലപ്പെട്ടു. രാത്രിയിൽ ജോസിന്റെ വീട്ടിൽ ഒളിച്ചുകടന്ന, കൊലയാളി ഉറങ്ങിക്കിടക്കുകയായിരുന്ന അയാളുടെ തലയ്ക്കു ഇരുമ്പുപാരയ്ക്കടിച്ചുകൊന്നു. 17,000 ത്തോളം രൂപയും ഒരു വീഡിയോ കാസറ്റു പ്ലേയറും കൈക്കലാക്കി കടന്നുകളഞ്ഞു. പൊലീസിനു പ്രതിയെപ്പറ്റി യാതൊരു തുമ്പുമുണ്ടായില്ല.

2004 മാർച്ച്. മാള പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്. അവിടെ സ്ത്രീകൾ മാത്രമാണ് താമസം. 51 വയസ്സുള്ള നബീസയും മക്കളായ ഫൌസിയ(23)യും നൂർജഹാനും(28) അവരുടെ രണ്ടു കുട്ടികളും. അർധരാത്രി നേരം ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് നബീസ എഴുനേറ്റു ചെന്നത്. ഉള്ളിൽ കടന്ന അക്രമി നബീസയെ അടിച്ചു വീഴ്ത്തി. ഒച്ച കേട്ട് എഴുനേറ്റ ഫൌസിയയും നൂർജഹാനും തലയ്ക്കടിയേറ്റ് വീണു. ഒന്നുമറിയാതെ കരഞ്ഞ കുഞ്ഞുങ്ങളെയും ആക്രമി കമ്പിപ്പാരയ്ക്കടിച്ചു. അതിനുശേഷം അവിടെനിന്നും കിട്ടാവുന്ന സ്വർണാഭരണങ്ങൾ കവർന്നുകൊണ്ട് ഇരുളിലേയ്ക്കു മറഞ്ഞു. നബീസ അവിടെ വച്ചു തന്നെ മരണപ്പെട്ടു. മറ്റുള്ളവർ ദീർഘനാളത്തെ ചികിത്സയ്ക്കു ശേഷം ജീവിതത്തിലേയ്ക്കു തിരികെ വന്നു.

നാടിനെ നടുക്കിയ ഈ കൊലപാതകങ്ങൾ സംഭവിച്ചിട്ടും കൊലയാളി പിടിയിലായില്ല.
2004 ഒക്ടോബറിൽ വീണ്ടും നാടിനെ ഭീതിയിലാഴ്ത്തിക്കൊണ്ട് രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. കളപ്പുര സഹദേവനും ഭാര്യ നിർമ്മലയുമായിരുന്നു ഇരകൾ. അവിടെനിന്നു പതിനൊന്നു പവൻ സ്വർണം കളവു പോയി.

അടുത്ത ആക്രമണം നടന്നത് കൊടുങ്ങല്ലൂരാണ്. അരവിന്ദാക്ഷപ്പണിക്കർ, അദ്ദേഹത്തിന്റെ ഭാര്യ ഓമനാപണിക്കർ എന്നിവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേപ്പിച്ചിട്ട് അക്രമി കവർച്ച നടത്തി. 18 പവനോളം സ്വർണം കൊണ്ടു പോയി.

2005 മെയ് മാസത്തിലായിരുന്നു അടുത്ത കൊലപാതകം. വടക്കെക്കരയിലുള്ള ഏലിക്കുട്ടി എന്ന വയോധികയായിരുന്നു ഇര. രാത്രിയിൽ വീട്ടിൽ കടന്ന അക്രമി, ശബ്ദം കേട്ട് ഉണർന്ന ഏലിക്കുട്ടിയെ തലയ്ക്കടിച്ചു വീഴിച്ചു. ഒച്ച കേട്ട്, ഏലിക്കുട്ടിയുടെ മകളും മരുമകനും ഉണർന്നു ലൈറ്റിട്ടു. പെട്ടെന്നു പ്രകാശം വീണതോടെ കൊലയാളി ഇരുളിലേയ്ക്ക് ഓടിപ്പോയി. കതകു തുറന്നു വെളിയിൽ വന്ന, മകളും ഭർത്താവും ഓടിമറയുന്നയാളെ ഒരു നോക്കു കണ്ടു.

അവരിൽ നിന്നു ലഭിച്ച വിവരങ്ങൾ വെച്ച് പൊലീസ് ഒരു രേഖാചിത്രം തയ്യാറാക്കി അന്വേഷണം വ്യാപകമാക്കി. തുടർച്ചയായ ഇത്രയേറെ കൊലപാതകങ്ങൾ നടന്നിട്ടും പ്രതിയെപ്പിടിയ്ക്കാൻ കഴിയാത്ത പൊലീസിനെതിരെ വിമർശനങ്ങൾ വ്യാപകമായി.

2005 ഓഗസ്റ്റിലെ ഒരു രാത്രി. നോർത്ത് പറവൂർ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയുടെ പരിസരത്തു പതുങ്ങിനിൽക്കുകയായിരുന്ന ഒരാളെ, സെക്യൂരിറ്റിക്കാരനായ സുഭാഷകൻ കണ്ടു. അയാൾ ആ അപരിചിതനെ ചോദ്യം ചെയ്തു. പലവട്ടം ചോദിച്ചിട്ടും ഒന്നും മിണ്ടാതെ അയാൾ സെക്യൂരിറ്റിയെ തുറിച്ചു നോക്കുക മാത്രം ചെയ്തു. കലികയറിയ സെക്യൂരിറ്റി അയാളെ പിടിയ്ക്കാനായി മുന്നോട്ടു ചെന്നു. കൈയിലിരുന്ന കമ്പിപ്പാരയ്ക്കു ഒറ്റയടിയായിരുന്നു. ഞരക്കത്തോടെ സുഭാഷകൻ നിലത്തുകിടന്നു പിടഞ്ഞു. ആരും ഒന്നും കേട്ടില്ല. ഒരു മുരൾച്ചയോടെ ആ കൊലയാളി ഇരുട്ടിൽ മറഞ്ഞു.

.സംഭവസ്ഥലം പരിശോധിച്ച പൊലീസ്, ബിവറേജസ് ഔട്ട്ലെറ്റിന്റെ പുറം ഭിത്തിയോട് ചേർന്ന് ഒരു ദ്വാരം ഉണ്ടാക്കിയതായി കണ്ടെത്തി. ഭിത്തി തുരന്നു മോഷണമായിരുന്നു കൊലയാളിയുടെ ലക്ഷ്യം. സെക്യൂരിറ്റിക്കാരൻ കണ്ടതുകൊണ്ടാവാം അതു നടക്കാതെ പോയത്.

ഇത്രയും കൊലകൾ ഉണ്ടായിട്ട് ഒരു കേസിലെയെങ്കിലും കൊലയാളിയെ പിടികൂടാൻ കഴിയാത്തത് ജനങ്ങളെ അമർഷം കൊള്ളിച്ചു. അവർ പൌരസമിതികൾ രൂപീകരിച്ച് പൊലീസിനും സർക്കാരിനുമെതിരെ പ്രക്ഷോഭം ആരംഭിച്ചു.

തമിഴുനാട്ടിലെ തിരുട്ടുഗ്രാമക്കാരാണു ഈ കൊലകൾക്കെല്ലാം പിന്നിലെന്നായിരുന്നു പൊലീസിന്റെ നിഗമനം. കാരണം ഇത്രയേറെ വൈദഗ്ധ്യത്തോടെ തെളിവുകൾ ശേഷിപ്പിയ്ക്കാതെ കൊല നടത്താൻ അവർക്കേ കഴിയൂ. ഒരു വ്യക്തി ആയിരിയ്ക്കില്ല, വലിയൊരു സംഘം തന്നെ ഇതിന്റെ പിന്നിൽ ഉണ്ടാകും. മാധ്യമങ്ങളും അങ്ങനെ തന്നെ കരുതി.

സുഭാഷകന്റെ കൊലപാതകം അന്വേഷിയ്ക്കുന്നതിനായി ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക ടീം രൂപീകരിയ്ക്കപ്പെട്ടു. അവരുടെ അന്വേഷണത്തിന്റെ ഭാഗമായി നേരത്തേ തൃശൂരിലും പരിസരങ്ങളിലും നടന്ന സമാനകേസുകൾ കൂടി വിശദമായി പരിശോധിയ്ക്കപ്പെട്ടു. ഒരു നിഗൂഡ സംഘം തന്നെ ഈ കൊലകൾക്കെല്ലാം പിന്നിലുള്ളതായിട്ടായിരുന്നു അവരുടെ നിഗമനം.
ഇതിനിടയിൽ ബഹുജനപ്രക്ഷോഭത്തിന്റെ ഫലമായി കേസ് സി.ബി.ഐക്കു വിട്ടു. 2005 ഫെബ്രുവരിയിൽ സി ബി ഐ കേസ് ഏറ്റെടുത്തു. എന്നാൽ അവർക്കും കാര്യമായ തുമ്പൊന്നും കിട്ടിയില്ല.

2006 ഒക്ടോബറിൽ വീണ്ടുമൊരു കൊലപാതകം കൂടി നടന്നു.പുത്തൻവേലിക്കരയിലെ രാമകൃഷ്ണന്റെ ഭാര്യ ബേബി (51)യാണു ഇത്തവണ കൊല്ലപ്പെട്ടത്. അവരുടെ ബോഡിക്കരുകിൽ തന്നെ തലയ്ക്കടിയേറ്റ നിലയിൽ രാമകൃഷ്ണനെയും കണ്ടെത്തി. അയാൾ അബോധാവസ്ഥയിലായിരുന്നു, മരണപ്പെട്ടിരുന്നില്ല. വീട്ടിനകത്തു പരക്കെ മണ്ണെണ്ണ ഒഴിച്ചിരുന്നു.കൂടാതെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട നിലയിലുമായിരുന്നു. തെളിവുകൾ കണ്ടെത്താതിരിയ്ക്കാനായിരുന്നു ഈ പ്രവർത്തി.

(മൂന്ന്)

എറണാകുളം ജില്ലയിലെ പനങ്ങാട് എന്ന പ്രദേശത്ത് ലഹരിമരുന്നു സംഘം വ്യാപകമായ അഴിഞ്ഞാടുകയായിരുന്നു. ഇതിനെതിരെ സ്ഥലത്തെ ഡി.വൈ.എഫ്. ഐ പ്രവർത്തകർ ശക്തമായ ചെറുത്തു നിൽപ്പു നടത്തി. വിദ്യാധരൻ എന്ന യുവാവായിരുന്നു ഇതിനു നേതൃത്വം നല്കിയത്. പക മൂത്ത ലഹരിമരുന്നു മാഫിയ ഒരു ദിവസം വിദ്യാധരനെ തട്ടിക്കൊണ്ടുപോയി. അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ചതുപ്പുനിലത്ത് ജഡം ഉപേക്ഷിച്ചു. വ്യാപകമായ പ്രതിഷേധമാണുണ്ടായത്. ഉടൻ തന്നെ പൊലീസ് വിപുലമായ അന്വേഷണമാരംഭിച്ചു. പ്രതികളെ പിടികൂടുകയും ചെയ്തു. അതിലൊരാളായിരുന്നു കൊടും ക്രിമിനലായ ഷിബു.

നിരവധികുറ്റകൃത്യങ്ങളിൽ ഇയാൾക്കു പങ്കുണ്ടായിരുന്നു. ബേബി വധക്കേസിൽ ഈ ഷിബുവിനെ പൊലീസിനു സംശയം തോന്നി.
എന്നാൽ ചോദ്യം ചെയ്യലിൽ ഷിബുവിനു ഇതിൽ പങ്കില്ലെന്നു മനസ്സിലായി. എന്നാൽ സംശയിയ്ക്കാവുന്ന മറ്റു ചില കുറ്റവാളികളെപ്പറ്റി ഏറെ വിവരങ്ങൾ ഇയാളിൽ നിന്നും കിട്ടി. അതിലൊരാൾ മാളയ്ക്കു സമീപം താമസിയ്ക്കുന്ന തമ്പി എന്ന ക്രിമിനലായിരുന്നു.

ക്രൈംബ്രാഞ്ചിലെ ഒരു സംഘം രഹസ്യമായി തമ്പിയ്ക്കു പിന്നാലെ കൂടി. അവർ തമ്പിയുടെ സുഹൃത്തുക്കളുമായി പരിചയം സ്ഥാപിച്ച് ക്രമേണ തമ്പിയുമായി സൌഹൃദമായി. വൈകുന്നേരങ്ങളിൽ തമ്പിയ്ക്കു മദ്യം വാങ്ങിക്കൊടുത്ത് കമ്പനിയടിച്ചു. പുതിയ ചങ്ങാതിമാരെ ബോധിച്ച തമ്പി മദ്യലഹരിയിൽ ഓരോ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. സംസാരത്തിനിടയിൽ പൊലീസ് സംഘം ബോധപൂർവം ബേബി വധക്കേസും എടുത്തിട്ടു. തമിഴുനാട്ടുകാരാണു ബേബിയെ കൊന്നതെന്നു അവർ തമ്പിയോട് പറഞ്ഞു. തമ്പിയ്ക്ക് അതത്ര സ്വീകാര്യമായില്ല. അയാളുടെ അഭിപ്രായത്തിൽ, മാളയിൽ തന്നെയുള്ള ജയാനന്ദൻ എന്നയാളായിരിയ്ക്കണം ഇതു ചെയ്തത്. കാശിനു വേണ്ടി എന്തും ചെയ്യുമത്രേ ജയാനനന്ദൻ.

പൊലീസിനു ആവേശമായി. അങ്ങനെയൊരു പേര് ഇതേ വരെ അവർ കേട്ടിരുന്നില്ല.
ക്രൈംബ്രാഞ്ച് ജയാനന്ദനെ കണ്ടെത്തി രഹസ്യമായിനിരീക്ഷിച്ചു. വേഷം മാറിയ ഒരു സംഘം പൊലീസ് അയാളുടെ വീടിന്റെ പരിസരത്ത് ചുറ്റിത്തിരിഞ്ഞു. ജയാനന്ദൻ പണ്ടൊരു മോഷണക്കേസിൽ പൊലീസ് പിടിയിലായതാണെന്ന് സ്റ്റേഷൻ രേഖകളിൽ കണ്ടു. അതിനു ശേഷം നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ല. അടുത്ത കാലത്തായി അയാൾ ഒരു വാൻ മേടിച്ചിട്ടുണ്ട്. ഡ്രൈവറെ വച്ചാണത്രെ ഓടിയ്ക്കുന്നത്. പലപ്പോഴും പകൽ മുഴുവൻ അയാൾ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുകയാണ്. ഭാര്യയും കുട്ടികളും ഉണ്ടെങ്കിലും അവരും പുറത്തോട്ടൊന്നും ഇറങ്ങിക്കാണുന്നില്ല. ആകെ ദുരൂഹമായ ചുറ്റുപാട്. ജയാനന്ദനെ പൊക്കാൻ പൊലീസ് തീരുമാനിച്ചു.

ഒരു ദിവസം മാളയിലൂടെ വാനിൽ കടന്നുപോയ ജയാനന്ദനെ പൊലീസ് വളഞ്ഞു കസ്റ്റഡിയിലെടുത്തു. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ കേരളത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളിയുടെ കഥയാണ് ചുരുളഴിഞ്ഞത്!
എട്ടുകൊലപാതകങ്ങൾ, നിരവധിപ്പേരെ മാരകമയി പരിക്കേൽപ്പിയ്ക്കൽ, അനവധി മോഷണങ്ങൾ. എല്ലാം ഇയാൾ ഒറ്റയ്ക്കാണു ചെയ്തത്.! ആളുകളെ ക്രൂരമായി തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നതിനാൽ അയാൾക്ക് മാധ്യമങ്ങൾ റിപ്പർ എന്ന വിളിപ്പേരു നൽകി.

വിചാരണയ്ക്കൊടുവിൽ കോടതി റിപ്പർ ജയാനന്ദനെ വധശിക്ഷയ്ക്കു വിധിച്ചു, വിയ്യൂർ സെണ്ട്രൽ ജയിലിലേയ്ക്കയച്ചു.
2007 ൽ, ജയാനന്ദൻ ആദ്യത്തെ ജയിൽ ചാട്ടശ്രമം നടത്തി. ജയിലിലെ ക്ലോസെറ്റ് തകർത്ത് അതുവഴി രക്ഷപെടാനാണു ശ്രമിച്ചത്. പക്ഷേ വിഫലമായി. അതിനെ തുടർന്ന് അയാളെ കണ്ണൂർ സെണ്ട്രൽ ജയിലിലേയ്ക്കു മാറ്റി.

2012 ജൂൺ 21 നു ജയാനന്ദൻ കണ്ണൂർ ജയിലിൽ നിന്നും രക്ഷപെട്ടു.

(നാല്)

കേരളാ പൊലീസിനെയും സംസ്ഥാനത്തെയൊട്ടാകെയും ഞെട്ടിച്ചുകളഞ്ഞു ജയാനന്ദന്റെ ജയിൽചാട്ടം. കാരണം, അന്ന് ഏറ്റവും കനത്ത സെക്യൂരിറ്റി ഏർപ്പെടുത്തിയിരുന്ന ജയിലായിരുന്നു കണ്ണൂരിലേത്. അതിക്രൂരനായ ഈ കൊലയാളി പുറത്തിറങ്ങിയാൽ എന്താവും ചെയ്യുക എന്നതിനെപ്പറ്റി ഒരു ഊഹവുമില്ല..!

വിവരമറിഞ്ഞ കണ്ണൂർ ടൌൺ പൊലീസ് ജയിലിലേയ്ക്ക് കുതിച്ചെത്തി. പ്രാഥമിക അന്വേഷണത്തിൽ അവർക്ക് യാതൊരു തുമ്പും കിട്ടിയില്ല. അതോടെ, അന്വേഷണം പ്രഗൽഭ കുറ്റാന്വേഷകൻ, കണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ പി പി സദാനന്ദൻ ഏറ്റെടുത്തു.

രക്ഷപെട്ടു വെളിയിൽ വന്നാൽ ജയാനന്ദൻ എങ്ങോട്ടേയ്ക്കാവും പോകാൻ സാധ്യത എന്നതിനെപ്പറ്റിയാണ് അദ്ദേഹം ആദ്യം അന്വേഷിച്ചത്. ജയിലിലെ തടവുകാരെ മുഴുവൻ ചോദ്യം ചെയ്തെങ്കിലും ഫലമൊന്നുമുണ്ടായില്ല.

തുടർന്ന്, ജയാനന്ദനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയിരുന്ന പൊലീസുകാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. അതിൽ നിന്നും ഒരു കാര്യം മനസ്സിലായി, ജയാനന്ദൻ മിക്കപ്പോഴും ഊട്ടിയെപ്പറ്റി ഇവരോട് സംസാരിയ്ക്കുമായിരുന്നു. ഊട്ടിയിൽ താമസിയ്ക്കണമെന്നത് അയാളുടെ വലിയ ആഗ്രഹമായിരുന്നത്രേ.

ഇൻസ്പെക്ടർ സദാനന്ദന്റെ അടുത്ത നീക്കം, ഊട്ടിയുമായി ബന്ധമുള്ള തടവുകാർ ആരെങ്കിലുമുണ്ടായിരുന്നോ എന്നറിയാനായിരുന്നു. അതിലും ഗുണകരമായ തുമ്പൊന്നും കിട്ടിയില്ല.

അടുത്തതായി, കഴിഞ്ഞ ആറുമാസത്തിനിടയിൽ ജയിലിലെ തടവുകാരെ ആരൊക്കെ സന്ദർശിയ്ക്കാൻ വന്നു എന്നതിനെപ്പറ്റിയായി അന്വേഷണം. ജയിലിലെ സന്ദർശക രജിസ്റ്റർ മുഴുവൻ അരിച്ചു പെറുക്കി. ഇതിൽ നിന്നും പൊലീസ് ഒരു തടവുകാരനെ നോട്ട് ചെയ്തു. വയനാട് സ്വദേശിയായ അയാളെ ഊട്ടിയിൽ നിന്നുള്ള ഒരു സ്ത്രീ സന്ദർശിച്ചിരുന്നു. ജയാനന്ദൻ ഇയാളുമായി സംസാരിയ്ക്കുകയും ആ സ്ത്രീയുടെ ഫോൺ നമ്പർ മേടിയ്ക്കുകയും ചെയ്തതായി ഒരു വിവരം ലഭിച്ചു.

ആവേശത്തിലായ പൊലീസ് ആ തടവുകാരനെ അന്വേഷിച്ച് ജയിലിൽ എത്തിയപ്പോൾ അയാൾ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിക്കഴിഞ്ഞിരുന്നു. ഉടൻ അവർ വയനാട്ടിലേയ്ക്കു തിരിച്ചു. വൈകാതെ തന്നെ ആളെ കണ്ടെത്തി. അയാളിൽ നിന്നും ആ സ്ത്രീയുടെ കുറേ വിവരങ്ങൾ കിട്ടി. അവർ മലയാളി ആയ അവർ ഊട്ടിയിലാണു താമസം. വീടുകൾ വാടകയ്ക്കു കൊടുക്കലാണത്രേ അവരുടെ തൊഴിൽ.

സമയം കളയാതെ പൊലീസ് ഊട്ടിയ്ക്കു കുതിച്ചു. അവിടെ എത്തുമ്പോൾ സമയം പുലർച്ചെ മൂന്നുമണിയായി. ഏറെ സമയത്തെ പരിശ്രമത്തിനൊടുവിൽ അവരുടെ താമസസ്ഥലം കണ്ടെത്തി.

വേഷം മാറിയ രണ്ടു പൊലീസുകാർ അവരെ സമീപിച്ചു, തങ്ങൾ ദൂരെ നിന്നു വരുകയാണെന്നും ഏതാനും ദിവസത്തേയ്ക്കു ഒരു വീടു വാടകയ്ക്കു വേണമെന്നും അപേക്ഷിച്ചു. എന്നാൽ വെളുപ്പാൻകാലത്തു വിളിച്ചുണർത്തി വീടു വാടകയ്ക്കു ചോദിച്ചവരെ അവർക്കത്ര ബോധിച്ചില്ല.. വീടുകളൊന്നും ഒഴിവില്ല എന്നു പറഞ്ഞു വാതിലടച്ചു. അതോടെ തങ്ങൾ പൊലീസുകാരാണെന്നു അവരോടു വെളിപ്പെടുത്തി. തന്റെ പക്കൽ ഒഴിവുണ്ടായിരുന്ന ഒരു വീട് കഴിഞ്ഞദിവസം വന്ന ഒരു മലയാളിയായ ദുബായിക്കാരനു വാടകയ്ക്കു കൊടുത്തു പോയി എന്നവർ പറഞ്ഞു.
ആളുടെ രൂപഭാവങ്ങൾ ചോദിച്ചു മനസ്സിലാക്കിയതിൽ നിന്നും ദുബായിക്കാരൻ, റിപ്പർ ജയാനന്ദൻ തന്നെയെന്നു പൊലീസിനു ഏകദേശം ഉറപ്പായി. അവർ ആവേശത്തോടെ ആ സ്ത്രീ പറഞ്ഞുകൊടുത്ത വീടിരിയ്ക്കുന്ന സ്ഥലത്തേയ്ക്കു നീങ്ങി, കൂടെ വഴികാട്ടിയായി അവരുടെ മകനെയും കൂട്ടി.

നേരം പുലർന്നിട്ടില്ല. മകൻ ചൂണ്ടിക്കാണിച്ച വീടിനു അല്പം അകലെയായി പൊലീസ് വാഹനം നിർത്തി. അവർ നിശബ്ദം അങ്ങോട്ടേയ്ക്ക് നടന്നു.
വാതിലിൽ തട്ടിവിളിച്ച് ജയാനന്ദനെ ഉണർത്തിയാൽ ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുവാൻ സാധ്യതയുണ്ട്. എന്തിനും മടിയ്ക്കാത്ത ക്രൂരക്രിമിനൽ ആണയാൾ. വന്നതു പൊലീസെന്നറിഞ്ഞാൽ ചിലപ്പോൾ ആക്രമിയ്ക്കാനും മടിയ്ക്കില്ല. ആ സാധ്യത ഒഴിവാക്കാൻ പൊലീസ് തീരുമാനിച്ചു. വാതിൽ ചവിട്ടിപ്പൊളിച്ച് ഇരച്ചുകയറുക. എത്രയും വേഗം അയാളെ കസ്റ്റഡിയിലെടുക്കുക. അതായിരുന്നു പ്ലാൻ.

ഉടനടി ഓപ്പറേഷൻ നടപ്പാക്കി. വാതിൽ പാളികൾ പൊളിഞ്ഞു വീണു. പൊലീസ് പാഞ്ഞു കയറി. എന്നാൽ തങ്ങൾക്ക് അബദ്ധം പറ്റിയെന്നു നിമിഷങ്ങൾക്കകം അവർക്കു മനസ്സിലായി. ആ വീട്ടിൽ പ്രായമായ രണ്ടു സ്ത്രീകൾ മാത്രമാണുണ്ടായിരുന്നത്. അവരാകട്ടെ പേടിച്ചു നിലവിളിച്ചു തുടങ്ങി.

ഉടൻ തന്നെ പൊലീസ് അവരോടു ക്ഷമ പറഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെടുത്തി. നഷ്ടപരിഹാരമായി ഒരു തുകയും നൽകി. അതോടെ ശാന്തരായ അവർ, പൊലീസ് തേടി നടന്ന ഉത്തരം പറഞ്ഞു കൊടുത്തു. തൊട്ടടുത്ത വീട്ടിൽ കഴിഞ്ഞ ദിവസം ഒരാൾ വാടകയ്ക്കു താമസിയ്ക്കാൻ എത്തിയിട്ടുണ്ട്. ആളിതു വരെ പുറത്തിറങ്ങിക്കണ്ടിട്ടില്ല.

പൊലീസ് സംഘം ജാഗ്രതയോടെ അങ്ങോട്ടു നീങ്ങി. ഇത്തവണ അബദ്ധം പറ്റരുതെന്നവർക്കു നിർബന്ധമുണ്ടായിരുന്നു. വീടിനു ചുറ്റുമായി കുറച്ചുപേർ കാവൽ നിന്നു. മറ്റൊരു സംഘം ആ വീടിന്റെ ജനാലകൾ സൂക്ഷ്മമായി തുറന്നു ഉള്ളിൽ ടോർച്ചടിച്ചു പരിശോധന നടത്തി. ഊഹം തെറ്റിയില്ല, ഒരു കട്ടിലിൽ അതാ സുഖമായി കിടന്നുറങ്ങുന്ന ജയാനന്ദൻ. യാത്ര ക്ഷീണം കൊണ്ടോ മറ്റോ ആകാം ജനാല തുറന്നതും ടോർച്ചടിച്ചതുമൊന്നും അറിയാത്ത ഗാഡ നിദ്ര.
കതകു ചവിട്ടിപ്പൊളിച്ചു അകത്തുകയറിയ പൊലീസ്, ജയാനന്ദനു കാര്യങ്ങൾ മനസ്സിലാക്കാനുള്ള സമയം നൽകിയില്ല. നിമിഷങ്ങൾക്കകം അയാളെ കീഴ്പ്പെടുത്തി, വിലങ്ങിട്ടു.

ഊട്ടിയിൽ നിന്നും ഉത്തരേന്ത്യയ്ക്കു കടക്കാനായിരുന്നു ജയാനന്ദന്റെ പദ്ധതി. എന്നാൽ ഇത്രവേഗം പൊലീസ് തന്നെത്തേടി വരുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

പിടിയിലായ ജയാനന്ദനെ പിന്നെ കണ്ണൂരിൽ പാർപ്പിച്ചില്ല, നേരെ പൂജപ്പുരയിലേയ്ക്കാണു അയച്ചത്. അവിടെ അതീവ സുരക്ഷയിലായിരുന്നു തുടക്കം. പിന്നീട് അതയഞ്ഞു. ജയിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയും അഴിമതിയുമൊക്കെ ആവാം കാരണം, കൃത്യം ഒരു വർഷത്തിനു ശേഷം അവിടെ നിന്നാണിപ്പോൾ ജയാനന്ദൻ വീണ്ടും തടവു ചാടിയിരിയ്ക്കുന്നത്.

(അഞ്ച്)

സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ് അസി. കമ്മീഷണർ കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിയ്ക്കപ്പെട്ടു. കണ്ണൂരിൽ നിന്നും പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ നേരത്തെ റിപ്പറെ പിടികൂടിയ സംഘത്തിന്റെ സഹകരണവും ഇവർക്കുണ്ടായിരുന്നു.

ജയിലിലെ മറ്റു തടവുകാരെ ചോദ്യം ചെയ്തും ജയിൽ ജീവനക്കാരിൽ നിന്നു മൊഴിയെടുത്തും മറ്റുമായി അവർ അന്വേഷണം വ്യാപകമാക്കി. യാതൊരു തുമ്പും ലഭിച്ചില്ല. ജയിൽചാട്ടത്തിലും ഒളിവിൽതാമസത്തിലും അതിവിദഗ്ധനാണ് ജയാനന്ദൻ എന്നു പൊലീസിനറിയാം. കഴിഞ്ഞ തവണത്തെ പിഴവുകൾ ഇത്തവണ ആവർത്തിയ്ക്കാതിരിയ്ക്കാനും അയാൾ ശ്രദ്ധിച്ചിട്ടുണ്ടാവും. എന്തായാലും പൊലീസിന്റെ മുന്നോട്ടുള്ള നീക്കം ദുഷ്കരമായി. ഇതിനിടെ മറ്റൊരു പൊലീസ് സംഘം, ജയാനന്ദനോടൊപ്പം രക്ഷപെട്ട ഊപ്പ പ്രകാശിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. അത് ഫലവത്തായി. ഒമ്പതാം ദിവസം, ജൂൺ 19 നു തന്നെ അയാൾ അറസ്റ്റിലായി.

ജയിൽ ചാടിയ ആദ്യത്തെ രണ്ടു ദിവസം, വേളി റയിൽവേ സ്റ്റേഷൻ പരിസരങ്ങളിലുള്ള കുറ്റിക്കാട്ടിലായിരുന്നു ജയാനന്ദനും ഊപ്പ പ്രകാശും കഴിഞ്ഞത്. വിജനമായ കുറ്റിക്കാട് അവർക്കു സംരക്ഷണം നൽകി. പിന്നീട് അവിടെ നിന്നും പിരിഞ്ഞു. താൻ തമിഴുനാട്ടിലേയ്ക്കു പോകുന്നതായിട്ടാണ് ജയാനന്ദൻ ഊപ്പയോട് പറഞ്ഞത്.

ജയാനന്ദനെ പിരിഞ്ഞശേഷം, ഊപ്പ കള്ളവണ്ടി കയറി നാട്ടിലെത്തി. ഏറെക്കാലത്തിനു ശേഷം കിട്ടിയ സ്വാതന്ത്ര്യം നന്നായി ആസ്വദിച്ചു. കള്ളുഷാപ്പുകളിൽ കയറിയിറങ്ങി. തടവുചാടിയ ഒരാളുടെ ഭാവമേ ഉണ്ടായില്ല.
ഊപ്പ നാട്ടിലെത്തിയത് കൈയോടെ പൊലീസ് കണ്ടെത്തിയെങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല. രഹസ്യപൊലീസുകാർ അയാളെ നിരീക്ഷണത്തിൽ വെച്ചു. ഏതെങ്കിലും വിധത്തിൽ ജയാനന്ദൻ അയാളെ ബന്ധപ്പെടുന്നുണ്ടോ എന്നറിയാനായിരുന്നു അത്. പക്ഷേ അതു ഫലവത്താകാതെ വന്നതോടെയാണ് അറസ്റ്റുണ്ടായത്.

ഊപ്പയിൽ നിന്നു കിട്ടിയ വിവരമനുസരിച്ച് തമിഴുനാട്ടിൽ അന്വേഷണം നടത്തിയെങ്കിലും വിഫലമായി. ആഴ്ചകൾ കടന്നുപോയി. ജയാനന്ദൻ കണ്മറയത്തെവിടെയോ അദൃശ്യനായി തുടർന്നു.

ഇതിനിടെ ജയാനന്ദന്റെ സ്വദേശമായ മാളയിൽ ഒരു തീവെപ്പു കേസുണ്ടായി. അവിടെയുള്ള ഒരാളുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ബൈക്ക് നേരം പുലർന്നപ്പോൾ കത്തി നശിച്ചിരിയ്ക്കുന്നു. അയാൾ പരാതി നൽകി. പൊലീസ് കേസെടുത്തു.
അയാളോട് ശത്രുത ഉള്ളതായ ആരെയും കണ്ടെത്താൻ സാധിയ്ക്കാതെ വന്നപ്പോൾ പൊലീസിന്റെ അന്വേഷണം അയാളിലേയ്ക്കു തന്നെ തിരിഞ്ഞു. മാളയിൽ തന്നെ അയാൾക്ക് ഒരു സ്ത്രീയുമായി അവിഹിത ബന്ധം ഉള്ളതായി അതിൽ നിന്നു ബോധ്യപ്പെട്ടു. ആ സ്ത്രീ മറ്റാരുമല്ല, ജയാനന്ദന്റെ ഭാര്യ ആയിരുന്നു..

പൊലീസ് ആവേശത്തിലായി. ജയാനന്ദൻ ഈ പരിസരത്തെവിടെയോ ഉണ്ട്..! ശത്രുക്കളോടു കടുത്ത പക ഉള്ളിൽ സൂക്ഷിയ്ക്കുന്ന ആളാണു അയാളെന്നു പൊലീസിനു നേരത്തെ തന്നെ ബോധ്യമുള്ളതാണ്. ഇതിനിടെ പൊലീസിന്റെ പ്രതീക്ഷകൾക്ക് കരുത്തേകിക്കൊണ്ട്, ജയാനന്ദന്റെ ഭാര്യയ്ക്ക് ഒരു ടെലഫോൺ കോൾ വന്നു. കൊടുങ്ങല്ലൂർ ഭാഗത്തുള്ള ഒരു ബൂത്തിൽ നിന്നുമായിരുന്നു അത്.

പൊലീസിന്റെ വൻസംഘം, പല വേഷങ്ങളിൽ കൊടുങ്ങല്ലൂർ, മാള, അന്നമനട പ്രദേശങ്ങൾ അരിച്ചു പെറുക്കി അന്വേഷണം തുടങ്ങി. വിപുലമായ സംവിധാനങ്ങളാണ് അതിനായി ഒരുക്കിയത്. ജയാനന്ദന്റെ വിവിധ രൂപത്തിലുള്ള ചിത്രങ്ങൾ അച്ചടിച്ച് ഓരോ വീടുകളിലും എത്തിച്ചു. സ്ത്രീകൾക്ക് ജാഗ്രത നിർദ്ദേശം നൽകി. സംശയാസ്പദമായി ആരെ കണ്ടാലും പൊലീസിൽ അറിയിയ്ക്കാൻ നിർദ്ദേശമുണ്ടായി. എന്നാൽ ഇത്രയൊക്കെ ആയിട്ടും ജയാനന്ദനെക്കുറിച്ച് യാതൊരു സൂചനയും കിട്ടിയില്ല.

കൊടുങ്ങല്ലൂരിന്റെ തീരപ്രദേശങ്ങളിൽ ധാരാളം ചെമ്മീൻകെട്ടുകൾ ഉണ്ട്. കൂടാതെ വിജനമായ അനേകം തുരുത്തുകളും. ഇവിടെ എവിടെയെങ്കിലും ജയാനന്ദൻ ഉണ്ടാകുമെന്ന് പൊലീസ് ഉറപ്പിച്ചു. ജനപ്രതിനിധികളും യുവജനസംഘടനകളുമെല്ലാം പൊലീസുമായി തിരച്ചിൽ പ്രവർത്തനങ്ങളിൽ സഹകരിച്ചു. രാത്രി നേരങ്ങളിൽ ഒരേ സമയം വിവിധ ചെമ്മീൻ കെട്ടുകളിൽ തിരച്ചിൽ സംഘം എത്തി. ഓരോ ഇഞ്ചും അരിച്ചു പെറുക്കി. പകൽ നേരങ്ങളിൽ തുരുത്തുകളിൽ ചെറുസംഘങ്ങളായി തിരിഞ്ഞ് അന്വേഷിച്ചു. എന്നിട്ടും ജയാനന്ദനെ കിട്ടിയില്ല. അപ്പോഴേയ്ക്കും അയാൾ ജയിൽ ചാടിയിട്ട് മൂന്നുമാസത്തോളമായിരുന്നു.

(ആറ്)

2013 സെപ്തംബർ 9.
തൃശൂർ ജില്ലയിലെ നെല്ലായി എന്ന സ്ഥലം. സമയം അപ്പോൾ വൈകുന്നേരം 4 മണി. അവിടെ ഒരു രാഷ്ട്രീയ സംഘടനയിൽ പെട്ട കുറേ ആൾക്കാർ കൂടിനിൽക്കുന്നുണ്ട്. മറ്റൊരു രാഷ്ട്രീയ പാർടിയുടെ ജാഥ അങ്ങോട്ടേയ്ക്ക് വരാൻ പോകുകയാണ്. അതിനെ തടയുകയാണ് ഇവരുടെ ഉദ്ദേശം. വലിയൊരു സംഘർഷത്തിനു സാധ്യതയുണ്ട്.

പുതുക്കാട് സബ് ഇൻസ്പെക്ടർ രവിയുടെ നേതൃത്വത്തിൽ ഒരു സംഘം പൊലീസുകാർ ജീപ്പിൽ അവിടേയ്ക്ക് വരുകയായിരുന്നു.
അപ്പോൾ റോഡിന്റെ സൈഡിൽ കൂടി ഒരാൾ സൈക്കിൾ തള്ളിക്കൊണ്ടു വരുന്നുണ്ട്. കുറിയ രൂപം. താടി നീട്ടിവളർത്തിയിരിയ്ക്കുന്നു. സൈക്കിളിനു പിന്നിൽ വലിയൊരു കെട്ട്.

പൊലീസ് ജീപ്പ് അയാളുടെ സമീപം നിർത്തി. ആരാണ്, എവിടെ നിന്നു വരുന്നു, എന്താണ് സൈക്കിളിൽ മുതലായ കാര്യങ്ങൾ ചോദിച്ചു. ആക്രിപെറുക്കി ജീവിയ്ക്കുന്ന ആളാണെന്നായിരുന്നു മറുപടി. സൈക്കിൾ തള്ളുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ടയർ പഞ്ചറായതാണെന്ന് പറഞ്ഞു. താമസസ്ഥലത്തെപ്പറ്റിയുള്ള ചോദ്യത്തിന്റെ മറുപടിയിൽ സബ് ഇൻസ്പെക്ടർക്ക് തൃപ്തി തോന്നിയില്ല. ആളെ ജീപ്പിൽ കയറ്റി. മാസങ്ങളായി കേരളാപൊലീസ് തിരഞ്ഞുകൊണ്ടിരിയ്ക്കുന്ന റിപ്പർ ജയാനന്ദനെയാണ് തങ്ങൾ പിടികൂടിയതെന്ന് അപ്പോൾ അവർക്കു മനസ്സിലായിരുന്നില്ല,
സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും വരെ.

അതിവിദഗ്ധമായി പൊലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ജയാനന്ദനെ ചതിച്ചത് കേവലം ഒരു സൈക്കിൾ ടയറാണ്..!

ഊപ്പപ്രകാശ് പൊലീസിനോടു പറഞ്ഞതുപോലെ ജയാനന്ദൻ തമിഴ് നാട്ടിലേയ്ക്കു പോയിരുന്നില്ല. അതു വഴിതെറ്റിയ്ക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു. മുൻ അനുഭവം വെച്ച് പൊലീസ് തന്നെ തമിഴുനാട്ടിലാകും തിരയുക എന്ന് അയാൾക്കറിയാമായിരുന്നു. വേളിയിൽ നിന്നും ജയാനന്ദൻ ട്രെയിൻ കയറി കൊല്ലത്താണെത്തിയത്. അവിടെ നിന്നും എറണാകുളത്ത്.

തിരിച്ചറിയാതിരിയ്ക്കാൻ താടി നീട്ടി. ശരീരം മെലിയിച്ചു. ആക്രികൾ പെറുക്കിവിറ്റ് ആഹാരത്തിനുള്ള വകയുണ്ടാക്കി. ഇതിനിടെ ഒരു പഴയ സൈക്കിൾ മോഷ്ടിച്ചു. പിന്നീടാണ് തൃശൂരിലേയ്ക്കു നീങ്ങിയത്. പുതുക്കാട് പ്രദേശത്ത് സൈക്കിളിൽ നടന്നു ആക്രിപെറുക്കി അല്പാല്പം കാശ് സ്വരുക്കൂട്ടി. ഇടയ്ക്കിടെ ചെറുകിട മോഷണങ്ങളും. പൊലീസ് തന്നെ അന്വേഷിയ്ക്കുന്നുണ്ടെന്നു അറിയാമായിരുന്നതിനാൽ വലിയ ആൾക്കൂട്ടങ്ങളിലൊന്നും ചെന്നുപെടാതിരിയ്ക്കാൻ ശ്രദ്ധിച്ചിരുന്നു. അതുപോലെ വീടുമായി ബന്ധപ്പെടാനും ശ്രമിച്ചതേയില്ല.

തന്റെ ഭാര്യയുമായി മറ്റൊരാൾക്ക് ബന്ധമുള്ള കാര്യം ജയിലിൽ കിടക്കുന്ന സമയത്തുതന്നെ ആരോ പറഞ്ഞു ജയാനന്ദനു അറിയുമായിരുന്നു. ഭാര്യാജാരനോടുള്ള പക അയാളുടെ ഉള്ളിൽ കിടന്നു പുകഞ്ഞു. അയാളെ കൊല്ലുക തന്നെയായിരുന്നു ഉദ്ദേശം. അതിനായി ഒരു രാത്രി അയാളുടെ വീടിനു സമീപം കാത്തുനിന്നു. എന്നാൽ അതിനുള്ള അവസരം ഒത്തുവരാതിരുന്നപ്പോൾ, പെട്ടെന്നു തോന്നിയ ദേഷ്യത്തിലാണ് അവിടെ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചത്. അടുത്തൊരു ദിവസം ഭാര്യയെ ഫോണിൽ വിളിയ്ക്കുകയും ചെയ്തു. എന്നാൽ അതിന്റെ അപകടം ബോധ്യമായതോടെ പിന്നീട് വിളിയ്ക്കാൻ ശ്രമിച്ചില്ല.

പൊലീസ് നാടിളക്കി പരിശോധന നടത്തുമ്പോഴും ജയാനന്ദൻ ആക്രിപെറുക്കി അവർക്കിടയിലൂടെ നടന്നു. ഒരു ദിവസം തൃശൂർ പോയി നന്നായി ഭക്ഷണം കഴിയ്ക്കണമെന്നു ജയാനന്ദനു തോന്നി. സൈക്കിൾ നെല്ലായിയിൽ വെച്ചിട്ട് അയാൾ തൃശൂർക്കു പോയി. ഭക്ഷണമെല്ലാം കഴിഞ്ഞ്, നെല്ലായിയിലെത്തി സൈക്കിൾ എടുക്കുമ്പോൾ അതിന്റെ ടയർ പഞ്ചറായിരുന്നു. അങ്ങനെ അതും തള്ളി വരുമ്പോഴാണ് പൊലീസിന്റെ മുന്നിൽ പെട്ടത്.

ഒരു പാർടിയുടെ ജാഥ മറുപാർടി തടയാൻ തീരുമാനിച്ചപ്പോൾ അതിനു ഇങ്ങനെയൊരു “ഗുണ”വശം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. അങ്ങനെ മാസങ്ങളോളം പൊലീസിനെ വട്ടം കറക്കിയ റിപ്പർ ജയാനന്ദൻ ഒടുവിൽ പൊലീസ് പിടിയിലായി.

കീഴ്കോടതികൾ ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയുടെ ദയാവായ്പിൽ മൂന്നു കൊലക്കേസുകളിൽ ജയാനന്ദനെ വെറുതെ വിട്ടു. വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊടുക്കുകയും ചെയ്തു.
ജയാനന്ദൻ ഇപ്പോഴും ജയിലിൽ ഉണ്ട്, അടുത്ത അവസരവും കാത്ത്.

(അവസാനിച്ചു)