പോലീസുകാരുടെ മോശം പെരുമാറ്റം, സർക്കാർ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ

0
72

Biju Kumar Alakode

അടുത്തടുത്ത ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ രണ്ടു വീഡിയോകളായിരുന്നു ചെറുപുഴയിലെയും നെയ്യാറിലെയും പോലീസേമാൻമാരുടെ തെറിവിളികൾ. സംസ്കാരമുള്ള മനുഷ്യർ ലജ്ജിച്ചു തലതാഴ്ത്തും വിധമായിരുന്നു അവരുടെ പ്രകടനങ്ങൾ. ക്യാമറയിൽ പതിഞ്ഞതുകൊണ്ടു മാത്രമാണ് ഈ സംഭവങ്ങൾ ജനശ്രദ്ധയിൽ വന്നത്. അങ്ങനെയല്ലാത്ത നൂറുകണക്കിനു സംഭവങ്ങൾ പലയിടത്തും നടക്കുന്നുണ്ട്.

സംസ്ഥാന സൽക്കാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിരന്തരം ശ്രമിച്ചിട്ടും എന്തുകൊണ്ടാണ് ഒരു കൂട്ടം പൊലീസുകാർ ഇങ്ങനെ സംസ്കാര രഹിതരായി തുടരുന്നത്? പഠനവിഷയമാക്കേണ്ടതാണ്.
നെയ്യാറിലെ ആ പോലീസുകാരൻ വിളിച്ചു പറഞ്ഞത്, ഇന്നാട്ടിലെ ഒരു വിഭാഗം പൊലീസുകാരുടെ ഉള്ളിലിരുപ്പ് തന്നെയാണ്. അതിനാണ് ചികിത്സ വേണ്ടത്. സർക്കാർ അടിയന്തിരമായി ചെയ്യേണ്ട ഒരു കാര്യമുണ്ട്.

1 പൊലീസ് – എക്സൈസ് – ഫോറെസ്റ്റ് – സർക്കാർ ഉദ്യോഗസ്ഥരുമായി ഇടപെടേണ്ടി വരുന്ന ഏതു അവസരവും വീഡിയോയിൽ പകർത്താൻ പൊതുജനങ്ങൾക്ക് അവകാശം നൽകുക. അതു തടസ്സപ്പെടുത്തുന്നത് ക്രിമിനൽ കുറ്റകൃത്യമാക്കുക. ഇക്കാര്യത്തിൽ ഓർഡിനൻസോ നിയമമോ ഉണ്ടാക്കുക.

2 വീഡിയോ തെളിവോടെ കിട്ടുന്ന ഏതു പരാതിയിലും ഉടനടി നടപടിയെടുക്കുക. നിയമപാലകർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ഉടനടി പിരിച്ചുവിടൽപോലുള്ള ശിക്ഷാ നടപടി സ്വീകരിയ്ക്കുക. തെറി വിളിയന്മാരെ സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുക.

3 പൊലീസുകാർക്ക് വർഷത്തിലൊരിക്കലെങ്കിലും മാനസികാരോഗ്യ പരിശോധന കർശനമാക്കുക.
ഇത് 21-ാം നൂറ്റാണ്ടാണെന്നും കുട്ടൻപിള്ള പൊലീസിൻ്റെ കാലമല്ലെന്നും ആഭ്യന്തര വകുപ്പ് എന്ന് മനസ്സിലാക്കും?

വാൽ: സ്ഥലംമാറ്റം എന്ന നടപടി, ശിക്ഷാ നടപടിക്രമത്തിൽ നിന്ന് ഒഴിവാക്കുക.