ഇവിടെ സമ്പന്ന രാജ്യമാണെന്ന പറച്ചിലേ ഉള്ളു, പണമുള്ളവനു എല്ലാം കിട്ടും,ഇന്ത്യയിലും കേരളത്തിലും ജീവിയ്ക്കുന്ന നിങ്ങൾ ഭാഗ്യവാന്മാരാണ്

851
Biju Kumar Alakode
“അസ്സലാമു അലൈക്കും..എന്തൊക്കെയാ സിദ്ധീക്ക് ഭായ്.. സുഖല്ലേ..പിന്നേ… ഇതു പണി പാളീക്ക്ന്നാ തോന്നുന്നേ..കുറെ ദിവസായി തുടങ്ങീട്ട്.. തലവേദനേം പനീം… ഇതൊക്കെ.. സഫാ മക്കേ കാണിച്ചൂ.. ഒരാഴ്ചത്തെ മരുന്നു തന്നു.. കുടിച്ചു.. ബ്ലഡും മൂത്രോം ഒക്കെ ചെക്ക് ചെയ്തൂ.. പിന്നേ.. ഷിഫാ അൽ ജസീറേല്.. അവിടേം കാണിച്ചൂ.. അവ്ടേം ഒരാഴ്ച്ചത്തെ മരുന്നൊക്കെ കുടിച്ചു.. അവിടുന്ന് എക്സ്റേക്കെ എടുത്തീർന്ന്… അതൊന്നും കാണിച്ചൊട്ടാരാക്കം കിട്ടുന്നില്ല.. രണ്ടീസം മൂന്നു ദെവസായിട്ട് ഭയങ്കര ശ്വാസം മുട്ടലുണ്ട്. ഇനിപ്പോ എന്താ ചെയ്യാന്നാ.. ഒരു പിടുത്തം കിട്ടുന്നില്ല.”
കഴിഞ്ഞ ദിവസം റിയാദിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളി യുവാവ് സഫ്വാൻ ഏതാനും ദിവസം മുൻപ് തന്റെ സുഹൃത്തിനയച്ച അവസാന ശബ്ദസന്ദേശമാണിത്. അതീവ അവശതയിലുള്ള ഈ സന്ദേശം കേൾക്കുമ്പോൾ കണ്ണു നിറയുന്നുണ്ട്.
സൌദി അറബിയ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യരംഗം പുറം മോടിക്കപ്പുറം വളരെ ശോചനീയമാണ്. അതിനു കാരണം, ആരോഗ്യരംഗത്തു പ്രവർത്തിയ്ക്കുന്ന ഡോക്ടർമാർ മുതൽ നേഴ്സ് വരെയുള്ള വിദഗ്ധ സ്റ്റാഫ് ഏതാണ്ടു പൂർണമായും വിദേശികളാണ് എന്നതാണ്. പരിതാപകരമായ വിദ്യാഭ്യാസ നിലവാരം മൂലം തദ്ദേശീയർക്ക് ഈ രംഗത്ത് കാര്യമായ റോളൊന്നുമില്ല.
ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഡോക്ടർമാരെപ്പറ്റി പറഞ്ഞാൽ വലിയ തമാശയാകും. കഷ്ടിച്ച് ഒരു പത്തുശതമാനം പേരെ മാറ്റി നിർത്തുന്നു, ബാക്കിയുള്ളവരെപ്പറ്റിയാണു പറയുന്നത്. ഇവരിൽ അധികവും ഈജിപ്തിൽ നിന്നുള്ളവരാണ്. കൂടാതെ പലസ്തീൻ, സിറിയ, സുഡാൻ അങ്ങനെ കുറച്ചും ഉണ്ട്. അറബികൾ എന്ന നിലയ്ക്ക് ഇവർക്ക് മുൻഗണനയുണ്ട്. ഇക്കൂട്ടരുടെ നിലവാരം പറഞ്ഞാൽ, പണ്ട് നമ്മുടെ നാട്ടിൽ കമ്പൌണ്ടർ മൂത്ത് ഡോക്ടർ ആകുന്നവരുടെ ഏതാണ്ട് ലെവലാണ്.
അടുത്തത് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ. മുകളിൽ പറഞ്ഞവരിൽ നിന്നും അല്പം ഭേദമായിരിയ്ക്കും എന്നു മാത്രം. അതിൽ അല്പം ഭേദം മലയാളി ഡോക്ടർമാർ തന്നെ. അവരുടെയും നിലവാരം നമ്മുടെ നാട്ടിലുള്ള ഏതു ശരാശരി ഡോക്ടറിലും താഴെ ആയിരിയ്ക്കും. (ഞാൻ സൌദിയിലുള്ള കാലത്ത്, അവിടുത്തെ ഗവ: ആശുപ്രതിയിൽ പോകുമ്പോൾ ഡോക്ടർ കുറിച്ചു തരുന്ന മരുന്നു ഒഴിവാക്കി വേറെ മരുന്നു തരുമായിരുന്നു ഫാർമസിസ്റ്റ്. കാരണം അയാൾ കോട്ടയത്തുള്ള ഒരു മനുഷ്യനായിരുന്നു.)
സൌദിയിലെ റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിൽ ധാരാളം സ്വകാര്യ ക്ലിനിക്കുകൾ ഉണ്ട്. അതിൽ കുറേയെണ്ണം മലയാളികളുടേതാണ്. ഗൾഫിൽ ലേബർ ജോലിയ്ക്കു വന്നശേഷം പിടിച്ചുകയറി ക്ലിനിക്ക് സ്ഥാപിച്ച് വൻമുതലാളിമാരായവർ ഉണ്ട്. ഇവരിൽ പലരും നാട്ടിൽ നിന്നും കാര്യമായ പ്രാക്ടീസില്ലാതെ ചുമ്മായിരിയ്ക്കുന്ന “ഡോക്ടർ”മാരെ കൊണ്ടുവന്നാണു ഈ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നത്.
പത്രമാധ്യമങ്ങളിലും രാഷ്ട്രീയ സാമുദായിക നേതാക്കൾക്കിടയിലും വലിയ സ്വാധീനമാണു ഇക്കൂട്ടർക്ക്. ധാരാളം പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നൽകും. ആയതിനാൽ ഈ മുതലാളിമാരെപ്പറ്റി ആർക്കും “മോശം“ പറയാനുണ്ടാവില്ല.
എന്റെ അറിവിൽ, ഇത്തരം ക്ലിനിക്കുകളിൽ ഡോക്ടറുടെ കൺസൾട്ടിംഗ് ഫീസ് 50 -100 റിയാൽ അഥവാ 1000 – 2000 രൂപ വരെയാണു. മിക്കമരുന്നുകൾക്കും ഇന്ത്യയിലേതിന്റെ പത്തിരട്ടിവരെയാണു വില. ഇൻഷുറൻസ് പരിരക്ഷയുള്ള ഒരു ന്യൂനപക്ഷമൊഴിച്ച് ഭൂരിപക്ഷം പേർക്കും ക്ലിനിക്കുകളൊ ഹോസ്പിറ്റലുകളോ അപ്രാപ്യമാണു. ആയതിനാൽ മിക്കവരും സ്വയം ചികിത്സ തിരഞ്ഞെടുക്കുന്നു. ബക്കാലകളിൽ കിട്ടുന്ന പാനഡോൾ അഥവ പാരസെറ്റമോൾ വാങ്ങിക്കഴിയ്ക്കുന്നു. അധികം പേർക്കും അങ്ങനെ സുഖപ്പെടും. രോഗം മൂർച്ഛിയ്കുന്നവർ ഒന്നുകിൽ നാട്ടിൽ പോരും അല്ലെങ്കിൽ വരുംപോലെ വരട്ടെ എന്നു കരുതി അവിടെ തുടരും.
സഫ്വാൻ റിയാദ് ബത്തയിൽ ടാക്സി ഡ്രൈവറാണ്. രണ്ടാഴ്ച മുമ്പ് പനിയും തൊണ്ടവേദനയും ചെറിയ ശ്വാസം മുട്ടലും അനുഭവപ്പെട്ടു. ഈ ലക്ഷണങ്ങളുമായി റിയാദ് ബത്തയിലുള്ള ഒരു മലയാളി ക്ലിനിക്കിൽ കാണിയ്ക്കുന്നു. അവർ രക്തവും മൂത്രവും പരിശോധിച്ചു മരുന്നു നൽകി വിടുന്നു. ഒരാഴ്ചയായിട്ടും കുറവില്ലാത്തതിനാൽ ബത്തയിലെ മറ്റൊരു മലയാളി ഹൊസ്പിറ്റലിൽ പോയി. അവർ എക്സ്റേയൊക്കെ എടുത്തു, മരുന്നും നൽകി വിട്ടു.
രോഗാവസ്ഥയിൽ കുറവില്ലാതെ അവശനായപ്പോൾ സുഹൃത്തുക്കൾക്ക് മെസേജയച്ചു. അവർ റിയാദിലുള്ള ജർമ്മൻ ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു.
മേൽപ്പറഞ്ഞ ക്ലിനിക്കുകാർ ഊറ്റിക്കുടിച്ച് കാശെല്ലാം തീർന്ന അവസ്ഥയിലായിരുന്നു ആ യുവാവ്. തന്റെ കൈയിൽ കാശില്ല എന്നു പറഞ്ഞ സഫ്വാനെ കൂട്ടുകാർ അവിടെ കൂട്ടി കൊണ്ടുപോയി. അവിടെ ചികിത്സ ഫ്രീയായി ലഭിയ്ക്കുമായിരുന്നു. അഡ്മിറ്റാകണമെന്ന ഡോക്ടറുടെ നിർബന്ധത്തിൽ സഫ്വാൻ അവിടെ അഡ്മിറ്റായി. പരിശോധനയിൽ രോഗം കോവിഡാണെന്നു മനസ്സിലായി. വൈകാതെ രോഗം മൂർച്ഛിച്ച് ശനിയാഴ്ച വൈകിട്ട് ആ യുവാവ് മരിച്ചു.
ഇനി സഫ്വാൻ കേരളത്തിൽ ആയിരുന്നു എന്നു കരുതുക. എന്തുണ്ടാകുമായിരുന്നു?
പനിയും തൊണ്ടവേദനയും ശ്വാസം മുട്ടലുമായി ഒരു സ്വകാര്യക്ലിനിക്കിൽ എത്തിയാൽ, അവരുടൻ ആരോഗ്യവകുപ്പിനെ അറിയിയ്ക്കും. ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ സർക്കാർ ആശുപത്രിയിൽ എത്തിച്ച് അഡ്മിറ്റാക്കും. സ്രവ സാമ്പിളുകൾ എടുത്ത് കോവിഡ് പരിശോധനയ്ക്കു വിടും. പോസിറ്റീവാണെങ്കിൽ അയാൾക്കു വേണ്ട എല്ലാ ചികിത്സയും സൌജന്യമായി നൽകും. ആരോഗ്യവാനായ ആ യുവാവ് രക്ഷപെടും.
പനി, തൊണ്ടവേദന, ശ്വാസം മുട്ടൽ ഇവ കോവിഡിന്റെ ലക്ഷണങ്ങൾ ആകാം എന്നു ഇപ്പോൾ ഏതു സാധാരണക്കാരനും അറിയാം. എന്നിട്ടും എന്തുകൊണ്ടാണ് സൌദിയിലെ ആ രണ്ടു സ്വകാര്യക്ലിനിക്കിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കതു മനസ്സിലാകാതെ പോയത്? മനസ്സിലായെങ്കിലും അവർ മറച്ചു വെച്ചതാണോ? കാരണം ആരോഗ്യവകുപ്പിനെ ഇത് അറിയിച്ചാൽ ചിലപ്പോൾ രണ്ടു മൂന്നു ദിവസം സ്റ്റെറിലൈസേഷനു വേണ്ടി ക്ലിനിക്ക് അടച്ചിടേണ്ടി വരും. ഇതൊഴിവാക്കാനായിരിയ്ക്കണം അവർ അങ്ങനെ ചെയ്തത്. എന്തായാലും സ്വാർത്ഥത മൂലമുള്ള അവഗണനകൊണ്ട് ഒരു യുവാവിന്റെ ജീവിതവും കുടുംബത്തിന്റെ പ്രതീക്ഷയുമാണു ഇവർ തല്ലിക്കെടുത്തിയത്.
ഇന്നലെ അമേരിയ്ക്കയിലും രണ്ടുമലയാളികൾ ഇതേ പോലെ മരണപ്പെട്ടു. രണ്ടും മതിയായ ചികിത്സ ലഭിയ്ക്കാത്തതു കൊണ്ടായിരുന്നു. അമേരിയ്ക്കയിലുള്ള ഒരു മലയാളിയുടെ ശബ്ദ സന്ദേശം എന്റെ കൈവശമുണ്ട്. അതിൽ അയാൾ പറയുന്നു:
“ഇവിടെ സമ്പന്ന രാജ്യമാണെന്ന പറച്ചിലേ ഉള്ളു. പണമുള്ളവനു എല്ലാം കിട്ടും. പാവപ്പെട്ടവനെ ആരും തിരിഞ്ഞു നോക്കില്ല. ഇന്ത്യയിലും കേരളത്തിലും ജീവിയ്ക്കുന്ന നിങ്ങൾ ഭാഗ്യവാന്മാരാണ്. നമ്മുടെ ജനാധിപത്യത്തിന്റെ വില നിങ്ങൾക്കറിയില്ല. നിങ്ങൾ സ്വർഗത്തിലാണു ജീവിയ്ക്കുന്നത്.”