ഏഷ്യയെ പുച്ഛത്തോടെ കണ്ടിരുന്ന ട്രംപിനിപ്പോൾ അമേരിക്കക്കാരെ രക്ഷിയ്ക്കാൻ ഇന്ത്യയുടെയും ചൈനയുടെയും സഹായം വേണമത്രേ

148

Biju Kumar Alakode

പണ്ട് ഒരു വീഡിയോ കണ്ടിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒബാമ തന്റെ ഔദ്യോഗിക വിമാനത്തിലേയ്ക്ക് ചുറുചുറുക്കോടെ കയറി പോകുന്നു. നിമിഷങ്ങൾക്കകം അദ്ദേഹം ഇറങ്ങി വന്നിട്ട്, വിമാനത്തിന്റെ കോണിപ്പടിയിൽ നിന്നിരുന്ന ഗാർഡിന് സല്യൂട്ട് നൽകിയിട്ട് വീണ്ടും കയറിപ്പോയി.
ആ ഗാർഡും കാഴ്ചക്കാരും അമ്പരന്നിട്ടുണ്ടാകണം. എന്നാൽ ഒബാമയെ സംബന്ധിച്ച് , അദ്ദേഹം ആദ്യം കയറിപ്പോയപ്പോൾ തന്നെ സല്യൂട്ട് ചെയ്ത ഗാർഡിന് തിരിച്ച് സല്യൂട്ട് ചെയ്യാൻ മറന്നിരുന്നു. ബോധപൂർവമല്ലെങ്കിലും അതിലെ മര്യാദകേട് തിരിഞ്ഞാണദ്ദേഹം വീണ്ടും ഇറങ്ങി വന്നത്. ഇതാണ് മാന്യത, മനുഷ്യത്വം എന്നൊക്കെ പറയുന്നത്.
ഒബാമ ഇരുന്ന ആ കസേരയിലേയ്ക്ക് പിന്നെ വന്നത്, പരിഷ്കൃത മനുഷ്യരുടെ മൂല്യങ്ങൾക്കൊന്നും വില കൽപിയ്ക്കാത്ത ഒരു വംശവെറിയൻ ആയിരുന്നു. പമ്പരവിഡ്ഡി ആയ അയാളുടെ വിവരക്കേടുകളാണ്, ലോകത്ത് ഒന്നാം നമ്പർ എന്നവകാശപ്പെടുന്ന അമേരിയ്ക്കയെ, കോവിഡുമരണത്തിന്റെ താഴ്വരയാക്കി മാറ്റിയത്.
ഏഷ്യയെ പുച്ഛത്തോടെ കണ്ടിരുന്ന അയാൾക്ക് ഇപ്പോൾ അമേരിക്കക്കാരെ രക്ഷിയ്ക്കാൻ ഇന്ത്യയുടെയും ചൈനയുടെയും സഹായം വേണം. കോവിഡിന് മറുമരുന്നെന്നു കരുതുന്ന ക്ലോറോക്വിൻ ആണ് ഇന്ത്യയിൽ നിന്നും അമേരിയ്ക്കൻ പ്രസിഡണ്ട് ട്രംബ് ആവശ്യപ്പെടുന്നത്. എന്നാൽ അപേക്ഷയല്ല, ഭീഷണിയാണ് അയാളുടെ ഭാഷയിലുള്ളത്. ക്ലോറോക്വിൻ കയറ്റുമതിയ്ക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം നീക്കിയില്ലങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇന്നലെ പറഞ്ഞത്! തെരുവു ഗുണ്ടയുടെ ശൈലി.
അത്യാവശ്യക്കാരായ അയൽക്കാർക്ക് കൊടുത്തിട്ടു ബാക്കിയുണ്ടങ്കിൽ തരാമെന്ന് ഇന്ത്യ പറഞ്ഞതായാണ് വാർത്ത . എന്തായാലും നമുക്ക് അമേരിക്കൻ ജനതയോടു ശത്രുത തോന്നേണ്ടതില്ല. കഴിയുന്ന പോലെ സഹായിയ്ക്കുക തന്നെ വേണം.
വാൽ: ലോകത്തെ പ്രധാന ക്ലോറോക്വിൻ ഉത്പാദക രാജ്യമാണ് ഇന്ത്യ. ഈ മരുന്നിന്റെ പ്രധാന ചേരുവ (API) പൂർണമായും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്!