മതഭ്രാന്തർ അന്യമതസ്തരെ കൊല്ലാനുള്ള ന്യായീകരണം കണ്ടെത്തുന്നത് ഈ ഖണ്ഡികയിലാണ്

138

Biju Kumar Alakode

മതം മനുഷ്യനു നാശം മാത്രമേ വരുത്തിയിട്ടുള്ളൂ എന്നു കരുതുന്ന ഒരാളാണു ഞാൻ. സംഘടിയ്ക്കുവാൻ എന്തെങ്കിലും ഒരു ആശയം വേണം. അതിലൊന്നാണ് മതവും. എല്ലാ മതങ്ങളും അങ്ങനെ തന്നെ.ഏത് ആശയവും മതവും അത് ഉണ്ടായ കാലത്തെ സമൂഹത്തെയും സംസ്കാരത്തെയുമാണ് അഭിസംബോധന ചെയ്യുന്നത്. കാലം മുന്നോട്ടു പോകെ സമൂഹവും സംസ്കാരവും മാറും. അപ്പോൾ ആശയമായാലും മതമായാലും സ്വയം നവീകരിയ്ക്കണം. തിരിച്ച് അവ സമൂഹത്തെയും സംസ്കാരത്തെയും നവീകരിയ്ക്കണം. ഇങ്ങനെ പരസ്പരം തിരുത്തി മുന്നോട്ടു പോയാലേ ഇവ രണ്ടും നിലനിൽക്കൂ. ചില മതങ്ങളും ആശയങ്ങളും കുറെയൊക്കെ ഇങ്ങനെ ചെയ്യുന്നുണ്ട്. എന്നാൽ ചിലവ അതിനു തയ്യാറല്ല. അത്തരം പിടിവാശിയുടെ ഒടുവിലത്തെ ഇരയാണ് കഴിഞ്ഞ ദിവസം ഫ്രാൻസിൽ , 18 കാരനായ മുസ്ലിം മത തീവ്രവാദിയാൽ കൊല്ലപ്പെട്ട അധ്യാപകൻ സാമുവൽ.ചിത്രത്തിൽ കാണുന്നത് ഖുറാൻ്റ ഒരു പേജാണ്. അതിലെ 33-ാം ഖണ്ഡികയിൽ പറയുന്നത് വായിക്കുക. ദൈവത്തിനും പ്രവാചകനുമെതിരെ പോരാടുന്നവരെ കൊന്നുകളയുക എന്നതാണത്. മതഭ്രാന്തർ അന്യമതസ്തരെ കൊല്ലാനുള്ള ന്യായീകരണം കണ്ടെത്തുന്നത് ഈ ഖണ്ഡികയിലാണ്. എന്നാൽ അത് പ്രവാചകൻ്റെ കാലത്തെ യുദ്ധസമയത്ത് എഴുതപ്പെട്ട കാര്യമാണെന്നത് ഇവർ കണക്കിലെടുക്കുന്നേയില്ല.തൊട്ടു മുകളിലെ 32 – ആം ഖണ്ഡിക നോക്കുക. അന്യായമായി ഒരാളെയും കൊല്ലരുതെന്നും അതു മഹാപാപമാണെന്നും അതിൽ പറയുന്നു. അത് അംഗീകരിക്കുന്ന ഒരാൾക്ക് എങ്ങനെ ഒരധ്യാപകൻ്റെ കൈവെട്ടാനോ തലയറുക്കാനോ സാധിയ്ക്കും?ഫ്രാൻസിലെ കൊലപാതകത്തെ ന്യായീകരിക്കുന്ന അനേകം പേർ ഈ കേരളത്തിലുമുണ്ട് എന്നത് വല്ലാതെ ഭയപ്പെടുത്തുന്നു. ഇവരൊക്കെ എന്താണ് 32 -മത്തെ ആ സൂക്തം വായിയ്ക്കാത്തത്? മതപരമായ പഠനത്തിൻ്റെ തകരാറാണോ? ഇവിടുത്തെ മത അധ്യാപകരും പണ്ഡിതരും പൊതു സമൂഹത്തിന് ഒരു ഉറപ്പ് തരണം, തങ്ങൾ മനുഷ്യ സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടേയും മതം മാത്രമേ പഠിപ്പിയ്ക്കുന്നുള്ളൂ എന്ന്. ഇതൊരപേക്ഷയാണ്. പേടി കൊണ്ടുള്ള അപേക്ഷ.