Biju Kumar Alakode എഴുതുന്നു
സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. മൊഹമ്മദ് അഷീലിന്റെ പോസ്റ്റിനു മറുപടിയായി നന്മമരം ഫിറോസ് കുന്നുമ്പറമ്പിലിന്റെ ലൈവ് വീഡിയോ കാണുകയുണ്ടായി. അതിൽ അയാളുപയോഗിയ്ക്കുന്ന വൈകാരികപുച്ഛം വെറുതേ വിടാം, കാരണം അയാളും ഒരു മനുഷ്യനാണല്ലോ.
ഡോ: അഷീലിനെ ഫിറോസ് പരിഹസിയ്ക്കാൻ ഉപയോഗിയ്ക്കുന്ന പ്രധാനപ്രയോഗം, നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് അയാൾ പണിയൊന്നും ചെയ്യാതെ എ.സി. റൂമിലിരിയ്ക്കുന്നു, കാറിൽ സഞ്ചരിയ്ക്കുന്നു എന്നൊക്കെയാണ്. ആരാ പറയുന്നത്? അന്യർ വിയർത്തുണ്ടാക്കുന്ന കാശുകൊണ്ട് ചാരിറ്റിക്കച്ചവടം ചെയ്ത് ഇന്നോവയിൽ ചുറ്റിയടിയ്ക്കുന്നയാൾ!
ഡോ: അഷീലിനെ നിയമിച്ചത് സർക്കാരാണ്, അയാൾക്കതിനുള്ള യോഗ്യത ഉള്ളതിനാൽ. അയാൾ ജോലിചെയ്യുന്നില്ലങ്കിൽ ചോദ്യം ചെയ്യാനും പറഞ്ഞുവിടാനും ഇവിടെ സർക്കാരുണ്ട്. നന്മമരത്തിനെ ചോദ്യം ചെയ്യാനോ നിയന്ത്രിക്കാനോ ആരാണുള്ളത്?
ഡോ: അഷീലിനെപ്പോലുള്ളവർ മര്യാദയ്ക്കു പണി ചെയ്യാത്തതുകൊണ്ടാണ് നന്മമരങ്ങൾക്ക് അതു ചെയ്യേണ്ടി വരുന്നത് എന്നാണ് അടുത്ത ആക്ഷേപം. അതു കുറേ ശരിയാണ്. സർക്കാർ സംവിധാനങ്ങൾ പെർഫെക്ടായിരുന്നെങ്കിൽ നന്മബിസിനസ് നടക്കില്ലായിരുന്നു. എന്നാൽ സർക്കാരിനു നിയമപരമായ പല പരിമിതികളുമുണ്ട്. പൊതുപണം വിനിയോഗിയ്ക്കാൻ നടപടിക്രമമുണ്ട്. നന്മമരങ്ങൾക്ക് ആ പരിമിതിയില്ല. ഫ്യൂഡൽകാല രീതിയിൽ അവർക്കു എന്തും തീരുമാനിയ്ക്കാം. പക്ഷേ ജനാധിപത്യ സമൂഹത്തിൽ അതു എത്ര കണ്ടു ശരിയാണ് എന്നതു പ്രശ്നമാണ്.
ഒന്നുമില്ലാതിരുന്ന നന്മമരം വമ്പൻ വീടുവെച്ചതും കാറുവാങ്ങിയതുമൊക്കെ സൂചിപ്പിച്ചതിനു പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. ഒന്നുമില്ലാതിരുന്ന നിങ്ങളുടെ നേതാക്കൾ കോടികളുണ്ടാക്കിയില്ലേ, ലണ്ടനിലും അമേരിയ്ക്കയിലുമൊക്കെ മക്കളെ പഠിപ്പിച്ചില്ലേ എന്നായിരുന്നു. (സൂചന വ്യക്തമാണ്)
എന്നാൽ ഇതിനേക്കാളൊക്കെ സർക്കാർ അടിയന്തിരമായി ശ്രദ്ധിയ്ക്കേണ്ട ഒരു പ്രശ്നം നന്മമരത്തിന്റെ വായിൽ നിന്നു ചാടിയിട്ടുണ്ട്.
“കിഡ്നിമാറ്റിവെക്കലിനു സ്വകാര്യ ആശുപത്രിയിൽ പോലും 3 ലക്ഷം രൂപയേ ആകുന്നുള്ളൂ, എന്നാൽ നന്മമരം അതു ചെയ്യിയ്ക്കുമ്പോൾ 20-30 ലക്ഷം രൂപയാകുന്നതെങ്ങനെ“ എന്നു ഡോ. അഷീൽ ചോദിച്ചിരുന്നു. അതിനു നന്മമരം പരിഹാസ രൂപേണ സൂചിപ്പിച്ചത്, ഓപ്പറേഷനു അത്രയും മതി, എന്നാൽ അവയവം കിട്ടാനായി ലക്ഷങ്ങൾ കൊടുക്കണം എന്നായിരുന്നു.
ഇത് സർക്കാർ ഏജൻസികൾ ശ്രദ്ധിയ്ക്കേണ്ടതാണ്. നിലവിൽ ഒരു അവയവം ദാനം ചെയ്യാൻ ചില നടപടിക്രമങ്ങളുണ്ട്. അതിനൊരു സമിതിയുണ്ട്. അവരുടെ അംഗീകാരത്തോടെ മാത്രമേ പാടുള്ളു. അവയവ കച്ചവടം നിരോധിച്ചിരിയ്ക്കുകയാണ്. എന്നാൽ ഇതിനെ മറികടന്ന് അനധികൃതമായി വമ്പൻ നക്ഷത്ര ആശുപത്രികളിൽ ഈ പരിപാടി നടക്കുന്നുണ്ട്. ഇവർക്ക് എവിടെ നിന്നാണ് അവയവങ്ങൾ കിട്ടുന്നത് എന്നുള്ളത് വലിയ രഹസ്യമാണ്. ചിലർ സ്വമേധയാ നൽകുന്നുണ്ടാകും. എന്നാൽ അല്ലാതെയും നടക്കുന്നുണ്ട്.
ബ്രെയിൻ ഡെത്ത് ആയവരിൽ നിന്നു ബന്ധുക്കളറിയാതെ എടുക്കുന്നുണ്ടാവാം. (ജോസഫ് സിനിമ ഓർക്കുക). കൂടാതെ ഇതര സ്റ്റേറ്റുകളിൽ നിന്നുള്ള ആശുപത്രി മാഫിയകളിൽ നിന്നു കടത്തിക്കൊണ്ടു വരുന്നുണ്ടാവാം. (ഊരും പേരും ഇല്ലാത്തവരെ അപായപ്പെടുത്തിയും അവയവങ്ങൾ ശേഖരിയ്ക്കാം. അതു കേരളത്തിലാവണമെന്നില്ല.)
എന്തായാലും ഇതിലേതെങ്കിലും വഴിയാവണം നന്മമരങ്ങൾ അവയവം മാറ്റിവെക്കൽ സർജറികൾ സംഘടിപ്പിയ്ക്കുന്നത്. (അല്ലാതുള്ളവയ്ക്ക് ഏറിയാൽ 3-5 ലക്ഷം മാത്രം മതിയാകും.)
ഇത് നിയമവിരുദ്ധമാണ്. അന്വേഷിയ്ക്കപ്പെടണം.
ഇതിപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ സാമൂഹ്യവിപത്തായി വളരും. മതവും വർഗീയതയും പണവും വെട്ടുക്കിളി ഗുണ്ടാസംഘങ്ങളും ഒത്തു ചേർന്നാൽ ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയായിരിയ്ക്കും ഉണ്ടാകുക. ആൾദൈവമഠങ്ങൾ തന്നെ ഉദാഹരണം.