Biju Kumar Alakode എഴുതുന്നു 
Biju Kumar Alakode
Biju Kumar Alakode

കേരളത്തിലെ ഏറ്റവും പ്രബുദ്ധ സമുദായം ഏതെന്നു ചോദിച്ചാൽ എന്റെ ഉത്തരം ഈഴവ സമുദായം എന്നതായിരിയ്ക്കും. ആദ്യകാല കേരളത്തിൽ പ്രബലമായിരുന്ന ബുദ്ധമതം കാലക്രമേണ ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ആക്രമണത്തിൽ ശിഥിലമാകുകയും, ബ്രാഹ്മണമേൽക്കോയ്മ അംഗീകരിയ്ക്കാതിരുന്ന അവരിൽ വലിയൊരു ഭാഗം ചണ്ഡാലന്മാരായി സമൂഹത്തിന്റെ പിന്നാമ്പുറത്തേയ്ക്കു തള്ളപ്പെടുകയും ചെയ്തു. ബ്രാഹ്മണ മേൽക്കോയ്മ അംഗീകരിച്ച ഒരു വിഭാഗം ശൂദ്രന്മാരായി “ഉയർത്ത”പ്പെടുകയും സമൂഹത്തിൽ ഭേദപ്പെട്ട സ്ഥാനം നേടുകയും ചെയ്തു എന്നതും ചരിത്രം. തലമുറകൾ താണ്ടവേ, അവശിഷ്ട ബുദ്ധന്മാർ ഹൈന്ദവവൽക്കരിയ്ക്കപ്പെടുകയും അയിത്തവിഭാഗമായി “  ഈഴവർ“ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.

പിൽക്കാലത്ത് ശ്രീനാരായണഗുരുവിന്റെ നവോദ്ധാന പരിശ്രമങ്ങളിൽ കൂടി ആ സമുദായം വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ഉയർന്നു. തുടർന്നു വന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തായ്ത്തടിയായി മാറിയത് ഈ സമുദായമാണ്. ശ്രീനാരായണന്റെ ചിന്തകളുടെ ആന്തരാർത്ഥം പരതിയാൽ എത്തുക ബുദ്ധമത തത്വങ്ങളിലാണ്.

“ബുദ്ധം ശരണം.
സംഘം ശരണം.
ധർമം ശരണം“.
= വിദ്യ കൊണ്ടു പ്രബുദ്ധരാകുക.
=സംഘടന കൊണ്ടു ശക്തരാകുക.
=മതമേയാലും മനുഷ്യൻ നന്നായാൽ മതി. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.“
കമ്യൂണിസ്റ്റ് തത്വങ്ങളുടെ ആന്തരാർത്ഥവും ഇതിനോടു യോജിച്ചു പോകും.

ശ്രീനാരായണന്റെ ആശയപ്രചരണം എന്ന ഉദ്ദേശത്താൽ സ്ഥാപിയ്ക്കപ്പെട്ടതാണു SNDP യോഗം എങ്കിലും, എക്കാലവും അവർ സ്വസമുദായ താല്പര്യം മാത്രമേ സംരക്ഷിച്ചിരുന്നുള്ളു. ശ്രീനാരായണഗുരു പോലും ഇവരോടു വിയോജിയ്ക്കുകയും ഇന്ത്യവിട്ട് ശ്രീലങ്കയിലേയ്ക്കു താമസം മാറ്റുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ കാലുപിടിച്ച് തിരികെ കൊണ്ടുവരുകയായിരുന്നു.

ഈഴവ സമുദായത്തിൽ ഭൂരിപക്ഷം പേരും കമ്യൂണിസ്റ്റ് അനുഭാവികളായിമാറിയപ്പോൾ അവശിഷ്ടർ കോൺഗ്രസ്, സംഘപരിവാർ അനുഭാവത്തിലേയ്ക്കു പോയി. കമ്യൂണിസ്റ്റുകാരായ ഈഴവർ SNDP യുടെ നേതൃസ്ഥാനങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നതിനാൽ കോൺഗ്രസുകാരാണൂ എക്കാലത്തും ഇതിന്റെ തലപ്പത്തു വന്നത്. ഇടയ്ക്ക് SRP എന്നൊരു പാർടിയുണ്ടാക്കി കോൺഗ്രസ് മുന്നണിയിൽ കയറി മന്ത്രിസ്ഥാനം നേടുകയും ചെയ്തു. പ്രബല സമുദായമായ ഈഴവരുടെ പേരിൽ, സമുദായത്തിൽ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണയില്ലാത്തവരാണ് ഇതൊക്കെ ചെയ്തിരുന്നത്. എങ്കിൽ പോലും പേരിനെങ്കിലും അവർ ജനാധിപത്യത്തെ മാനിച്ചിരുന്നു. സംഘടനയിൽ തിരഞ്ഞെടുപ്പു നടന്നിരുന്നു.

വെള്ളാപ്പള്ളി നടേശൻ എന്ന സൃഗാലബുദ്ധി ഈ സംഘടനയുടെ തലപ്പത്തെത്തിയതോടെ കാര്യങ്ങളെല്ലാം തകിടം മറിച്ചു. സ്വന്തം താല്പര്യ സംരക്ഷണാർത്ഥം അയാൾ ഈ സംഘടനയെ നിരന്തരം ഉപയോഗിച്ചു. മദ്യ വ്യവസായം, കരാർ ജോലികൾ, വിദേശ ഇടപാടുകൾ അങ്ങനെ പലരീതിയിൽ സമ്പാദിച്ച കോടികൾ കൊണ്ടും മസിൽ പവറുകൊണ്ടും അയാൾ സംഘടനയെ കുടുംബസ്വത്താക്കി. മകൻ, ഭാര്യ, മരുമക്കൾ, ബന്ധുക്കൾ ഇവരെയൊക്കെ പ്രധാന സ്ഥാനങ്ങളിൽ നിയോഗിച്ചു. എതിർക്കുന്നവരെ അടിച്ചൊതുക്കി. ഇല്ലാത്ത സമുദായശക്തി കാട്ടി അയാൾ ഭരിയ്ക്കുന്നവരെ വിറപ്പിച്ചു.
അതിനിടെ ചരിത്രത്തെ കൊഞ്ഞനം കുത്തിക്കൊണ്ട് അയാൾ “ഹിന്ദുഐക്യം“ ഉണ്ടാക്കാനും ഇറങ്ങി. (അതു കോഞ്ഞാട്ടയായി എന്നതു വേറെ കാര്യം. ). സംഘപരിവാറിനു കേരളത്തിലേയ്ക്കു വഴിതുറയ്ക്കാൻ ഇതു സഹായകരമായി. എന്നാൽ പലവിധ തട്ടിപ്പുകളിൽ ഒന്നായ മൈക്രോഫിനാൻസ് തട്ടിപ്പ് നടേശന്റെ നില അല്പം പരുങ്ങലിലാക്കി.

എന്തായാലും അപ്പനേക്കാൾ വലിയ വേന്ദ്രനാണു മകൻ എന്നതാണു ഇപ്പോൾ തെളിഞ്ഞു വരുന്നത്. യു.എ.ഇ.യിൽ കരാർ ജോലികൾ പിടിച്ച് ചെറുകിട കമ്പനികൾക്ക് ഉപ കരാർ കൊടുക്കലായിരുന്നു അയാളുടെ നേരത്തെയുള്ള തൊഴിൽ. അങ്ങനെ പണിയെടുപ്പിച്ച ഒരു ഉപ-കരാർ കമ്പനിയ്ക്ക് കാശിനു പകരം ചെക്കുകളാണു നൽകിയത്. ചെക്കുകൾ മടങ്ങിയതോടെ ഉപ-കരാർ നടത്തിപ്പുകാരൻ കുത്തുപാളയെടുത്തു, ജയിലിലുമായി.

അതിനിടെ നടേശപുത്രൻ സ്വന്തം കമ്പനി വിറ്റിട്ട് നാട്ടിൽ രാഷ്ട്രീയം കളിയ്ക്കാനിറങ്ങി. തക്കം പാർത്തിരുന്ന ഉപ-കരാറുകാരൻ നൈസായി ഒരു പണി കൊടുത്തു, അങ്ങു അജ്മാനിൽ. അതു ശരിയ്ക്കും ഏറ്റു. നടേശപുത്രൻ ജയിലിലായി. ഉപ്പു തിന്നവൻ വെള്ളം കുടിയ്ക്കട്ടെ.

*** ഇക്കാര്യത്തിൽ സഹായം തേടി നടേശകുടുംബം സംസ്ഥാന മുഖ്യമന്ത്രിയെ സമീപിച്ചപ്പോൾ, സാധാരണ നടപടിക്രമമെന്ന നിലയിൽ അദ്ദേഹം കേന്ദ്രമന്ത്രിയ്ക്ക് ഒരു കത്തു നൽകി. അതു ഒരു ഭരണാധികാരിയുടെ കടമ മാത്രമാണ്. അക്കാര്യത്തിൽ ചിലർ തുള്ളുന്നതിൽ വലിയ കാര്യമൊന്നുമില്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.