Biju Kumar Alakode എഴുതുന്നു
ആശയപ്രകാശനത്തിനുള്ള ഒരു വേദി എന്നതിൽ നിന്നും മാറി മികച്ച ഒരു കച്ചവടസ്ഥലം എന്ന നിലയിലെയ്ക്കു ഫേസ് ബുക്ക് പരിണമിച്ചതോടെ എണ്ണമറ്റ രീതിയിലുള്ള തട്ടിപ്പുകൾക്കാണ് കളമൊരുങ്ങിയിരിയ്ക്കുന്നത്. മേലനങ്ങാതെ പത്തു കാശുണ്ടാക്കുക എന്നത് ജീവിതാഭിലാഷമാക്കിയവരാണ് വിദ്യാസമ്പന്നരായ മിക്ക യുവജനങ്ങളും എന്നതുകൊണ്ട് ആ വഴിയ്ക്കുള്ള തട്ടിപ്പുകളാണ് അധികവും.
അതിൽ തന്നെ, പ്രത്യക്ഷത്തിൽ തട്ടിപ്പാണ് എന്നു തോന്നിയ്ക്കാതെ തട്ടിപ്പു നടത്തുന്ന ഒരു കൂട്ടരെപ്പറ്റി പറയാം,

“ചുരുങ്ങിയ ചിലവിൽ സ്വന്തമായി ഓൺലൈൻ സെന്റർ” എന്ന പേരിലൊരു പരസ്യം നിങ്ങളിൽ പലരും കണ്ടുകാണും. GST സുവിധാ കേന്ദ്രം + ഇൻഷുറൻസ് സെന്റർ+ട്രാവെൽ ഏജൻസി+യൂട്ടിലിറ്റി പേമെന്റ് എന്നിങ്ങനെ ഒത്തിരി സംഭവങ്ങളെപ്പറ്റിയുള്ള മോഹനവാഗ്ദാനങ്ങൾ ഉണ്ടാകും. “ഫുൾ ഓപ്ഷനു” ഏതാണ്ടു 40,000 രൂപയാണു ഫ്രാഞ്ചൈസി ഫീസ്. കൂടാതെ വർഷം തോറും 4000 രൂപ പുതുക്കൽ ഫീസും. പിന്നെ പീസുപീസായും ഫ്രാഞ്ചൈസി കിട്ടും, ഓരോന്നിനും 4000-5000 തൊട്ടു മുകളിലോട്ടാണു ഫീസ്.
ഇവരുടെ “ഇൻഷുറൻസ് സെന്റർ“ എന്ന കുടുക്കിൽ തലവെച്ച അനുഭവം പറയാം.
ലൈഫ് ഒഴിച്ചുള്ള എല്ലാ ഇൻഷുറൻസുകളൂം ഈ സെന്ററിൽ ചെയ്യാമെന്നാണു വാഗ്ദാനം. 20% മുതൽ 30% വരെ കമ്മീഷൻ! ഇക്കാലത്ത് ഒരു ബൈക്ക് ഇൻഷുർ ചെയ്യാൻ തന്നെ 2500 രൂപയോളമാകുമല്ലോ. അതായത് ചുരുങ്ങിയത് 500 രൂപയെങ്കിലും കിട്ടും!
കൊള്ളാമല്ലോ കളി എന്ന ആർത്തിയോടെ ഒരു ഇൻഷുറൻസ് ഫ്രാഞ്ചൈസി എടുത്തു. മൊത്തം 4600 രൂപ ഫീസ്. കാശടച്ചതോടെ ഒരു ലോഗിൻ നെയിം ഒക്കെ കിട്ടി. ലോഗിൻ ചെയ്തപ്പോൾ മനസ്സിലായി “പോളിസി ബസാർ” എന്ന കമ്പനിയുടെ സൈറ്റിലേയ്ക്കാണൂ ചെല്ലുന്നത്. അവരുടെ കമ്മീഷൻ ചാർട്ട് നോക്കുമ്പോൾ ഇൻഷുറൻസ് തുകയിൽ നിന്നും ടാക്സുകളും മറ്റും കുറച്ചിട്ടുള്ള തുകയ്ക്കാണു കമ്മീഷൻ. എങ്കിലും സാരമില്ല ഏതാണ്ടു 250-300 രൂപ ഒക്കെ കിട്ടും. സംശയം തീർക്കാൻ ഇവരുടെ ഒരു എക്സിക്യൂട്ടീവിനെ വിളിച്ചപ്പോൾ ആൾ ആകെ പരുങ്ങിക്കളിച്ചു. ഒടുക്കം ഇവരുടെ ഏജൻസി എടുത്ത ചിലരോടു സംസാരിച്ചപ്പോഴാണു തട്ടിപ്പിന്റെ ആഴം മനസ്സിലാകുന്നത്.
പോളിസി ബസാർ നൽകുന്ന കമ്മീഷൻ തുക ഇവരുടെ അക്കൌണ്ടിലെയ്ക്കു പോകും. അതിൽ നിന്നും നല്ലൊരു തുക കുറച്ചിട്ടു ബാക്കിയുള്ള തുകയാണ് ഫ്രാഞ്ചൈസികൾക്കു കിട്ടുക, അതും അടുത്തമാസം. ഇങ്ങനെ കിട്ടുന്ന തുകയാണൂ രസം, 15 രൂപ മുതൽ 40 രൂപ വരെ..! ഇതിനേക്കാൾ ഭീകരം, പോളിസി ബസാർ ഏജൻസി സൌജന്യമായി കിട്ടും എന്നതാണ്. അതായത് ഒരു കാശും മുടക്കാതെ അത്യാവശ്യം നല്ല കമ്മീഷൻ കിട്ടുന്ന സ്ഥാനത്താണ് 4500 രൂപ മേടിച്ചിട്ട് കമ്മീഷൻ തുകയുടെ സിംഹഭാഗവും ഇവർ തട്ടിയെടുക്കുന്നത്..! ഇവരുടെ മറ്റു സർവീസുകളും ഇതേ രീതിയിൽ തന്നെ.
പിന്നൊരു തട്ടിപ്പു പരിപാടിയാണ് “വൺ ഡേ ബിസിനസ് മീറ്റിംഗ്”. 1000 രൂപ കൊടുത്താൽ 11 മണീ മുതൽ 3 മണി വരെയുള്ള സമയത്തിനുള്ളിൽ ഇവർ ആരെയും വമ്പൻ ബിസിനസുമാൻ ആക്കി തീർക്കുമത്രേ..! കുറേ പാവങ്ങൾ അതിലും പോയി വീഴും.
ഫേസ്ബുക്ക് തുറന്നാൽ ഇമ്മാതിരി ഉഡായിപ്പുകളുടെ അയ്യരുകളിയാണ്. മൂവായിരമോ നാലായിരമോ മുടക്കി ഒരു പേജുണ്ടാക്കി ഫേസ്ബുക്കിൽ പരസ്യം ചെയ്താൽ വീഴുന്നതു ലക്ഷങ്ങളാണ്.
ഇത്തരം ഉഡായിപ്പുകാർക്കെതിരെ അധികാരികൾ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.