കൊറോണക്കാലത്തിനു ശേഷം കേരളം വലിയ തൊഴിൽ പ്രതിസന്ധി നേരിടാൻ പോകുകയാണ്

0
138

Biju Kumar Alakode

കൊറോണക്കാലത്തിനു ശേഷം കേരളം വലിയ തൊഴിൽ പ്രതിസന്ധി നേരിടാൻ പോകുകയാണ്. സാമ്പത്തിക രംഗത്ത് വലിയ തകർച്ച ഉണ്ടാകും. ഗൾഫ്, അമേരിയ്ക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നെല്ലാം ധാരാളം പേർ തിരികെ വരും. വിദേശവരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടാകും. കാര്യമായ ഉത്പാദനമൊന്നുമില്ലാത്ത കേരളം ഇതെങ്ങനെ നേരിടും എന്നത് കാര്യമായി ആലോചിക്കേണ്ടതാണ്.
എനിയ്ക്കു തോന്നുന്ന രണ്ടു നിർദ്ദേശങ്ങൾ പറയാം.

  1. ഈ കൊറോണക്കാലത്ത് കേരളം ആരോഗ്യമേഖലയിൽ അതിനുള്ള കരുത്തും ക്വാളിറ്റിയും ലോകത്തിനു മുന്നിൽ തെളിയിച്ചു കഴിഞ്ഞു. താരതമ്യേന ചുരുങ്ങിയ ചിലവിൽ മികച്ച ചികിത്സ ഇവിടെ ലഭ്യമാണ്. നാം ഇത് മുതലാക്കി മെഡിക്കൽ ടൂറിസം വളർത്തണം. ലോകത്ത് എല്ലായിടത്തു നിന്നും മികച്ച ചികിത്സ തേടി ആൾക്കാർ ഇങ്ങോട്ടൊഴുകട്ടെ. മെഡിക്കൽ ടൂറിസത്തിനായി ഒരു വകുപ്പു തന്നെ ആവാം. മികച്ച ഡോക്ടർമാരുടെയും ടൂർ ഓപ്പറേറ്റർമാരുടെയും ഒരു സമിതി ഇതിനു മേൽനോട്ടം വഹിക്കണം. സ്വകാര്യ ആശുപത്രികളെയും ഈ നെറ്റ്വർക്കിൽ കൊണ്ടുവരണം. ഇവിടെ പഠിച്ചിറങ്ങുന്ന ഡോക്ടർമാരും നേഴ്സുമാർക്കും ടെക്‌നിഷ്യൻസിനും വലിയൊരു തൊഴിൽ സാധ്യതയാണിത്. കൂടാതെ ഹോട്ടലുകൾ, ഹോം സ്റ്റേകൾ അങ്ങനെ പലതും ഇതിനോടനുബന്ധിച്ച് വളരും.
  2. കേരളത്തിലെ നിർമ്മാണ രംഗത്തും കായികാധ്വാനമേഖലയിലും മലയാളികൾ മുന്നിട്ടിറങ്ങണം. മലയാളികൾ കൂലി കൂടുതൽ വാങ്ങുന്നു; തൊഴിലിൽ ആത്മാർത്ഥത കാണിക്കുന്നില്ല എന്നിവയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ ഇങ്ങോട്ടൊഴുകാൻ കാരണം. മലയാളികൾ കൂലി കൂടുതൽ വാങ്ങുമ്പോൾ, കോൺട്രാക്ടർക്ക് ലാഭം കുറയുന്നു എന്നല്ലാതെ തൊഴിലെടുപ്പിയ്ക്കുന്ന ആൾക്ക് ഒരു ദോഷവുമില്ല. കോൺട്രാക്ടർക്ക് നേരിയ ലാഭത്തിനായി ഇവിടെ ചെലവഴിയ്ക്കപ്പെടേണ്ട വൻ തുകയാണ് പുറത്തേക്കൊഴുകുന്നത്. ഇതിൽ ഗവൺമെന്റിന് നിയന്ത്രണം ഉണ്ടാവണം. നിശ്ചിത എണ്ണം തദ്ദേശീയർക്ക് തൊഴിൽ കൊടുക്കണം, ബാക്കിയുള്ളവയിൽ മാത്രമേ പുറംതൊഴിലാളികളെ വയ്ക്കാവൂ. പുറംതൊഴിലാളികൾക്കും തദ്ദേശീയരുടെ അതേ കൂലി തന്നെ കൊടുക്കണം.
    (കോൺട്രാക്ടറുടെ കീഴിലല്ലാതെ സ്വന്തമായി വന്നു തൊഴിൽ കണ്ടു പിടിച്ചു ചെയ്യുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അതു ഭരണഘടനാപരമായ അവകാശമാണ്)

എന്തായാലും വരാൻ പോകുന്ന കാലം അത്ര ശുഭകരമല്ല. അതു മുൻകൂട്ടിക്കണ്ട് വേണ്ട തയ്യാറെടുപ്പുകൾ ചെയ്യണം.