ബിജുകുമാർ ആലക്കോട് എഴുതുന്നു.

ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവർത്തനത്തിന്റെ ഇരകളായി ഇന്നലെ ഒരമ്മയും മകനും ഡൽഹിയിൽ ആത്മഹത്യ ചെയ്തു. കോട്ടയം പാമ്പാടി സ്വദേശിനി ലിസിയും മകൻ അലനുമാണവർ. IIT- യിൽ നിന്നു ഉന്നത ബിരുദം നേടിയ അലൻ ഏതാനും നാൾ മുമ്പ് ഒരു കോളേജധ്യാപകനായി ജോയിൻ ചെയ്തിട്ടേയുള്ളു. എന്താണവരുടെ മരണ കാരണം?

ഈ മാസം (ഒക്ടോബർ) 15 ന്റെ മനോരമയുടെ ഓൺ ലൈൻ വാർത്ത: “ അക്കൌണ്ടിലേയ്ക്ക് 2 കോടി കൈമാറി. അജ്ഞാത സുഹൃത്ത് ആര്? മരണത്തിനു പിന്നിൽ രണ്ടാം ഭാര്യയോ?”

അലൻ
അലൻ

വാർത്തയിലെ കഥ ഇതാണ്. 2018 ഡിസംബർ 31 കോട്ടയം സ്വദേശിയായ ജോൺ വിത്സൻ എന്നയാൾ വീട്ടിൽ തൂങ്ങിമരിച്ചു. അയാളുടെ ആദ്യ ഭാര്യ മരിച്ചതിനു ശേഷം പാമ്പാടി സ്വദേശിനി ലിസിയെ (പുനർ)വിവാഹം ചെയ്തിരുന്നു. ഇയാൾ മരിയ്ക്കുന്ന സമയം, ആദ്യഭാര്യയിലെ മക്കളും ഈ സ്ത്രീയും കോട്ടയത്തുള്ള ഒരു ദേവാലയത്തിലായിരുന്നു.

ഖത്തറിൽ നല്ല ജോലി ചെയ്തിരുന്ന ജോണിന്റെ ആദ്യഭാര്യ മരിച്ചിട്ട് 11 വർഷമായി. ജോലി വിരമിച്ചശേഷം അയാൾ നാട്ടിലെത്തി പുനർവിവാഹം ചെയ്തു. ആ സ്ത്രീയുടെ ആദ്യ ഭർത്താവ് മരിച്ചിരുന്നു. അവർക്ക് രണ്ടു മക്കളുമുണ്ടായിരുന്നു. ഒരാൾ ഡൽഹിയിൽ പഠിയ്ക്കുന്നു.

ജോണിന്റെ ആത്മഹത്യയ്ക്കു കാരണം വിഷാദ രോഗമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതിനിടെ ജോണിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആദ്യഭാര്യയിലെ മകൾ ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു.

ഇതിനിടെയാണു കൂടത്തായി കേസ് വരുന്നത്. അതോടെ ചില മാധ്യമങ്ങളിൽ കൂടത്തായി മോഡൽ കഥകൾ വന്നുതുടങ്ങി. അതിൽ മനോരമയിലെ കഥയാണു മുകളിൽ കൊടുത്തത്. ജോണിന്റെ കോടികൾ തട്ടാനായി രണ്ടാം ഭാര്യയും മകനും കൂടി അയാളെ കൊലപ്പെടുത്തി എന്ന നിലയിലായിരുന്നു വാർത്ത.

ഈ കുപ്രചരണത്തിൽ മനം നൊന്ത് ആ സ്ത്രീയും മകനും ഇന്നലെ ആത്മഹത്യ ചെയ്തു.

ജനം ആലോചിയ്ക്കുക, ഈ മാധ്യമങ്ങളെ എങ്ങനെ നേരിടണം എന്ന്. ഇന്നു ഒരു പാവം കുടുംബത്തെയാണു തകർത്തതെങ്കിൽ നാളെ നിങ്ങൾക്കെതിരെയുമാകാം ഇത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.