അസംബന്ധങ്ങളുടെയും അസത്യങ്ങളുടെയും ഒരു കുത്തൊഴുക്കാണ് കൂടത്തായി കേസിൽ മാധ്യമങ്ങൾ അഴിച്ചുവിടുന്നത്

1440

എഴുതിയത്  : Biju Kumar Alakode

അസംബന്ധങ്ങളുടെയും അസത്യങ്ങളുടെയും ഒരു കുത്തൊഴുക്കാണ് കുറച്ചുദിവസമായി മാധ്യമങ്ങളും മറ്റു ചിലരും ചേർന്ന് അഴിച്ചുവിട്ടിരിയ്ക്കുന്നത്. സംശയാതീതമായി തെളിയിയ്ക്കാനാവുന്ന യാതൊരു വസ്തുതയും ഇതുവരെ ലഭ്യമല്ലാതിരുന്നിട്ടും ഊഹാപോഹങ്ങൾ വച്ചാണ് ജോളി എന്ന സ്ത്രീയ്ക്കെതിരെ ആറുപേരുടെ മരണവുമായി ബന്ധപ്പെടുത്തി “കൊലപാതകി” എന്ന പേരിൽ പ്രചരണം നടത്തുന്നത്. നിലവിൽ പൊലീസിനു പോലും അവരുടെ പേരിൽ നിലനിൽക്കുന്ന സുവ്യക്തമായ തെളിവൊന്നുമില്ല. ഇനി അതു കണ്ടെത്താനാവുമോയെന്നതു സംശയവുമാണ്.

ജോളിയുടെ ഭർതൃമാതാവും ഭർതൃപിതാവും മരിയ്ക്കുന്ന കാലഘട്ടങ്ങളിൽ, അവരുടെ ഭർത്താവ് റോയി ജീവനോടെ ഉണ്ടായിരുന്നു. പിതാവിന്റെ മരണശേഷം മൂന്നു വർഷം കഴിഞ്ഞാണ് റോയിയെ ആത്മഹത്യ ചെയ്ത നിലയിൽ കാണുന്നത്. ആദ്യരണ്ടു മരണങ്ങളും “കൊല”യെങ്കിൽ അതിൽ റോയിയ്ക്കു മനസ്സറിവില്ലാതിരിയ്ക്കുമോ?

അച്ഛനമ്മമാർ മരണപ്പെട്ടു കഴിഞ്ഞാൽ മക്കൾക്ക് സ്വത്തിൽ തുല്യാവകാശമാണ്, (സ്വയാർജിത സ്വത്ത് അല്ലായെങ്കിൽ). ഇവിടെ വ്യാജ ഒസ്യത്ത് ഉണ്ടാക്കി എന്നു പറയുന്നത് വസ്തു ഏതേതു ഭാഗം ആർക്കൊക്കെ എന്ന വിഷയം സംബന്ധിച്ചാവണം. അച്ഛനമ്മമാരോടൊപ്പം ഒന്നിച്ചു കഴിയുന്ന കുടുംബം എന്ന നിലയിൽ വീടിരിയ്ക്കുന്ന ഭാഗം ജോളിയും ഭർത്താവും ആഗ്രഹിച്ചു കാണും. മുൻകൂറായി ഭാഗം തിരിച്ചു നൽകിയിട്ടില്ലെങ്കിൽ, മാതാപിതാക്കളുടെ മരണ ശേഷം എല്ലാ മക്കൾക്കും ഒരേ അവകാശമാണ്. അപ്പോൾ വീടിരിയ്ക്കുന്ന ഭാഗം റോയിയ്ക്കു കിട്ടണമെന്നില്ല. അതു കൊണ്ടാവണം “വ്യാജ ഒസ്യത്ത്” എന്നു പറയപ്പെടുന്ന രേഖ “ഉണ്ടാക്കി“യത്. അങ്ങനെ ഒരു സംഭവം ഉണ്ടെങ്കിൽ അതു ഉണ്ടാക്കിയത് മരിച്ച റോയി ആണ്. കാരണം നിയമപ്രകാരം അയാൾക്കു മാത്രമേ ആ സ്വത്തിൽ അവകാശമുള്ളു.

ഇനി റോയിയുടെ മരണശേഷം ജോളി ആണ് ഇതുണ്ടാക്കിയതെന്നു തന്നെ കരുതൂ, അങ്ങനെ ഒരു രേഖ ഇല്ലെങ്കിൽ ജോളിയ്ക്കും മക്കൾക്കും ആ വീട്ടിൽ അവകാശമില്ല. വിദേശത്തുള്ള മക്കൾ സമ്മതിയ്ക്കുന്നില്ലാ എങ്കിൽ അവർ അവിടെ നിന്നും ഇറങ്ങേണ്ടി വരും. ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കി എങ്കിൽ പോലും അവരുടെയും മക്കളുടെയും ഭാവിയെ പറ്റി ആലോചിച്ചാൽ മനസ്സാക്ഷിയുള്ള ആർക്കും കുറ്റം പറയാനാകില്ല. ആ ഒസ്യത്തു കൊണ്ടു മാത്രം സ്വത്ത് അവരുടെ പേരിലാകില്ല. അതിനു രജിസ്ട്രാഫീസിൽ ഭാഗപത്രം രജിസ്റ്റർ ചെയ്യണം. അതിനു എല്ലാ മക്കളും ഉണ്ടാകണം. അല്ലാതെ വില്ലേജോഫീസിൽ കരമടച്ചതുകൊണ്ടെന്നും സ്വത്ത് കിട്ടില്ല.

ജോളിയുടെ ഭർത്താവ് പലവിധ ബിസിനസ്സുകൾ നടത്തി പാപ്പരായി, മദ്യപാനി ആയിരുന്നു എന്നാണ് കേൾക്കുന്നത്. അങ്ങനെ ഒരു വ്യക്തി ആത്മഹത്യ ചെയ്തു കൂടാ എന്നില്ല. ഒരുപക്ഷെ മനം‌മടുത്ത ജോളി വിഷം കലർത്തി നൽകിയതാവാനും തുല്യ സാധ്യത ഉണ്ട്. ഇതിൽ ഏതാണു സത്യമെന്ന് ശരിയായ അന്വേഷണത്തിലൂടെ കണ്ടു പിടിയ്ക്കേണ്ടതാണ്.

റോയിയുടെ മരണം ശേഷം രണ്ടരവർഷം കഴിഞ്ഞാണ് അപ്പാപ്പൻ മരിയ്ക്കുന്നത്. അയാൾക്ക് ജോളിയിൽ സംശയമുണ്ടായതുകൊണ്ടു വിഷം നൽകി കൊന്നത്രെ. അങ്ങനെ സംശയമുള്ള ആൾ, ജോളിയെ സ്വന്തം വീട്ടിൽ കയറ്റുമോ? അവർ ഉണ്ടാക്കി നൽകിയ കാപ്പി വാങ്ങിക്കുടിയ്ക്കുമോ?

തുടർന്ന് മൂന്നു മാസം കഴിഞ്ഞാണ് അധ്യാപകനായ ഷാജുവിന്റെ രണ്ടു വയസ്സുള്ള കുഞ്ഞ് മരണപ്പെടുന്നത്. സഹോദരന്റെ ആദ്യകുർബാന ദിവസം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് മരണം. ആ കുഞ്ഞ് രോഗിയായിരുന്നു എന്നും കേൾക്കുന്നു. ഇതിൽ എങ്ങനെയാണ് ജോളി ബന്ധപ്പെടുന്നത്? മറ്റൊരാളുടെ രണ്ടു വയസ്സുള്ള കുഞ്ഞിനു കൊന്നിട്ട് അവർക്കെന്തു നേട്ടം?

ഇനിയും ഒന്നരവർഷം കഴിഞ്ഞാണ് ഷാജുവിന്റെ ഭാര്യ സിലി മരണപ്പെടുന്നത്. ഒരു ആശുപത്രിയിൽ, ജോളിയുടെ മടിയിൽ കിടന്നു മരിച്ചു എന്നാണ് വാർത്ത. ആൾക്കാർ വന്നു പോകുന്ന ഒരു സ്ഥലത്ത് വെച്ച് എങ്ങനെ ഒരാൾക്കു വിഷം നൽകും? അതും ആശുപത്രിയിൽ? ജോളി ശീതളപാനീയം നൽകി എന്നു പറയുമ്പോൾ പായ്ക്കറ്റ് ഡ്രിംഗ് ആയിരിയ്ക്കുമല്ലോ? അതു പൊട്ടിച്ച് വിഷം കലർത്തുന്നത് സിലി നോക്കി നിന്നിട്ട് വാങ്ങിക്കുടിച്ചു എന്നാണോ കരുതേണ്ടത്? ആശുപത്രിയിലെ ഒരാൾ പോലും ഇതൊന്നും കണ്ടില്ലേ? 2016 ലൊക്കെ മിക്ക ആശുപത്രിയിലും സിസിടിവി ഉണ്ടാവേണ്ടതാണ്. ഇങ്ങനെ ഒരു സംഭവമുണ്ടായാൽ ആശുപത്രിക്കാരെങ്കിലും എന്താണു സംഗതി എന്നറിയാൻ ചുമ്മാ സിസിടിവി പരിശോധിയ്ക്കില്ലേ?

സിലിയ്ക്ക് ഷാജുവും ജോളിയും ഒന്നിച്ചു അന്ത്യചുംബനം നൽകി എന്നതാണ് അവർ തമ്മിലുള്ള ബന്ധത്തിന്റെ തെളിവായി ചാനലുകൾ പറയുന്നത്. അങ്ങനെ ഒരു ബന്ധമുണ്ടങ്കിൽ സാമാന്യ ബോധമുള്ള ഒരാളും പരസ്യമായി ഇങ്ങനെ ചെയ്യില്ല. സിലിയും ജോളിയും സുഹൃത്തുക്കളായിരുന്നു എന്നതും അവരുടെ മടിയിലായിരുന്നു മരിച്ചതു എന്നുള്ളതുമായ വൈകാരികത ആവാം ഈ പ്രവർത്തിയുടെ പിന്നിൽ.

സിലിയുടെ മരണശേഷം ഷാജുവും ജോളിയും വിവാഹിതരായി എന്നതാണ് സംശയങ്ങൾക്കു കാരണം. തികച്ചും യാദൃശ്ചികമായും ഈ വിവാഹം സംഭവിയ്ക്കാൻ തുല്യ സാധ്യത ഉണ്ട് എന്നോർക്കണം.

ജോളിയുടെ മൂത്തമകൻ കഴിഞ്ഞ ദിവസം ചാനലിൽ സംസാരിയ്ക്കുന്നതു കണ്ടു. നല്ല കുടുംബത്തിൽ നല്ല നിലവാരത്തിൽ വളർന്ന ഒരു വ്യക്തി ആയിട്ടാണു തോന്നിയത്. ആറു കൊലകൾ നടത്തിയ ഒരു വ്യക്തിയ്ക്ക് സ്വന്തം മക്കളെ ഇങ്ങനെ നല്ല നിലയിൽ വളർത്താനായി എന്നതു അത്ഭുതകരം തന്നെ.

അവസാനമായി, ചാനലുകൾ, നാട്ടിലുണ്ടായ ആകസ്മിക മരണങ്ങളൊക്കെ- ബൈക്ക് അപകടം പോലും- ജോളി നടത്തിയതാണ് എന്ന നിലയിലേയ്ക്കെത്തിയിരിയ്ക്കുന്നു. ഈ ഭ്രാന്തൻ കൂട്ടങ്ങൾ മനുഷ്യരുടെ സാമാന്യ ബുദ്ധിയെ പരിഹസിയ്ക്കുകയാണ്.

കൂടത്തായിലെ ജോളി നിരപരാധി ആണെന്നു പറയാൻ ഞാൻ ആളല്ല, അതു പോലെ തന്നെ അവർ കുറ്റവാളി ആണെന്നു പറയാനും ആളല്ല. രണ്ടിനും തുല്യ സാധ്യത ഉണ്ട്, അതും ഒരു കേസിൽ മാത്രം. അതു പോലും കോടതിയിൽ നിലനിൽക്കാൻ സാധ്യത തീരെക്കുറവാണ്.

അവർ ചില നുണകൾ പറഞ്ഞിട്ടുണ്ട് എന്നാണ് ചിലരുടെ ആക്ഷേപങ്ങൾ. അതൊക്കെ ശരിയായാൽ പോലും അതവരെ കൊലപാതകി എന്നു വിളിയ്ക്കാനുള്ള ന്യായമാകുന്നില്ല.

ഇപ്പോൾ നമുക്കു ചുറ്റും കാണുന്ന ഈ മാധ്യമതെണ്ടിത്തരം അവരുടെ റേറ്റിംഗ് കൂട്ടാനുള്ള അങ്ങേയറ്റം നീചമായ പ്രവർത്തി മാത്രമാണ്. ശക്തിയായി അപലപിയ്ക്കുന്നു.

Advertisements