വട്ടവടയുടെ അഭിമന്യു

15

Biju Muthathi

വട്ടവടയുടെ അഭിമന്യു

നീലക്കുറിഞ്ഞി വസന്തത്തിന്റെ വരവറിയിച്ചതോടെ മൂന്നാര്‍ കാന്തല്ലൂര്‍ മേഖലകളിലേക്കുള്ള യാത്രികരുടെ മുഖങ്ങളില്‍ ഇപ്പോള്‍ ചില സവിശേഷമായ പ്രസരിപ്പുകള്‍ കാണാനുണ്ട്. നീലാകാശവും നീലമലയും ഒന്നായി നില്‍ക്കുന്ന അതിരുകളില്ലാത്ത കാഴ്ചയുടെ ഭംഗികളിലേക്ക് കണ്ണുതിരുമ്മി എഴുന്നേല്‍ക്കുന്നവരെ മൂന്നാര്‍ നിരാശപ്പെടുത്തില്ലായിരിക്കും. അതുകൊണ്ട് ഈ വഴികളില്‍ ഇപ്പോള്‍ നല്ല തിരക്കാണ്. മഴ ഒന്നടങ്ങിയാലേ മല പൂക്കാന്‍ തുടങ്ങൂ. എങ്കിലും ഒറ്റതിരിഞ്ഞ് കാലം തെറ്റി പൂത്തു നില്‍ക്കുന്ന കുറിഞ്ഞിപ്പൊന്തകളെ ഞങ്ങള്‍ വഴിനീളെ കണ്ടു. വണ്ടി നിര്‍ത്തി അവയെല്ലാം ആസ്വദിക്കാന്‍ നിന്നാല്‍ മലകള്‍ക്കപ്പുറത്തേക്ക് കാനനത്തിലൂടെയുള്ള യാത്ര ദുസ്സഹമാകും. അതായത് പാമ്പാടും ചോലവനങ്ങളും കഴിഞ്ഞ് പിന്നെയും കുറേ മുന്നോട്ടു് പോകാനുണ്ട് ഞങ്ങള്‍ക്ക്.

ഓരോ മലകയറുമ്പോഴും ഇറങ്ങുമ്പോഴും അതിന്റെ ഓരോതരം ഭംഗികളിലേക്ക് വണ്ടി തിരിയുമ്പോഴും മനസ്സില്‍ ആ ചെറുപ്പക്കാരന്റെ എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു. മൈലുകള്‍ക്കപ്പുറത്ത് നിന്ന് മലയടിവാരത്തൂടെ അവനില്ലാതെ ഓടുന്നൊരു കെഎസ്ആര്‍ടിസി ബസ്സ് കാണുമ്പോള്‍ ആ നാടിന്റെ ഏകാന്തതയുടെ മുഴുവന്‍ ആഴവും തിരിച്ചറിയാനാവും. ഉള്ളില്‍ എപ്പോഴും മലമുകളിലെ വസന്തവുമായാണല്ലോ അവന്‍ മലയിറങ്ങിയതെന്ന് ഓര്‍ക്കുമ്പോള്‍ ദുഖം തീവ്രമാവും. ഒരു പക്ഷേ കുറേപ്പേരെയെങ്കിലും വരാനിരിക്കുന്ന നീലക്കുറിഞ്ഞി വസന്തത്തിലേക്ക് അവന്‍ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ചു കാണണം. അതുകൊണ്ട് അവനില്ലാതെ പൂക്കുന്ന കുറിഞ്ഞികള്‍ കൂടി ആ ദുഖസ്മരണകളില്‍ പങ്കുചേരുന്നത് പോലെ ഞങ്ങള്‍ക്ക് തോന്നി. കാരണം അടിവാരങ്ങളില്‍ നിന്ന് അത്രമാത്രം അവനെക്കുറിച്ച് കേട്ടു കഴിഞ്ഞായിരുന്നു ഞങ്ങളുടെ മലകയറ്റം.

മൂന്നാറിനപ്പുറം വട്ടവടയിലേക്ക് മലയാളി ഏതര്‍ത്ഥത്തിലും അധികം യാത്ര പോയതിന് തെളിവുകളൊന്നും ചരിത്രത്തിലില്ല. മലയാളിയുടെ ഏറ്റവും പ്രബുദ്ധനായ യാത്രികന്‍ പ്രിയപ്പെട്ടവര്‍ക്കൊക്കെ വഴികാട്ടി സാക്ഷാല്‍ രവീന്ദ്രന്‍ എന്ന ചിന്ത രവിയേട്ടനും ഈ അല്‍ഭുത കാര്‍ഷിക ഭൂമിയിലേക്ക് യാത്ര പോയിട്ടില്ലെന്നറിഞ്ഞപ്പോള്‍ അല്‍ഭുതം തോന്നി. അദ്ദേഹത്തിന്റെ ‘എന്റെ കേരളം’ മറിച്ചു നോക്കിയപ്പോള്‍ മൂന്നാറിന്റെ തേയിലത്തോട്ടങ്ങളുടെ ഗരിമയും അതിന്റെ അധിനിവേശ ചരിത്രവും വര്‍ണ്ണിച്ചു കഴിഞ്ഞ ശേഷം അദ്ദേഹവും നേരെ പോയത് ഉദുമല്‍പ്പേട്ട് റോഡ് വഴി മറയൂരിലേക്കും രാജമലയിലേക്കുമാണ്. മൂന്നാറിനപ്പുറം വട്ടവടയും കേരളമാണെന്നും കേരളീയരുടെ അതേ അവകാശങ്ങളും വേരുകളുമുള്ള മനുഷ്യരുമാണെന്നും് ഔദ്യോഗിക ചരിത്രങ്ങളോ സമാന്തര ചരിത്രങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് സത്യം. മറ്റൊരു മലയാളി യാത്രികനോടും വട്ടവടയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരം ‘അതു വിട്ടു പോയി ‘ എന്നായിരുന്നു. മലയാളി തങ്ങളുടെ എല്ലാ ചരിത്രങ്ങളില്‍ നിന്നും എപ്പോഴും വിട്ടുപോയിക്കൊണ്ടിരിക്കുന്ന ഭൂപ്രദേശമാണ് വട്ടവടയെന്നര്‍ത്ഥം.

വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രാംരാജ് തമിഴ് കലര്‍ന്ന മലയാളത്തില്‍ അത് ഇങ്ങനെ പറഞ്ഞു. ”പലരും ഇവിടെ വന്നാല്‍ ഇത് കേരളമാണോ എന്നു് ചോദിക്കും. ഞങ്ങള്‍ ആണെന്ന് പറഞ്ഞാലും വിശ്വസിക്കില്ല. പിന്നെ പഞ്ചായത്തോഫീസിന്റെ ബോര്‍ഡും കൃഷി ഓഫീസിന്റെ ബോര്‍ഡും മലയാളത്തില്‍ കണ്ടാണ് വിശ്വസിക്കുക.”

എന്നാല്‍ മലയാളിയുടെ നാവിന്‍ തുമ്പത്തെ ശീതകാല പച്ചക്കറിയുടെ രുചി വൈവിധ്യങ്ങളില്‍ എപ്പോഴും ഓര്‍മ്മിക്കേണ്ടുന്ന പേരാണ് വട്ടവട. കേരളത്തിന്റെ കാര്‍ഷിക കലവറയാണ് ശരിക്കും ഈ അതിര്‍ത്തിഗ്രാമം്. മലഞ്ചെരുവില്‍ തട്ടുതട്ടായാണ് കൃഷി. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഉള്‍ഗ്രാമങ്ങളോ ചൈനയുടെയോ വിയറ്റ്‌നാമിന്റെയുമൊക്കെ കൃഷിനിലങ്ങളുടെ ലാന്റ്‌സ്‌കേപ്പ് ചിത്രങ്ങളോ കണ്ടവര്‍ക്ക് വട്ടവടയുടെ ഭംഗി അനന്യമായി അനുഭവപ്പെടും. ഉള്ളിയും വെളുത്തുള്ളിയും കാരറ്റും കാബേജും ഉരുളക്കിഴങ്ങും സ്‌ടോബറിയും ബീന്‍സും തുടങ്ങി വട്ടവടയില്‍ വിളയാത്തതെന്തെന്ന് മാത്രം ചോദിച്ചാല്‍ മതി. മരം കോച്ചുന്ന തണുപ്പില്‍ നീണ്ട ഗോതമ്പു പാടങ്ങളും ചോള വയലുകളും വെയിലിന്റെ രണ്ട് നിറങ്ങളില്‍ കതിരിട്ടു നില്‍ക്കുന്നത് കാണാം. മഞ്ഞപ്പൂക്കള്‍ നിറഞ്ഞ കടുക് പാടങ്ങള്‍ മറ്റൊരു അനുഭൂതിയാണ്. വട്ടവടയുടെ പ്രത്യേകതരം ഗ്രീന്‍ പീസ് കടലയും സാമാന്യം വലിയ ബീന്‍സും വളരെ സ്വാദിഷ്ടമാണ്. വെളുത്തുള്ളിയാകട്ടേ ലോക പ്രശസ്തവും. എന്നിട്ടും മലയാളിക്ക് ലഭിക്കുന്നതെന്താണ്? അവിടെയും വട്ടവടയെ റാഞ്ചിക്കൊണ്ടുപോകുന്നത് ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറി മുതലാളിമാരാണ്.

” പ്രത്യേക തരം മണ്ണാണ് വട്ടവടയില്‍. വിത്ത് വെറുതേ വാരിയെറിഞ്ഞാല്‍ മതി. കായ്ക്കും. അത്രയ്ക്കും ഫലപൂയിഷ്#മാണ്. വളപ്രയോഗമൊന്നും അധികം വേണ്ട. കീടനാശിനി തീരെ വേണ്ട. വന്യമൃഗങ്ങളുടെ ശല്യം തടഞ്ഞാല്‍ മതി. പിന്നെ കാലം തെറ്റിയ മഴയാണ് വെല്ലുവിളി. കൃഷി മന്ത്രി ഇവിടെ വന്നിരുന്നു. വെളുത്തുള്ളിയെ ഭൗമ സൂചികയില്‍ പെടുത്തുമെന്ന് പറഞ്ഞു. എന്നാല്‍ വട്ടവടയെ ഒരു സ്‌പെഷല്‍ കാര്‍ഷിക സോണാക്കി പ്രഖ്യാപിക്കുകയാണ് വേണ്ടത്. അതാണ് കേരളത്തിനും വട്ടവടയ്ക്കും ഗുണം ചെയ്യുക ”

വര്‍ഷങ്ങളായി വട്ടവടയില്‍ ഹോട്ടല്‍ നടത്തുന്ന വാസുദേവന്‍ ചേട്ടനാണ് പറയുന്നത്. ഉച്ചയൂണിന് വട്ടവട ബീന്‍സുകൊണ്ട് അദ്ദേഹം ഉണ്ടാക്കിത്തന്ന വിശിഷ്ടമായ തോരന്റെ രുചി നാവില്‍ നൃത്തമാടി. ”നിങ്ങള്‍ക്ക് ചുരം കയറി വരുന്ന മരുന്നടിച്ച മലക്കറികള്‍ തിന്നാനാണ് യോഗം” അദ്ദേഹത്തിന്റെ പരിഹാസത്തില്‍ എല്ലാം ഉണ്ട്.

അതായത് കേരളത്തില്‍ നിന്നുള്ള ശുദ്ധമായ പച്ചക്കറികള്‍ തമിഴ്‌നാട്ടിലേക്ക് ലോറി കയറി പോകുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള വിഷക്കറികള്‍ കേരളം തിന്നുന്നു. വാസുദേവന്‍ ചേട്ടന്‍ പറയുന്നതിന്റെ പച്ചമലയാളം അതാണ്. അപ്പോള്‍ വട്ടവടയില്‍ സംഭവിക്കുന്നതെന്താണ്? മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാട് കടത്തിക്കൊണ്ടുപോകുന്നുവെന്നൊക്കെ പറഞ്ഞ് ചോര തിളച്ചവര്‍ കേള്‍ക്കണം; വട്ടവടയിലെ പച്ചക്കറിയും കടത്തിക്കൊണ്ട് പോകുന്നത് അങ്ങോട്ടാണ്. കൃഷിക്കാര്‍ക്ക് കിട്ടുന്നതോ വട്ടപ്പൂജ്യവും. പാവങ്ങള്‍ മാടുകളെപ്പോലെ പണിയെടുത്ത് നേട്ടങ്ങളെല്ലാം മറ്റാരൊക്കെയോ കീശയിലാക്കുന്നതാണ് ശരിക്കും വട്ടവടയുടെ സമൃദ്ധിയായി ആഘോഷിക്കപ്പെടുന്നത്.

വട്ടവട പിഎച്ച്‌സിയില്‍ ജോലി ചെയ്യുന്ന ഡോ. രാഹുല്‍ ബാബുവും സക്കീര്‍ ഹുസൈനും പറയുന്നു: ” കൃഷിയിറക്കാന്‍ തമിഴ്‌നാട്ടിലെ മുതലാളിമാര്‍ പണം നല്‍കും. പലരും ആ പണം തിരിച്ച്ു നല്‍കാനാവാതെ കടക്കെണിയിലായവരാകും. കുട്ടികളുടെ പഠനം, രോഗം, വിവാഹം എന്നിവയ്‌ക്കെല്ലാം കടം വാങ്ങി പലരും പെട്ടുപോയിട്ടുണ്ടാകും. പകരമായി മുതലാളിമാര്‍ ഇവരുടെ വിഭവങ്ങള്‍ മൊത്തമായി വാങ്ങും. കടം കിഴിച്ച് തുച്ഛമായ എന്തെങ്കിലും നല്‍കിയാലായി. ഒറ്റ പച്ചക്കറികള്‍ കേരളത്തിലേക്കു കൊണ്ടു പോകാന്‍ മുതലാളിമാരുടെ കങ്കാണിമാര്‍ വിടില്ല. മലയാളികള്‍ വന്ന് കൃഷി നടത്തിയാലും വിളവുകള്‍ തമിഴ് മുതലാളികള്‍ക്ക് വില്‍ക്കണമെന്നാണ് നിയമം. തൊഴിലാളികളെയും കൃഷി ഭൂമിയെയും ഈ മുതലാളിമാരില്‍ നിന്ന് മോചിപ്പിച്ചാല്‍ ഒരു വട്ടവട പഞ്ചായത്ത് മതിയാകും കുറേയെങ്കിലും മലയാളികളുടെ പച്ചക്കറിയാവശ്യം പരിഹരിക്കാന്‍. മലയാളി വിഷം തിന്നു മരിക്കേണ്ടി വരില്ല. ഇവിടുത്തെ തോഴിലാളികള്‍ക്കും അതൊരു വലിയ ഗുണമാകും. അമ്പത് വര്‍ഷം പിന്നിലാണ് ഈ മനുഷ്യര്‍ ഇപ്പോഴും. കാര്‍ഷിക യാന്ത്രവല്‍ക്കരണമൊന്നും ഈ നാട്ടിലെത്തിയിട്ടില്ല. കലപ്പയും കാളപൂട്ടും ചുമടെടുക്കാന്‍ കോവര്‍ക്കഴുതകളുമാണ് ആശ്രയം. ഇത് കേരളമാണോ എന്ന് നിങ്ങള്‍ അതിശയപ്പെട്ടാല്‍ അല്‍ഭുതമില്ല”

ഇത് കേരളമാണോ എന്ന് ഒരാള്‍ ചോദിക്കേണ്ടിവരുന്ന തരത്തില്‍ ജീവിതനിലയുടെ ഏറ്റവും അടിത്തട്ടില്‍ നിന്നാണ് ആ ചെറുപ്പക്കാരന്‍ ഇത്രയും പ്രസന്നവദനനനായി ചിരിച്ചുകൊണ്ടു് തന്നെ കോളേജില്‍ വന്നതെന്ന് ഓര്‍ക്കുമ്പോഴാണ് ശരിക്കും അഭിമന്യു നമ്മുടെയെല്ലാം വലിയ ഹൃദയ വേദനയാകുന്നത്. അഭിമന്യുവിന്റെ യഥാര്‍ത്ഥ ശക്തി എന്ന് പറയുന്നത് ആ ഇല്ലായ്മയും ദാരിദ്ര്യവുമായിരുന്നു. അവന്റെ രാഷ്ട്രീയം അത്രയേറെ ചുവന്നുതുടുത്തതിന് പിന്നിലും അദ്ധ്വനമല്ലാതെ മറ്റൊരു സാക്ഷ്യപത്രവും ഹാജരാക്കാനില്ലാത്ത അവന്റെ ഗ്രാമവും മനുഷ്യരും തന്നെയായിരുന്നു. അവന്റെ അച്ഛനും അമ്മയും സഹോദരനും സഹോദരിയും വല്ല്യമ്മയും ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരുമായ വട്ടവടയിലെ കൊട്ടക്കമ്പൂരിലേക്ക് തന്നെ അവന്‍ ഓടിയെത്തിയത് അവന്റെ വിമോചന സ്വപ്‌നങ്ങളെല്ലാം അവിടെ നിന്നു തന്നെ തുടങ്ങണം എന്നുള്ളതു കൊണ്ടു തന്നെയാണ്. പഞ്ചായത്ത് പ്രസിഡണ്ട് രാംരാജ് പറഞ്ഞ ഒരു വാചകം ഹൃദയത്തില്‍ തട്ടി. ” മുപ്പതു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ എനിക്ക് അവന്റെ ഗ്രാമത്തില്‍ ഒരു കൊടി നാട്ടാനായില്ല. വെറും ഇരുപത് വയസ്സില്‍ അവനത് സാധിച്ചു. ഒരു അമ്പത് വയസ്സുകാരന്റെ പക്വതയായിരുന്നു അഭിമന്യുവിന്. ജീവിതാനുഭവങ്ങള്‍ അവനെ അങ്ങനെയാക്കിത്തീര്‍ത്തു”

ടിപ്പു സുല്‍ത്താന്റെ കാലത്ത് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും ബോഡി നായ്ക്കന്നൂരില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ് അഭിമന്യുവിന്റെ പൂര്‍വ്വീകര്‍. മലനിരകളിലെ നൂറ്റാണ്ടുകളായുള്ള ഹരിതവിപ്ലവമെല്ലാം അവരുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. മണ്ണില്‍ പണിയെടുത്ത് മണ്ണ് തന്നെയായി മാറിയ ആ മുഷ്യരുടെ ഏഴാം തലമുറയാണ് അഭിമന്യുവിന്റേത്.

ഒരു തരം അടിമ സ്വഭാവത്തിലുള്ളതാണ് ഇവിടുത്തെ ഗ്രാമങ്ങളിലെ തൊഴിലാളി പരിഗണനകളെന്ന് ഇവിടെയെത്തുന്ന ആര്‍ക്കും തിരിച്ചറിയാന്‍ പ്രയാസമില്ല. അതുകൊണ്ടൊക്കെയാണ് ഈ കീഴാള ഗ്രാമങ്ങള്‍ ചരിത്രപരമായി തന്നെ ഒറ്റപ്പെട്ടുപോയത്. ചൂഷണങ്ങളും നീതി നിഷേധങ്ങളും ചോദ്യം ചെയ്യപ്പെടാതെ തുടര്‍ന്നു. ഉന്നത വിദ്യാഭ്യാസം വളരെ അകലെയുള്ള സ്വപ്‌നം മാത്രമായി. വികസനം നാമ മാത്രവും. അതോടോപ്പം പട്ടിണി, ദാരിദ്ര്യം, വിളനാശം, വിലത്തകര്‍ച്ച, കടക്കെണി എന്നിങ്ങനെ ഗ്രാമത്തെ കെട്ടിമുറുക്കിയ ദുരിതങ്ങള്‍ വേറെയും. അഭിമന്യുവിന്റെ ഭാഷയും തമിഴായിരുന്നു. പക്ഷേ അവന്‍ മനോഹരമായി മലായാളം പഠിച്ചു. ജാതിയിലാകട്ടെ അവന്‍ ദളിതനായിരുന്നു. പക്ഷേ അതിന്റെ അപകര്‍ഷങ്ങളെയെല്ലാം അവന്‍ തന്റെ സൗഹൃദങ്ങള്‍കൊണ്ട് മായ്ച്ചു കളഞ്ഞു.
മലയോരനിവാസിയുടെയും അതിര്‍ത്തിവാസിയുടെയും അസ്ഥിത്വപ്രതിസന്ധികളെയെല്ലാം നഗരത്തിന്റെ വിശാലമായ സാമൂഹ്യ ബന്ധങ്ങള്‍ കൊണ്ട് അവന്‍ അസ്ഥാനത്താക്കി. കോളേജില്‍ പോകാനാവാത്ത ഒരു വര്‍ഷം അവന്‍ ഹോട്ടലില്‍ പണിയെടുത്തതായി അവന്റെ കൂട്ടുകാരന്‍ മകുടേശ്വരന്‍ പറഞ്ഞു. അങ്ങനെ അവന്‍ ദാരിദ്ര്യത്തെയും അതിജീവിക്കാന്‍ പഠിച്ചു. വെറും ഇരുപതുവയസ്സുകൊണ്ട് അഭിമന്യു ജീവിച്ചു തീര്‍ത്ത ജീവിതവും അവന്റെ മരണം പോലെ തന്നെ നമ്മില്‍ ആദരവും അല്‍ഭുതവും ഉണ്ടാക്കുന്നു.

കോട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ കോളനി ഒരു മലമുകളിലാണ്. ഒരു പീഠഭൂമി. താഴ്വരകള്‍ നിറയെ കൃഷിയിടങ്ങളാണ്. അഭിമന്യുവിന്റെ അച്ഛനും അമ്മയും വല്ല്യമ്മയും സഹോദരനും പണിക്ക് പോകുന്ന പാടങ്ങള്‍. സഹോദരി കൗസല്യ നഗരത്തിലേക്ക് ഒരു തുണിക്കടയില്‍ ജോലിക്ക് പോകുന്നു. ഒരു കവലയും ക്ഷേത്രവും ചെറിയ ചില മാടക്കടകളും പല നിരകളിലുള്ള ലൈന്‍ മുറികളുള്ള വീടുകളുമാണ് ആ കോളനി. ഏതാണ്ട് എല്ലാവരും ഒരേ ജീവിത നിലകളിലുള്ളവര്‍. വീടെന്നാല്‍ ഒരൊറ്റമുറിയാണ്. കുനിയാതെ അകത്ത് കടക്കാനാവില്ല. അഭിമന്യുവിന്റെ വീട്ടില്‍ ഒരു കട്ടിലാണുള്ളത്. അവന്‍ വന്നാല്‍ കട്ടില്‍ അവനാണെന്ന് അച്ഛന്‍ മനോഹരന്‍ പറഞ്ഞു. മറ്റുള്ളവര്‍ നിലത്ത് കിടക്കും. ഒരു ഇരുമ്പലമാരയുള്ളതാകട്ടേ അവന്റെ പുസ്തകവും ഉടുപ്പും വെക്കാനുള്ളതാണ്. അവനെ പഠിപ്പിക്കാനാണ് എല്ലാവരും പണിക്ക് പോവുന്നത്.

നാടു മുഴുവന്‍ കാത്തിരുന്നത് അഭിമന്യു പഠിച്ചു വളരുന്നത് കാണാനായിരുന്നു. പ്രസവ വേദന വന്നാല്‍ കൊട്ടക്കമ്പൂരിലെ സ്ത്രീകള്‍ മൂന്നു മണിക്കൂര്‍ സഞ്ചരിക്കണം അടിമാലിയിലേക്ക്. അതിനേക്കാള്‍ വലിയ വേദനയില്ല നാട്ടുകാര്‍ക്ക്. എന്നു മാറും ഈ ദുരിതം എന്ന് നാട്ടുകാര്‍ അവനോടാണ് ചോദിച്ചിരുന്നത്. മലയിറങ്ങിയുള്ള അവന്റെ ജീവിതയാത്രകളെല്ലാം നാട്ടിലേക്കു കൂടി വികസനവും വിദ്യാഭ്യാസവും എത്തിക്കാനുള്ളതായിരുന്നു. ഇതും ഒരു കേരളമാണെന്ന് ആവര്‍ത്തിച്ച് വിളിച്ചു പറഞ്ഞുകൊണ്ട് ഒരു പക്ഷേ അഭിമന്യുവിലൂടെ യാഥാര്‍ത്ഥ്യമാകുമായിരുന്ന സ്വപ്‌നങ്ങളാണ് ഇവിടെ അനാഥമായിരിക്കുന്നത്.

കൊട്ടക്കമ്പൂരിലെ ഉത്സവത്തിന് വന്നപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു അഭിമന്യുവെന്ന് സഹോദരന്‍ പരിജിത്ത് പറഞ്ഞു. കൗസല്ല്യയുടെ കല്ല്യാണം കൂട്ടുകാരോടൊത്ത് വലിയ ആഘോഷമാക്കുന്നതും അവന്റെ സ്വപ്‌നമായിരുന്നു. ഇനി കൊട്ടക്കമ്പൂരിലെ ഉത്സവത്തിനും കൗസല്ല്യയുടെ കല്ല്യാണത്തിനും അവന്‍ വരില്ലെന്ന് ഇവര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. നാട്ടുകാരുടെ ഓരോരോ ആവശ്യങ്ങള്‍ക്കായി അപേക്ഷകളും നിവേദനങ്ങളും പൂരിപ്പിക്കാനും അവന്‍ വരില്ല. പൂരിപ്പിക്കപ്പെടാതെ ആ ദുഖങ്ങളെല്ലാം അവിടെ അങ്ങനെ തന്നെ ബാക്കിയാവും.

എന്നാല്‍ കേരളത്തിന് ഈ നാടിനോടുള്ള ഉത്തരാവാദിത്തം ചെറുതല്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട് അഭിമന്യുവിന്റെ രക്തസാക്ഷിത്വം. വിലാപങ്ങളല്ല വിമോചനത്തിലേക്കുള്ള പല ജീവിത സാധ്യതകള്‍ തുറന്നുകൊണ്ടാകണം കേരളം ഇനി ഈ ഗ്രാമത്തോട് ആ സാഹസിക പോരാളിയുടെ പേരില്‍ നീതി പുലര്‍ത്തേണ്ടത് . ഉദാഹരണത്തിന് ഒരു ആശുപത്രി, ലൈബ്രറി, സ്‌ക്കൂള്‍, അടച്ചുറപ്പുള്ള വീട്, മാന്യമായ കൂലി, കൃഷി തുടങ്ങി അഭിമന്യു ആഗ്രഹിച്ച ഈ നാടിന്റെ സ്വപ്‌നങ്ങള്‍ കൂടി ഏറ്റെടുത്തു കൊണ്ടാകണം നമ്മള്‍ ഇനി അവനെ ഓര്‍ക്കേണ്ടത്. കേരളത്തില്‍ കുടുങ്ങിക്കിടക്കുന്ന ഈ തമിഴ്‌നാടന്‍ കാര്‍ഷിക ഗ്രാമത്തെ കേരളമായി തന്നെ ഏറ്റെടുക്കാനുള്ള വലിയ സന്നദ്ധതകള്‍ക്കൊപ്പമാകണം അഭിമന്യുവിന്റെ നാടും വീടും കാണാന്‍ മലകയറിയെത്തിയവര്‍ ഇനി ഇറങ്ങിപ്പോകേണ്ടത്.

ചെങ്കുത്തായ മലനിരകളിലൂടെ ഞങ്ങള്‍ തിരിച്ചിറങ്ങുമ്പോള്‍ മഴ മാറി ചുറ്റും കോടയുടെ ആകാശം പരന്നിരുന്നു. തണുപ്പിന്‍റെ സൂചികള്‍ ഓരോന്നായി ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിത്തുടങ്ങിയിരുന്നു. മൂന്നാറിനേക്കാള്‍ തണുപ്പാണ് വട്ടവടയില്‍. ചിലപ്പോള്‍ തണുപ്പ് മൈനസ്സ് ഡിഗ്രിയോളം ഉഗ്രമാവും. കോവിലൂരിലെയും പഴത്തോട്ടിലെയും ചിലന്തിയാറിലെയും പരിശപ്പെട്ടിയിലെയും പാടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ പണി കഴിഞ്ഞ് കയറി വരുന്നത് കാണാം. അടുത്ത ശീതകാലത്തേക്കുള്ള പച്ചക്കറിവിളകള്‍ താഴ്വവരകളില്‍ പല പരവതാനികള്‍ വിരിച്ചിട്ടപോലെ സായാഹ്നസൂര്യന്റെ തലോടലില്‍ തിളങ്ങി നില്‍ക്കുന്നു.

സൂര്യന്‍ പതുക്കെ മലകളുടെ പിന്നിലേക്ക് മറയുന്നതും മനോഹരമായ കാഴ്ചയാണ്. ഇരുട്ട് പരക്കുമ്പോള്‍ ഏറുമാടങ്ങളെല്ലാം മിന്നാമിന്നികളെ പോലെ റാന്തല്‍ പിടിച്ചു നില്‍ക്കുന്നു. അതിനുള്ളില്‍ ഉറക്കമൊഴിഞ്ഞ് കൃഷിക്കാര്‍ കാവല്‍ നില്‍ക്കും. വന്യമൃഗങ്ങളെ ഓടിക്കാനാണത്. കൂടെയുണ്ടായിരുന്ന അഭിമന്യുവിന്റെ സഹപാഠി മകുടേശ്വരന്‍ വിശദീകരിച്ചു. നാട്ടിലുള്ളപ്പോള്‍ അഭിമന്യുവും മിക്ക രാത്രികളിലും ഇങ്ങനെ മാടങ്ങളില്‍ കാവലിരിക്കാറുണ്ട്. . അങ്ങനെയൊരു രാത്രിയിലായിരുന്നവനല്ലോ നഗരത്തിലെ ഭീകരജീവികള്‍ അവന്‍റെ ജീവനെടുത്തുത്. മകുടേശ്വരന്‍ പിന്നെ ഒന്നും പറഞ്ഞില്ല.
ദൂരെ ഒരൊറ്റമുറി വീട്ടില്‍ നിന്നും ഒരമ്മയുടെ വിലാപം കാറ്റില്‍ ഒഴുകിവരുന്നതു പോലെ

ഞങ്ങള്‍ക്കു തോന്നി ; ”എന്‍ മകനേ… നാന്‍ പെറ്റ കിളിയേ…”

ബിജു മുത്തത്തി