ഈ ലോക്ക് ഔട്ട് കാലം കരുതലിന്റെയും മാനവികതയുടെയും സഹ ജീവി സ്നേഹത്തിന്റെയും കൂടി കാലമാകട്ടെ

70
ഡോ. ബിജു എഴുതുന്നു
പാവങ്ങളോടുള്ള കനിവിന്റെ, കരുതലിന്റെ ശബ്ദം
തീർച്ചയായും ഇത്തരം ഒരു രോഗത്തെ നേരിടാൻ സംസ്ഥാനവും രാജ്യവും അടച്ചിടുക എന്ന കടുത്ത തീരുമാനം അനിവാര്യമാണ്. ഈ അടച്ചിടലിലും പൂർണ്ണമായും വീട്ടിൽ ഇരിക്കാതെ തന്നെ ജോലി ചെയ്യേണ്ട ഒരാൾ ആണ് ഞാൻ. ഓഫീസ്, റിപ്പോർട്ടിംഗ്,ഡോക്ടർമാരുടെയും ജീവനക്കാരുടെയും കോ ഓർഡിനേഷൻ , ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ദിനം പ്രതിയുള്ള രോഗ പ്രതിരോധ റിവ്യൂ മീറ്റിങ്ങുകൾ അങ്ങനെ ഏറെ സമയവും പുറത്തു തന്നെ ജോലി എടുക്കേണ്ട ഒരാളാണ് ഞാൻ. ഈ 21 ദിവസ ലോക്ക് ഔട്ട് എന്ന അനിവാര്യതയിലും ഓർക്കേണ്ട ചില ആളുകൾ ഉണ്ട്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന അനേക ലക്ഷം മനുഷ്യർ. അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന അടിസ്ഥാന വർഗ്ഗ തൊഴിലാളികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ലോക്ക് ഔട്ട് അല്ലാത്തപ്പോൾ പോലും കൂടുതൽ സമയങ്ങളിലും പട്ടിണി ആകുന്ന ആദിവാസി വിഭാഗം, പട്ടികജാതി പട്ടിക വർഗ്ഗ കോളനികളിലെ മനുഷ്യർ. തെരുവുകളിൽ കപ്പലണ്ടി കച്ചവടവും മറ്റ് ചെറിയ വഴിയോര വാണിഭവും നടത്തി കിട്ടുന്ന തുച്ഛമായ തുക കൊണ്ട് ജീവിക്കുന്ന ആളുകൾ , തെരുവ് യാചകർ, ബസ്സുകളിലും ട്രെയിനുകളിലും പാട്ട് പാടി ജീവിക്കുന്നവർ, ഒരു വീട് പോലും സ്വന്തമായില്ലാതെ തെരുവുകളിൽ അന്തി ഉറങ്ങുന്ന മനുഷ്യർ, അതിഥി സംസ്ഥാന തൊഴിലാളികൾ, മാനസിക അസ്വാസ്ഥ്യം ബാധിച്ചു തെരുവുകളിൽ അലഞ്ഞു തിരിയുന്ന മനുഷ്യർ.. മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രം നടന്നു പോകുന്ന കുട്ടികളുടെ അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, സ്വന്തമായി വീടില്ലാത്ത വാടക വീട്ടിൽ ജീവിക്കുന്നവർ, ദിവസക്കൂലി തൊഴിലുകളിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് വാടകയും ഭക്ഷണവും കൂട്ടിമുട്ടിക്കാൻ പാടു പെടുന്നവർ, ചേരിയിൽ പുറമ്പോക്ക് സ്ഥലങ്ങളിൽ താമസിക്കുന്ന മനുഷ്യർ , നാടോടികൾ, അങ്ങനെ ഒട്ടേറെ ഒട്ടേറെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ ഉണ്ട്.. പ്രവർത്തി ദിവസങ്ങളിൽ പോലും അര വയറും മുഴു പട്ടിണിയും പുതുമ അല്ലാത്ത ലക്ഷക്കണക്കിന് മനുഷ്യർ.. ഇവരൊക്കെ കൂടി ചേർന്നതാണ് നമ്മുടെ നാട്..അതാണ് യാഥാർഥ്യം..അവരൊക്കെ ഈ 21 ദിവസം എങ്ങനെ പിന്നീടും. എത്ര ആത്മാർത്ഥത ഉള്ള സർക്കാറുകൾക്കും ഗ്രൗണ്ട് ലെവലിൽ ഇത്ര ഏറെ നാൾ ഈ ആളുകളെ മൊത്തം കരുതലോടെ പരിഗണിക്കുക അവശ്യ സാധനങ്ങൾ നൽകുക എന്നത് പ്രായോഗികമായി നടക്കാത്ത കാര്യം ആണ്. ഈ മനുഷ്യരെ പറ്റിയും മറ്റുള്ള ഓരോ മനുഷ്യർക്കും കരുതലുണ്ടാവുക എന്നതാണ് അല്പമെങ്കിലും സാധ്യമായ വഴി… നമ്മൾ വീടുകളിൽ 21 ദിവസം സുരക്ഷിതമായ സാമൂഹ്യ അകലത്തിൽ ജീവിക്കുമ്പോൾ ഓർക്കുക നമ്മുടെ ചുറ്റും അനേക ലക്ഷം ആളുകൾ ദുരിത ജീവിതത്തിൽ ആയിരിക്കും. ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാൻ സാധ്യത ഇല്ലാത്ത ആ മനുഷ്യരെ കൂടി കരുതുക എന്നത് നമ്മുടെ സാമൂഹ്യ ബാധ്യത ആണ് എന്നത് മറക്കാതിരിക്കുക.. ഈ ലോക്ക് ഔട്ട് കാലം കരുതലിന്റെയും മാനവികതയുടെയും സഹ ജീവി സ്നേഹത്തിന്റെയും കൂടി കാലമാകട്ടെ..
Advertisements