മാദ്ധ്യമങ്ങളേ ലക്ഷക്കണക്കിന്‌ കാണികൾക്ക് ഈ വിവര ദോഷികളുടെ ഊള അട്ടഹാസം കേൾപ്പിക്കാൻ അവസരം ഒരുകുന്നത് കടുത്ത സാമൂഹ്യ വിരുദ്ധത

599

Bijukumar Damodaran എഴുതുന്നു 

മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെയ്തു കൊണ്ടിരുക്കുന്ന ഒരു സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യ ദുരന്തം ഉണ്ട്. വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ ആരും കേട്ടിട്ടു പോലുമില്ലാത്ത, സമൂഹത്തിൽ യാതൊരു പ്രസക്തിയും ഇല്ലാത്ത, എന്തെങ്കിലും വിഷയങ്ങളിൽ അറിവോ പൊതു ബോധമോ ഏഴയലത്ത് കൂടി പോലും പോയിട്ടില്ലാത്ത ഏതൊക്കെയോ ചില ആളുകളെ സ്ഥിരമായി ചാനൽ ചർച്ചയിൽ വിളിച്ചു കൊണ്ടു വന്നിരുത്തി അവർക്ക് ആവോളം വിവരക്കേട് വിളമ്പാനും മനുഷ്യനെ തമ്മിൽ അടിപ്പിക്കാനുള്ള മത സ്പർധ വളർത്തുന്ന വിഷം ചീറ്റാനും നിരന്തരമായി അവസരം നൽകുകയും അതു വഴി വീട്ടു മുറികളിൽ അവരെ ചിര പരിചിതരാക്കാനും ലക്ഷക്കണക്കിന്‌ കാണികൾക്ക് ഈ വിവര ദോഷികളുടെ ഊള അട്ടഹാസം കേൾപ്പിക്കുവാനും അവസരം ഒരുക്കി എന്നതാണ് മാധ്യമങ്ങൾ കഴിഞ്ഞ കുറേക്കാലമായി ചെയ്തു വരുന്ന കടുത്ത സാമൂഹ്യ വിരുദ്ധത.

സ്വന്തം വീട്ടിൽ പോലും അറിയാത്ത കുറെ ഏറെ വിഡ്ഢികളായ മനുഷ്യന്മാർക്ക് ഒരു പബ്ലിക് സ്പെയ്സിൽ വിസിബിലിറ്റി ഉണ്ടാക്കി കൊടുക്കുകയാണ് ടെലിവിഷൻ ചാനലുകൾ ചെയ്തത്.അവരുടെ മനസ്സിലെ വിഷം ലക്ഷക്കണക്കിന് ആളുകൾക്ക് മുന്നിലേക്ക് ഒഴുക്കി വിടാൻ ഒരു ഓപ്പൺ സ്പെയ്സാണ് മാധ്യമങ്ങൾ നൽകിയത്. അങ്ങനെയാണ് ഇവർ സ്വയം ആരൊക്കെയോ ആണെന്ന് തെറ്റിദ്ധരിച്ചു തുടങ്ങിയത്.അങ്ങനെയാണ് ഈ വിവരം കെട്ട മനുഷ്യന്മാർ ഒക്കെ ചാനലുകളിൽ കയറിയിരുന്ന് ആളുകളെ ഭീഷണിപ്പെടുത്തി തുടങ്ങിയത്..ഇവർക്ക് കുടുംബ സ്വത്തായി കിട്ടിയതല്ല ഈ നാട് എന്നത് അവർക്കോർമയില്ലെങ്കിലും നമ്മൾക്ക് അറിയാം. അതുകൊണ്ടാണ് ഈ വക ക്ഷുദ്ര ജന്തുക്കളോട് നീ ആരാടാ എന്നു നമ്മൾ ചോദിക്കുന്നത്.

മാധ്യമങ്ങളോട് ചോദിക്കുന്നത് മറ്റൊരു ചോദ്യമാണ്. നിങ്ങളുടെ ചാനൽ ചർച്ചകളുടെ നിലവാരം ഇമ്മട്ടിൽ തന്നെ കൊണ്ടുപോകാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ചർച്ചകളിൽ പങ്കെടുക്കാൻ വിവരവും വിദ്യാഭ്യാസവും സാമൂഹിക ബോധവുമുള്ള മനുഷ്യന്മാരെ നിങ്ങൾക്ക് ലഭിക്കാറില്ലേ. അത് ഏതു പാർട്ടിയിൽ നിന്നായാലും, ഏതു വിഷയത്തിൽ ആയാലും..അതോ അതു വേണ്ട ഇമ്മാതിരി നിലവാരമില്ലാത്ത മനുഷ്യന്മാർക്ക് വിസിബിലിറ്റി ഉണ്ടാക്കി കൊടുത്തു സാമൂഹികമായ അപചയം ഉണ്ടാക്കുക എന്നത് തന്നെയാണോ നിങ്ങളുടെ ആത്യന്തികമായ ഉദ്ദേശ്യം.കഴിഞ്ഞ കുറേ ഏറെ വർഷങ്ങളായി നിങ്ങൾ സാംസ്കാരിക കേരളത്തോട് ചെയ്യുന്നത് കടുത്ത സാമൂഹിക അനീതി തന്നെ ആണ്. കേരളത്തിലെ യാതൊരു മനുഷ്യനും അറിയാത്ത ഒട്ടേറെ വിഷജീവികളെ നിങ്ങൾ വൈകുന്നേരത്തെ ചർച്ചകളിൽ വിളിച്ചു കൊണ്ടു വന്നിരുത്തി അവർക്ക് പൊതു സമൂഹത്തിൽ സാമൂഹിക സ്പർധ വളർത്തുന്ന വിഷം വമിക്കുവാനും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുവാനും ഉള്ള വേദി ഒരുക്കി എന്ന മാപ്പർഹിക്കാത്ത സാംസ്കാരിക ക്രിമിനലിസം ആണ് നിങ്ങൾ നടപ്പാക്കിയത് (നടപ്പാക്കി കൊണ്ടിരിക്കുന്നത്) എന്നത് ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ നന്ന്.

ചാനലുകളുടെ വൈകുന്നേരത്തെ ചർച്ചകൾ ഇപ്പോൾ കഴിവതും കാണാറില്ല. ഈ വിവരക്കേടുകളെ ദിവസവും സഹിക്കുന്നതിന് ഒരു പരിധി ഇല്ലേ..ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതും ഏതാണ്ട് ഒരു വർഷമായി നിർത്തിയിരിക്കുക ആണ്. ഇമ്മാതിരി വിവരക്കേടുകൾ ആണല്ലോ ഒപ്പം ചാനലിൽ ചർച്ച ചെയ്യാനായി എത്തുന്നത്. ഇവരോട് തർക്കിക്കുന്നതിലും ഭേദം ആ സമയത്ത് രണ്ടു പുസ്തകം വായിച്ചു തീർക്കാം..ഇനി വായിക്കാനുള്ള മൂഡില്ലെങ്കിൽ പുഴയിൽ പോയി ചൂണ്ട ഇട്ടാൽ ആ സമയം കൊണ്ട് രണ്ടു വരാലോ നാല് മുശിയോ കിട്ടും ഒന്നുമില്ലെങ്കിൽ കുറച്ചു പള്ളത്തി എങ്കിലും കിട്ടും.ഉറപ്പാണ്..ചാനൽ അവതാരകർക്കും ഇതൊന്നു പരീക്ഷിക്കാവുന്നതാണ്..കുറഞ്ഞ പക്ഷം സമൂഹത്തിലേക്ക് ഇത്തരം കാള കൂട വിഷങ്ങളെ കണ്ടെത്തി പരിചയപ്പെടുത്തി കൊടുക്കുന്ന ആ ട്രഷർ ഹണ്ട് പരിപാടിയ്ക്ക് അൽപ്പം ഇടവേള എങ്കിലും ആകുമല്ലോ.