Best of Luck
Bilal Nazeer
സിനിമ ഷൂട്ട് ചെയ്ത് നിർമ്മാതാവിൻ്റെ കയ്യിൽ കൊടുത്ത ശേഷം തിരഞ്ഞ് നോക്കാതെ കണ്ടം വഴി ഒടുന്നതിന് മുൻപ് സംവിധായകൻ നിർമാതാവിനോട് പറഞ്ഞ ഡയലോഗ് തന്നെ സിനിമയുടെ പേരാക്കി നിർമ്മാതാവ് മാതൃക ആയി.സവാരിഗിരി ഗിരി, ജസ്റ്റ് റിമംബർ ദാറ്റ് , കൊച്ചി പഴയ കൊച്ചി അല്ല എന്നീ ഡയലോഗുകൾക്ക് പകരം വെക്കാൻ ഇതാ പുതിയ ഒരു ഐറ്റം, “ഓർബിറ്റ് കഴിക്ക്, ടെൻഷൻ മാറട്ടെ”
മരണ കിടക്കയിൽ കിടക്കുന്ന അച്ഛൻ മകനെ അരികിലേക്ക് വിളിച്ചിട്ട് പറയുന്നു, തനിക്ക് മറ്റൊരു കുടുംബം ഉണ്ടെന്നും, ആ കുടുംബത്തെ ഇനി നീ നോക്കണം എന്നും. ആ അച്ഛൻ നിങൾ വിചാരിച്ചത് പോലെ നെടുമുടി വേണു അല്ല, പ്രഭു ആണെന്നതാണ് ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ ട്വിസ്റ്റ്. നെടുമുടി ചേട്ടൻ മൂകാംബിക പോകുന്നത് പോലെ കൊച്ചിയിൽ ലുലു മാൾ കാണാൻ പ്രഭു അച്ഛൻ വരാറുണ്ടായിരുന്നു.
അങ്ങനെ മകൻ, പ്രഭു അച്ഛൻ്റെ ആഗ്രഹം സഫലം ആക്കാനായി പോത്ത് പോലെ വളർന്ന തൻ്റെ സഹോദരൻ ആയ കൈലാഷ് ഏട്ടനെ തറയിൽ വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ മൂത്രം ഒഴിക്കും എന്ന രീതിയിൽ വളർത്തുന്നു. താൻ നല്ല ഡ്രസ്സ് ഇട്ടിട്ട് അനിയന് ജയൻ്റെ ബെൽ ബോട്ടം പാൻ്റ് വാങ്ങി കൊടുക്കുക, അച്ഛൻ്റെ സ്വത്ത് മുഴുവൻ സ്വന്തം കയ്യിൽ വെച്ചിട്ട് അനിയന് മാസം മൂവായിരം രൂപ കൊടുക്കുക, അങ്ങനെ പ്രഭു ചേട്ടൻ കൈലാഷ് ഏട്ടനെ സ്നേഹിച്ച് കൊല്ലുന്നു.
ജോലിക്ക് പോകുന്നത് അലർജി ആയ കൈലാഷ് ഏട്ടന് മാസം ചിലവ് കഴിയാനും, ജോലിക്കാർക്ക് ശമ്പളം കൊടുക്കാനും, ഓസി കൂട്ടുകാരനായ ആസിഫ് ഇക്കാക്ക് ജീവിക്കാനും കൂടി വേണ്ടി ഒന്നും നോക്കാതെ മാസം മൂവായിരം രൂപ എടുത്ത് വീശുന്നു ചേട്ടൻ പ്രഭു.
കൈലാഷ് ഏട്ടൻ്റെ ഈ കദന കഥ ആസിഫ് ഇക്കാ മമ്മൂട്ടിയോട് പറയുന്നു. ആ സമയത്ത് ഇത്തരം തല്ലിപ്പൊളി കഥകൾ വീക്നെസ് ആയിരുന്ന മമ്മൂട്ടി “ഹായ് നല്ല കൂതറ കഥ” എന്ന് പറഞ്ഞ് കൊണ്ട് അപ്പോ തന്നെ ‘അവതാർ’ മാറ്റി വെച്ച് ഇതിന് ഡേറ്റ് കൊടുക്കുന്നു. കൈലാഷ് ഏട്ടൻ്റെ റോൾ ചെയ്യാൻ ഒന്നും മിണ്ടാതെ ഫഹദ് ഇക്കായും എത്തുന്നു. സിനിമക്ക് ഉള്ളിലെ സിനിമ ആയതുകൊണ്ട് മാത്രം ആ പടത്തിൻ്റെ നിർമ്മാതാവ് ജസ്റ്റ് എസ്കേപ് ആകുന്നു.
നോട്ട്: അഭിനയത്തിൽ ഞെട്ടിച്ച് മുന്നേറിയ കൈലാഷ് എട്ടനെയും ആസിഫ് ഇക്കായെയും അടിച്ച് മൂലക്കിരുത്തിയ അർച്ചന കവി, റിമ എന്നിവർ പ്രത്യേക പരാമർശം അർഹിക്കുന്നു. ഹോസ്റ്റലിൽ രാത്രി കഴിച്ച കൂതറ ഫുഡ് വയറ്റിൽ പ്രവർത്തനം ആരംഭിച്ച ശേഷം കഥാപാത്രത്തെ ഉൾകൊള്ളാൻ ആയി കക്കൂസിലേക്ക് ഓടി ചെല്ലുമ്പോൾ, കക്കൂസ് ഹൗസ്ഫുൾ ആണെന്ന് കാണുമ്പോൾ ഉള്ള മുഖഭാവം സിനിമയിൽ ഉടനീളം രണ്ടാളും നിലനിർത്തി