കാരണവർ: A Family drama from a Drama family
SPOILER ALERT
Bilal Nazeer
ഇതൊരു കുടുംബ ചിത്രം ആണ് കാരണം ഇതിൽ മുകേഷ് ഉണ്ട്, മുകേഷിൻ്റെ അമ്മയുണ്ട്, അളിയനുണ്ട്, പെങ്ങളുടെ മകനുണ്ട്. ദിവ്യദർശൻ ആണ് നായകൻ, പുള്ളിയുടെ ശരിക്കും അമ്മൂമായാണ് അമ്മൂമ്മ, പക്ഷേ ശരിക്കും അമ്മയല്ല അമ്മ, എന്നാൽ ശരിക്കും അച്ഛൻ ആണ് അച്ഛൻ, പക്ഷേ ശരിക്കും അമ്മാവൻ അല്ല അമ്മാവൻ, എന്നാൽ ശരിക്കും അമ്മാവൻ ആണ് ചേട്ടൻ.
അച്ഛൻ വയ്യാതെ ആശുപത്രിയിൽ കിടക്കുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. മരിക്കാറായി കിടക്കുന്ന അച്ഛനെ കണ്ട കുട്ടി ദിവ്യൻ അമ്മയോട് ചങ്ക് പൊട്ടുന്ന ഒരു കാര്യം പറയുന്നു ” സ്കൂളിൽ ആണെങ്കിൽ ഇപ്പൊ ചോറ് തിന്നാൻ സമയമായി ” എന്ന്. ഇത് കേട്ട ഉടനെ അച്ഛൻ ഇഹലോകം വെടിയുന്നു. ഇതറിയാതെ കുട്ടി മുകേഷ് ഒരു പെങ്കൊച്ചിൻ്റെ മാല പൊട്ടിച്ച് അതിനെ കുളത്തിൽ തള്ളിയിട്ട് കാശുമായി വരുന്നു. പക്ഷേ അച്ഛൻ മരിച്ചതറിഞ്ഞ് നാട് വിടുന്നു. ഇതോടെ മരണാസന്നനായ അച്ഛൻ്റെ അരികിൽ ഇരുന്നു ചോറ് തിന്ന കുട്ടിയുടെ പക്വത കണ്ട് എല്ലാരും കൂടി അവനെ പിടിച്ച് കാരണവർ ആക്കുന്നു.
പിന്നീട് 28 വയസായ കാരണവർ നാട്ടുകാരുടെ മുഴുവൻ കാരണവർ ആകുന്നു. അമ്മയും, അമ്മൂമ്മയും, അമ്മാവനും ഉൾപടെ എല്ലാരും കാരണവരെ എന്നാണ് വിളിക്കുന്നത്. കാരണവർ ആയത് കൊണ്ട് തന്നെ വീടിനികത്ത് വരെ കുടയും കുത്തി നടക്കും, കൃഷി ചെയ്തില്ലെങ്കിലും ഇടക്ക് ഇടക്ക് കൃഷി ഓഫീസിൽ പോകും, നാട്ടുകാരുടെ പ്രശ്നങ്ങൾ തീർക്കും. ഒരിക്കൽ പ്രശ്നം തീർക്കാൻ പോയി തൻ്റെ അമ്മാവനെ കാരണവർ പ്രാകി കൊല്ലുന്നു. പക്ഷേ അമ്മാവൻ മരിച്ചതോടെ മുറപ്പെണ്ണ് കാരണവരുടെ വീട്ടിൽ താമസം ആക്കുന്നു ( ഇതിപ്പോ ലാഭം ആയല്ലോ)
ഇതോടെ അമ്മൂമ ആയ അമ്മൂമ ആ പെങ്കൊച്ചിനെ കാരണവർക്ക് വേണ്ടി ആലോചിക്കുന്നു. പക്ഷേ നാട് വിട്ടുപോയ അമ്മാവൻ ആയ ചേട്ടൻ തിരികെ വരുന്നു. ഇതോടെ അമ്മൂമ ആയ അമ്മൂമ പ്ലേറ്റ് മാറ്റി പെങ്കൊചിനെ അമ്മാവൻ ആയ ചേട്ടന് വേണ്ടി ആലോചിക്കുന്നു. പക്ഷേ പുള്ളിക്ക് താൽപര്യം ഇല്ലാത്തത് കൊണ്ട് വീണ്ടും കാരണവർ തന്നെ കെട്ടട്ടെ എന്ന് വിധി പുറപ്പെടുവിക്കുന്നു. ഇത് കേട്ട ഉടനെ കാരണവർ വെള്ളച്ചാട്ടത്തിൽ പോയി ഡാൻസ് കളിക്കുന്നു. എന്നാൽ 28 വയസുള്ള കാരണവരെ ഒരു അച്ഛനായിട്ടാണ് താൻ കണ്ടതെന്ന് പെൺകുട്ടി അറിയിക്കുന്നു. ഇതോടെ വേദന കടിച്ചമർത്തി എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് അവളെ അവളുടെ കാമുകനൊപ്പം കാരണവർ ചേർക്കുന്നു. അമ്മാവൻ ആയ ചേട്ടനെ പുള്ളി പണ്ട് കുളത്തിൽ തള്ളിയിട്ട് കൊല്ലാൻ നോക്കിയ പെൺകുട്ടിയുമായും ഒന്നിപ്പിച്ച് കാരണവർ സായൂജ്യം അടയുന്നു.