സകലകലാശാല : ഒരു ടെക്നോളജിക്കൽ ക്യാമ്പസ് ത്രില്ലർ
Bilal Nazeer
മമ്മൂക്കക്കും, കുഞ്ഞിക്കക്കും മക്കൂകക്കും ശേഷം ഇതാ എത്തി അക്കൂക്ക.
കുരക്കുന്ന പ്ലാസ്റ്റിക് പട്ടി, ടെന്നിസ് ബോൾ കൊണ്ട് കാർ ഡോർ തുറക്കുക, മൊബൈൽ കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്യുക മുതലായ യൂട്യൂബ് സെർച്ചിൽ തന്നെ പഠിക്കാൻ പറ്റുന്ന കുറേ കണ്ടുപിടിത്തങ്ങളുമായി എൻജിനീയറിങ് കോളജിൽ ഷൈൻ ചെയ്യുകയാണ് അക്ബർ. കോളേജ് പ്രിൻസിപ്പാളും, പോലീസുകാരും എന്തിന് കൊള്ളക്കാരും വരെ പുള്ളിയെ സ്നേഹത്തോടെ അക്കൂ എന്ന് മാത്രമേ വിളിക്കൂ. ചെറുപ്പത്തിലേ ആട് തോമയെ പോലെ കണ്ടുപിടിത്തങ്ങളിൽ തൽപരനായ അക്കൂകയെ ഭൂഗോളത്തിൻ്റെ സ്പന്ദനം തന്നെ സ്തെതെസ്കോപ്പിൽ ആണെന്ന് പറഞ്ഞ് ചാക്കോ മാഷ് മർദിക്കുന്നുണ്ട്.
സിനിമയിൽ തമാശ ഇല്ലെങ്കിലും സിനിമ മൊത്തം തമാശ പറയുന്നവർ ആയത് കൊണ്ട് തന്നെ സിനിമ നല്ല തമാശയാണ്. ഉദാഹരണത്തിന് തമാശ പറയുന്ന വില്ലന്മാർ, തമാശ പറയുന്ന പോലീസുകാർ, തമാശ പറയുന്ന പള്ളിയിൽ അച്ഛന്മാർ പിന്നെ ടിനി ടോമും. കോളേജ് സിനിമ ആണെങ്കിൽ ഗേൾസ് ഹോസ്റ്റലിൽ കയറുന്ന സീൻ വേണമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത് കൊണ്ട് ഇതിലും അങ്ങനെ ഒരു സീൻ ഉണ്ട്. പക്ഷേ അവിടെ ക്ലീഷേകളെ പൊളിച്ചടുക്കുന്നു സംവിധായകൻ. ഇതിൽ പെൺകുട്ടികൾ ബോയ്സ് ഹോസ്റ്റലിൽ ആണ് കയറുന്നത്. ബോയ്സ് ഹോസ്റ്റലിൽ കയറിയത് പെൺകുട്ടികൾ ആണെന്ന് മനസ്സിലാകാതിരിക്കാൻ പർദ്ദ ഒക്കെ ഇട്ടാണ് കയറുന്നത്.
ഒരിക്കൽ കോളേജിൻ്റെ നെറ്റ്വർക്ക് ഹാക്ക് ചെയ്ത് മർക് ലിസ്റ്റ് ഉൾപടെ തിരുത്താൻ പറ്റുന്ന സോഫ്റ്റ്വെയർ കണ്ട് പിടിച്ച അക്കൂകയേ പ്രിൻസിപ്പൽ അഭിനന്ദിക്കുന്നു. ബാങ്കിൻ്റെ സെക്യൂരിറ്റി സിസ്റ്റം ഹാക്ക് ചെയ്യുന്നത് കൂടി കാണിക്കാൻ കോളജ് അധികൃതർ അക്കൂകയെ നിർബന്ധിക്കുന്നു. വെറൈറ്റി ഹാക്കിംഗ് ആണ് പുള്ളി കണ്ട് പിടിക്കുന്നത്. ബാങ്കിൽ ആദ്യം പട്ടിയെ കയറ്റി വിടും, കയറിയത് പട്ടിയാണെന്ന് മനസ്സിലാക്കിയ സെക്യൂരിറ്റി സിസ്റ്റം മിണ്ടാതിരിക്കും, ഈ ഗ്യാപ്പിൽ അക്കൂക്ക അകത്ത് കയറി സ്വയം alarm ഓഫ് ചെയ്യും. ശാസ്ത്രത്തിൻ്റെ ഒരു വളർച്ചയെ എന്ന മട്ടിൽ എല്ലാരും കയ്യടിക്കുന്നു.
ബാങ്ക് കൊള്ളയടിക്കാൻ ഒരു പട്ടി മതിയെന്നിരിക്കെ വില്ലന്മാർ പട്ടിയെ തട്ടിക്കൊണ്ടു പോകാതെ അക്കുക്കയെ തട്ടിക്കൊണ്ട് പോകുന്നു. പട്ടി ഇല്ലാത്തത് കൊണ്ട് പട്ടിയുടെ ശബ്ദത്തിൽ കുരച്ച് സെക്യൂരിറ്റി സിസ്റ്റത്തിനെ പറ്റിച്ച് കൊള്ളക്കാർ ബാങ്കിൽ കയറുന്നു. കുറ്റം മുഴുവൻ അക്കൂക്കയുടെ തലയിൽ ആകുന്നു. വില്ലന്മാരുടെ നേതാവ് ആരാണ് എന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, ഞാൻ ഞെട്ടി. ഒരു ക്ലൂ തരാം, ഫോട്ടോയിൽ പറന്ന് പോകുന്ന ആളാണ് മെയിൻ വില്ലൻ.
**