2010 ൽ റിലീസ് ചെയ്ത സിനിമയാണ് വലിയങ്ങാടി. മണിക്കുട്ടൻ ആണ് ചിത്രത്തിലെ നായകൻ. സംവിധാനം സലിം ബാവ . ജയന്റെ അങ്ങാടി എന്ന സിനിമയിൽ പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കിയത്. അങ്ങാടിയിലെ ജയനെ അനുകരിക്കാനുള്ള ചില വികലമായ ശ്രമങ്ങൾ ആണ് മണിക്കുട്ടന്റെ കഥാപാത്രം നടത്തിയത്. മണിക്കുട്ടൻ, വരദ, ശ്വേതാമേനോൻ, വിജയരാഘവൻ, കലാഭവൻ മണി …ഇങ്ങനെ വലിയ താരനിരയുണ്ടായിട്ടും പ്രമേയപരമായ പുതുമയില്ലായ്മയും കൂടി ചേർന്നപ്പോൾ ചിത്രമൊരു ദുരന്തമായി . ബിലാൽ നസീറിന്റെ ട്രോൾ പോസ്റ്റ് വായിക്കാം.
വലിയങ്ങാടി – അനന്തുവും മേടമും ( മാസമല്ല)
Bilal Nazeer
വളർന്നു വലുതായ അങ്ങാടി ഭരിക്കുന്നത് അനന്തു എന്ന ചുമട്ടു തൊഴിലാളിയും അയാളുടെ കലാഭവൻ കൂട്ടുകാരുമാണ്. വലിയങ്ങാടി എന്ന് ആര് പറഞ്ഞാലും അനന്തുവിന് ചോര തിളക്കും. വിദ്യാഭ്യാസ മന്ത്രിയെ തടഞ്ഞു നിർത്തി 60 കിലോ ഉള്ള തൊഴിലാളികൾ 100 കിലോ ചുമക്കുന്നു എന്ന് പരാതി പറയുക, മുട്ടക്കാട്ടം ചാക്ക് പൊക്കിയെടുത്ത് സൈക്കിളിൻ്റെ മുകളിലേക്ക് എറിഞ്ഞ് സൈക്കിൾ വീഴ്ത്തി കോളജിൽ പോകുന്ന കുട്ടികളുടെ ദേഹത്ത് ചെളി വെള്ളം തെറിപ്പിക്കുക, ഇത് ചോദ്യം ചെയ്യുന്ന കുട്ടികളെ ” some are wise, some otherwise” എന്ന് പറഞ്ഞു പീഡിപ്പിക്കുക, ഇങ്ങനെയൊക്കെ വലിയങ്ങാടിയിൽ അനന്തു ഷോ ആണ്.
റേഷൻ അരി മോഷ്ടിക്കുന്ന കൊട്ടാരത്തിൽ പാപ്പച്ചൻ, കൊള്ള പലിശക്കാരൻ സേട്ട് എന്നിവരെ ഒക്കെ അനന്തു മസിൽ പിടിച്ച് തറ പറ്റിക്കുന്നു. ഇതൊക്കെ കേട്ടിട്ട് അനന്തു ഹാർഡ് ആണെന്ന് തെറ്റിദ്ധരിക്കരുത്. ഐഎഎസ് പഠിക്കുന്ന നായികക്ക് ഐഎഎസ് എന്ന 3 അക്ഷരത്തേക്കാൾ അനന്തുവും ഒത്തുള്ള ലൈഫ് എന്ന 4 അക്ഷരം മതി. പക്ഷേ ഐഎഎസ് എന്ന 3 അക്ഷരം കഴിഞ്ഞേ ലൈഫ് എന്ന 4 അക്ഷരം ഉള്ളൂ എന്ന് പുള്ളി തറപ്പിച്ചു പറയുന്നു.
മുഴുവൻ സമയ ചുമട്ടു തൊഴിലാളിയായ അനന്തു പാർട്ട് ടൈം ആയി മയക്ക് മരുന്ന് മാഫിയയെ ഒതുക്കാൻ പോലീസിനെ സഹായിക്കും. പക്ഷേ എല്ലാവരുടെയും മുകളിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന മേടം ആരാണെന്ന് മാത്രം ആർക്കും അറിയില്ല. ആകെയുള്ള സ്ത്രീ കഥാ പാത്രങ്ങൾ ആണ് ചായക്കടക്കാരൻ സുലൈമാൻ്റെ ഭാര്യ, ഐഎഎസ് പഠിക്കുന്ന നായിക, അനനന്തുവിൻ്റെ അമ്മ, അനിയത്തി, കോട്ടയം നസീറിൻ്റെ കാമുകി, പിന്നെ ദുഷ്ടനായ സെട്ടുവിൻ്റെ വിശാല മനസ്സുള്ള ഭാര്യ ശ്വേത മേനോൻ. ഇതിൽ മേടം ആരാകും എന്നത് എത്ര ആലോചിച്ചാലും മനസ്സിലാകാത്ത ട്വിസ്റ്റ് ആണ്.
വലിയങ്ങാടിയിൽ ഉള്ള പഞ്ചലോഹ വിഗ്രഹം അടിച്ച് മാറ്റാൻ മേടം പ്ലാൻ ഇടുന്നു. പക്ഷേ ഒരു പ്രശ്നം പൂട്ടും താക്കോലും, സെക്യൂരിറ്റിയും ഒന്നുമില്ലാതെ റോഡ് സൈഡിൽ ഇരിക്കുന്ന വിഗ്രഹം എങ്ങനെ അടിച്ച് മാറ്റും എന്ന് അവർക്ക് അറിയില്ല. ഓട്ടോ നിർത്തി പോക്കികൊണ്ട് പോകാൻ പറ്റുന്ന ആ വിഗ്രഹം അടിച്ച് മാറ്റാനായി വലിയങ്ങാടിയിൽ ഉള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി, അവളുടെ ആങ്ങളയെ ഭീഷണിപ്പെടുത്തി അയാളെ കൊണ്ട് വിഗ്രഹം അടിച്ച് മാറ്റുന്നു. ആ കുറ്റം തലയിൽ ആകുന്ന അനന്തു മേടം ആരാണെന്ന് മനസ്സിലാക്കുമോ? ഐഎഎസ് എന്ന 3 അക്ഷരം നേടിയ നായികയും ഒത്തു ലൈഫ് എന്ന 4 അക്ഷരം നടത്തുമോ ?