എഴുതിയത് : Bilal Nazeer
ഗൃഹനാഥൻ
ഫാസ്റ്റ്റാം പറമ്പിലെ ഫ്യൂരിയസ് കാരണവർ ആണ് ഡോം അണ്ണൻ. മേലേടത്ത് രാഘവൻ നായർ പോലും സ്വന്തം കുടുംബത്തിനു വേണ്ടി ഇത്രയും കഷ്ടപെട്ടിട്ടില്ല. കുടുംബത്തിനു വേണ്ടി ജീവിച്ചപ്പോൾ സ്വന്തം കാര്യം നോക്കാൻ പുള്ളി വിട്ടുപോയി. അതുകൊണ്ട് ആദ്യത്തെ കാമുകിയെ രണ്ടാമത്തെ ഭാര്യയും രണ്ടാമത്തെ കാമുകിയെ ആദ്യത്തെ ഭാര്യയെയും ആക്കേണ്ടി വന്നു പുള്ളിക്ക്. അനിയൻ കുട്ടൻമാർക്കും അനിയത്തി കുട്ടികൾക്കും മൂന്ന് നേരം അന്നം കൊടുക്കാൻ വേണ്ടി രാപ്പകൽ ഇല്ലാതെ വളയം പിടിക്കുകയാണ് അദ്ദേഹം. അവർ കാശ് ചോദിച്ചാൽ ബാങ്ക് ലോക്കർ പിഴുത് കൊടുക്കും, ഫ്ലൈറ്റ് നേരത്തെ പോയാൽ കാറ് കൊണ്ട് ഫ്ലൈറ്റ് വലിച്ച് താഴെ ഇറക്കും, അത്രക്ക് സ്നേഹം. അവർ സുഖമായി ജീവിക്കാൻ വേണ്ടി മരുഭൂമിയിലും, മഞ്ഞ് മലയിലും, ട്രെയിനിൻ്റെ മുകളിലും, മുങ്ങി കപ്പലിൻ്റെ മുകളിലും എന്തിന് ശൂന്യാകാശത്ത് വേണമെങ്കിലും പുള്ളി ഓട്ടം പോകും.അങ്ങനെ കിട്ടുന്ന കാശ് ഒരു ഷർട്ട് പോലും വാങ്ങി ഇടാതെ സൂക്ഷിച്ച് വെക്കും, എന്നിട്ട് പുള്ളി ബനിയൻ ഇട്ട് നടക്കും. സ്വന്തം കല്യാണത്തിന് വരെ ചിലവ് ചുരുക്കാൻ വേണ്ടി ഷർട്ട് വാങ്ങാതെ രാം രാജ് ബനിയൻ മാത്രം ഇട്ടാണ് പുള്ളി പോയത്.എന്നാൽ അനിയൻ കുട്ടൻമാരും അനിയത്തി കുട്ടികളും ഈ കാശ് മുഴുവൻ ധൂർത്ത് അടിച്ചാണ് ജീവിക്കുന്നത്. അവര് 4 പേരുണ്ടെങ്കിൽ 6 കാറിലാണ് യാത്ര. ഇതിനൊക്കെ പെട്രോൾ അടിക്കാൻ വേണ്ടിയും ഫാമിലിയിലേക്ക് കൂടുതൽ ആളെ കൂട്ടാൻ വേണ്ടിയുമാണ് അദ്ദേഹം ജീവിക്കുന്നത്. അദേഹത്തെ ആര് കൊല്ലാൻ വന്നാലും അദ്ദേഹത്തിൻ്റെ പെരുമാറ്റം കണ്ട് മയങ്ങി സിനിമ തീരുമ്പോഴേക്കും ഫാമിലിയിൽ അഡ്മിഷൻ എടുക്കും. തൻ്റെ ശത്രുക്കൾ ആയി വന്ന Rock, Statham, Cena പോലെയുള്ള ഇരുംബന്മാരെ പോലും അലിയിച്ച് ഫാമിലിയിൽ ചേർത്ത അദ്ദേഹം അക്വമാനെ എങ്ങനെ ഫാമിലിയിൽ ചേർക്കും എന്ന് മാത്രം അറിഞ്ഞാൽ മതി
*******
Hide ‘N’ Seek : നന്മ നിറഞ്ഞവൻ സൈക്കോ
ഭാര്യ നഷ്ടപെട്ട വിഷമത്തിൽ സൈക്കോ ആയതാണ് മുകേഷ് ഏട്ടൻ. പക്ഷേ മറ്റ് സൈകോകളെ പോലെ ക്ലീഷെ സീരിയൽ കില്ലർ അല്ല സൈക്കോ ഏട്ടൻ. ആളില്ലാത്ത വീട്ടിൽ രാത്രി കയറി അവിടുത്തെ തുണി അലക്കുക, പാത്രം കഴുകുക, കക്കൂസ് കഴുകുക അങ്ങനെ സാമൂഹ്യ സേവകനായ സൈക്കോ. ഏട്ടൻ്റെ ഈ സ്വഭാവം മനസ്സിലാക്കി നാട്ടുകാരൊക്കെ രാത്രി ആയാൽ വീടും പൂട്ടി ടൂറിന് പോകുന്നതാണ് എന്നൊരു കരക്കമ്പിയുണ്ട്. ഫ്രീ ആയിട്ട് ഒരു വേലക്കാരനെ കിട്ടുമല്ലോ.വാദിക്കുന്ന കേസിൽ ലോ പോയിൻ്റ് കിട്ടാതെ കഷ്ടപ്പെടുന്ന ഒരു വക്കീൽ ലോ പോയിൻ്റ് തപ്പി കൊടൈക്കനാൽ പോകുമ്പോൾ ഏട്ടൻ വീട്ടിൽ കയറി ലോ പോയിൻ്റ് എഴുതി വെക്കുന്നു. സംഗീത സംവിധായകന് ഈണം കിട്ടാതെ വരുമ്പോൾ ഏട്ടൻ കയറി ഈണം കൊടുത്തിട്ട് വരുന്നു, അങ്ങനെ ഒരു സകലകലാ സൈക്കോ.
നേരം വെളുത്താൽ ഒരു കവർ പച്ചക്കറിയും ഒരു മീനും വാങ്ങി രാത്രി വരെ ഹോട്ടൽ നടത്തും. അങ്ങനെ ഒരു രാത്രി കയറുന്ന വീട്ടിലെ ചെറുപ്പക്കാരിയായ ഭാര്യയെ കാണുന്നു. Workoholic ആയ ഭർത്താവ് ഭാര്യയെ ശ്രദ്ധിക്കുന്നില്ല എന്ന് സൈക്കോ ഏട്ടൻ മനസ്സിലാക്കുന്നു. വീടിൻ്റെ ഹാളിൻ്റെ ഒത്ത നടുക്കുള്ള തൂണിൻ്റെ പുറകിൽ ആരും കാണാതെ ഒളിച്ചിരുന്നാണ് ഏട്ടൻ ഇതൊക്കെ എന്നും കാണുന്നത്.എന്നിട്ട് അവൾ നടക്കുന്നത് എൻ്റെ ഭാര്യയെ പോലെയാണ് ഇരിക്കുന്നത് എൻ്റെ ഭാര്യയെ പോലെയാണ്, ചോറ് തിന്നുന്നത് എൻ്റെ ഭാര്യയെ പോലെയാണ് എന്നൊക്കെ കാരണം ഉണ്ടാക്കി അവളുടെ കുടുംബം കലക്കുന്നു.സൈകോസിസിൻ്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഭർത്താവിനെ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ട് ആ കാര്യം വന്നു ഭാര്യയോട് തന്നെ പറഞ്ഞിട്ട് അവളോട് i love you പറയുന്ന അത്രയും ഭീകരമായ ഒരു അവസ്ഥയിൽ എത്തുന്നു മുകേഷ് ഏട്ടൻ.
***
Monster – ഏഴാട്ട്
5 അപ്പം കൊണ്ട് 5000 പേരെ ഊട്ടിയത് കർത്താവ്, ഒരു കഥ കൊണ്ട് 3 പടം പിടിച്ചവൻ ഉദയേട്ടൻ
നെയ്യാറ്റിൻകര സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാം പടമാണ് Monster – the return of Gaanabhooshanam.
ഈ ചിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് രംഗത്തോടെയാണ് എഴുത്തുകാരൻ നമ്മളെ സ്വീകരിക്കുന്നത്. രാവിലെ വീട്ട് ജോലി ഒക്കെ ചെയ്ത് അണിഞ്ഞൊരുങ്ങി ഒരു she taxi ഷോ റൂമിലേക്ക് പോകുന്നു ഹണി റോസ്. ആ ഷോ റൂം ഇപ്പൊ തന്നെ ഉൽഘാടനം ചെയ്ത് കൊടുക്കും എന്ന് പ്രതീക്ഷിക്കുന്ന പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് ചേച്ചി അവിടെ ജോലിക്ക് കയറുന്നു.
ജോലിയുടെ ഭാഗമായി മോൺസ്‌റ്റർ സിങ്ങിനെ പിക്ക് ചെയ്യുന്ന ചേച്ചി ആ ദിവസം മുഴുവൻ അയാളോടൊപ്പം നിൽക്കേണ്ടി വരുന്നു. തൻ്റെ കമ്പനിയുടെ മുതലാളിയുടെ കൂട്ടുകാരൻ ആണോ എന്ന ചേച്ചിയുടെ ചോദ്യം കേട്ട് അസ്വസ്ഥൻ ആകുന്ന മോൺസ്റ്റർ സിംഗ് “കമ്പനിയുടെ മുതലാളി എന്ന് പറഞ്ഞു നടക്കുന്നവൻ തൻ്റെ ബിനാമി ആണെന്നും, കാശ് മുഴുവൻ തൻ്റെ ആണെന്നും, തന്നെ വിറ്റാണ് അവൻ ജീവിക്കുന്നത്” എന്നും തുറന്നടിക്കുന്നു. ജാക്കി വെക്കുന്നത് എങ്ങനെ എന്ന് പഠിപ്പിച്ചും, കുട്ടി കുറുമ്പുകൾ കാട്ടിയും, പാചകം with നൃത്തം ചെയ്തും മോൺസ്റ്റർ സിംഗ് ചേച്ചിയെയും ഫാമിലിയെയും ജോലിക്കാരിയെയും സന്തോഷിപ്പിക്കുന്നു. ഹണി ചേച്ചിയെ പുറത്ത് പറഞ്ഞ് വിട്ടിട്ട് ചേച്ചിയുടെ ചേട്ടനെ മോൺസ്റ്റർ ഏട്ടൻ തട്ടുന്നു എന്നിട്ട് തെളിവുകൾ എല്ലാം ചേച്ചിയുടെ നേരെ തിരിക്കുന്നു.
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ നിൽക്കുന്ന പോലീസുകാരോട് ഇത് ആറാട്ട് 2 ആണെന്നും, മോൺസ്റ്റർ സിംഗ് ശരിക്കും ഏജൻ്റ് മോൺസ്റ്റർ ആണെന്നും സിദ്ധിക്ക് ഇക്ക അറിയിക്കുന്നു. സുകുമാര കുറുപ്പിൻ്റെ കാലത്ത് ഫ്രഷ് ആയിരുന്നു ഇൻഷുറൻസ് തട്ടിപ്പ് മർഡർ ചെയ്ത ആളാണ് ഹണി ചേച്ചി എന്ന് ഏട്ടനും അറിയിക്കുന്നു. എറണാകുളത്ത് ആൾറെഡി പാടം ഒക്കെ നികത്തിയത് കൊണ്ടാണ് പാടം നികത്തി വെച്ച ഫ്ലാറ്റ് വിൽക്കാൻ എന്ന പേരിൽ താൻ വന്നതെന്നും പറയുന്നു. ഹരികൃഷ്ണൻസിൽ ഉപയോഗിച്ച വിഷം ഉപയോഗിച്ചാണ് മർഡർ, അതുകൊണ്ട് ആ സിനിമയിലെ പോലെ തന്നെ സിറിഞ്ച് ഉൾപടെ പിടിച്ചാലേ പടം ഹിറ്റാകൂ എന്നും ഏട്ടൻ പറയുന്നു. നികത്തിയ കണ്ടം വഴി A R Rahman നേരത്തെ തന്നെ ഓടിയത് കൊണ്ട് മ്യൂസിക്ക് ഇല്ലാതെ ഏട്ടൻ ഒരു ട്വിസ്റ്റ് കൂടി കാണേണ്ടി വരുന്നു. എന്താണ് ആ ട്വിസ്റ്റ്?
***
മഹാസമുദ്രം : കണ്ണീരിൽ കുതിർന്ന കാൽപന്ത്
ഫുട്ബാൾ ലോക കപ്പിൻ്റെ ആവേശത്തിൽ അലിഞ്ഞുചേരുന്ന ഒരു സിനിമ കാണണം എന്ന മോഹം എന്നെ കൊണ്ടെത്തിച്ചത് കടാപ്പുറത്തിൻ്റെ മെസ്സിയും, റൊണാൾഡോയും, നെയ്മറും ഒക്കെ ആയ ഇസ്ഹാക്കിൻ്റെ മുന്നിൽ കടാപ്പുറത്തെ സ്റ്റാർ സ്ട്രൈക്കറും മിഡ്ഫീൽഡറും ഡിഫണ്ടറും ഒക്കെയാണ് ഏട്ടൻ. പക്ഷേ കളി ഉള്ള ദിവസം കൃത്യമായി മീൻപിടിക്കാൻ പോയിട്ട് ഒരു ഗോൾ വീണ് കഴിഞ്ഞേ വരൂ. ആഹ്ലാദിക്കുന്ന എതിരാളിയുടെ മുൻപിലേക്ക് സബ്സ്റ്റിറ്റ്യൂട്ട് ആയി ഏട്ടൻ വരുന്നു. ഒരു ഏട്ടനെ പ്രതീക്ഷിച്ചു നിക്കുന്ന 7 സ്റ്റാർസ് ഗുണ്ടകൾ 7 ഏട്ടൻ ഒരുമിച്ച് സബ്സ്റ്റിറ്റ്യൂട്ട് ഇറങ്ങുന്നത് കണ്ട് അന്തം വിട്ട് നിക്കുന്ന ഗ്യാപ്പിൽ സൈക്കിൾ ബ്രാൻഡ് അഗർബത്തീസ് കിക്കിലൂടെ ടീമിനെ വിജയിപ്പിക്കുന്നു.
ഏട്ടൻ മാസ്സ് ആണെങ്കിലും തേങ്ങുന്ന ഒരു ഹൃദയം ഉണ്ട്. തൻ്റെ പ്രാണ സഖി ഒപ്പമില്ല എന്നതാണ് കാരണം. ഏട്ടനൊപ്പം ബോട്ടിൽ വെച്ച് പുറം കടലിൽ നടക്കാനിരുന്ന first night മുടക്കിയ തൻ്റെ പൊന്നാങ്ങളയെ തലക്കടിച്ച് കൊല്ലുന്നു ലൈല ചേച്ചി. ബോഡി ഒളിപ്പിക്കുന്ന ടെക്നിക് അന്ന് പഠിച്ചിട്ടില്ലാത്ത ഏട്ടൻ ഭാര്യയേയും ബോഡിയും പോലീസിൽ ഏൽപിച്ചു കരഞ്ഞു കൊണ്ട് പോകുന്നു. ഇത് സഹിക്കാൻ വയ്യാതെയാണ് ഏട്ടൻ പാട്ടും പാടി ഡാൻസും കളിച്ചു കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുന്നത്. നാട്ടിലെ പ്രധാന ക്രിമിനലാണ് എംഎൽഎ സായ് കുമാറിൻ്റെ അനന്തിരവൻ. പെൺകുട്ടികളെ കയറി പിടിച്ചും പീഡിപ്പിച്ചും നടക്കുന്ന അലവലാതി ആയ അനന്തിരവന് ചോറും കറിയും വെച്ച് കൊടുക്കാൻ ഊമയായ ഒരു പാവം പെണ്ണിനെ വീട്ടിൽ ഒറ്റക്കാക്കി സായ് കുമാർ പോകുന്നു. തിരിച്ചെത്തുമ്പോൾ തൻ്റെ അനന്തിരവൻ ആ പെൺകുട്ടിയെ പുതപ്പിച്ച് കിടത്തിയത് സഹിക്ക വയ്യാതെ അവനെ കുത്തികൊല്ലുന്നു. ഇത് കാണുന്ന ഏട്ടൻ പോലീസിൽ പറയാൻ ഒരുങ്ങുന്നു. തന്നെ ഒറ്റു കൊടുക്കാതിരുന്നാൽ മുടങ്ങിപ്പോയ first night നടത്തി തരാം എന്ന് പറയുന്ന സായ് കുമാറിനോട് കാശ് എത്ര ചിലവാകും എന്ന് ഏട്ടൻ ചോദിക്കുന്നു. ഭാര്യയെ പരോളിൽ ഇറക്കി തരാം എന്നാണ് പുള്ളി ഉദ്ദേശിച്ചത് എന്നറിഞ്ഞ് ഏട്ടൻ തകർന്നു പോകുന്നു.
ട്രെയിൻ ഇടിച്ച സുഹൃത്തിൻ്റെ അച്ഛന് operation നടത്താൻ 3 ലക്ഷം രൂപ വേണം. Western union money transfer വഴി കുറച്ച് കാശ് കിട്ടുന്നു. ബാക്കി കാശ് കളി ജയിച്ചാൽ കിട്ടും. എന്നാൽ ഏട്ടനെ പൂട്ടാൻ ഏട്ടൻ്റെ അച്ഛനെ വില്ലന്മാർ തട്ടിക്കൊണ്ടു പോയി പുറം കടലിൽ വെക്കുന്നു. പുറം കടലിലേക്കുള്ള വഴി ചോദിച്ചറിയുന്ന ഏട്ടൻ ഒരു പ്ലാൻ ഇടുന്നു.ഒരു ഗോൾ അടിച്ചിട്ട് കടലിൽ പോയി അച്ഛനെ രക്ഷിച്ച് തിരിച്ച് വന്ന് അടുത്ത ഗോൾ അടിച്ച് ടീമിനെ ജയിപ്പിക്കാം എന്നതാണ് പ്ലാൻ. പക്ഷേ അതിന് ഫുട്ബോൾ, ടെസ്റ്റ് മാച്ച് ആക്കേണ്ടി വരും. എന്തായാലും കളി ജയിപ്പിച്ച ഏട്ടൻ വില്ലനോട് മാസ്സ് ഡയലോഗ് അടിക്കുന്നു
ഏട്ടൻ : കടലിൽ പോയാലും കളിക്കാൻ പോയാലും ഇസ്ഹാഖ് കൈ നിറച്ച് വാരിക്കൊണ്ടെ വരൂ
വില്ലൻ : അപ്പോ കക്കൂസിൽ പോയാലോ?
***
Manthrikan – Horror comedy
മലയാള സിനിമയിലെ പ്രമുഖ നടന്മാർ എല്ലാം പലതരം ജോണറുകളിൽ മാറി മാറി അഭിനയിക്കുമ്പോൾ കഴിഞ്ഞ 20 വർഷമായി ജയറാം എട്ടൻ്റെ പടങ്ങളെല്ലാം ഒറ്റ ജോണർ ആണ് – ഹൊറർ കോമഡി. കാണുന്ന പ്രേക്ഷകർക്ക് കോമഡിയും ഏട്ടന് ഹൊററും. ഹൊറർ കോമഡിയും കോമഡി ഹോററുമായി മാറിയ മറ്റൊരു ഏട്ടൻ പടമാണ് മാന്ത്രികൻ എന്ന ഹൊറർ കോമഡി. ഏട്ടൻ കഥാപാത്രങ്ങൾ രണ്ട് തരത്തിലാണ്
1) സൽഗുണ സമ്പന്നൻ
2) ഭൂലോക തരികിട
ഇതിനെ തന്നെ വീണ്ടും രണ്ടായി തിരിക്കാം
1) സൽഗുണ സമ്പന്നൻ ആയ ഏട്ടൻ ഭൂലോക തരികിട ആകുന്നു
2) ഭൂലോക തരികിട ആയ ഏട്ടൻ സൽഗുണ സമ്പന്നൻ ആകുന്നു.
സോറി നായക കഥാപാത്രത്തെ വർണിക്കുന്നതിന് ഇടയിൽ കഥ വിട്ടുപോയി. ഭൂലോക തരികിട ആയ ഏട്ടനും കൂട്ടർക്കും പൂനം ബജ്വായെ കളഞ്ഞ് കിട്ടുന്നു. പുള്ളിക്കാരിക്ക് വേണ്ടിയുള്ള പിടിവലിക്ക് ഇടയിൽ റിയാസ് ഖാൻ കൊക്കയിൽ വീഴുന്നു. ഏട്ടനെ കൊതിപ്പിച്ച് പൂനം കടന്ന് കളയുന്നു. നിരാശ കാമുകനായ ഏട്ടൻ താടിക്ക് പകരം പടവലങ്ങ വളർത്തുന്നു.
ഒരു പ്രത്യേക സാഹചര്യത്തിൽ ദുഷ്ടന്മാർ അൽഫഹാം അടിച്ച ഒരു പ്രേതത്തെ ആവാഹിക്കാൻ ഏട്ടന് മണ്ടന്മാർ തിങ്ങി പാർക്കുന്ന ഒരു കൊട്ടാരത്തിൽ പോകേണ്ടി വരുന്നു. പ്രേതത്തിന് ചില പ്രത്യേകതകൾ ഒക്കെയുണ്ട്. പ്രേമിച്ച് ഒളിച്ചോടുന്നവരെ മാത്രമേ കൊല്ലു, ഈയ്യാംപാറ്റ പറന്നാലെ പ്രത്യക്ഷപ്പെടു അങ്ങനെ കുറേ ഹോബികൾ.ആ കൊട്ടാരത്തിൽ വെച്ച് വീണ്ടും പൂനം ബജുവയെ കാണുന്ന ഏട്ടൻ പ്രേതത്തെ മൈൻഡ് ചെയ്യാതെ പുള്ളിക്കാരിയുടെ തുടയിലെ കറുത്ത മറുക് തപ്പി നടക്കുന്നു. ഇത് കണ്ട് ഫ്രസ്ട്രേറ്റഡ് ആകുന്ന പ്രേതം തെക്ക് വടക്ക് നടക്കുന്നു. എന്നാൽ പൂനത്തെ കെട്ടാനായി കൊക്കയിൽ നിന്ന് കാറും പിടിച്ച് റിയാസിക്ക എത്തുന്നു. ഏട്ടൻ മറുക് കണ്ട് പിടിക്കുമോ അതോ വീണ്ടും പടവലങ്ങ വളർത്തുമോ. മുക്തയാണോ അതോ കൊക്കയിൽ വീണിട്ടും തിരിച്ച് വന്ന റിയാസിക്കയാണോ യഥാർത്ഥ പ്രേതം.
***
Captain – Indian Predator -ഹോളിവുഡിൻ്റെ Predator ന് പകരം വെക്കാൻ നമുക്കും കിട്ടി ഒരെണ്ണം – മരപ്പട്ടി മോറ
ഹോളിവുഡിൻ്റെ Predator ന് പകരം വെക്കാൻ നമുക്കും കിട്ടി ഒരെണ്ണം – മരപ്പട്ടി മോറൻ
ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് ബോർഡറിൽ എത്തിയ പട്ടാളക്കാരെല്ലാം ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നു. ഇത് അന്വേഷിക്കാൻ എത്തുന്ന ആര്യയെയും കൂട്ടരെയും മരപ്പട്ടി മോറൻ ആക്രമിക്കുന്നു. ഒരു പ്രത്യേക ആക്രമണ രീതിയാണ് പുള്ളിക്ക്. ആദ്യം മനുഷ്യരുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി അവരെ ബോധം കെടുത്തും. എന്നിട്ട് തൻ്റെ തലയിൽ ഉള്ള ഒരു എട്ട് കാലിയെ മനുഷ്യൻ്റെ തലയിൽ കയറ്റി എല്ലാവരെയും കൊല്ലിക്കും. എന്നിട്ട് എട്ട് കാലിയെ തിരിച്ച് സ്വന്തം തലയിൽ ഫിറ്റ് ചെയ്ത് സ്ഥലം വിടും. അങ്ങനെ എല്ലാവരെയും മയക്കുന്ന മോറന് മുന്നിൽ ആര്യ മയങ്ങുന്നില്ല ( പുള്ളി pain killer കഴിച്ചിട്ടുണ്ട്).
ഒരു പാട്ടിനും ഡാൻസിനും ശേഷം മോറനെ നശിപ്പിക്കാൻ ഇറങ്ങുന്ന ആര്യ പല രഹസ്യങ്ങളും മനസ്സിലാക്കുന്നു. ഒരു കുത്തക കമ്പനി രഹസ്യമായി നടത്താൻ ശ്രമിക്കുന്ന ഫാക്ടറി കാട്ടിൽ ഉണ്ട്. അതീവ രഹസ്യ സ്വഭാവം ഉള്ള കമ്പനി ആയത് കൊണ്ട് പ്രവർത്തികൾ എല്ലാം ജോലിക്കാർ വീഡിയോ വ്ലോഗ് ആക്കി വെക്കുന്നു. സ്വന്തം വീട്ടുകാർ മാത്രം subscribe ചെയ്ത ചാനൽ ആയത് കൊണ്ട് തന്നെ ലോകം അറിയാത്ത രഹസ്യമായി ഇത് തുടരുന്നു. ഇത് കണ്ടെത്തുന്ന ആര്യ ഞെട്ടുന്നു. ഫാക്ടറിയിലെ വേസ്റ്റ് കുടിച്ച് 30 ദിവസം കൊണ്ട് എട്ട് കാലിക്ക് പരിണാമം സംഭവിച്ചാണ് മരപ്പട്ടി മോറൻ ഉണ്ടായത്. മോറന്മാരുടെ ബോസ് ആണ് നീരാളി ഷിബു. നീരാളി ഷിബുവിനെ കൊന്നാൽ ഓട്ടോമാറ്റിക് ആയി മോറന്മാർ ചാകും. അങ്ങനെ നീരാളി ഷിബുവിനെ പറ്റിച്ച് കൊല്ലാൻ ചെല്ലുന്ന ആര്യ മനസ്സിലാക്കുന്നു നീരാളി ഷിബു അല്ല സ്ത്രീ ആണെന്നും അതിന് കുറേ മുട്ടകൾ ഉണ്ടെന്നും. സ്ത്രീകളെ ഉപദ്രവിക്കാത്ത അണ്ണൻ നീരാളിയെ വെറുതെ വിടുമോ? അലിവ് തോന്നി മുട്ടകൾ സംരക്ഷിക്കുമോ അതോ ഓംലെറ്റ് അടിക്കുമോ എന്നത് ക്ലൈമാക്സ്.
***
Banking Hours 10 to 4 – കൊലപാതകം
കൊച്ചി സിറ്റിയിൽ സ്ഥിതി ചെയ്യുന്ന വ്യത്യസ്തമായ ഒരു ബാങ്ക് ആണ് പശ്ചാത്തലം. വ്യത്യസ്തത എന്താണെന്ന് വെച്ചാൽ നാട്ടുകാർക്ക് എന്ത് പ്രശ്നം ഉണ്ടായാലും ഓടി ഈ ബാങ്കിൽ ആണ് വരുന്നത്. ചില തമിഴ് ഗ്രാമങ്ങളിലെ നാട്ടാമയെ പോലെ ബാങ്ക് മാനേജർ പ്രശ്നം സോൾവ് ചെയ്യുമായിരിക്കും. ഉദാഹരണത്തിന് ഒളിച്ചോടാൻ പോകുന്ന പെണ്ണ്, ചെറുക്കൻ, കൂട്ടുകാർ ഒക്കെ ബാങ്കിൽ വന്ന് ഒപ്പിട്ടിട്ട് വേണം ഓടാൻ, ഭാര്യ ഷോപ്പിങ്ങിന് പോയാൽ ഭർത്താവ് ബാങ്കിൽ ആണ് ചായ കുടിക്കാൻ വരുന്നത്, വിദേശത്ത് പോകുന്നവർ ബാങ്കിൽ വന്നു ഒപ്പിട്ട receipt കാണിച്ചാലെ പ്ലെയിനിൽ കയറ്റു.ഈ ബാങ്ക് കൊള്ള അടിക്കാൻ 4 കള്ളന്മാർ കഷ്ടകാലം പിടിച്ച ഏതോ നേരത്ത് പ്ലാൻ ഇടുന്നു. ആടി സെയിലിൽ ഡിസ്കൗണ്ടിൽ കിട്ടിയ ലാലേട്ടനായി വരാറുള്ള അനൂപ് മേനോൻ ചേട്ടൻ പക്ഷേ ഇതിൽ സ്വിഗ്ഗിയിൽ 60 % ഓഫറിൽ കിട്ടിയ മമ്മൂട്ടി – സുരേഷ് ഗോപി ഹൈബ്രിഡ് ആയി എത്തുന്നു. കള്ളന്മാരെ പിടിക്കാൻ എത്തുന്ന ഏട്ടന് 2 ഡിമാൻഡ് ഉണ്ടായിരുന്നു,
i) ഇടിക്കാൻ അറിയാവുന്ന ഒരാൾ വേണം – ജിഷ്ണു റെഡി
ii) ബാങ്കിലെ കൊള്ളക്കാരെ ഇൻ്റർനാഷണൽ കോമഡി കൊണ്ട് ആത്മഹത്യ ചെയ്യിക്കാൻ പറ്റിയ ഒരാൾ വേണം – ടിനി ചേട്ടൻ റെഡി
അപ്പോഴാണ് ട്വിസ്റ്റ്, ബാങ്കിൽ ഒപ്പിട്ട് പ്ലെയിനിൽ കയറാൻ വന്ന പാവങ്ങളുടെ റെമോ കൈലാഷ് കഴുത്ത് മുറിഞ്ഞ് മരിച്ച് കിടക്കുന്നു. ടിനി ഏട്ടൻ്റെ മിമിക്രി കണ്ട് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിച്ച് അനൂപ് ഏട്ടൻ ബാങ്ക് അടപ്പിക്കുന്നു, 4 മണിക്ക് ചായ വരുന്നതിന് മുൻപ് കൊലപാതകിയെ പിടിക്കും എന്ന് ശപഥം ചെയ്യുന്നു. അപ്പോഴാണ് അടുത്ത ട്വിസ്റ്റ് ബാങ്കിൽ നിക്കുന്ന സകല അവന്മാരും ഉടായിപ്പാണ്.
ആരാണ് യഥാർത്ഥ കൊലയാളി, ടിനി എട്ടനോ? അതോ സംവിധായകനോ?
***
Liger
ഒരു കപ്പ് പോലും നേടാതെ റിങ്ങിൽ ഇടി കൊണ്ട് പരലോകം പുൽകിയ ലയണിൻ്റെയും ആരെ കണ്ടാലും ഒരു കാരണവും ഇല്ലാതെ ഗർജിക്കുന്ന ടൈഗറിൻ്റെയും മകനാണ് ലൈഗർ. ടൈഗറിൻ്റെ ഗർജനത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി എതിരാളിയുടെ കൈ പിടിച്ച് സ്വന്തം മൂക്കാമണ്ട ലയൺ സ്വയം ഇടിച്ചു പോളിച്ചതാണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു.ചായ കട നടത്തിയാണ് ടൈഗർ ലൈഗറിനെ വളർത്തുന്നത്. ലൈഗറിനെ MMA champion ആക്കാനായി ഇടിക്കൂട്ടിലെ തോൽവി ആയിരുന്ന തൻ്റെ ഭർത്താവിനോട് പോലും തോറ്റ ഒരു ബോക്സറിൻ്റെ ക്ലാസ്സിൽ പുള്ളിയെ ഓസിന് ചേർക്കുന്നു. കൂടെ കോചിങ്ങിന് വന്ന എല്ലാവരെയും ലൈഗർ തല്ലി കൂട്ടുകാർ ആക്കുന്നു, അര വട്ട് നായിക ഇതോടെ പ്രണയം അറിയിക്കുന്നു, ബ്രേക്ക് അപ്പ് ആകുന്നു.
ഇൻ്റർനാഷണൽ MMA ചാമ്പ്യൻഷിപ്പിന് അമേരിക്കയിൽ എത്തുന്ന ലൈഗർ തന്നെ വാശി കയറ്റാൻ വേണ്ടിയാണ് നായിക ഒഴിവാക്കിയത് പോലെ അഭിനയിച്ചത് എന്നറിയുന്നു. ബോക്‌സിങ്ങിൽ നിന്ന് വിരമിച്ച ശേഷം അമേരിക്കയിൽ വട്ടി പലിശക്ക് പണം കടം കൊടുക്കുന്ന മൈക്ക് ടൈസൺ ഒരു പറ്റം ഗുണ്ടച്ചികളെ വെച്ച് ലൈഗറിനെ തല്ലി ഒതുക്കി നായികയെ കിഡ്നാപ്പ് ചെയ്യുന്നു. ഗുണ്ടച്ചികളുടെ കയ്യിൽ നിന്ന് ലൈഗർ രക്ഷപ്പെടുമോ? ലൈഗറും കാമുകിയും ഒന്നുക്കിമോ എന്നത് ക്ലൈമാക്സ്. അപ്പോ ഇത്രയും നേരം ബിൽഡ് അപ്പ് കൊടുത്ത MMA ഫൈനൽ എവിടെ പോയി?
***
Ek Villan Returns : കടുവയും കാമുകിയും
കാമുകന്മാരെ ഉപേക്ഷിച്ച് പോകുന്ന കാമുകിമാരെ കൊല്ലണം എന്ന് ഫേസ് ബുക്കിൽ കമൻ്റ് ഇടുന്ന ആളുകളുടെ മാതൃകാ പുരുഷൻ ആണ് സീരിയൽ കില്ലർ ജോൺ എബ്രഹാം. പ്രേമിച്ച ദിശാ പട്ടാനി വേറെ ഒരുത്തൻ്റെ കൂടെ പോയതിൻ്റെ അസൂയ സഹിക്കാൻ വയ്യാതെ കൊലയാളി ആയതാണ് പുള്ളി. ഉപേക്ഷിച്ച് പോയതിന് ശേഷവും കൂടെ നടന്ന് കൊലപാതകങ്ങൾക്ക് ഇൻസ്പിറേഷൻ കൊടുക്കുന്നതും ദിശാ പട്ടാനിയാണ്. അങ്ങനെ നായികയെ തട്ടിക്കൊണ്ടുപോയി മൃഗ ശാലയിൽ ഇട്ട് കൊല്ലാൻ നിക്കുമ്പോഴാണ് The Ladies and Gentleman twist. തൻ്റെ കൂടെ നടക്കുന്ന ദിശാ പട്ടാനി തൻ്റെ തോന്നൽ മാത്രമാണെന്നും യഥാർത്ഥ പട്ടാനി പണ്ട് തൻ്റെ മസിലിൻ്റെ ഇടയിൽ പെട്ട് മരിച്ച് പോയി എന്നും പുള്ളിക്ക് ഓർമ വരുന്നു. കൂട്ടിൽ കിടക്കുന്ന കടുവയെ കണ്ട് തൻ്റെ പഴയ കാമുകി ആണെന്ന് തെറ്റി ധരിച്ച് ഷർട്ട് ഊരി കെട്ടിപ്പിടിക്കുന്നതോടെ കഥ കഴിയുന്നു.
***
Ulsaha Committee : നിയോഗം
ഒരു ബ്രഹ്മാണ്ഡ കോമഡി ചിത്രം കാണണം എന്ന ആഗ്രഹമാണ് ഈ ചിത്രത്തിലേക്ക് എത്തിച്ചത്. പക്ഷേ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തമാശകൾ എൻ്റെ ഹൃദയത്തിന് താങ്ങാവുന്നതിലും അധികം ആയപ്പോൾ ഫോൺ തന്നെ സ്വിച്ച് ഓഫ് ചെയ്തു ടിവി വെച്ചു. ഞെട്ടി തരിച്ച എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല, ടിവിയിലും ബ്രഹ്മാണ്ഡം. നിയോഗത്തെ തോൽപിക്കാൻ മർത്യന് സാധിക്കില്ലല്ലോ.
ഏട്ടൻ പൊതുവേ സൽഗുണ സമ്പന്നൻ ആയ യുവാവ് ആണെങ്കിൽ ഇതിൽ സൽഗുണ സമ്പന്നൻ ആയ യുവ ശാസ്ത്രജ്ഞൻ ആണ്. ചോപ്ര , ബാബുമോൻ എന്നീ കൂട്ടുകാർക്കൊപ്പം മുഴുത്ത കുല മുറിക്കുന്ന യന്ത്രം, കർഷകർക്ക് ധരിക്കാനുള്ള ഡ്രസ്സ്, സ്ത്രീപീഡകരെ പിടിക്കുന്ന ഡ്രസ്സ് അങ്ങനെ ഒരുപാട് കണ്ടുപിടിത്തങ്ങൾ നടത്തുന്നു. തൃശൂർ ഭാഷ സംസാരിക്കുന്ന പാലക്കാടൻ ഗുണ്ട ആയ ബാബുരാജ്, കൊച്ചി ഭാഷ സംസാരിക്കുന്ന പാലക്കാടൻ മണ്ടനായി ഷാജോൺ, മലപ്പുറം ഭാഷ സംസാരിക്കുന്ന പാലക്കാടൻ ഹാജിയാർ എന്നിവർ തിങ്ങി പാർക്കുന്ന പാലക്കാടൻ ഗ്രാമത്തിൽ നിന്ന് ഏട്ടൻ്റെ പാലക്കാടൻ ഭാഷ സഹിക്കാൻ പറ്റാതെ നാട്ടുകാർ ഇവരെ ഓടിച്ച് വിടുന്നു.
നാടുവിട്ട് സുരാജിൻ്റെ അടുത്ത് എത്തുന്ന ഏട്ടൻ and ടീം പുള്ളിയുടെ ഐഡിയ പ്രകാരം make up ഓടെ ഉറങ്ങുന്ന ഷീല ചേച്ചിയെ തട്ടിക്കൊണ്ട് പോകുന്നു. അപ്പോഴാണ് ട്വിസ്റ്റ് ഏട്ടൻ ഷീല ചേച്ചിയെ പൊക്കിയതല്ല ഷീല ചേച്ചിയാണ് ഇവര് മൂന്നുപേരെയും തട്ടിക്കൊണ്ട് പോയത്. ഇനി ഇവരെ വിടണമെങ്കിൽ സ്വന്തം മോൻ്റെ കയ്യിൽ നിന്ന് 6 കോടി രൂപ വാങ്ങി കൊടുക്കണം. അതിൻ്റെ കാരണം ആണ് അടുത്ത ട്വിസ്റ്റ്, തൻ്റെ ഭർത്താവായ പ്രേം നസീറിന് അവിഹിത ബന്ധത്തിൽ ഉണ്ടായ കുട്ടിക്ക് ഇടക്ക് ഇടക്ക് ബോധം കെട്ടു വീഴുന്ന അസുഖം ഉണ്ട്. അതിന് operation നടത്താൻ ആണ് ഈ കാശ്. അപ്പോഴാണ് അടുത്ത ട്വിസ്റ്റ്, അവിഹിതത്തിൽ ഉള്ള കുട്ടിയാണ് ഏട്ടൻ്റെ കാമുകി ഇഷ തൽവാർ. കാമുകിയുടെ അസുഖത്തെ പറ്റി അറിഞ്ഞ് തകർന്നു പോകുന്ന ഏട്ടൻ ഓടി പോയി ഡോക്ടറോട് ചോദിക്കുന്നു ” കല്യാണം കഴിഞ്ഞ് മറ്റ് കാര്യങ്ങൾക്ക് ഒന്നും കുഴപ്പം ഇല്ലല്ലോ എന്ന്”. ഒരു കുഴപ്പവുമില്ല കുട്ടി ഫേസ്ബുക്ക്, whats app ഒന്നും ഉപയോഗിക്കുന്നില്ല എന്ന് ഡോക്ടർ medical opinion കൊടുക്കുന്നു (സത്യം).കുട്ടി ഓൺലൈൻ സാക്ഷരത നേടുമോ, പ്രേം നസീറിൻ്റെ ആത്മാവ് പൊറുക്കുമോ എന്നത് ക്ലൈമാക്സ്.
************