ഫീസ് വർദ്ധനവ് കൊണ്ട് കേന്ദ്രസർക്കാർ എന്താണ് ലക്ഷ്യമിടുന്നത്?

140

ബിലാൽ ശിബിലി

JNU സമരം ഫീസ് വർദ്ധനവിന് എതിരെയല്ലേ? ജാമിയയിൽ വരാതെ JNU ൽ മാത്രം പോയ ദീപിക പദുകോണിനെ ആഘോഷിക്കേണ്ടതുണ്ടോ? JNU എക്കാലത്തും ബ്രാഹ്മണിക്കൽ ലെഫ്റ്റ് സെന്ററാണ്. അവരെ സമരത്തിന്റെ ലീഡിലേക്ക് കേന്ദ്രസർക്കാർ തന്നെ ബോധപൂർവ്വം തള്ളിയിട്ടതാണ്. പൗരത്വം പോലെ വലിയ വിഷയങ്ങൾ നടക്കുമ്പോഴാണോ നിങ്ങളുടെ സ്വകാര്യവൽക്കരണത്തിന് എതിരെയുള്ള പണിമുടക്ക്?

തുടങ്ങിയ പോസ്റ്റുകൾ വന്നു തുടങ്ങിയോ? ഇപ്പൊ വരും. സോ, കാര്യങ്ങളിലേക്ക് വരാം. ഫീസ് വർദ്ധനവ് കൊണ്ട് കേന്ദ്രസർക്കാർ എന്താണ് ലക്ഷ്യമിടുന്നത്? അടിസ്ഥാന വർഗ്ഗത്തിന്റെ എൻട്രി ഈ സർവകലാശാലകളിൽ നിന്ന് തടയുക. അവിടെ നിന്ന് വളരുന്ന ഇടത് – ദളിത് ബദൽ രാഷ്ട്രീയ ചിന്തകൾ വേരോടെ പിഴുതെറിയുക. സിമ്പിളായി പറഞ്ഞാൽ, പഠിക്കുന്ന, ചിന്തിക്കുന്ന പുതിയ തലമുറ അവർക്ക് ഭീഷണിയാണ് എന്ന്.

പുതിയ വിഭ്യാഭ്യാസ നയത്തിൽ ഹ്യൂമാനിറ്റിസ് വിഷയങ്ങളെ തകർക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഉണ്ടെന്ന് എത്ര പേര് മനസ്സിലാക്കിയിട്ടുണ്ട് ? മാനവിക വിഷയങ്ങളിലെ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും സ്വതന്ത്രചിന്തയും അത്യന്തികമായി സംഘിവിരുദ്ധതയിലേക്കാണ് കൊണ്ടെത്തിക്കുക എന്നവർക്ക് നന്നായറിയാം. അതിനാൽ തന്നെ അത്തരം സർവ്വകലാശാലകൾ തകരേണ്ടത് അവരുടെ പ്രയോറിട്ടികളിൽ ഒന്നാമത്തേതാണ്.

(ഇന്നലെ കോഴിക്കോട് മുതലകുളത്ത് നടന്ന CAA അനൂകൂല സംഘി പരിപാടിയിൽ കേട്ടത്, മൂന്നും നാലും PG യും PhD യും എടുത്ത് പത്ത് രൂപ ഫീസിൽ ഹോസ്റ്റലിൽ തങ്ങുന്നത് ‘ഭാരതവിരുദ്ധ’ പ്രവർത്തനമാണ് എന്നതാണ്. പഠിപ്പ് എന്നാൽ ശാസ്ത്ര സാങ്കേതിക വാണിജ്യ വിഷയങ്ങൾ മാത്രമാണെന്ന് കരുതുന്ന ഒരു വലിയ വിഭാഗം രക്ഷിതാക്കളുടെ പിന്തുണ ആ വാദങ്ങൾക്ക് കിട്ടുകയും ചെയ്യും…)
ഇതൊക്കെ ചേർത്ത് വേണം ഫീസ് വർധന സമരത്തെ വായിക്കാൻ. അതിനാൽ തന്നെ അതിന് വിശാലമായ അർത്ഥങ്ങളുണ്ട്. അവിടെ ഉയരുന്ന മുദ്രാവാക്യങ്ങളിൽ CAA – NRC വിരുദ്ധതയുണ്ട്. ദീപിക വന്നപ്പോൾ ഉള്ളത് പോലും “NRC സേ ആസാദി…” ആണ്. കനയ്യ കുമാറിന്റെ പേജിൽ ആ വീഡിയോ ഉണ്ട്. JNU ലെ അധ്യാപകർ നടത്തിയ CAA വിരുദ്ധ സെമിനാറിലേക്കാണ് ABVP ഗുണ്ടകൾ ഇടിച്ചു കയറി ആക്രമണം തുടങ്ങിയത്.

പൗരത്വം പോലെ വലിയ വിഷയങ്ങൾ നടക്കുമ്പോൾ വേറെയൊന്നും ചർച്ച ചെയ്യരുതെന്ന് പറയുന്നത് എത്രത്തോളം മണ്ടത്തരമാണ്. അത് തന്നെയല്ലേ അവരുടെ അജണ്ടയും. ഈ ഗ്യാപ്പിൽ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റു തുലക്കുക എന്നതല്ലേ അവരുടെ ലക്ഷ്യം. അതിനാൽ തന്നെ, കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹ നയങ്ങൾ ചർച്ച ചെയ്യുക തന്നെ വേണം. അതിന് വേണ്ടിയാണീ ദേശീയ പണിമുടക്ക്. CAA – NRC – NPR പിൻവലിക്കുക എന്നതും പണിമുടക്കിന്റെ ആവശ്യങ്ങളിൽ ഒന്നാണ്. വിഷയം ഇന്ത്യയെ ബാധിച്ച കാൻസറാണ്. അതിന്ന് മുസ്ലിങ്ങൾക്ക് എതിരാണ്. തൊഴിലാളി വിരുദ്ധമാണ്. കോർപറേറ്റ് ദാസ്യമാണ്. നാളെയത് സവർണ്ണ ഇതരമായ എല്ലാറ്റിനും എതിരാവും. അതിനാൽ തന്നെ എല്ലാം അഡ്രസ്സ് ചെയ്യണം. വിഷയം പൊളിറ്റിക്കലാണ്. അതിന് പൊളിറ്റിക്കൽ സൊല്യൂഷൻ തന്നെ വേണമെന്ന് ചുരുക്കം. ഇവർ ഇറങ്ങാതെ രക്ഷയില്ല എന്ന് സാരം.

ഈ മൂവ്മെന്റ് പെട്ടെന്ന് പൊട്ടിമുളച്ചതല്ല. അതിന് രോഹിത് വെമുലയുടെ ആത്മഹത്യയോളം ആഴമുണ്ട്. കനയ്യയുടെ നേതൃത്വത്തിലെ JNU സമരത്തോളം പഴക്കമുണ്ട്. അതിൽ നിന്നാണ് ആസാദി മുദ്രാവാക്യം പോപ്പുലറാവുന്നത്. മഹാരാഷ്ട്രയിലും മറ്റും നടന്ന കിസാൻ ലോങ്ങ് മാർച്ചിൽ നിന്നുള്ള ഊർജ്ജമുണ്ട്. അതിനാലാണ്, ഇവിടെ നടക്കുന്ന ജാഥകൾക്കെല്ലാം ‘ലോങ്ങ് മാർച്ച്’ എന്ന് പേര് വരുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്ന, ജിയോ അംബാനി അദാനിമാർമാരെ മാത്രം പ്രീതിപെടുത്തുന്ന, ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ സർക്കാരാണ് കേന്ദ്രത്തിലുള്ളത് എന്ന് പറഞ്ഞു കൊണ്ടേയിരിക്കണം. എങ്കിൽ, മാത്രമേ പൊളിറ്റിക്കൽ ആയൊരു പരിഹാരത്തിന് നമ്മൾ പണിയെടുത്തിട്ട് കാര്യമുള്ളൂ.

ഇവർ ഇനി വരരുത്. അതിന് വേണ്ടി തന്നെയാണീ സമരങ്ങളും പണിമുടക്കുകളും.
“അതിന് പണിമുടക്കിയിട്ടെന്താ…?” – എന്ന അരാഷ്ട്രീയ സംശയങ്ങൾ ഇതിനോടകം തീർന്ന് കാണുമെന്ന് കരുതുന്നു. പോസ്റ്റ് ഓഫിസ് – റെയിൽവേ സ്റ്റേഷൻ മാർച്ചുകളെ കളിയാക്കിയിരുന്ന പലരും CAA സമരത്തിൽ അത് ചെയ്തിട്ടുണ്ട്. അമിത് ഷാക്കെതിരെ ഇങ്ങൊരു ചെറിയ കവലയിൽ മലയാളത്തിൽ മുദ്രാവാക്യം വിളിച്ചിട്ടെന്ത് എന്ന ചോദ്യവും നമുക്കിപ്പൊ ഇല്ല. സമരങ്ങളുടെ പ്രതീകാത്മകയൊക്കെ നമുക്ക് ബോധ്യപ്പെട്ട് കഴിഞ്ഞു. അല്ലെങ്കിലും, രണ്ടാഴ്ച കൊണ്ട് നമ്മളൊക്കെ വല്ലാതെ ‘പൊളിറ്റിക്കൽ’ ആയി എന്നത് തന്നെയാണ് ഈ മൂവ്മെന്റിന്റെ ഏറ്റവും വലിയ ബൈപ്രോഡക്ട്. സ്‌കൂൾ കുട്ടികൾ മുതൽ ആലിയ ബട്ട് വരെയുള്ളവർ.

ഇനി ദീപികയെ ആഘോഷിക്കുന്നതിലെ ഹെജിമണിക്കൽ ബ്രാഹ്മണിക്കൽ തിയറിക്കാരോട്…
പാർലിമെന്റ് പാസ്സാക്കിയ നിയമങ്ങൾക്കും സർക്കാറിനും എതിരെ സമരം ചെയ്യുന്നത് പോലും രാജ്യദ്രോഹ പ്രവർത്തനമാണ് എന്ന് വിശ്വസിച്ചു പോരുന്ന ഒരു വലിയ വിഭാഗം നമുക്കിടയിലുണ്ട്. അവരിലേക്ക് ചെറിയ ചിന്തകളിട്ടു കൊടുക്കാൻ ഇതുപോലെയുള്ള വലിയ സെലിബ്രിറ്റികളുടെ ഐക്യദാർഢ്യം കൊണ്ടാവും. അത്രേ ഉള്ളൂ…

(ഇന്ത്യൻ മുഖ്യധാര ഇസ്ലാമോഫോബിക്ക് – ബ്രാഹ്മണിക്കൽ ഹെജിമണിയുടെ അടിമ തന്നെയാണ്…)
ഇസ്ലാമോഫോബിയയെയും മുസ്ലിം – ദളിത് വിരുദ്ധതയെയും നമുക്കെതിർക്കണം. നാളെ വരാൻ പോകുന്ന ക്രിസ്ത്യൻ, സിഖ്… വിരുദ്ധത മുതൽ പോപ്പുലേഷൻ കണ്ട്രോൾ ബിൽ, യൂണിഫോം സിവിൽ കോഡ് വരെയുള്ള എല്ലാറ്റിനെയും തോൽപ്പിക്കണം. അതിന് എല്ലാം സമരങ്ങളും ജയിക്കണം. ആവർത്തിക്കുന്നു, അപ്പോഴാണത് രാഷ്ട്രീയപരമായ മുന്നേറ്റമാവുന്നത്.വിദ്യാർഥികൾ തുടങ്ങി വെച്ച, കർഷകർ ഏറ്റെടുത്ത, തൊഴിലാളികൾ മുന്നോട്ട് കൊണ്ട് പോകുന്ന ഒരു മാസ്സ് മൂവ്മെന്റിന്റെ തുടർച്ചയാണിത്.

#IndiaStrikesAgainstModiGovt
വിദ്യാർത്ഥി – കർഷക – തൊഴിലാളി ഐക്യം സിന്ദാബാദ്. ദേശീയ പണിമുടക്ക് സിന്ദാബാദ്.
Proletarier aller Länder, vereinigt euch
സമരങ്ങളോട്, പണിമുടക്കിനോട് ഐക്യപ്പെടുന്നു.

Advertisements