മാതാപിതാക്കൾ മതവർഗ്ഗീയതയിലേക്കും കുട്ടികൾ അറിവിലേക്കും സഞ്ചരിക്കുന്നത് ജനറേഷൻ ഗ്യാപ്പുണ്ടാക്കുന്നു

69

ബിലാൽ ശിബിലി

കഴിഞ്ഞ അഞ്ചാറ് കൊല്ലം കൊണ്ട് ലോകം ഒരുപാട് മാറിയിട്ടുണ്ട്. ബഫറിങ്ങില്ലാതെ നമ്മൾ യൂട്യൂബ് കാണാൻ തുടങ്ങിയിട്ട് അധികമൊന്നും ആയിട്ടില്ല. ലോകസിനിമകളും സീരീസുകളും നമ്മുടെ വിരൽത്തുമ്പിൽ കിട്ടാൻ തുടങ്ങിയിട്ടും അധികമായിട്ടില്ല. സാങ്കേതികപരമായ ഈ മുന്നേറ്റം പുതിയ തലമുറയുടെ രാഷ്ട്രീയ – ആസ്വാദന തലങ്ങളെ വലിയ രീതിയിൽ മുന്നോട്ട് നടത്തിയിട്ടുണ്ട്. ‘അരാഷ്ട്രീയർ’ എന്ന് നമ്മൾ ചാപ്പകുത്തി മാറ്റി നിർത്തുന്ന 25 വയസ്സിനു താഴെയുള്ള ‘ഇൻസ്റ്റഗ്രാം തലമുറയിലെ കുട്ടികൾ’ പക്ഷെ ഭീകര പൊളിറ്റിക്കൽ തന്നെയാണ്. എന്നാൽ അവരുടെ കറക്റ്റ് പൾസ് അറിയാൻ തൊട്ട് മേലെയുള്ള എന്റെ തലമുറക്ക് പോലും പറ്റാറില്ല. അപ്പൊ പിന്നെ അതിനും മേലെയുള്ള അവരുടെ അധ്യാപക – രക്ഷിതാക്കളുടെ തലമുറയെ പറ്റി പറയേണ്ടതില്ലല്ലോ…

പറഞ്ഞു വന്നത്, കുട്ടികളൊക്കെ ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. അവരുടെ സൗഹൃദങ്ങൾ ലിംഗപരമല്ല. “മെൻസസ് ആണ്, ടോയ്‌ലെറ്റിൽ പോയി വന്നതാണ്” എന്ന് 90s കിഡ്സ്‌ പോലും അധ്യാപകരോട് പറയാറുണ്ടായിരുന്നില്ല. പക്ഷെ, 2000s കിഡ്സ് പറയും. സ്റ്റേഫ്രീ കണ്ടപ്പോൾ നാണിച്ചു ചിരിച്ച ചോക്ലേറ്റ് സിനിമയിൽ നിന്ന് അവർ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. പക്ഷെ, അവരുടെ രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ, ബന്ധുക്കൾ, നേതാക്കൾ ഒക്കെ അന്നന്ന് പിറകിലേക്ക് പോവുകയാണ്. പ്രായമാവുന്തോറും കൂടുന്ന ഭക്തി അവരെ സംഘപരിവാരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. വീടന്തരീക്ഷങ്ങളിൽ, കുടുംബ വാട്സാപ്പ് ഗ്രൂപ്പുകളിൽ മുൻപില്ലാത്ത വിധം മതം നന്നായി വർക്ക് ആവുന്നു. ഫ്രൂട്ടി കുടിച്ചാൽ എയ്ഡ്‌സ് വരുമെന്ന് പറയുന്ന കേശവൻ മാമന്മാരുടെ മരുമക്കൾ പക്ഷെ ചർച്ച ചെയ്യുന്നത്, ‘സെക്സ് എജുക്കേഷൻ’ എന്ന ബ്രിട്ടീഷ് സീരീസിനെ കുറിച്ചാണ്.

ഭീകരമായ ഈ ജനറേഷൻ ഗ്യാപ്പ് കുട്ടികളെ വല്ലാതെ ബാധിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ CM @ Campus പരിപാടിയിൽ കുട്ടികളുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധ കൊടുക്കാൻ കോളേജുകളിൽ സംവിധാനം വേണമെന്ന നിർദേശം എല്ലാ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾ തന്നെ മുന്നോട്ട് വെച്ചതായി കണ്ടു. അവരുടെ വളർച്ച ബോധ്യപ്പെടാൻ ആ പരിപാടികളുടെ ലൈവ് സീയെമിന്റെ പേജിൽ നിന്ന് കുറച്ചു നേരം കണ്ടാൽ മതി. പക്ഷെ, അതിനൊത്ത് വളരാൻ മുതിർന്നവർക്ക് പറ്റാത്തതാണ് അവരിലെ ഡിപ്രഷന്റെ പ്രധാന കാരണം.

മോഡി ഫാൻസായ അച്ഛനമ്മാവന്മാർ മക്കളിൽ ഉണ്ടാക്കുന്ന വിഷമം ചില്ലറയല്ല. വീട്ടിൽ നിന്ന് ഒളിച്ചോടി പോവാൻ കൊതിക്കുന്ന ഒട്ടേറെ വിദ്യാർത്ഥികളെ നേരിട്ട് പരിചയമുണ്ട്. (ഇതിന്റെ തന്നെ മുസ്ലിം വേർഷനും സമാനമാണ്). അവരിലേക്കാണ് ചെന്നിത്തലയും സുരേന്ദ്രനും ശബരിമലയും കൊണ്ടിറങ്ങുന്നത്. അവരിലേക്കാണ് മുഖ്യമന്ത്രി ചാറ്റ് ചെയ്യാൻ ഇറങ്ങിയത്. കേഫോണും കൊണ്ട് ചെല്ലുന്നത്. അവരെ ഇൻഫ്ലുയൻസ് ചെയ്യുന്ന വ്ലോഗർമാരിലേക്ക് അദ്ദേഹം കഴിഞ്ഞ ആഴ്ച്ച ഇറങ്ങിയിരുന്നു. അതിന്റെ യൂട്യൂബ് വീഡിയോസിന്റെ എൻഗേജ്മെന്റ് സെക്ഷൻ കാണേണ്ടത് തന്നെയാണ്.

പക്ഷെ, ഇതിനൊന്നുമൊത്ത് വളരാൻ നമ്മുടെ മാധ്യമങ്ങൾക്കും പറ്റാത്തത് കൊണ്ടാണ് കുത്തിത്തിരിപ്പുകൾ തകൃതിയായി നടക്കുന്നത്. ഈ ഗ്യാപ്പ് എല്ലാ മേഖലയിലും ദൃശ്യമാണ്. അതുകൊണ്ടാണ് രചനാ നാരായണൻ കുട്ടിയും പാർവതിയും വെവ്വേറെയാകുന്നത്. പ്രിത്വിരാജും കൃഷ്ണകുമാറും ഉണ്ടാകുന്നത്. മോഹൻലാലും സുരേഷ് ഗോപിയും സുധാകരനും മുല്ലപ്പള്ളിയും പുറകിലേക്ക് പോവുമ്പോൾ, പിണറായിയും മമ്മൂട്ടിയും പ്രായം കൂടുന്തോറും അപ്ഡേറ്റ് ആവുന്നത്. അമേരിക്കയിൽ പോയപ്പോൾ ഐ പാഡിൽ ഫയലുകൾ നോക്കിയ മുഖ്യമന്ത്രിയിൽ നിന്ന് ഉസ്മാനെ വിളിച്ച പ്രതിപക്ഷ നേതാവിലേക്കുള്ള ദൂരം ചില്ലറയല്ല.

അപ്ഡേറ്റ് ആവുക എന്നതിൽ കവിഞ്ഞു ഒരു പരിഹാരവും നമ്മുടെ മുന്നിലില്ല. ഇല്ലെങ്കിൽ ഔട്ട്‌ ഡേറ്റഡാവും. ഇടതുപക്ഷത്തോ, സീപ്പീയ്യെമിലോ ഉള്ള എല്ലാരും ഇപ്പറഞ്ഞ പുതുതലമുറയുടെ പൾസ് മനസിലാക്കി വളർന്നു എന്ന ഒരവകാശവാദവും എനിക്കില്ല. സുധാകരന്മാർ ഇതിലുമുണ്ട്. പക്ഷെ, പിണറായി വിജയൻ അതിൽ നിന്ന് വ്യത്യസ്തനാണ്. മൂന്നാല് കൊല്ലം കൊണ്ട് അദ്ദേഹവും ഒരുപാട് മാറിയിട്ടുണ്ട്.ആ മാറ്റവും ഇപ്പറഞ്ഞ ജനറേഷൻ ഗ്യാപ്പും വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ തീർച്ചയായും സ്വാധീനിക്കും. അതിന്റെ ഗുണഭോക്താക്കൾ ഇന്ന മുന്നണിയാണെന്ന് പറയാൻ പറ്റില്ലെന്ന് മാത്രം.

(പി എസ് സി സമരത്തിലുള്ള തലമുറയെ കുറിച്ചല്ല പറഞ്ഞത്. അവരുടെ അനിയൻ അനിയത്തിമാരെ കുറച്ചാണ്. അത് അടുത്തതിൽ)