നിങ്ങളിൽ OBC യ്ക്കു താഴെയുള്ളവർ കൈ പൊക്കുക

0
203

 Bilu Padmini Narayanan എഴുതുന്നു


നിങ്ങളിൽ OBC യ്ക്കു താഴെയുള്ളവർ കൈ പൊക്കുക

ജാതി ചോദിക്കുക തന്നെയാണ് കേട്ടോ. സന്ദർഭത്തെ അറിഞ്ഞ് അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളീയ ജാതിഘടനയിൽ പണ്ടുമുതൽക്കുതന്നെ നിലനിന്ന ആഭ്യന്തരമായ ഉച്ചനീചത്വങ്ങളെക്കുറിച്ച് അതിൽ ഇത്രയും കാലം കൊണ്ട് വന്നു ചേർന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് ചിന്തിക്കാനുള്ള വിഷയം കൂടിയാണ് ആതിരയുടെ കൊലപാതകം. ജാതി ഇപ്പോഴും എപ്പോഴും എങ്ങനെയാണ് എല്ലാ മേഖലയിലും സാംസ്കാരിക മൂലധനമായി പ്രവർത്തിക്കുന്നതെന്നും . വിതച്ചതിനേക്കാൾ ഏറെ കൊയ്തെടുക്കാൻ സഹായിക്കുന്ന കൾച്ചറൽ ഫെർട്ടിലൈസർ ആണ് ഇപ്പോഴും ജാതിക്കോയ്മകൾ. ചിലതിനോടുള്ള നീതികളെ വേണ്ടെന്നു വെയ്ക്കുന്നതിൽ നമുക്കുള്ള സ്വാഭാവിക അർഹതയും.

സവർണ്ണജാതിയെന്ന് ചരിത്രപരമായി അടയാളപ്പെട്ട ഒന്നല്ല ആതിരയുടേത്. ഈഴവ കുടുംബമാണ്. യുവാവ് പട്ടികജാതിയും .പുലയ സമുദായം എന്നു കരുതുന്നു. ജാതിക്കൊല ,ദുരഭിമാനക്കൊല എന്ന് നാം പൊതുവായി പറയുമ്പോൾ ലഭിക്കുന്ന അർത്ഥത്തിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഈ ജാതി മിശ്രത –

ഈഴവരുടെ ജാതിപരമായ മറ്റു പിന്നാക്ക- other backward – അവസ്ഥയിലേക്ക് കേരളീയ നവോത്ഥാനപരമായി ആധുനികത വഴിയായി വന്നു ചേർന്ന വർഗപരവും സാംസ്കാരികവുമായ മുന്നാക്ക മാറ്റത്തിന്റെ കൂടി ഫലമാണ് ഈ അഭിമാനം എന്നു പറയാം. നാരായണ ഗുരുവും ഡോക്ടർ പൽപ്പുവും കുമാരനാശാനും തുടങ്ങി ഗോകുലം ഗോപാലനും വെള്ളാപ്പള്ളി നടേശനും വരെയടങ്ങുന്ന സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ആതിരയുടെ അച്ഛന്റെ ജാത്യഭിമാനം രൂപപ്പെടുന്നത് , എന്നാൽ മകളുടെ വിവാഹമെന്ന കലർപ്പിനെ അഭിമുഖീകരിക്കുമ്പോൾ അവിടെ ഈ നവോത്ഥാന ഗ്രാഫ് ഹിംസാത്മകമായ രീതിയിൽ വ്യതിചലിക്കുന്നു. അത് സ്വയം സവർണ്ണ ജാതീയതയായി മാറി അഭിമാനിച്ച് മുറിപ്പെടുന്നു.

ആതിരയുടെ പ്രണയി വർഗം കൊണ്ട് വികസിച്ചവനാണ്. ഇന്ത്യൻ ആർമിയിലെ അംഗമാണ്. പക്ഷേ അച്ഛൻമാരെ സംബന്ധിച്ച് അയാൾ തന്റെ സവർണ്ണമായി മാറിയ ജാതി സ്വത്വത്തിലേക്ക് ഇടിച്ചു കയറി ചിതറിക്കാൻ വന്ന പട്ടികജാതിക്കാരനാണ്.പല കാലങ്ങളിലായി കഷ്ടപ്പെട്ട് സ്വരൂപിച്ചെടുത്ത ജാതീയമാനത്തിലേക്ക് ദൃശ്യതയിലേക്ക് വന്നു കയറുന്ന പരാദജീവി.

മകളുടെ കുഞ്ഞുങ്ങളുടെ ജാതിക്കോളത്തിൽ ചുവന്ന മഷിയിൽ ഭാവിയിൽ അടയാളപ്പെടുന്ന വാക്കിനെ ഭയപ്പെടുന്നത് ആ അച്ഛൻ മാത്രമല്ല. എന്റെ മോന്റെ ഇന്നയാൾ എന്ന് പറഞ്ഞ് ഏതെങ്കിലും പൊതുസഭകളിൽ വെച്ച് ‘കണ്ട പട്ടീം പൂച്ചയും ” വിരൽ ചൂണ്ടി പറയുന്നതിൽ അപകർഷപ്പെടുന്നത് ആ കുടുംബക്കാർ മാത്രമല്ല. വായിക്കുന്നവരെല്ലാം സ്വയം ഒന്നാലോചിച്ചാൽ മതി.
ആതിര നായരോ മേനോനോ പിഷാരടിയോ നമ്പൂതിരിയോ ആയിരുന്നെങ്കിൽ ഈ കൊല ഒരു പക്ഷേ നടക്കില്ലായിരുന്നു .കാരണം ഈ പ്രണയം തന്നെ നടക്കില്ലായിരുന്നു ! അഥവാ പ്രേമമുണ്ടായാൽ തന്നെയും വിവാഹ തീരുമാനത്തിലെത്തില്ലായിരുന്നു അവർക്കിടയിൽ തന്നെ.

പ്രണയത്തിൽ നിന്ന് വിവാഹത്തിലേക്ക് പ്രണയികൾക്കിടയിൽ തന്നെയുള്ള അരിപ്പകളുണ്ട്. നിങ്ങളിൽ പലരും പ്രണയിച്ചതാരെയൊക്കെ പരിണയിച്ചതാരെ എന്ന് ഒന്ന് വീട്ടിലേക്ക് നോക്കിയാൽ മതി. ആരൊക്കെ “ദുരവസ്ഥ ” പരസ്പരം തെരഞ്ഞെടുത്തു എന്ന് .നമ്മുടെയൊക്കെ ഓൺലൈൻ ഓഫ് ലൈൻ സൗഹൃദങ്ങളിൽ എത്ര പേരുണ്ടാകും SC/ST വിഭാഗങ്ങളിൽ പെട്ടവർ? മക്കളുടെ സ്കൂൾ സൗഹൃദങ്ങളിൽ ? അപാർട്ട്മെന്റ് സമുച്ചയത്തിൽ? കോളനിയ്ക്ക് അടുത്താണെന്നു പറഞ്ഞ് നിങ്ങൾ വേണ്ടെന്നു വെച്ച പ്ലോട്ട് ? കറുത്ത സെയിൽസ് ഗേൾസ് നിങ്ങൾക്കെടുത്തു തന്ന കടുത്ത നിറമുള്ള സാരി ” അയ്യേ ഈ വേട്ടുവക്കളറ് വേണ്ടാ ” . എന്നു പറഞ്ഞ് നിങ്ങൾ മാറ്റിയിട്ടത്?

കലാഭവൻ മണി കോട്ടിട്ട പോലെയെന്ന് അർബൻ രീതിയിൽ വേഷം ധരിച്ച എന്നാൽ ദളിത് രൂപ ഭാഷയുള്ള പെൺകുട്ടിയെ നോക്കി ഉപമാ കാളി ദാസസ്യ രീതിയിൽ പറഞ്ഞ് കൂട്ടുകാരുടെ വൗ നേടിയവൻ…? ജാതിവാലുള്ള പേരും വെച്ച് ആതിര കൊല്ലപ്പെട്ട കാലത്ത് കണ്ണീർ വിളമ്പിയവർ..?പാരമ്പര്യ മൂലധനമായി നിങ്ങൾ കൊണ്ടു നടക്കുന്ന സവർണ്ണതയിലേക്ക് ആർജ്ജിത ജാതി മൂലധനവുമായി ഐക്യപ്പെടാൻ ആഗ്രഹിക്കുന്ന ഈഴവരടക്കമുളള ക്രീമിലെയർ പിന്നാക്ക ജാതികളുടെ പുതുസ്വത്വ സവർണ്ണതയുടെ ഒരു പ്രതീകമാണ് ആതിരയുടെ അച്ഛൻ.

തന്റെ മക്കൾ ദളിത് ജാതിയെ കെട്ടുന്നതിനെ സവർണ്ണ ജാതികളേക്കാൾ ജാതിശ്രേണിയിൽ തൊട്ടപ്പുറത്ത് കിടക്കുന്ന വികാസം നേടിയ ഇടത്തട്ടു ജാതികൾ ഭയക്കുന്നുണ്ട്. കാരണം അവരുടെ തലമുറ ‘തലയുയർത്തി ” നിന്നു തുടങ്ങിയിട്ടേയുളളു. ഈഴവ എന്ന് ക്ലാസ് മുറിയിൽ ശബ്ദം താഴ്ത്താതെ പറഞ്ഞു തുടങ്ങിയിട്ട് രണ്ടു തലമുറയേ ആയിട്ടുള്ളൂ. അതിൽ നിന്ന് വീണ്ടും അപകർഷപ്പെടാൻ നഷ്ടപ്പെടാൻ അവർ മടിക്കും.കാട്ടു കുതിര സിനിമയോർക്കുന്നു. ചെത്തുകാരൻ കാമുകനെ തെങ്ങിൽ കെട്ടിയിട്ട് വെട്ടിക്കൊന്ന സവർണ്ണ ജന്മിത്തം. ആ സിനിമയിൽ അന്ന് കീഴാളം ആയി അടയാളപ്പെടുത്തിയ ജാതിയുടെ – വിശ്വകർമ്മജരടക്കം ഉള്ള അത്തരം ഇടത്തട്ടു ജാതികളുടെ – സമകാലിക ജാതീയ അവസ്ഥയിൽ വന്നു ചേർന്ന മാറ്റത്തെയാണ് ഇത്തിരി ദീർഘമായി സൂചിപ്പിക്കാൻ ശ്രമിച്ചത്. ദളിത് ജാതികളോടുള്ള കൂടിക്കഴിച്ചിലിൽ നമ്മൾ ഓരോരുത്തരുടെയും ജാതിജീവിതം എങ്ങനെയാണ് എന്നു കൂടി സ്വയ പരിശോധന നടത്തണമെന്ന്.

തൊഴിലും ജാതിയും വെച്ച് മുഖ്യമന്ത്രിയെ അപമാനിതനാക്കാൻ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ട അതേ ജാതി തന്നെയാണ് മറ്റൊരു സാമൂഹ്യ സന്ദർഭത്തിൽ കൊലയ്ക്കു കാരണമാകുന്ന അഭിമാനജാതിയായി മാറുന്നത് എന്ന്.കേരളീയ ജാതിഘടനയിൽ കേരള മോഡൽ – നവോത്ഥാന അനന്തരകാലം വരുത്തിയ ശ്രേണീ പരമായ അധികാര ബന്ധങ്ങൾ കൂടുതൽ വിലയിരുത്തപ്പെടണം എന്ന്.ജാതി പുറത്ത് ചോദിച്ച് തുടങ്ങിയ ഒന്ന് അകത്തുള്ളത് പറഞ്ഞു തന്നെ അവസാനിപ്പിക്കുകയാണ്. മൺപാത്രനിർമ്മാ ണ ജാതികളിൽ ഒന്നായ ഓടൻ ആണ് എന്റേത്. ഒ.ഇ.സി. അഥവാ മറ്റ് അർഹസമുദായം. മിശ്ര ജാതിവിവാഹിതയാണ്.