9 മാസമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോകണമെങ്കിൽ ആ അമ്മ അത്രമാത്രം അപമാനിക്കപ്പെട്ടിട്ടുണ്ടാവണം

123

കുഞ്ഞിനെ പരിപാലിച്ചു വളർത്തേണ്ടത് മാതാപിതാക്കളുടെ കടമ ആണ്. എന്നാൽ അത് അമ്മയുടെ മാത്രം ഉത്തരവാദിത്തം ആയി മാറുന്നതാണ് മനസ്സിലാകാത്തത്. ഒൻപതു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചു പോകണമെങ്കിൽ ആ അമ്മ അത്ര മാത്രം അപമാനിക്കപ്പെട്ടിട്ടുണ്ടാവണം. മരണത്തിലേക്ക് പോകാതെ ജീവിതത്തിലേക്ക് പോയി എന്നതാണ് അവളുടെ തെറ്റായി സമൂഹം കാണുന്നത്. മുന്നോട്ടു പോകാൻ കഴിയില്ലായിരുന്നെങ്കിൽ മരിക്കാമായിരുന്നു. കഷ്ടം, ജീവിക്കാനനുവദിക്കാത്ത വ്യവസ്ഥിതി യോട് നമുക്ക് സഹതപിക്കാം. ഗർഭത്തിലെ അമ്മക്കൊപ്പം കുഞ്ഞിനെ ഉപേക്ഷിക്കുന്ന നൂറുകണക്കിന് അഛന്മാർ കേരളത്തിൽ തന്നെ ഉണ്ട്. എന്നാൽ കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിനു ബാലാവകാശ നിയമപ്രകാരം ഒരച്ഛനും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ നിയമം അമ്മയെ ശിക്ഷിക്കാൻ മാത്രം ഉള്ളതാണോ. അൻസിയ എന്ന അമ്മ അവളുടെ ജീവൻ അവസാനിപ്പിക്കാതിരിക്കാനാണ് ജീവിതത്തിലേക്ക് നടന്നത്. അവളുടെ ഭർത്താവ് മുനീർ പോലും അവളിൽ പഴി ചാരാൻ തയ്യാറില്ല. ദയവായി അൻസിയയെ വെറുതെ വിടൂ. കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള അവളുടെ തീരുമാനത്തിന് പിറകിൽ ഉള്ള സാമൂഹിക കാരണങ്ങൾ ആണ് ഇല്ലാതാക്കേണ്ടത്, അൻസിയയെ അല്ല. ഒരുപാടു അൻസിയമാരെ മരണത്തിലേക്കു തള്ളിവിട്ടില്ലേ. ആ കുട്ടിയെങ്കിലും ജീവനോടെ ഇരുന്നോട്ടെ.