“എനിക്ക് പ്രൊട്ടക്ഷൻ നൽകാൻ മടിക്കുന്നവർക്കൊപ്പം പത്തു ചുവടെങ്കിലും വിട്ടുനടക്കുക”, ബിന്ദു അമ്മിണിയുടെ പോസ്റ്റ്

0
99

ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതിവിധിയും അതിനോടനുബന്ധിച്ചു ചിലർ കയറാൻ ശ്രമിച്ചതും കനകദുർഗ്ഗയും ബിന്ദുഅമ്മിണിയും സന്നിധാനത്തിൽ എത്തിയതും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ‘സുവർണ്ണാവസരം’കാത്തിരുന്ന ഭക്തവേഷമിട്ട ചിലർ കലാപം അഴിച്ചുവിട്ടതും എല്ലാം ഭൂതകാലത്തിലേക്ക് പോയെങ്കിലും അതിന്റെ അലയൊലികൾ അവശേഷിക്കുന്നു. ബിന്ദു അമ്മിണിയെ അന്നത്തെ വ്യക്തിവൈരാഗ്യം വച്ച് ആക്രമിക്കാൻ നടക്കുന്ന വേതാളങ്ങളിൽ നിന്നും സംരക്ഷിക്കാൻ കേരള സർക്കാർ പോലീസ് സുരക്ഷ നൽകിയിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ബിന്ദു അമ്മിണിയുടെ ഈ പോസ്റ്റിൽ

ബിന്ദു അമ്മിണി

“എനിക്ക് കേരള പോലീസ് നൽകിയിരിക്കുന്ന പ്രൊട്ടക്ഷൻ വളരെ രസകരമാണ്. എന്നെ പോലെ ഒരാൾക്ക്‌ പ്രൊട്ടക്ഷൻ നൽകാൻ മടിക്കുന്നവർക്കൊപ്പം പത്തു ചുവടെങ്കിലും വിട്ടുനടക്കുക. എന്റെ ജീവിതം എന്നത് ഒരു ഓട്ടപ്പാച്ചിലാണ് അതിനിടയിൽ തങ്ങിനിൽക്കാൻ സമയംകിട്ടാറില്ല. ഷെഡ്യൂൾ ചെയ്ത സമയപ്രകാരവും അല്ലാതെയും ഓടിക്കൊണ്ടേ ഇരിക്കുന്നു. ഈ ഓട്ടത്തിന് വല്ല കാര്യവും ഉണ്ടോ എന്നത് വേറെ കാര്യം. വീടും കോളേജും പരിസരങ്ങളും ഒപ്പം വരാൻ മടിയോടെ ആണെങ്കിലും ഡ്യൂട്ടി ആയിപ്പോയത് കൊണ്ട് വരേണ്ടിവരുന്നവർ. അതും ഒഴിവാക്കി കിട്ടാൻ കിണഞ്ഞു ശ്രമിക്കുന്നവർ കുറവല്ല.

ബിന്ദു അമ്മിണിക്കൊപ്പം ആണ് ഡ്യൂട്ടി എന്നറിഞ്ഞാൽ കരഞ്ഞു വിളിക്കുന്നവരെക്കുറിച്ചറിയുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് അത്രമാത്രം ഭീകര കഥാപാത്രം ആണോ ഞാനെന്നു. എന്തായാലും ഒന്നെനിക്കുറപ്പാണ് ഞാൻ ആക്രമിക്കപ്പെട്ടാൽ അത് തടയാൻ ഉള്ളദൂരത്തല്ല പോലീസ് നിൽക്കുന്നതെന്നത്. അതുകൊണ്ട് തന്നെ ഞാൻ തന്നെ എന്നെ സംരക്ഷിക്കേണ്ടതുണ്ട് എന്ന് പൂർണ ബോധ്യം ഉണ്ട്. ഞാൻ അവരെ ആണോ അതോ അവർ എന്നെ ആണോ നോക്കേണ്ടത് എന്നത് ഒരു ഗൗരവകരമായ ചോദ്യമായവശേഷിക്കുന്നു.

ദളിത്, സ്ത്രീ, അതും കറുത്തത്, സാധാരണക്കാരി, സാധാരണ സൗന്ദര്യ സങ്കൽപ്പങ്ങളിൽ വരാത്തവൾ ഇങ്ങനെ ഒക്കെ ഉളവർക്ക് പോലീസ് സംരക്ഷണം കൊടുത്തത് ശരിയാണോ. നല്ല വീട്, വാഹനം, പരിചാരകർ, പിന്നെ ആവശ്യത്തിന് കാശും അധികാരവും ഇങ്ങനെ ഉള്ളവർക്കു സംരക്ഷണം കൊടുക്കുന്നത് പോലെ ആണോ. സാധാരണക്കാരുടെ ജീവന് വിലകൊടുക്കുന്നത്. വേണേൽ ആക്രമിക്കപ്പെട്ടാൽ അതിനു ശേഷം പോലീസ് സാധാരണ ചെയ്യുന്ന നടപടികൾ കൈക്കൊള്ളാം.”

NB: ഇങ്ങനെ അല്ലാതെ വളരെ സൗഹാർദ്ദത്തോടെ പ്രൊട്ടക്ഷൻ തരുന്ന അപൂർവ്വം ചിലർ ഇല്ലാതില്ല. അവരെ സ്മരിച്ചു കൊണ്ട് തന്നെ ഈ കുറിപ്പ് എഴുതട്ടെ.