Bindhu Chandini എഴുതുന്നു 

ബ്രാഹ്മണസിദ്ധാന്തപ്രകാരം വർണങ്ങൾ നാലേയുള്ളു . എന്നാൽ ജാതി എത്രയുമാകാം . ജനങ്ങൾക്കിടയിൽ പുതിയ വിഭാഗങ്ങളെ കണ്ടെത്തുമ്പോൾ ബ്രാഹ്മണർ അവർക്കൊരു ജാതിപ്പേര് നൽകുന്നു . അങ്ങനെയാണ് ജാതികളുടെ എണ്ണം പെരുകിയത് . പലപ്പോഴും തൊഴിലിനെ ആധാരമാക്കിയാണ് ജാതിപ്പേരു നൽകിയിരുന്നത് . വർണം പോലെ ജാതിയും ജന്മസിദ്ധമാണ് . എന്നാൽ ബ്രാഹ്മണാശയങ്ങളുടെ സ്വാധീനവലയത്തിനു പുറത്തുള്ള ആളുകളെ സംസ്ക്യതഗ്രന്ഥങ്ങൾ സംസ്ക്കാരരഹിതരും മൃഗതുല്യരുമായ ആളുകളായാണ് പലപ്പോഴും വിശേഷിപ്പിച്ചത് . വനവാസികൾ ഇതിന് ഒരുദാഹരണമാണ് . എന്നാൽ ഇവർ ആശയപരവും വിശ്വാസപരവുമായ കാര്യങ്ങൾ പരസ്പരം കൈമാറിയിരുന്നു .

Bindhu Chandini
Bindhu Chandini

വനവാസി എന്ന വാക്കിന്റെ അർത്ഥം വനവിഭവങ്ങൾ ശേഖരിച്ചു നിത്യജീവിതം നയിക്കുന്നവൻ എന്നാണ് . പുരാതന കാലത്ത് പഞ്ചാബിലേയും ഹരിയാനയിലേയും യൗധേയന്മാരെ പോലുള്ള ഗോത്രവർഗക്കാർ സ്വന്തമായി റിപ്പബ്ലിക്കുകൾ സ്ഥാപിക്കുകയും അവരുടേതായ ചെമ്പു നാണയങ്ങൾ ഇറക്കി വ്യാപാരം നടത്തുകയും ചെയ്തിരുന്നു .

മദ്ധ്യകാല ഇന്ത്യയിൽ , മുഗൾ ഭരണകാലത്ത് വ്യത്യസ്ത മത – വംശീയ സംഘങ്ങളിൽ നിന്നും നിയമിക്കപ്പെട്ടവരാണ് മുഗൾ നൊബിലിറ്റിയിലെ അംഗങ്ങൾ . നൊബിലിറ്റിയിലെ ഈ നാനാത്വം ഏതെങ്കിലും ഒരു വിഭാഗത്തിനു കൂടുതൽ ശക്തിയും സ്വാധീനവും ഉണ്ടാവുക എന്ന അവസ്ഥാവിശേഷം ഇല്ലാതാക്കി . അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന് രാഷ്ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാനുള്ള കഴിവ് ഇല്ലാതായി.

ഈ നാനാത്വം കൊണ്ടു തന്നെ മുഗൾ കാലഘട്ടത്തിൽ വനവാസി മുഖ്യരും ജമീന്ദാർമാരായിട്ടുണ്ട് . ചിലർ രാജാവു പോലും ആയി . ആസാമിലെ അഹോം രാജവംശം , കോച്ച് രാജവംശം എന്നിവ ഉദാഹരണങ്ങളാണ് . ഇവർക്കു സ്വന്തമായി സൈന്യവും ഉണ്ടായിരുന്നു . മുഗൾ കാലഘട്ടത്തിൽ സൈന്യത്തിനു ആവശ്യമുളള കാട്ടാനകളെ പിടിക്കാനുള്ള കുത്തകവകാശം അഹോം രാജാക്കന്മാർക്കായിരുന്നു . ഇക്കാലത്ത് പഞ്ചാബിലെ ചില ഗോത്ര വിഭാഗങ്ങൾ രാജ്യത്തിനകത്തും പുറത്തും വൻതോതിൽ കച്ചവടവും നടത്തിയിരുന്നു .

എന്നാൽ ബ്രിട്ടിഷുകാരുടെ ആഗമനത്തോടെ ഗോത്രവർഗക്കാരുടെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു . ഇന്ത്യയിലെ കുന്നിൻ പ്രദേശങ്ങളിലെ ശീതകാലാവസ്ഥ ബ്രിട്ടീഷുകാരെ ആകർഷിച്ചു . കൊളോണിയൽ നഗരവികസനത്തിന്റെ ഭാഗമായി ഹിൽസ്റ്റേഷനുകൾ സ്ഥാപിക്കാൻ തുടങ്ങി . തുടർന്നു ഗോത്രവർഗക്കാർ കൊളോണിയൽ ഭരണത്തിനെതിരെ നിരവധി ചെറുത്തുനിൽപ്പുകൾ നടത്തുകയുണ്ടായി . കൃഷിയുടെ വികസനത്തിന് വേണ്ടി ജമീന്ദാർമാരുടെ സഹായത്തോടെ ബംഗാളിലെ രാജ്മഹൽകുന്നുകളിലെ ഗോത്രവർഗക്കാരായ പഹാരിയാസ് , സന്താൾ എന്നിവിഭാഗങ്ങളെ അടിച്ചൊതുക്കുന്നതിൽ ബ്രിട്ടിഷുകാർ വിജയിച്ചു . കൂടാതെ കേരളത്തിലെ പഴശ്ശി കലാപത്തിലും , കുറിച്യ കലാപത്തിലും ഗോത്ര ജനത സജീവമായി പങ്കെടുക്കുകയുണ്ടായി .

എന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഗോത്രവർഗക്കാരുടെ ക്ഷേമത്തിനു വേണ്ടി സ്ഥായിയായ മാർഗ്ഗങ്ങളൊന്നും സ്വീകരിച്ചില്ല . രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം കാട് എക്കാലത്തും അട്ടിമറിക്കാരുടെ ഒളിച്ചു താമസിക്കാനുള്ള ഇടമാണ് .

ഒരു കാലത്ത് തദ്ദേശീയരായ ഗോത്രവർഗക്കാരുടെ ഘാതകരായിരുന്ന അമേരിക്ക , ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പോലും തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി ഗോത്ര പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നു . ഈ രാജ്യങ്ങളിൽ തദ്ദേശീയരുടെ ജീവിതരീതികൾ കാണിക്കുന്ന പ്രത്യേക മ്യൂസിയങ്ങൾ , മ്യൂസിയങ്ങളിൽ സ്വദേശീയ കലയുടെ ഗാലറികൾ , സർവ്വകലാശാല വകുപ്പുകൾ തദ്ദേശീയ സംസ്കാരങ്ങളുടെ പഠനത്തിന് പ്രാധാന്യം നൽകി . ഇവ കൂടാതെ പ്രകൃതിയേയും , കാലാവസ്ഥയേയും തദ്ദേശീയർ മനസ്സിലാക്കുന്ന രീതി , അവരുടെ കഥകൾ , തുണിത്തരങ്ങൾ , ചിത്ര പണികൾ , കൊത്തുവൈദഗ്ദ്യം തുങ്ങിയവ ഗ്രഹിക്കാനും രേഖപ്പെടുത്താനും ആദരിക്കാനും ശ്രമങ്ങൾ നടന്നു . കൂടാതെ അവരുടെ സ്വന്തം ജീവിത ചരിത്രങ്ങളും എഴുതാൻ തുടങ്ങി . തദ്ദേശീയ സംസ്കാരങ്ങൾ അവഗണിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് ഇതെല്ലാം സംഭവിച്ചത് .

ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച ഗോത്രവർഗക്കാരുടെ
പൈതൃകം സംരക്ഷിച്ച് നിലനിർത്തുന്നതിനു വേണ്ട മാർഗ്ഗങ്ങൾ സ്വീകരിക്കണം . അതുപോലെ തന്നെ
ഗോത്രവർഗക്കാരെ അവരുടെ ഭൂമിയിൽ , അവരുടെ തനിമയിൽ , ജീവിക്കാൻ അനുവദിക്കുകയും ചെയ്യേണ്ടതാണ് .

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.