ബിന്ദു മനോജ്
ചെറുപ്പത്തിൽ നല്ല തടി ഉണ്ടായിരുന്ന എന്നെ കാണുമ്പോഴെ പരിഹസിക്കാൻ തുടങ്ങുന്ന ഒരു മനുഷ്യൻ നാട്ടിൽ ഉണ്ടായിരുന്നു. ശരിക്കും കറ തീർന്ന ബോഡിഷെയ്മിങ് വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ് കളിയാക്കൽ. എന്നാൽ അത് വല്യ ആക്ഷേപം ആണെന്നുള്ള ബോധം ഒന്നും കാര്യമായിട്ട് മ്മൾക്ക് അന്നുണ്ടായിരുന്നുമില്ല .ആണെങ്കിൽ തന്നെ ആ വ്യക്തി അങ്ങനെ പറയാൻ അർഹതയുള്ളയാളും, ഞാനത് കേൾക്കാൻ വിധിക്കപ്പെട്ട ആളുമാണെന്നൊക്കെ അങ്ങ് വെറുതെ വിശ്വസിച്ചിരുന്നു അക്കാലത്ത്.( മിക്കവരേയും പരിഹസിക്കുന്നതിൽ ഈ ആൾ മിടുക്കനായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്)
അല്ലെങ്കിലും തടി, കറുപ്പ് എന്നിവ മനുഷ്യർക്ക് എപ്പോഴും പരിഹസിക്കാൻ ഉള്ള ഇഷ്ട വിഷയം ആണല്ലോ. മേൽപ്പറഞ്ഞ വ്യക്തി ഒരു ഉദ്യോഗസ്ഥനും നാട്ടിൽ അത്യാവശ്യം ബഹുമാനിക്കപ്പെട്ടിരുന്ന ആളുമായതിനാൽ അച്ഛനും അമ്മയും അത് നിസ്സാരമാക്കി അവഗണിച്ചിരുന്നു. ഓ ..സാരമില്ല, അത് വെറുതെ പറയുന്നതല്ലേ.. നീ കാര്യമാക്കണ്ട എന്നൊക്കെ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്യാറുണ്ട്. ഇനി അഥവാ തിരിച്ചു മറുപടി എങ്ങാനും പറഞ്ഞു പോയാൽ അത് ‘മൂത്തവരെ ബഹുമാനിക്കാനറിയാത്ത അഹങ്കാരി ‘ എന്ന പട്ടം ചാർത്തി കിട്ടുമല്ലോ എന്ന പേടിയിൽ ഞാനും നിശബ്ദം ആ സങ്കടം സഹിച്ചു പോന്നു. കാലങ്ങൾ കടന്ന് പോയി. കുറേ വർഷങ്ങൾക്ക് ശേഷവും തന്റെ ഏകമകൾക്ക് കറുത്തതോ, തടിച്ചതോ, വെളുത്തതോ ഒന്നുമായ ഒരു കുഞ്ഞികാല് പോലും ഉണ്ടായി കാണാൻ കഴിയാതെ അങ്ങേര് ഈ ലോകം വെടിഞ്ഞു.
ഇതുപോലുള്ള അനവധി മനുഷ്യർ ഇന്നും നമുക്ക് ചുറ്റിലുമുണ്ട്. മറ്റ് മനുഷ്യരെ പല വിധത്തിൽ ആക്ഷേപിക്കുന്നവർ, അതിൽ നിഗൂഢമായ ആനന്ദം കണ്ടെത്തുന്നവർ. ഒരു സദസ്സിൽ വെച്ച് മറ്റൊരാളുടെ ശാരീരികമോ മറ്റെന്തെങ്കിലുമായ കുറവുകളെ കുത്തി കുത്തി സംസാരിക്കുക. അത് വീണ്ടും വീണ്ടും തമാശ മട്ടിൽ മറ്റുള്ളവരോട് പറഞ്ഞ് ഉച്ചത്തിൽ ചിരിക്കുന്നവർ , ഇതെല്ലാം ചിലരുടെ ഒരുതരം മാനസിക നിലവാരം മാത്രമാണ്. തങ്ങൾ മറ്റുള്ളവരേക്കാൾ എന്തിലെക്കെയോ ശ്രേഷ്ഠർ ആണെന്നുള്ള ഭാവം.അതിൽ നിന്നുളവാകുന്ന അഹന്തയിൽ മുളയ്ക്കുന്ന ആക്ഷേപവാക്കുകൾ. പക്ഷേ ഇതനുഭവിക്കുന്നവരുടെ മാനസികാവസ്ഥയെ കുറിച്ച് ഒരു നിമിഷം ഇതുപോലുള്ള വ്യക്തികൾ ഓർക്കാറുണ്ടോ? ആർക്കറിയാം.
ഇക്കഴിഞ്ഞൊരു ദിവസം ഉണ്ടായ ചെറിയൊരു അനുഭവമാണ് . ഡാർക്ക് നീല കളർ ഉള്ള ഒരു ടോപ്പ് ധരിച്ചു ഓഫീസ് വരാന്തയിൽ നിൽക്കുമ്പോൾ പരിചയത്തിൽ ഉള്ള ഒരാൾ വിളിച്ചിട്ട് പറയുന്നു. (കുറച്ച് പേരുടെ ഇടയിൽ വെച്ചാണ് )
” ഈ ഡ്രസ്സ് കറുത്തവർക്ക് ഒട്ടും ചേരില്ലാട്ടോ.. ഇയാള് ഇതുപോലുള്ള കളർ ഒന്നും ഇടരുത് ഇത് നിങ്ങളെപ്പോലെ ഉള്ളവർക്ക് ചേരില്ല.”
“അതേയ് ചേട്ടാ … ഞാൻ എന്റെ ഇഷ്ടത്തിനാണ് ഡ്രസ്സ് ഇടുന്നത്. ചേട്ടന്റെ ഇഷ്ടത്തിനല്ല. ഈ കളർ ചേരുവോ ചേരൂല്ലേ എന്നൊക്കെ എന്റെ ഇഷ്ടമാണ്. എന്റെ തീരുമാനമാണ്… നിങ്ങളുടെയല്ല.”
ആള് ആകെ ചമ്മൽ മറച്ച്.. ശരി… ശരി… അല്ലാ ഞാൻ പറഞ്ഞന്നേയുള്ളൂ…
ഇങ്ങനെ എന്തിനും ഏതിനും ഉപദേശികൾ സുലഭമാണ് ചുറ്റും.
ഇനി മറ്റ് ചില മനുഷ്യരുണ്ട് .അവരെപ്പറ്റി കൂടി പറഞ്ഞില്ലെങ്കിൽ ഇത് പൂർണ്ണമാകില്ല.അവർ കൂട്ടത്തിൽ കുറച്ചേ ഉണ്ടാകൂ.ആരെത്ര പരിഹസിച്ചാലും, മറ്റുള്ളവരെ ഉൾക്കൊണ്ട് ചേർത്ത് പിടിച്ച് ആത്മവിശ്വാസമേകുന്നവർ.ഇമ്മാതിരി വിഷ മനുഷ്യരോട് പോയി പണി നോക്കാൻ പറയുന്നവർ…
തടിയുള്ള ഭാര്യയുള്ളവനോട് സഹതപിക്കാൻ ചെല്ലുന്നവരോട്.നിന്റെ കൂടെയല്ല … എന്റെ കൂടെയാണ് അവള് പൊറുക്കുന്നത് എന്ന തരം മാസ്സ് മറുപടി കൊടുക്കുന്ന മനുഷ്യർ.വണ്ണം കുറഞ്ഞു എന്ന കാരണം കൊണ്ട് നിരന്തരം ക്ഷീണ കാരണം അന്വേഷിക്കുന്നോരോട് മികച്ച മറുപടി പറയുന്നോർ.ഇനി കല്യാണം വൈകിയവരെ, കല്യാണം കഴിഞ്ഞ് പ്രസവിക്കാൻ ഇത്തിരി വൈകിയവരെ.ഒക്കെ കാണുമ്പഴേ മുടിഞ്ഞ ദെണ്ണവും, സഹതാപ കണ്ണീരും കൊണ്ട് വരുന്നവരെ അടുത്ത കണ്ടം കാണിച്ചു കൊടുക്കുന്ന ചിലർ
തന്നിലും സൗന്ദര്യം, നിറം ഒക്കെ കുറഞ്ഞ പങ്കാളിയുടെ അല്ലെങ്കിൽ കാമുക /കിയുടെ പേരിൽ സഹതാപ ജെണ്ട്, ഹാരങ്ങൾ തുടങ്ങിയവ തരാൻ വരുന്നവരുടെ തലമണ്ടക്ക് അതു തിരിച്ച് എറിയുന്നോർ.ശാരീരിക മാനസിക വൈകല്യങ്ങൾ, സാമ്പത്തികം ഒക്കെ മനുഷ്യന്റെ കുറവായി കാണാതെ, അതൊരുമനുഷ്യാവസ്ഥയായി മാത്രം കണ്ട് അവരെ ചേർത്ത് നിർത്തുന്നോർ.ട്രാൻസ് മനുഷ്യരെ പച്ചമനുഷ്യരായി തന്നെ പരിഗണിക്കുന്നോർ.ഇങ്ങനെ കുറച്ച് മനുഷ്യർ ഈ കെട്ട കാലത്തും ഒരു ചെറിയ വെളിച്ചമായി ഉണ്ട് എന്നത് ആശ്വാസമാണ് .ക്വാഡന്റെ വാർത്ത കൂടുതൽ വായിക്കാൻ തോന്നിയില്ല. പലരുടേയും ന്യൂസ് ഫീഡിൽ അത് കണ്ടപ്പോൾ മനസ്സിൽ വന്നത് ഇവിടെ പകർത്തി എന്ന് മാത്രം.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.