Featured
ഒരു ഹിന്ദി അപാരത
ഓർമ്മ വച്ച കാലം മുതൽ റേഡിയോയിൽ ‘വിവിധ ഭാരതിയും’, ‘ഹവാ മഹലും’, കേട്ടാണ് വളർന്നത്.
MG കോളേജ് NCC under officer ആയി രാജ്യസ്നേഹം തലക്കു പിടിച്ച അച്ഛൻ സെക്രട്ടേറിയറ്റിൽ ജോലി ഉണ്ടായിട്ടും Territorial Army യിൽ എല്ലാ വർഷവും രണ്ടു മാസം സേവനം അനുഷ്ഠിച്ചിരുന്നു.
325 total views

Bindu Ramachandran
” ഒരു ഹിന്ദി അപാരത ”
************************
ഓർമ്മ വച്ച കാലം മുതൽ റേഡിയോയിൽ ‘വിവിധ ഭാരതിയും’, ‘ഹവാ മഹലും’, കേട്ടാണ് വളർന്നത്.
MG കോളേജ് NCC under officer ആയി രാജ്യസ്നേഹം തലക്കു പിടിച്ച അച്ഛൻ സെക്രട്ടേറിയറ്റിൽ ജോലി ഉണ്ടായിട്ടും Territorial Army യിൽ എല്ലാ വർഷവും രണ്ടു മാസം സേവനം അനുഷ്ഠിച്ചിരുന്നു.
മിലിറ്ററി കാന്റീനിലെ Rooh afsa സ്ക്വാഷും, ടൊമാറ്റോ ketchup ഉം കുപ്പിക്കണക്കിന് ബൂസ്റ്റും ബോൻവിറ്റയും ഒപ്പം കുറെയേറെ ഹിന്ദി വാക്കുകളും അനൂപ് ജലോട്ടയുടെയും പങ്കജ് ഉദാസിന്റെയും കാസറ്റുകളും അങ്ങനെയാണ് ഞങ്ങളുടെ പതിവ് കൂട്ടുകാരായത്.
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പുതിയ വീട്ടിലേക്ക് മാറിയത്. . ചന്ദ്രശേഖര പിള്ളയുടെയും രാജലക്ഷ്മിയുടെയും ആദ്യാക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ “ചിരാഗ് ” എന്ന പേരു വീടിനു നൽകിയപ്പോൾ ബന്ധുക്കളെല്ലാം നെറ്റി ചുളിച്ചു.
“ചെരാത് ” എന്ന മനോഹരമായ അർത്ഥമുള്ള ഹിന്ദി വാക്കാണതെന്നു സംശയാല്ക്കളെ പറഞ്ഞു പഠിപ്പിച്ചതാണ് എന്റെ ആദ്യ ഹിന്ദി അധ്യാപനം.
അക്കാലത്തു ഹിന്ദി , ഇംഗ്ലീഷ് സിനിമകൾ പ്രദര്ശിപ്പിച്ചിരുന്ന ചുരുക്കം തീയേറ്ററുകളിലൊന്നായ ശ്രീകുമാർ തീയേറ്റർ വീട്ടിൽ നിന്നും വെറും 200 മീറ്റർ ദൂരത്താണ്.
അവിടെ പ്രദർശിപ്പിച്ച എല്ലാ സിനിമകളും ഒന്നൊഴിയാതെ കണ്ടിരുന്നു.
കഥ അറിയാതെ ആയിരുന്നു ആട്ടം
കാണലെങ്കിലും പിറ്റേദിവസം കൂട്ടുകാരുടെ ഒത്തനടുക്കിരുന്നു സ്വന്തം ഭാവനയനുസരിച്ചു പൊടിപ്പും തൊങ്ങലും വച്ചു സിനിമ വിളമ്പുന്നതായിരുന്നു എന്റെ ആദ്യ സാഹിത്യ സൃഷ്ടി.
നാലാം ക്ലാസിലെ വേനലവധിക്ക് കേരള ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പരീക്ഷകൾ പഠിക്കാൻ വീടിനടുത്തുള്ള തങ്കമ്മ ടീച്ചറിന്റെ ക്ലാസ്സിൽ ചേർന്നു. . എട്ടാം ക്ലാസ്സയപ്പോഴേക്കും ആ പരീക്ഷകളെല്ലാം പാസായി.
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി കേരള സബ് ജൂനിയർ ഹോക്കി ടീമിൽ അംഗമായി പഞ്ചാബിലെ കപൂർത്തലയിൽ പോയി. ആദ്യമായി ഹിന്ദിക്കാരെ കാണുന്നതും കേൾക്കുന്നതും അന്നാണ്. തുടർന്ന് MA വരെ ആറു കൊല്ലം കേരള യൂണിവേഴ്സിറ്റി ഹോക്കി ടീമിൽ അംഗമായി വടക്കേ ഇന്ത്യ മുഴുവൻ കറങ്ങി അറിയാവുന്ന ഹിന്ദി മുഴുവൻ പ്രയോഗിച്ചു പതം വരുത്തി. ഗപ്പോന്നും കിട്ടിയില്ലെങ്കിലും കുറെയേറെ കാഴ്ചകളും അനുഭവങ്ങളും ഒപ്പം ഹിന്ദിയും കൂടെക്കൂട്ടിയിരുന്നു.
പത്തിലെ ഹിന്ദി പരീക്ഷയ്ക്ക് മൂന്നു മാർക്ക് എവിടെ കുറഞ്ഞു എന്നത് ഇന്നുമെനിക്കുത്തരം കിട്ടാത്ത ചോദ്യം. ഹിന്ദിക്കു ഫുൾ മാർക്ക് എന്റെ ട്രേഡ് മാർക്ക് ആയിരുന്നല്ലോ.
പത്താം ക്ലാസ്സ് മുതൽ MA വരെ അഹിന്ദി പ്രദേശത്തെ ഹിന്ദി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പോടെ പഠിച്ചു. MA ഹിന്ദിയ്ക്ക് രണ്ടാം റാങ്കും എം.ഫിൽ ഹിന്ദിക്ക് കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ഒന്നാമതായും പാസായി.
പഠിത്തം കഴിഞ്ഞു ഒരു ദിവസം പോലും വീട്ടിലിരിക്കാൻ ഇടം തരാതെ രണ്ടു ജോലികൾ തേടിവന്നു. BSRB യിൽ ഹിന്ദി ട്രാൻസലേറ്റർ ജോലിയും കേന്ദ്രിയ വിദ്യാലയത്തിൽ പ്ലസ് ടു ഹിന്ദി ടീച്ചറും. രണ്ടാമത്തേത് സസന്തോഷം സ്വീകരിച്ചു.
26 വർഷമായി ഹിന്ദി പഠിപ്പിക്കുന്നു.
എന്റെ അന്നമാണിത് .
ഒരു ഹിന്ദിഭാഷിയോളം നന്നായി ഹിന്ദി പറയാനും എഴുതാനുമാവും എന്ന വിശ്വാസമുണ്ട്.
മുകളിൽ പറഞ്ഞ കുറെയേറെ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചത് കൊണ്ടാവണം ഹിന്ദി എനിക്ക് സരളവും സുഗമവും ആയതു.
മാതൃഭാഷയായ മലയാളം എന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയം ആയിരുന്നു. പിന്നെ എന്തുകൊണ്ട് പ്രീ ഡിഗ്രിക്ക് second language ഹിന്ദി എടുത്തു എന്നത് മറ്റൊരു പോസ്റ്റിനുള്ള വക ആയതു കൊണ്ട് ഇവിടെ എഴുതുന്നില്ല.
പക്ഷെ ഒരു കാര്യം ഉറപ്പ്. എന്റെ മനസ്സിന്റെ ഭാഷ മലയാളം തന്നെയാണ്. ഞാൻ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും മലയാളത്തിലാണ്.
” എന്റെ പൊന്നേ” എന്നും “എന്റെ പെണ്ണേ ” എന്നും എന്റെ മകളെ വിളിക്കുമ്പോഴും
“അമ്മേ “എന്ന് അവൾ വിളിക്കുമ്പോഴും അമ്മമലയാളത്തോടുള്ള പൊക്കിൾക്കൊടി ബന്ധം ഊട്ടി ഉറയ്ക്കുകയാണ്.
കോവളത്തെ കടൽത്തീരത്തു അലയുന്ന ആ ഗൈഡ് പതിമൂന്നോളം വിദേശ ഭാഷകൾ പറയുന്നത് അയാളുടെ പട്ടിണി മാറ്റാനാണ്.
താല്പര്യമുള്ളവർ സൗകര്യം പോലെ അവർക്കിഷ്ടമുള്ള ഭാഷ പഠിക്കട്ടെ. അടിച്ചേല്പിക്കലും അധിനിവേശവും ഭാഷയുടെ കാര്യത്തിൽ നടപ്പില്ല തന്നെ.
കാരണം എന്റെ നാവ് എന്റെ വായ്ക്കുള്ളിലാണ്.
നിന്റെ കൈയ്യിലല്ല.
ഞാനാണതിന്റെ ഉടമയും അടിമയും.
( ഇവിടെ വിഷയം മാർക്ക് കാണിക്കലല്ല.
അടിച്ചേല്പിക്കാത്തത് കൊണ്ടും രസിച്ചനുഭവിച്ചത് കൊണ്ടും മാത്രം ഒരു അന്യ ഭാഷയെ സ്നേഹിച്ചു പോയി എന്നതാണ്. )
326 total views, 1 views today