കാറ് കേടായപ്പോൾ അവർ ‘ജാക്കി’ ചോദിച്ചു, ചില ബസ് യാത്രകളിലേ ആ പേര് കേട്ടിട്ടുണ്ടായിരുന്നുള്ളൂ

0
1355

ബിന്ദു രാമചന്ദ്രന്റെ രസകരമായ കുറിപ്പ്

പത്തിരുപത്തഞ്ചു വര്ഷമായി കാറോടിച്ചു തുടങ്ങിയിട്ട്.

എങ്കിലും പെട്രോൾ, സ്റ്റിയറിംഗ്, ആക്സിലേറ്റർ, ബ്രേക്ക്, ക്ലച് ഇതല്ലാതെ മറ്റൊന്നിനെപ്പറ്റിയും എനിക്കറിയില്ല.

അറിയാൻ ശ്രമിച്ചിട്ടുമില്ല.

സ്വന്തമായി ടയർ മാറ്റുകയും, ഹിമാലയൻ റാലിക്കു പോവുകയും ചെയ്യുന്ന പെണ്ണുങ്ങളോട് ഒരസൂയയും തോന്നാറുമില്ല. പിച്ചക്കാരനു നാട്ടു രാജാവിനോട് എന്ത് ഗോമ്പറ്റിഷൻ.


Bindu Ramachandran

അങ്ങനെ കാറിൽ കേറിയാലുടൻ എടുക്കുകയും എടുത്താലുടൻ ചവിട്ടുകയും പിന്നെ വീടെത്തിയാലുടൻ ചാവി തിരിക്കുകയും ചെയ്യുന്ന ഈ ഞാൻ ഈയിടെ സ്‌കൂളിൽ നിന്ന് കാറെടുത്തു കൊച്ചു കടവന്ത്ര ജംഗ്ഷൻ എത്തി .
കാറിൽ ഒപ്പം എന്റെ ചങ്കത്തി ഉണ്ട്. പേര് പറയൂല. പറഞ്ഞാലവൾ പിണങ്ങും.
ഒരു ബൈക്കിൽ വന്ന രണ്ടു പേര് വട്ടം പിടിച്ചു.
“ചേച്ചീ ടയര് പഞ്ചറാ. ”
ഇറങ്ങി നോക്കിയപ്പോ ഞെട്ടിപ്പോയി. തണ്ടുലഞ്ഞ താമര പോലെ വലതു വശ ത്തെ ടയർ.
“ഇത്രേം ദൂരം ഓടിച്ചിട്ടും ചേച്ചിക്ക് മനസ്സിലായില്ലേ. ”
ലവന്മാര് വിടാൻ ഭാവമില്ല.
“ഓ, സാരോല്ല. ബാക്കി മൂന്നെണ്ണം പള്ള വീർത്തിട്ടാണല്ലോ. ”
ഞാൻ ആശ്വസിച്ചത് കേട്ടിട്ട് അവന്മാര് നെഞ്ചത്ത് കൈ വച്ചു.
“എന്റെ ചേച്ചീ, ഇങ്ങനെ പോവാൻ പറ്റില്ല.”

സമയം അഞ്ചു കഴിഞ്ഞു. മഴ പൊടിയുന്നുണ്ട്. അടുത്തെങ്ങും വർക്ഷോപ്പും ഇല്ല.
ഞങ്ങൾ ആർദ്ര വികാര തരളിതരായി തലങ്ങും വിലങ്ങും നോക്കി.

രാമു നെ വിളിച്ചു . ജയ് ശ്രീറാം. എപ്പത്തെo പോലെ അങ്ങേരിപ്പഴും റേഞ്ചിലില്ല.

ഈ പിള്ളാര് തന്നെ ശരണം.

“ഡിക്കി തുറക്കൂ ചേച്ചീ. സ്റ്റെപ്പിനി മാറ്റിയിട്ടു തരാം. ”
ആയ്‌ക്കോട്ടെ. സഹായിക്കാനുള്ള ആ വല്യ മനസ്സ് വേണ്ടെന്നു വയ്ക്കുന്നതെങ്ങനെ.
ഡിക്കി തുറന്നു. അവർ ടയർ പുറത്തെടുത്തു. കുറേനേരം അവി ടൊക്കെ തപ്പി ഒരു ചോദ്യം.
“ജാക്കി “??

“ഏ”

“ജാക്കി കാണുന്നില്ല.”
(ജാക്കി…
ഈ വാക്ക് കേട്ടിട്ടുണ്ട്.
തണുപ്പുള്ള ചില പ്രഭാതങ്ങളിൽ ……
തിരക്ക് പിടിച്ച ചില ബസ് യാത്രകളിൽ…. പക്ഷെ അർത്ഥം വേറെ എന്തോ ആണല്ലോ)
ഡിക്കിക്കകത്തു ജാ.. ഛെ പുല്ല്. എനിക്ക് വയ്യ അത് പറയാൻ.

” ചേച്ചീ, ജാക്കി സംഘടിപ്പിച്ചു തന്നാൽ ടയർ മാറ്റി ത്തരാം. വേറെ ഏതെങ്കിലും കാറുകാരോട് ചോദിച്ചു നോക്ക്. ”

ദൈവമേ.
ജാക്കി ഇല്ലാതെ ടയർ ഇടാൻ പറ്റില്ല.
ടയർ ഇല്ലാതെ വണ്ടി എടുക്കാൻ പറ്റില്ല.
വണ്ടി ഇല്ലാതെ വീടെത്തില്ല .

പക്ഷെ ഞാൻ ഉറപ്പിച്ചു .

കൊന്നാലും ഞാനീ വാക്കു പറയില്ല.
ചങ്കത്തിയെ നോക്കി. ഈ ഫീൽഡിൽ നിഷ്‌കു വാണെന്നു മനസ്സിലായി.
വളരെ നിസ്സാരമായി അവളോട് കാര്യം അവതരിപ്പിച്ചു.
“നീയൊന്നു ജാക്കി ചോദിച്ചു നോക്ക്. ”

“അതെന്താ സാധനം.”?

“സ്‌ക്രൂ ഡ്രൈവര് പോലെ ഏതാണ്ടാണ്.
സ്റ്റെപ്പ്പിനിയിൽ വയ്ക്കാനാ.”

“ഓക്കേ. അതിനെന്താ. ഇപ്പൊ വാങ്ങി തരാം. ”
മിടു മിടുക്കിയും കാര്യ കുശലയുമായ അവൾ തുനിഞ്ഞിറങ്ങി.
അടുത്ത് കൂടി ഒഴുകി നീങ്ങുന്ന കാറുകൾ കൈ കാണിച്ചു ചോദിച്ചു തുടങ്ങി.
“ചേട്ടാ, ഒരു ജാക്കി തര്വോ ”
ചേട്ടൻ ഞെട്ടി. കൂടെയുള്ള ചേട്ടത്തി ഞൊട്ടി.
“ഏയ്. ഞാനാ ടൈപ്പല്ല”.
ചേട്ടൻ ആക്സിലറേറ്ററിൽ ആഞ്ഞു ചവിട്ടി.
കാറിനു പിന്നിൽ ഒളിഞ്ഞു നിന്ന് ഞാൻ ചിരി അടക്കാൻ പാടുപെട്ടു.
അവൾ അടുത്ത കാറിനടുത്തെത്തി ഒരൽപം കൂടി വിനായാന്വിതയായി.

“ചേട്ടാ, ഞങ്ങൾക്ക് ഒന്ന് ജാക്കി വച്ച് തരുവോ. വീട്ടിൽ പോവാൻ വൈകി. അതുകൊണ്ടാ. ”

ചേട്ടൻ പ്ലിങ്.

പട്ടാപ്പകൽ ഇത്ര പച്ചയ്‌ക്കൊരു ചോദ്യം ഒട്ടും പ്രതീക്ഷിക്കാതെ ചേട്ടൻ നാണിച്ചു.
“സോറി. നേരമില്ല. ”

ഞാൻ അല്പം കൂടി പതുങ്ങി നിന്നു. ഭഗവാനെ , ഇവൾ പൊളിച്ചടുക്കുവാണല്ലോ. ലവന്മാര് കേൾക്കുന്നുണ്ടോ എന്ന് നോക്കി. ഇല്ല. അവർ മറ്റെന്തോ ഡിസ്‌ക്ഷനിലാ. ഭാഗ്യം.
അവൾക്കെന്തോ ഒരു വശപ്പിശക്‌ മണത്തു.
“നീ എന്താ ചിരിക്കുന്നെ ? ”

“ഏയ്. നമ്മുടെ കഷ്ടകാലം ഓർത്ത് ചിരിച്ചതാ. ”
അവളെന്നെ ഒന്ന് തുറിച്ചു നോക്കി വീണ്ടും തെണ്ടൽ തുടങ്ങി.
” ഹലോ, ഒരു ജാക്കി ”
“സാർ, ഒന്ന് തരുവോ ജാക്കി”.
ഒടുവിലൊരു പാവം മനുഷ്യൻ കാറ് നിർത്തി ജാക്കി കൊടുത്തു. S H തേവരയിൽ ഡിഗ്രിക്കു പഠിക്കുന്ന ആ കുട്ടികൾ ടയർ മാറ്റി ഇട്ടു തന്നു. ഒട്ടും വൈകാതെ ഞങ്ങൾ വീട്ടിലും എത്തി.
ആ യാത്രയ്ക്കിടെ ചങ്കത്തി എന്നോടോര് ചോദ്യം.
“ഞാൻ ജാക്കി വയ്ക്കാൻ ചോദിച്ചപ്പോ നീയെന്തിനാ ഒളിച്ചു നിന്നത് ?
അവരൊക്കെ എന്താ ചിരിച്ചത് ? ”

” ഒന്നൂല്ല. നീ വീട്ടിപ്പോയി ഭർത്താവിനോട് എല്ലാം പറയ്. അപ്പൊ അറിയാം. ”

ഭർത്താവ് ഓളോട് എന്ത് പറഞ്ഞു എന്നെനിക്ക് ഇന്നുമറിയില്ല. പക്ഷെ അവൾക്കിപ്പോ “ജാക്കിച്ചാൻ” എന്ന് കേട്ടാൽ പോലും എന്നെ കൊല്ലാനുള്ള ദേഷ്യമാണ്.
ഞാനെന്തു ചെയ്തിട്ടാണോ എന്തോ ?