വഴുതന ഉണ്ടാക്കിയ ഓരോ പൊല്ലാപ്പുകൾ

0
465

എഴുതിയത്  : Bindu S Bindu S

ഒരു സിനിമ നിർമ്മിക്കുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന 99.9% ആൾക്കാരുടെയും ലക്ഷ്യം പ്രശസ്തിയും പണവും തന്നെയാണ്. ബാക്കി വരുന്ന 1% ആൾക്കാർ മാത്രമെ സാമൂഹിക നന്മയുണ്ടാക്കാൻ വേണ്ടി ഈ മേഖലയിലേക്കു ഇറങ്ങാറുള്ളു.

ആദ്യം പറഞ്ഞ കാര്യത്തിനുവേണ്ടി ഏത് തന്ത്രവും, കുതന്ത്രവും പ്രയോഗിക്കുവാൻ ഇക്കൂട്ടർ മടിക്കാറുമില്ല. അതുതന്നെയാണ് ‘വഴുതന’എന്ന വൈറൽ ഷോർട്ട് ഫിലിമിന്റെ കാര്യത്തിലും സംഭവിച്ചത്. ഇവിടെ കാഴ്ചക്കാരുടെ മനോവിചാരത്തെക്കാൾ സംവിധായകന്റെ ചിന്തകളാണ് പ്രകടമാക്കുന്നത്. അഥവാ തുടക്കത്തിൽ കാഴ്ചക്കാരിൽ ഒരു തെറ്റിദ്ധാരണ വരുത്തുവാൻ സംവിധായകൻ ബോധപൂർവ്വം ശ്രമം നടത്തുന്നു.

‘വഴുതന’ എന്ന ലഘുചിത്രം കാണുമ്പോൾ ഒരു കാഴ്ചക്കാരന് മനസ്സിലാകുന്നത്
ഒരുപക്ഷെ ഇങ്ങനെയാകാം. അതായത് നായിക അയൽക്കാരനായ നായകനെ നോക്കുന്നു. തുടർന്ന് സംവിധായകൻ വഴുതന പ്രത്യേക ആംഗിളിൽ കാണിക്കുന്നു. അത് കാണുന്ന കാഴ്ചക്കാരുടെ മനസ്സിൽ വരുന്ന രൂപം തീർച്ചയായും ഒരു പുരുഷന്റെ ലൈംഗികാവയവം തന്നെയായിരിക്കും. അഥവാ അങ്ങനെയൊരു തോന്നൽ കാഴ്ചക്കാരിൽ ബോധപൂർവ്വം സംവിധായകൻ ഉണ്ടാക്കി. ആ തോന്നൽ നായികയുടെ മുഖഭാവത്തിലൂടെ വ്യക്തമാക്കാനും ശ്രമിക്കുന്നു. വഴുതിന പച്ചക്കറി മാത്രമായി മനസ്സിലാക്കിയ കാഴ്ചക്കാരൻ ധരിക്കുന്നത്, ഭർത്താവ് വീട്ടിലില്ലാത്ത നേരത്ത് വീട്ടുകാരിക്ക് അയൽക്കാരനോട് തോന്നുന്ന ലൈംഗികതൃഷ്ണയാണ് എന്നായിരിക്കും.

നായകന്റെ ഭാഗത്തുനിന്നും സ്വന്തം ഭാര്യയോടുണ്ടാകുന്ന ചില സംസാരങ്ങൾ ഇങ്ങനെയാണ് .
‘എടീ അടുത്ത വീട്ടിലെ അജയൻ അവിടെയില്ലെ’,
എന്ന ശൃംഗാരം നിറച്ച ചോദ്യം കാഴ്ചക്കാരുടെ മനസ്സിൽ സെക്സിന്റെ തോന്നൽ മനപ്പൂർവം ഉണ്ടാക്കുന്നു. മറ്റൊരു കാര്യം കൂടി ഇതോടൊപ്പം സംവിധായകൻ ചെയ്യുന്നുണ്ട്. അതായത് ആരും കണ്ടില്ലെന്ന നാട്യത്തിൽ നായിക പറിച്ചെടുക്കുന്ന വഴുതിന, അവളുടെ രണ്ടു തുടകൾക്കിടയിൽ വെച്ച സീൻ കാണിച്ചതും പ്രത്യേക ആംഗിളിലാണ്. കട്ടെടുത്ത സാധനമാണെങ്കിൽ മറ്റാരും കാണാതിരിക്കുവാൻ വേണ്ടി കട്ടെടുത്ത ആൾ മറ്റുള്ളവരിൽ നിന്നും തികച്ചും മറച്ചുവെക്കുക തന്നെയാണ് ചെയ്യുക. ഇവിടെ സംവിധായകൻ വഴുതിനയുടെ കുറച്ചു ഭാഗങ്ങൾ കാഴ്ചക്കാരെ കാണിച്ച് അതൊരു പുരുഷലൈംഗികാവയവത്തെ ഓർമ്മപ്പെടുത്തുവാൻ ബോധപൂർവ്വമായ ശ്രമം വീണ്ടും നടത്തുകയാണ് ചെയ്യുന്നത്. മകൾ സ്കൂളിലേയ്ക്കു പോയതിനു ശേഷവും ആലസ്യത്തോടെ കിടക്കുന്ന നായികയെ കാണിക്കുമ്പോഴും അവൾ പട്ടിണിയുടെ തളർച്ച കൊണ്ട് കിടക്കുന്നവളായല്ല കാഴ്ചക്കാരിൽ
ഉണ്ടാക്കുക. അവിടെയും സംവിധായകൻ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ ബോധപൂർവ്വമായ ശ്രമം നടത്തുന്നുണ്ട്.

ഇടയ്ക്ക് ഒരു കാര്യം വിട്ടുപോയി. ഇത്രയും തന്ത്രങ്ങൾ കൊണ്ടുവന്ന സംവിധായകൻ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുട്ടിയുടെ സ്കൂൾ യാത്രയെപ്പറ്റി ഓർത്തതേയില്ല. പട്ടിണിപ്പാവങ്ങളുടെ മക്കൾ പോകുന്ന രീതിയിലല്ല ആ കുട്ടി സ്കൂളിലേക്ക് പോകുന്നത്. ഷൂസും സോക്സും ടൈയും ഒക്കെയിട്ട് സ്വകാര്യ സ്കൂളിൽ പഠിക്കുന്ന കുട്ടിയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ. സംവിധായകന്റെ പ്രകടമായ പാളിച്ചകൾ. ആകപ്പാടെ നായികയുടെ ഭർത്താവിന്റെ ഫോൺ വിളിയും പേസ്റ്റ് തീർന്നതിനാൽ ഉമിക്കരിയെടുത്ത് തേക്കുന്നതിലൂടെയും അവരുടെ വീട്ടിൽ പട്ടിണിയാണെന്ന് കാഴ്ചക്കാരെ അറിയിക്കുവാൻ ഒരു ശ്രമം നടത്തുന്നുമുണ്ട്. കഥയുടെ അവസാനം നായിക വായിൽ നിറച്ച വെള്ളം പുറത്തേക്കു നീട്ടിത്തുപ്പുമ്പോൾ ഒരു കാര്യം എഴുതിച്ചേർക്കുന്നുണ്ട്.

‘മുഖത്ത് തുപ്പൽ വീണവർ മാത്രം അങ്ങ് തുടച്ചേര് ‘ എന്ന്.
ഇവിടെ സംവിധായകൻ താൻ മാന്യനാണ്, ഈ ചിന്തകളൊന്നും തന്റെയല്ല മറ്റുള്ളവരുടെ കാഴ്ചപ്പാടാണ്. അങ്ങനെയുള്ള കാഴ്ചപ്പാടുള്ളവർ ഉണ്ടെങ്കിൽ ആ തുപ്പൽ തുടച്ചേക്കു എന്നു പറഞ്ഞു തന്റെ ഭാഗം ക്ലീൻ ചെയ്തു കൈ കഴുകുവാനുള്ള ഒരു ശ്രമവും നടത്തുന്നുണ്ട്. അത് സ്ത്രീയെ ലൈംഗികാസക്തിയോടെ നോക്കുന്ന സമൂഹത്തിനു നേർക്കുള്ള പുച്ഛം കൂടിയായിരുന്നു ആ തുപ്പലിൽ പുറത്തേക്കു തെറിച്ചു വീണതും. എന്നു കാട്ടിത്തരുന്നതിനോടൊപ്പം “ഞാനൊന്നുമറിഞ്ഞില്ലെ രാമ നാരായണാ” എന്ന ചൊല്ലും ഓർമ്മപ്പെടുത്തുന്നു.

മറ്റൊരു കാര്യം ചിന്തിക്കേണ്ടത് വഴുതിന പച്ചക്കറി മാത്രമായി കണ്ട കാഴ്ചക്കാരിൽ, വഴുതിന സ്ത്രീയുടെ ലൈംഗിക ദാഹം ശമിപ്പിക്കുവാനുള്ള മാർഗ്ഗമാണൊ എന്ന വൃത്തികെട്ട ചിന്ത കാഴ്ചക്കാരിൽ ഉണ്ടാക്കുന്നു എന്നതാണ്. ഈ ഷോർട്ട് ഫിലിം കണ്ടുകൊണ്ടിരിക്കുന്ന കൗമാരക്കാരിൽ ഏറ്റവും മോശപരമായ ചിന്തകൾ നിറയ്ക്കാനെ ഇത്തരം
ഷോർട്ട് ഫിലിമിലൂടെ സമൂഹത്തിൽ ഉണ്ടാക്കാൻ പറ്റുന്നമാറ്റങ്ങൾ എന്നു ഖേദപൂർവ്വം പറയട്ടെ.

ബിന്ദു സുന്ദർ