നൂരാൻ സിസ്റ്റേർസിൻ്റെ ഭയപ്പെടുത്തുന്ന ആലാപനശൈലിയും സംഗീതത്തിന്റെ ശരീരഭാഷയും

0
177

✍️ബിന്ദു സുന്ദർ

സംഗീതാലാപനത്തിന്ന് ശരീരഭാഷ ആവശ്യമുണ്ടോ?

സംഗീതമേതായാലും ആസ്വദിക്കുവാൻ പാട്ടുകാരനായിരിക്കണമെന്നില്ല, ഭാഷ അറിയണമെന്നില്ല. പാടുന്നയാൾ കണ്മുന്നിലില്ലെങ്കിൽപ്പോലും കാഴ്ചക്കാരന് അല്ലെങ്കിൽ കേൾവിക്കാരന് ആസ്വദിക്കുവാൻ പ്രയാസമുണ്ടാകില്ല. കണ്ണടച്ചിരുന്ന് കേട്ടാൽപ്പോലും ചില പാട്ടുകൾ, ചിലരുടെ വരികൾ അവാച്യമായ ആനന്ദത്തിലേക്ക് നമ്മെ നയിക്കുകയോ ദു:ഖത്തിലേക്കാനയിക്കുകയോ ചിന്തയിലേക്ക് കൊണ്ടുപോവുകയോ ചെയ്യും. അതിന് രാഗങ്ങളെപ്പറ്റിയോ ശ്രുതി താളം എന്നിവയെപ്പറ്റിയോ ജ്ഞാനം വേണമെന്നില്ല. പാട്ടിലെ ഭാഷപോലും അറിയണമെന്നില്ല.

എന്നാൽ പാടുന്നയാൾത്തന്നെ ശരീരമാകെ ഇളക്കിമറിച്ച് പാടുമ്പോൾ, നമ്മുടെ ആസ്വാദനം പാട്ടിൽ മാത്രമായിരിക്കില്ല. മറിച്ച് പാട്ടുകാരൻ്റെ/കാരിയുടെ കരചലനതാളത്തെക്കൂടി ശ്രദ്ധിച്ചിട്ടായിരിക്കും. ഒരു ‘സ്സ്റ്റേജ് ഷോയിൽ’ കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിച്ച് അവരെ ‘കൈയിലെടു’ക്കുവാൻ പാട്ടുകാർ ചെയ്യുന്ന തന്ത്രത്തിൻ്റെ ഭാഗമാണത്. ആ സമയത്ത് പാട്ടുകാരൻ്റെ/കാരിയുടെ ചില ചലനങ്ങൾ കാണുമ്പോൾ നമ്മൾ പരിസരം മറന്ന് പൊട്ടിച്ചിരിക്കാനും മടിക്കാറില്ല.

ഇവിടെ ഈ വീഡിയോ കണ്ടാൽ ഇതിൽ പാടിയതിനേക്കാൾ നമ്മളെ ആകർഷിക്കുന്നതെന്താണ്?
തീർച്ചയായും ഞാൻ പറയുക; ആ സ്ത്രീയുടെ ഉച്ചസ്ഥായിലുള്ള ആലാപനശൈലിയും പാട്ടിനൊപ്പമുള്ള കരചലനങ്ങളുടെ ധ്രുതതാളമായിരിക്കും! അതാകട്ടെ ഒരു കോമഡിഷോ കാണുന്ന ലാഘവത്തോടെ ആസ്വദിക്കുവാനേ എനിക്ക് കഴിയൂ.

ഒരിക്കൽ ഒരു സ്റ്റേജ് പരിപാടിക്കിടയിൽ സംഗീത സംവിധായകൻ രമേശ്നാരായൺ ഒരു കച്ചേരി അവതരിപ്പിച്ചു. അതിൻ്റെയവസാനം അതാസ്വദിച്ചിരുന്ന ഞാനടക്കമുള്ളവർ കൈയടിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത്; ‘കൈയടിക്കുന്നതെന്തിന്? ഞാൻ പാടുമ്പോൾ എൻ്റെ മനസിലുണ്ടാകുന്ന ആനന്ദം അതുപോലെ നിങ്ങളുടെ ഉള്ളിലെത്തണം. അതിൽ ലയിച്ച് അറിയാതെ കണ്ണടച്ചുപോകണം’ എങ്കിൽ അത് ആ ഗായകൻ്റെ പാട്ടിൻ്റെ വിജയമായിരിക്കുമെന്നാണ്.

Nooran Sisters set for maiden performance in Mumbai - The Statesmanഭോജ്പുരി ഗായകരായ നൂരാൻ സിസ്റ്റേർസിൻ്റെ പാട്ടാണ് ഇതെന്ന് മനസ്സിലായത്. അവർ പാടുമ്പോൾ കാണിക്കുന്ന ശാരീരികമായ ഇത്തരം പ്രകടനങ്ങളോടാണ് വിയോജിപ്പ്. എന്നാൽ ഭാഷ വശമില്ലെങ്കിൽപ്പോലും നമുക്ക് ആസ്വദിക്കാൻ പറ്റിയ അതിസുന്ദരമായ മറ്റു ചില പാട്ടുകൾ അവർ പാടിയിട്ടുണ്ട്. എന്നാൽ ഇത് ഞാൻ ആസ്വദിച്ചത് ഇതിലെ സംഗീതമല്ല, മറിച്ച് ബാധ കയറിയതുപോലെയുള്ള പാട്ടുകാരിയുടെ ഭാവപ്രകടനങ്ങളും പാട്ടുകാരിയുടെ ഉച്ചസ്ഥായിലുള്ള അലർച്ചയും! ചിലപ്പോൾ അതിലെ സംഗീതം ആസ്വദിക്കുവാൻ എന്നിലെ ആസ്വാദകയ്ക്ക് ഒട്ടും കഴിയാത്തത് കൊണ്ടായിരിക്കും.

പാട്ടുകാരൻ്റെ ശബ്ദത്തിലൂടെ വരികളിലൂടെ കേൾവിക്കാരൻ്റെയുള്ളിലേക്ക് അവർപോലുറിയാതെ ആ പാട്ട് കയറുകയും, ആ ശബ്ദത്തിൻ്റെ മാസ്മരികത സൃഷ്ടിച്ച ആനന്ദം ശ്രോതാവിൻ്റെയുള്ളിൽ അലയടിക്കുകയും ചെയ്യും. അതുകൊണ്ട് പാടുന്നയാളിൻ്റെയുള്ളിലെ ആനന്ദം കേൾവിക്കാരന്നുണ്ടാകാൻ സംഗീതത്തിൽ ശരീരഭാഷ ചേർക്കേണ്ടതില്ലെന്നാണ് എൻ്റെ അഭിപ്രായം.